ഗവ എൽ പി എസ് മേവട/എന്റെ ഗ്രാമം
മേവട എന്റെ ഗ്രാമം
പ്രശസ്തമായ പാലാ പട്ടണത്തോളമോ, ഒരുപക്ഷേ അതിലേറെയോ പൗരാണികവും പ്രശസ്തമാണ് മേവട എന്ന ഗ്രാമം . 4 വാർഡുകളിലായി 1200 കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശം . കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ സാംസ്കാരിക തലസ്ഥാനമാണ് മേവട. ഇനിയും കാലപ്പഴക്കം നിശ്ചയിച്ചിട്ടില്ലാത്ത കുന്നപ്പള്ളി കൊട്ടാരവും, കിഴക്കേടത്ത് മഠവും മേവട പഴമയുടെ നേർസാക്ഷ്യങ്ങളാണ്. 1002 ൽ സ്ഥാപിതമായ പാലാ പള്ളിയുടെ സ്ഥാപകരിൽ ഒരാൾ മേവടക്കാരനായ എറകോന്നിയിൽ തൊമ്മനാണ് .
പത്താം നൂറ്റാണ്ടിൽ പ്രബലമായിരുന്ന തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലുള്ള പ്രദേശമായിരുന്നു മേവട.തെക്കുംകൂറിന്റെ സാമന്തന്മാർ ആയിരുന്ന മേവട കർത്താക്കന്മാരുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്തിരുന്നത് മേവടയിലാണ്. രാജസ്ഥാനിലെ മേവാർഡിൽ നിന്നും വന്നവരാണ് ഇവരുടെ പൂർവികർ എന്ന് പറയപ്പെടുന്നു.
കടൽ കടന്ന് വിദേശ പെരുമ നേടിയ ‘മേവടമുണ്ട് ’നിർമ്മിച്ചിരുന്നത് മേവടയിലാണ് .ഉദാത്തമായ ഒരു സംസ്കൃതിയുടെ വിളനിലമായിരുന്നു മേവട.വർണ്ണ,വർഗ്ഗ വ്യതിയാനങ്ങൾ ഇല്ലാതെ വിവിധ ജനസഞ്ചയങ്ങൾ ഒന്നിച്ചു താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. വിശ്വകർമ്മ സമുദായക്കാരായ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, പിന്നെ വേലൻ,കണിയാൻ,വണ്ണാൻ എന്നീ അടിസ്ഥാന വർഗങ്ങളെല്ലാം സ്വരുമയോടെ ഇവിടെ കഴിഞ്ഞിരുന്നു .മീനച്ചിൽ കർത്താക്കന്മാർക്ക് വളരെ വിപുലമായ ഒരു പുലയ പട്ടാളം ഇവിടെ ഉണ്ടായിരുന്നു.പുലയരുകോട്ടയിൽ എന്ന വീട്ടുപേര് ഈ കോട്ടയുടെ ശേഷിപ്പാണ്.
അഞ്ച് തലമുറയെ അക്ഷരവിദ്യ പഠിപ്പിച്ച മേവട ഷണ്മുഖ വിലാസം ഗവൺമെൻറ് സ്കൂളും,നാലു തലമുറക്ക് സാഹിത്യ വിദ്യ പകർന്നു കൊടുത്ത സുഭാഷ് ഗ്രന്ഥശാലയും,മേവടയുടെ മഹത്വത്തിന് മാറ്റുകൂട്ടുന്നു .
ലോകത്തിലെ പ്രശസ്തരായ 10 ഡോക്ടർമാരിൽ ഒരാൾ മേവടക്കാരനായ തമ്പാൻ കുടുംബത്തിൽപെട്ട ഡോക്ടർ ശ്രീകുമാറാണ് .കൊഴുവനാൽ പഞ്ചായത്തിലെപാടശേഖരത്തിന്റെ നാലിലൊന്ന് മേവടയിലായിരുന്നു.പഞ്ചായത്ത് അതിർത്തിയിലെ പ്രശസ്തനായ എഴുത്തുകാരെല്ലാം മേവടക്കാരാണെന്ന പ്രത്യേകതയും എടുത്തു പറയേണ്ടതായിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലുൾപ്പെട്ട മനോഹരമായ പ്രദേശം.പ്രാഥമികാരോഗ്യ കേന്ദ്രം,വില്ലജ് ഓഫീസ്,ഗവണ്മെന്റ് എൽ പി സ്കൂൾ,ഗ്രാമീൺ ബാങ്ക്,സഹകരണ ബാങ്ക് ,വായനശാല,അംഗൻവാടി, ദേവാലയങ്ങൾ,വിവിധതരം കച്ചവട സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമുള്ള ഒരു പ്രദേശം.
1000 വർഷത്തിന് മേൽ പഴക്കമുണ്ട് മേവടയുടെ ചരിത്രത്തിന്.തെക്കുംകൂർ രാജാക്കന്മാരുടെ സാമന്തരായിരുന്ന മീനച്ചിൽ കർത്താക്കൻമാരുടെ അധീനതയിൽ പെട്ടിരുന്ന സ്ഥലമാണ് മേവട .'ഞാവക്കാട്ട് സിംഹർ' എന്ന സ്ഥാനപ്പേരിലായിരുന്നു ഈ മീനച്ചിൽ കർത്താക്കന്മാർ അറിയപ്പെട്ടിരുന്നത്. 1000വർഷത്തോളം ഞാവക്കാട്ട് കർത്താക്കന്മാർ ഇവിടെ ഭരണം നടത്തിയിരുന്നു.
ഏതാണ്ട് 50 വർഷം മുമ്പ് വരെ നെല്ല് ,കരിമ്പ്,കുരുമുളക്,കമുക്,തെങ്ങ് എന്നിവയായിരുന്നു പ്രധാന വിളകൾ.മേവടയിൽ ബസിറങ്ങുന്നവരെ
പണ്ട് സ്വാഗതം ചെയ്തിരുന്നത് തമ്പാൻ വൈദ്യശാലയിൽ നിന്നും വരുന്ന കുഴമ്പിന്റെയും,അരിഷ്ടത്തിന്റെയും,കഷായത്തിന്റെയും ഗന്ധമായിരുന്നു.ഇന്ന് വലിയ വലിയ കെട്ടിടങ്ങളും,കച്ചവട സ്ഥാപനങ്ങളും,ബാങ്കുകളും ,പൊതുസ്ഥാപനങ്ങളും എന്നുവേണ്ട ടൗൺ എന്ന പേരിനെ അന്വർത്ഥമാക്കുന്ന എല്ലാം മേവടയിൽ ഉണ്ട്.