ജി.യു.പി.എസ് ചോലക്കുണ്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഏതൊരു നാടിൻെറയും സർവ്വതോന്മുഖമായ വളർച്ചയുടെ ആണികല്ലാണല്ലോ ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേകിച്ചും പ്രൈമറി വിദ്യാലയങ്ങൾ. ചോലക്കുണ്ടിലും നാട്ടുകാരുടെയും പ്രദേശത്തിൻെറയും സമഗ്രവികസനം ലക്ഷ്യം വെച്ച് ഒരു പറ്റം കർമ്മോത്സുകരായ യുവാക്കളുടെ പ്രയത്നഫലമായി 1957 ൽജി.യു.പി.സ്കൂൾ ചോലക്കുണ്ട് നിലവിൽ വന്നു. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ മദ്രസയിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീമതി പൊന്നമ്മ ടീച്ചറുടെ കീഴിൽ ഏകധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. അധികം വൈകാതെ സ്കൂളിന് കെട്ടിടം നിർമിച്ചു നൽകാൻ ഗവൺമെൻറ് തയ്യാറായി. സ്ഥലം നാട്ടുകാർ നൽകണം. അന്വേഷണമായി. ഒടുവിൽ വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ കഠിന ശ്രമത്തിൻെറ ഫലമായി 65 സെൻറ് സ്ഥലം സ്കൂളിനായി കണ്ടെത്തി. നാടിൻറെ പലഭാഗത്തുനിന്നും സൗജന്യമായി ലഭിച്ച ഓല, മുള, മറ്റു സാമഗ്രികൾ ഉപയോഗിച്ച് പണിത ഓല ഷെഡിലാണ് പിന്നീട് സ്കൂൾ പ്രവർത്തിച്ചത്. പുതിയ പണി പൂർത്തിയായ ആസ്പറ്റോസ് കെട്ടിടത്തിലേക്ക് സ്കൂളിൻറെ പ്രവർത്തനം മാറ്റപ്പെടുകയും ചെയ്തു. ടി. മുഹമ്മദ് മാസ്റ്റർ, കുറ്റിക്കാട്ടിൽ മൊയ്തീൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, ആലങ്ങാടൻ സൈനുദ്ദീൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപകർ.

പിന്നീട് സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രമംതുടങ്ങി. നാട്ടിലെ കാരണവരെല്ലാം ഒത്തുകൂടി ഇതിനായുള്ള പ്രവർത്തനമാരംഭിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും തീവ്ര ശ്രമത്തിൻെറ ഭാഗമായി 1981ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്ത് അംഗീകാരം ലഭിച്ചു. നിലവിലുള്ള സ്കൂൾ കെട്ടിടത്തോടനുബന്ധിച്ച് തന്നെ നാട്ടുകാർ ആവശ്യമായ ക്ലാസ് മുറികളും മറ്റും നിർമിച്ച് നൽകി. തുടർന്നവിടുന്നിങ്ങോട്ട് വളർച്ചയുടെ ഓരോ ചവിട്ടു പടികൾ കയറി നാം ഇന്ന് കാണുന്ന ഹൈടെക് ബഹുനില കെട്ടിടത്തിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. ഈ നാട്ടിലെ നിസ്വാർത്ഥരായ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സേവനങ്ങൾ ഇതിൻറെ വളർച്ചയ്ക്ക് എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ് എന്ന കാര്യം പറയാതെ വയ്യ.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ശീതീകരിച്ച പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 24 ക്ലാസ് മുറികളിലായി 600 പരം വിദ്യാർത്ഥികൾ ഇവിടെ വിദ്യ നേടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇന്നും ജി.യു.പി. സ്കൂൾ ചോലക്കുണ്ട് തലയുയർത്തിനിൽക്കുന്നു. എല്ലാ വർഷവും തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. നേട്ടം സ്കൂളിൻറെ ഈ മികച്ച അക്കാദമിക നിലവാരത്തിന് ഉദാഹരണങ്ങളിലൊന്നാണ്. കലാകായിക ശാസ്ത്രോത്സവ രംഗങ്ങളിൽ പഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെയുള്ള മികച്ച പ്രാതിനിധ്യവും നേട്ടങ്ങളും ഇതിനോടൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതാണ്. ഐ. ടി. മേളയിൽ തുടർച്ചയായി ഏഴാം തവണയും സബ്‍ജില്ലാ ചാമ്പ്യന്മാരാവാനും ജില്ലയിലെതന്നെ മികച്ച സ്കൂളാവാനും സാധിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം