"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രംrpk34.jpeg]] | [[ചിത്രം:rpk34.jpeg]] | ||
<br />[[ചിത്രംrpk34.jpeg]] | |||
<br/><font color=red>'''2. സെന്റ്. എല്‍മോസ് ഫയര്‍'''</font> | <br/><font color=red>'''2. സെന്റ്. എല്‍മോസ് ഫയര്‍'''</font> | ||
<br/> <font color=green>'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010'''</font> | <br/> <font color=green>'''- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010'''</font> |
16:47, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ചിത്രംrpk34.jpeg
2. സെന്റ്. എല്‍മോസ് ഫയര്‍
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 14/03/2010
സെന്റ്. എല്‍മോസ് പള്ളി ഗോപുരമേടയില്‍ അഗ്നി പ്രഭ വിതറുന്ന പ്രതിഭാസം ദിവ്യമായി ഒരു കാലത്ത് തെറ്റദ്ധരിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇരുണ്ട രാത്രികളില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഗോപുരത്തിന്റെ കൂര്‍ത്ത മുനയില്‍ നിന്നും ആരോ തീ തുപ്പുന്നതു പോലെ, നീലപ്രഭയില്‍ വേരുകള്‍ പോലെ നീണ്ട കൈകളുമായി ചിലപ്പോള്‍ ആ നാളം നാവു നീട്ടി ഭൂമിയെ സ്പര്‍ശിക്കുമായിരുന്നു. പഴയകാല വിശ്വാസികളുടെ മനസ്സില്‍ ഭയത്തിന്റെയും ഭക്തിയുടെയും കനല്‍ കോരിയിട്ട അനുഭവം ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ ഇന്നും ഘനീഭൂതമാണ്.
ഇത് മിന്നലുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്.
എങ്ങനെ മിന്നല്‍ ഉണ്ടാകുന്നു? അറിയണ്ടേ....?
എല്ലാ പദാര്‍ത്ഥങ്ങളും രണ്ടു തരം കണികളാല്‍ നിര്‍മ്മിതമാണ്, പോസിറ്റീവും നെഗറ്റീവും. അവ വ്യത്യസ്ഥ ചാര്‍ജ്ജായതിനാല്‍ പരസ്പരം നന്നായി ആകര്‍ഷിക്കുന്നു. അകലാന്‍ ഇടയായാല്‍ വീണ്ടും ആകര്‍ഷിച്ചടുക്കുവാനുളള ശക്തമായ പ്രവണത കാട്ടുകയും ചെയ്യും.
ഒരു മേഘപാളിയുടെ അടിത്തട്ടില്‍ പോസിറ്റീവോ നെഗറ്റീവോ ആയ ചാര്‍ജ്ജുണ്ടായാല്‍ അത് തൊട്ടു താഴെയായുള്ള ഭൂമിയുടെ ഉപരിതലത്തില്‍ വിപരീത ചാര്‍ജ്ജ് പ്രേരണം ചെയ്യുന്നു. തുടര്‍ന്ന് നെഗറ്റീവ് ചാര്‍ജ്ജുള്ള മേഖലയില്‍ നിന്ന് പോസിറ്റീവ് മേഖലയിലേക്ക് ഇലക്ട്രോണ്‍ ഒഴുകുവാന്‍ തുടങ്ങുന്നു. അങ്ങനെ ഈ ഇലക്ട്രോണ്‍ പ്രവാഹം ചാര്‍ജ്ജുകളുടെ പാത ഭൂമിയും മേഘവും തമ്മില്‍ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ പ്രവാഹത്തിന്റെ തീവൃത വര്‍ദ്ധിച്ച് പ്രകാശത്തിന്റെ മിന്നലാട്ടവും ഉണ്ടാകുന്നു.
മേല്‍പ്പറഞ്ഞ പ്രതിഭാസം സംഭവിക്കുന്നത് ചാര്‍ജ്ജ് ധാരാളമായി കേന്ദ്രീകരിച്ച് , അതിന് ഉള്‍കൊള്ളാനാകാതെ പുറത്തേക്കൊഴുക്കുമ്പോളാണ്. പക്ഷേ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും ചാര്‍ജ്ജിനെ പുറത്തേക്കൊഴുക്കാം. അതായത് ചാര്‍ജ്ജ് കേന്ദ്രീകരിക്കാന്‍ അനുവദിക്കാതെ ഭാഗികമായി ലീക്ക് ചെയ്യാന്‍ അനുവദിക്കുക.
മിന്നല്‍ രക്ഷാചാലകങ്ങളിലും കൂര്‍ത്തമുനയുള്ള പള്ളി / അമ്പല ഗോപുരങ്ങളിലും കപ്പലുകളുടെ കൊടിമരങ്ങളിലും പൊക്കമുള്ള വൃക്ഷത്തലപ്പുകളിലും ഇപ്രകാരം ചാര്‍ജ്ജ് ഒഴുകും.
അത്തരം അവസരങ്ങളില്‍ നാം പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കും.
