സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരത്തിതൊള്ളയിരത്തിന്റെ ആദ്യ  ദശകങ്ങളിൽ  സാമൂഹിക  വിദ്യാഭ്യാസരംഗങ്ങളിൽ  ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഈയ്യത്തുങ്കാട് . ഉന്നത  വിദ്യാഭ്യാസം  നേടിയവരും  സാംസ്‌കാരികപ്പെരുമയും  ഏറയൊന്നും അവകാശപ്പെടാനില്ലാത്തവരുമായ  തദ്ദേശിയർക്ക് ഒട്ടേറെ എതിർപ്പുകൾ  നേരിട്ട്കൊണ്ട് അറിവിന്റെ ആദ്യാക്ഷരങ്ങൾ  പകർന്ന് നൽകുവാൻ അനിതര  സാധാരണ  വ്യക്തിത്വമുള്ള ഒരു സ്ത്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ വിരളമായിരുന്ന അക്കാലത്ത് കരിയിലകളിൽ  അഗ്നി പടരുന്ന  ആവേശത്തോടെയാണ് കുഴിച്ചാലിൽ നാരായണി  ടീച്ചർ  വിദ്യാഭ്യാസരംഗത്ത് തന്റെ  പ്രവർത്തനം  വ്യാപിപ്പിച്ചത്.

സ്വന്തം  വീട്ടിലെ കുടിപ്പാലിക്കൂടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാരായണി  ടീച്ചർ  ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം  നൽകിയ  ഭൂമിയിൽ ' ശ്രീനാരായണ ഗേൾസ് എളിമെന്ററി സ്കൂൾ ' എന്ന പേരിൽ ഒരു വിദ്യാലയം  സ്ഥാപിച്ചു.

ചാണകം  മെഴുകിയ  നിലവും  ഓലമേഞ്ഞ  കെട്ടിടവുമായി 1930 മെയ്‌ 19 ന് ഒരു പെൺ പള്ളിക്കൂടമായി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.  സമീപദേശങ്ങളായ  പള്ളൂർ  ചാലക്കര  പരിമഠം  ഏട്ടന്നൂർ കുറിച്ചിയിൽ കടപ്പുറം ആച്ചുകുളങ്ങര പുന്നോൽ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ അദ്ധ്യയനത്തിന് വന്നിരുന്നു.  ദൂരെ  സ്ഥലത്തു നിന്നും വന്നിരുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് വീട്ടിൽപോയി ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ കുഴിച്ചാലിൽ വീട്ടിൽ നിന്നും കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകിയിരുന്നു.

ആൺകുട്ടികളെ  കൂടി  സ്കൂളിൽ  ചേർക്കുന്നതിനുള്ള അനുവാദത്തിന് നാട്ടിലെ പ്രമുഖനായ  കുഞ്ഞമ്പുനമ്പ്യാർ മുതൽ ഇരുന്നൂറുപേർ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ വകുപ്പുമേധാവികൾക്ക്  സമർപ്പിച്ചു. തുടർന്ന് അനുവാദം  ലഭിക്കുകയും ചെയ്തുബ്. എട്ടാം തരം വരെയുള്ള എളിമെന്ററി സ്കൂളായിമാറി. വിദ്യാര്ത്ഥികളുടെ എണ്ണം വർധിച്ചു.  അതോടെ ക്ലാസ്സുകളും കൂടി. കുട്ടികൾക്ക് കളിക്കുവാൻ സ്കൂളിനുമുമ്പിൽ ഒരു പൂന്തോട്ടവും നിർമ്മിക്കപ്പെട്ടു.

വാഗ്ഭടാനന്ദസ്വാമികൾ സ്വാമി ആനന്ദതീർത്ഥൻ  മാതൃഭൂമി പത്രാധിപർ  കെ. പി കേശവമേനോൻ തുടങ്ങി നിരവധി പ്രമുഖർ  സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.

മാനേജർ  നാരായണി  ടീച്ചറുടെ  മരണത്തിന്  ശേഷം  സ്കൂളിന്റെ മാനേജറായി  കുഴിച്ചാലിൽ മാധവി  ടീച്ചർ  നിയമിക്കപ്പെട്ടു. ഈ  സമയത്താണ് സഹോദരൻ  കുഴിച്ചാലിൽ  രാമൻ  തന്റെ  സ്വത്തുക്കൾ സ്കൂൾ  പ്രവർത്തനത്തിനായി  ദാനം  നൽകിയത്. അവരുടെ  മകൾ ടി. പി രുഗ്മിണി ടീച്ചറാണ്  പിന്നീട് മാനേജരും ഹെഡ്മിസ്സ്‌ട്രെസ്സുമായത്. ശേഷം മാനേജർ  സ്ഥാനം ശ്രീ ടി. പി ഗോപാലൻ  മാസ്റ്റർക്ക് ലഭിച്ചു