ഗവ.എച്ച് .എസ്.എസ്.പാട്യം/ചരിത്രം
പത്തായക്കുന്ന് കേന്ദ്രീകരിച്ച് ഹൈസ്‌കൂളിനായി ശ്രമം നടന്നിരുന്നു. കൂടാതെ പാട്യം വെസ്റ്റ് യു പി സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കാൻ മാനേജർ ശ്രീ. രാമുണ്ണി ഗുരിക്കൾ ശ്രമം നടത്തിയിരുന്നു. പാട്യത്ത് ഒരു ഹൈസ്‌കൂൾ അസാദ്ധ്യമായ കാര്യമാണ് എന്ന അർത്ഥത്തിൽ ‘പാട്യം ഗവ: ഹൈസ്‌കൂൾ സ്ഥാപിതമായാൽ കൈവെള്ളയിൽ നിന്ന് കുമ്പളം പറിക്കും’ എന്ന ചൊല്ല് അന്ന് പ്രചരിച്ചിരുന്നു.
1966-ൽ പുറപ്പെടുവിച്ച ഒന്നാമത്തെ ലിസ്റ്റിൽ പാട്യം ഗവ: ഹൈസ്‌കൂൾ അനുവദിക്കാത്തതിനെ തുടർന്ന് മധുസൂദനൻ നമ്പ്യാർ തിരുവനന്തപുരത്ത് നേരിട്ടു പോയി സ്‌കൂളിന് അനുമതി വാങ്ങി വരികയായിരുന്നു. ഒടുവിൽ ശ്രീ. കൊപ്പെരാമൻ മാസ്റ്റരുടെ കാടന്റവിട പറമ്പിലെ നെയ്ത്ത് കമ്പനിയിൽ 1966-ൽ പാട്യം ഗവ: ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തൊട്ടടുത്ത വർഷം (1967-ൽ) ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂൾ മാറുകയായിരുന്നു. സ്‌കൂൾ അനുവദിച്ചു കിട്ടുന്നതിനു മുന്നേ തന്നെ ഈ സ്ഥലം സ്‌കൂൾ വെൽഫെയർ കമ്മിറ്റി പലരിൽനിന്നുമായി വിലയ്ക്കു വാങ്ങി മുള്ളുവേലി കെട്ടി സംരക്ഷിച്ചു നിർത്തിയിരുന്നു. ഇരൂക്കാട് എന്നറിയപ്പെട്ട ഈ പ്രദേശം ഇരൂൾ മരങ്ങൾ നിറഞ്ഞ് ഇരുൾ പടർന്നതായിരുന്നു.
ശ്രീ. പുല്ലഞ്ചേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് ഓഫീസ് മുറിയും സിലോണിലെ(ശ്രീലങ്ക) റീഗൽ ബിസ്‌കറ്റ് കമ്പനിയുടമ ശ്രീ. സി കെ ഗോവിന്ദൻ സ്റ്റാഫ്‌റൂമും നിർമ്മിക്കാൻ ധനസഹായം നൽകി. ധനസഹായത്തിനായി യു കുഞ്ഞിരാമൻ മാസ്റ്റരും സി പി കുമാരൻ മാസ്റ്റരും മുംബെയിൽ പോയിരുന്നു. മുതിയങ്ങയിലെ ജനാബ് മൂസ മാസ്റ്റരാണ് അതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുത്തത്.
കതിരൂർ ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റരായിരുന്നു പാട്യം ഗവ: ഹൈസ്‌കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ. എം ഇ രാഘവൻ മാസ്റ്റർ, പി കെ ദിവാകരൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എ എൻ ദിവാകരൻ മാസ്റ്റർ, കെ എം കുഞ്ഞിരാമൻ നമ്പ്യാർ, സുനന്ദ, ജി രോഹിണി, വിജയൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല ഗുരുനാഥൻമാരാണ്. സ്‌കൂളിന്റെ പുരോഗതിക്കായി പരിശ്രമിച്ചവരിൽ ഹെഡ്ടീച്ചറായിരുന്ന ശ്രീമതി ഭവാനിയമ്മയുടെ പേര് പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് കാണുന്ന ചെറിയ കളിസ്ഥലം ഒരുക്കാനും അച്ചു വൈദ്യരുടെ സംഭാവനയായി സ്‌കൂളിന് മൈക്ക് സംഘടിപ്പിക്കാനും സാധിച്ചത് ടീച്ചറുടെ കാലത്താണ്.
ജനകീയാസൂത്രണ സംവിധാനം നിലവിൽ വന്നതോടെ ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സ്‌കൂൾ ഏറെ മുന്നേറി. ചോർന്നൊലിച്ച് താറുമാറായിക്കിടന്നിരുന്ന പ്രധാന കെട്ടിടത്തിന് ആസ്ബസ്റ്റോസ് മേൽക്കൂര പണിതു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായം ഉപയോഗിച്ചാണ് ഇത് പൂർത്തീകരിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സഹായത്താൽ സ്‌കൂളിൽ ജലസംഭരണി സ്ഥാപിക്കുവാനും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും കഴിഞ്ഞു.
സർവ ശിക്ഷാ അഭിയാൻ (എസ് എസ് എ) സബ്‌സെന്ററായ-ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ(സി ആർ സി) കൂടിയാണ് ഇന്ന് ഈ വിദ്യാലയം. ഐ ടി @ സ്‌കൂൾ പദ്ധതി സംസ്ഥാന തലത്തിൽ ആരംഭിക്കുന്നതിനു മുമ്പുതന്നെ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുകയും സൗജന്യ കമ്പ്യൂട്ടർ പഠനം നൽകുകയും ചെയ്ത ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് പാട്യം ഗവ: ഹൈസ്‌കൂൾ.
പാട്യം ഗവ: ഹൈസ്‌കൂൾ 1998 -ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രൊഫ. എ കെ പ്രേമജം എം പി യുടെയും ശ്രീ കെ പി മോഹനൻ എം എൽ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ധനസഹായങ്ങൾ ഉപയോഗിച്ച് ഹയർ സെക്കന്ററി വിഭാഗത്തിന് കെട്ടിടങ്ങളും ലബോറട്ടറികളും നിർമ്മിക്കുന്നതിന് സാധിച്ചു. സയൻസ്(2), കോമേഴ്‌സ്(1), ഹ്യുമാനിറ്റീസ്(1) വിഷയങ്ങളിലായി നാലുവീതം ബാച്ചുകളായാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടന്നുവരുന്നത്. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എനാബ്ൾഡ് സ്‌കൂളായി (ഐ സി ടി മോഡൽ സ്‌കൂൾ) 2010 -ൽ സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്തു. ഇതിന്റെ ഭാഗമായി ഹൈസ്‌കൂൾ ക്ലാസുകളിൽ ലാപ്‌ടോപ്പുകളും എൽ സി ഡി പ്രോജക്റ്ററുകളും അനുവദിച്ചു. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ക്ലാസുകൾ ആധുനികവത്കരിക്കാൻ ഇതുവഴി സാധിച്ചു.
മികച്ച ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ഭൗതിക സൗകര്യങ്ങളാലും മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കികൊടുക്കുന്നതിൽ ബദ്ധശ്രദ്ധരായ അദ്ധ്യാപകരാലും സമ്പന്നമാണ് ഇന്ന് പാട്യം ഗവ: ഹയർ സെക്കന്ററി സ്‌കൂൾ.