അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ലഘു ചരിത്രം

schoolassembly..

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 34 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്.,

വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയിൽനിന്ന് ലഭിച്ച വയനാടൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന ഈസ്റിന്ത്യാ കമ്പനി ഭരണകാലം. 1858-ൽ ഈസ്റിന്ത്യാ കമ്പനിയുടെ കൈയിൽ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടർന്നു. പിന്ന 1947 വരെ മലബാർ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടിൽ. വയനാട്ടിലെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പു തന്ന സമ്പന്നമായ ഒരു ജനപദസംസ്കാരം വയനാടിനുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നവീനശിലായുഗ സംസ്കാരം വയനാട്ടിൽ നിലനിന്നിരുന്നതിന്റെ തെളിവായി എടക്കൽ ഗുഹാചിത്രങ്ങളും നിലകൊള്ളുന്നു. വയനാട്ടിൽ ആദ്യമായി ഒരു റവന്യു സെറ്റിൽമെന്റിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ്കലക്ടറായിരുന്ന റ്റി.എച്ച്.ബാലൻ ആണെന്ന് എച്ച്.എസ് ഗ്രാമെയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. [അവലംബം ആവശ്യമാണ്]ഗ്രാമെയുടെ കാലത്ത് മുന്നനാട്, മുത്തൂർനാട്, ഇളങ്കൂർനാട്, നല്ലൂർനാട്, ഇടനാശങ്കൂർ, പോരന്നൂർ, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഭരണസൌകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയും ഉണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ‘ഗണപതിപാളയം’[അവലംബം ആവശ്യമാണ്] എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെകുറിച്ചും ബ്രിട്ടീഷ് രേഖകളിൽ പരാമർശിപ്പെടുണ്ട്.ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയിൽ ദശാബ്ദങ്ങൾ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താന്റെ ആയുധപ്പുര എന്നർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങൾ വളർന്നുവന്ന രീതിയിൽ നാലും കൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും, ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു. 1934-ൽ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ഭരണത്തിൽ നിന്ന,് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്റെ ഭരണത്തിലേക്ക് മാറി. കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ൽ നൂൽപ്പുഴ പഞ്ചായത്തും 1974 ൽ നെൻമേനി പഞ്ചായത്തും 1968 ൽ സുൽത്താൻബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുതിയ ആരാധനാ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നു. സുൽത്താൻബത്തേരി സംസ്കാരങ്ങളുടെ സംഗമമായിരുന്നന്നതിന് പഴയ ചരിത്രത്തിന്റെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാ ക്ഷേത്രവും, മലങ്കര പള്ളിയും ഉദാഹരണങ്ങളാണ്. തമിഴ്, കർണ്ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മദ്ധ്യകാലം മുതലേ സുൽത്താൻബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലർത്തിയിരുന്നതായി തെളിവുകളുണ്ട്. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകൾ, കാടിനുള്ളിൽ ചിതറികിടക്കുന്ന പഴയ തടയണകളുടെ മാതൃകകൾ, എല്ലാം സുൽത്താൻബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.നവീന ശിലായുഗം മുതൽ ബത്തേരിയിൽ സമ്പന്നമായ ഒരു സംസ്ക്കാരം ഊട്ടി വളർത്തിയത് ആദിവാസികളാണ്, ബ്രിട്ടീഷ് ഭരണവർഗ്ഗവും, കുടിയേറ്റ ജനങ്ങളും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേക്കെത്തിയ കോളനിക്കാരും, ഉദ്യോഗസ്ഥ വർഗ്ഗവും എല്ലാം ചേർന്നാണ് സുൽത്താൻ ബത്തേരിയുടെ ചരിത്രത്തെ പൂർണ്ണമാക്കുന്നത്. 20ാംനൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ തന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആദ്യ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1920 കളിലെ ശ്രമഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ സുൽത്താൻ ബത്തേരിയിൽ ഒരു എൽ.പി.സ്കൂൾ ഉയർന്നുവന്നു.സുൽത്താൻ ബത്തേരിയിലേക്ക് പ്രധാന നഗരമായ കോഴിക്കോട്ടുനിന്നുള്ള യാത്ര 1940 വരെ കാളവണ്ടിയിൽ ആയിരുന്നങ്കിലും അതിനുശേഷമുള്ള കാലത്താണ് ആധുനിക ബസ് സർവ്വീസ് നിലവിൽ വന്നത്. അന്നുമുതൽ ഇന്നുവരെയുള്ള കാലയളവിൽ നാടിന്റെ പുരോഗതി അസൂയാവഹമായിരുന്നു. പണ്ടുമുതൽ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാർ, പണിയർ, കുറുമർ, ഊരാളി നായ്ക്കർ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ആദിവാസികളിൽ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴിൽ കൃഷി ആണ്. സുൽത്താൻ ബത്തേരിയിൽ 26 ക്ഷേത്രങ്ങളും 15 ക്രിസ്ത്യൻ പള്ളികളും 15 മുസ്ളിം പള്ളികളുമുണ്ട്. ഏകദേശം 2000 വർഷത്തിലേറെ പഴക്കം ചെന്ന ജൈനക്ഷേത്രം സുൽത്താൻബത്തേരിയിൽ ഉണ്ട്. പുരാവസ്തു വകുപ്പിന്റെ കൈവശം ഉള്ള ഈ കേന്ദ്രത്തിൽ ക്ഷേത്രാചാരങ്ങൾ അല്ലാതെ ഉത്സവാഘോഷങ്ങൾ നടക്കാറില്ല. ഉത്സവാഘോഷങ്ങളിൽ എടുത്ത് പറയാവുന്നത് സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെ ഉത്സവമാണ്. ഇത് ബത്തേരിയുടെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതുപോലെ ബത്തേരി മഹാഗണപതിക്ഷേത്രം, കുപ്പാടി ദേവീക്ഷേത്രം, കരിവള്ളിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളിൽ വളരെ ആഘോഷപൂർവ്വം ഉത്സവങ്ങൾ നടന്നുവരാറുണ്ട.് പഴപ്പത്തൂർ ക്ഷേത്രത്തിൽ തെയ്യവും ഉണ്ടാകാറുണ്ട്.

1400 എ ഡി മുതൽ ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. മൂന്നു പതിറ്റാണ്ടുകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന മുസ്‌ലിം ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി പി.സി അഹമ്മദ് ഹാജി വയനാടിന്റെയും സുൽത്താൻ ബത്തേരിയുടെയും സമഗ്രവികസനത്തിലും പുരോഗതിയിലും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടം, ബസ് സ്റ്റാൻഡ്, മത്സ്യ-മാംസ മാർക്കറ്റ്, താലൂക്ക് ഗവ. ആശുപത്രി, പഞ്ചായത്ത് സ്റ്റേഡിയം, കമ്മ്യൂനിറ്റി ഹാൾ, കേരളത്തിലെ ആദ്യത്തെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് കോളനി തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പി.സി ആധുനിക സുൽത്താൻ ബത്തേരിയുടെ ശിൽപ്പിയാണ്