എ.എം.എൽ.പി.എസ്.പള്ളപ്രം/ചരിത്രം
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. ഇ രാഘവൻ മാസ്റ്റർ, കാതറീൻ ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതിൽ ഏച്ചു നായരുടെ നിര്യാണ ശേഷം മകൾ ടി വി പത്മിനി ജനാർദ്ദനനാണ് മാനേജർ. എം വി റെയ്സി ടീച്ചറാണ് ഇപ്പോൾ ഹെഡ്മിസ്ട്രസ്. ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് അറിവിന്റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ വിവിധ മേകലകളിൽ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ജിയോളജിസ്റ്റ് ഡോ. അബ്ദുറഹ്മാൻ, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവിൽ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുൽ മജീദ്, ഷൈലജ മണികണ്ഠൻ, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശൻ, അറിയപ്പെട്ട കലാകാരൻ കലാഭവൻ അഷ്റഫ്, അബുദാബി കെ എം സി സി ജനറല് സെക്രട്ടറി അശ്റഫ് പൊന്നാനി തുടങ്ങി ഈ നിര നീണ്ടതാണ്. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിൻറെ ചരിത്രം സമ്പന്നമാണ്. യു കല്യാണി, പി കമലാക്ഷി, യു പാറുക്കുട്ടി അമ്മ, കെ സരോജിനി, എടപ്പാള് സ്വദേശി കെ കാര്ത്യായനി, പി വി ജാനകിക്കുട്ടി അമ്മ, കെ രാഘവപ്പണിക്കര്, ഒ ഡി ത്രേസ്യാമ്മ, ആനന്ദവല്ലി ടീച്ചര്, പത്മജ ടീച്ചർ, സോമാവതി ടീച്ചർ,കന്യാകുമാരി സ്വദേശിയായിരുന്ന മുത്തുകൃഷ്ണൻ മാസ്റ്റർ, ചാത്തന് മാസ്റ്റര്, കൊല്ലന്പടി സ്വദേശി ശ്രീധരന് മാസ്റ്റര്, അബ്ദുല്ലക്കുട്ടി മാസ്റ്റർ(പുറങ്ങ്) കവയത്രിയായ എസ് ജയശ്രീ ടീച്ചർ, ലൈല ടീച്ചർ തുടങ്ങിയവർ ഇതിനകം വിരമിച്ചവരാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |