സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റിട്ട. ജഡ്ജി പനം പുന്നയിൽ പി. ജെ. വർഗീസ് അവർകൾ വാഴൂർ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസാർത്ഥം ഒരു സ്കൂൾ സ്ഥാപിക്കണമെന്നു തീരുമാനിക്കുകയും തനിക്ക് വാഴൂർ പതിനെട്ടാം മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിന്റെ തെക്കുവശത്ത് രണ്ടേക്കർ സ്ഥലത്തു കൊല്ലവർഷം 1099 - ൽ അതായത്, ക്രിസ്താബ്ദം 1924 - ൽ സ്വന്തം ചിലവിൽ പണിത കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. അതിനു സെന്റ് ജോർജ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന് നാമകരണം ചെയ്‌തു.
1099 ഇടവമാസം 6 ന് ആയിരുന്നു സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അന്ന് രാജഭരണം ആയിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ നാടുവാണകാലം,വൈക്കം സത്യാഗ്രഹം നടന്ന വർഷം, തിരുവിതാംകൂർ കണ്ട ഏറ്റവും വലിയ വെള്ളപൊക്കം ഉണ്ടായ വർഷം, അങ്ങനെ അവിസ്മരണീയമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ആ വർഷമാണ് ആദ്യമായി വാഴൂരെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അഭ്യസിക്കാൻ അവസരം ലഭിച്ചത്. സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്ററായി തെള്ളിയൂർ വടക്കേ പറമ്പിൽ വി. കെ. സക്കറിയ സാർ ചുമതലയേൽക്കുകയും ചെയ്തു.