വരണ്ട മൂടല്‍മഞ്ഞിനിടയിലൂടെ ഊളിയിട്ടു പറക്കുന്ന വിമാനങ്ങളുടെ പ്രൊപ്പല്ലറുകള്‍, അവയുടെ ചിറകിന്റെ തുമ്പുകള്‍, കാറ്റിനെ പ്രതിരോധിക്കാനുള്ള ജനാലകള്‍, വിമാനത്തിന്റെ മൂക്കിന്റെ മുന എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രതിഭാസം ഉണ്ടാകുന്നു. ചിലപ്പോള്‍ ഇത്തരം ഡിസ്ചാര്‍ജ്ജ് മാരകമായി തീരും.
ഓര്‍ക്കുക, എല്ലാ മിന്നലും അപകടകാരിയല്ല, അത് അപകടമുണ്ടാക്കുന്നത് നാം മിന്നലിന്റെ പാതയില്‍ അകപ്പെടുമ്പോളാണ്. വിമാനങ്ങള്‍ മിന്നലിന്റെ പാതയില്‍പെട്ട് അപകടത്തിലായിട്ടുണ്ട്.
ചാര്‍ജ്ജ് കേന്ദ്രീകരിക്കുന്നത് എപ്പോഴും പൊക്കമുള്ളതും അഗ്രം കൂര്‍ത്തതുമായ വസ്തുക്കളിലാണ്. അതു പോലെ ലോഹങ്ങളിലും. മിന്നലുണ്ടാകുമ്പോള്‍ ഇത്തരം വസ്തുക്കളുമായുള്ള സാമീപ്യം ഒഴിവാക്കുക. പൊക്കമുള്ളതും മരക്കൂട്ടങ്ങളില്‍ ഏറ്റവും പൊക്കമുള്ളതും വളരെ എളുപ്പം മിന്നലിനു വിധേയമാണ്. വീടിനകത്ത് നടുവിലുള്ള മുറിയാണ് സുരക്ഷിതം. ഭിത്തിയില്‍ ചാരിയിരിക്കുക, ലോഹജനലഴികളെ സ്പര്‍ശിച്ച് നില്‍ക്കുക, വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ മിന്നലുള്ളപ്പോള്‍ അപകടകരമാണ്. വയല്‍, മൈതാനം തുടങ്ങിയ തുറസ്സായ സ്ഥലത്ത് അകപ്പെട്ടാല്‍ തറയോട് പറ്റിച്ചേര്‍ന്ന് കിടക്കുക എന്നതാണ് അഭികാമ്യം.
മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ സുരക്ഷ നേടാം. നീണ്ട ഒരു ചെമ്പുദണ്ട്, ഏതാണ്ട് 1 മീറ്റര്‍ നീളം. അതിന്റെ മുകളിലത്തെ അഗ്രം നാലഞ്ചു ചെറു കാലുകളായി കൂര്‍പ്പിച്ചിരിക്കും. അടിഭാഗം പൊക്കമുള്ള കെട്ടിടത്തോട് ഉറപ്പിച്ചിരിക്കും. അടിയില്‍ നിന്നും നല്ല കട്ടിയുള്ള ചെമ്പുപട്ട ഭൂമിയില്‍ ആഴത്തില്‍ കൊണ്ടു വന്ന് എര്‍ത്തു ചെയ്തിരിക്കും. ചാര്‍ജ്ജുള്ള മേഘങ്ങള്‍ ഇതിന്റെ മുകളിലെത്തുമ്പോള്‍ ഡിസ്ചാര്‍ജ്ജായി മിന്നലൊഴിവാകും.
ഭൂമി ഒരു ഇലക്ട്രോണ്‍ ബാങ്കായി കരുതപ്പെട്ടിരിക്കുന്നു. ഇവിടെ പണമല്ല, യഥേഷ്ടം ഇലക്ട്രോണുകളെ വിട്ടു കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ബാങ്ക്, അല്ലെങ്കില്‍ ശേഖരമാമ് ഭൂമി. പക്ഷേ അതിന് ചില നിയമങ്ങളൊക്കെയുണ്ട്. വസ്തു പോസിറ്റീവ് ആണെങ്കില്‍ ഭൂമിയില്‍ നിന്ന് ഇലക്ട്രോണുകള്‍ വസ്തുവിലേക്കും, വസ്തു നെഗറ്റീവാണെങ്കില്‍ വസ്തുവില്‍ നിന്ന് ഭൂമിയിലേക്കും ഇലക്ട്രോണുകള്‍ ഒഴുകും.
ഒരു വസ്തു പോസിറ്റീവും നെഗറ്റീവും ആയിത്തീരുന്നതെങ്ങനെയാണ്....?
എല്ലാ വസ്തുക്കളും വൈദ്യതപരമായി നിര്‍വീര്യമാണ്. അതായത് അവയില്‍ തുല്യ അളവില്‍ പോസിറ്റീവും നെഗറ്റീവും ചാര്‍ജ്ജുകള്‍ പരസ്പരം നിര്‍വീര്യമായി തീരുന്നു. എന്നാല്‍ ഈ പോസിറ്റീവ് - നെഗറ്റീവ് അനുപാതത്തിന് വ്യത്യാസം നേരിട്ടാല്‍ അവ ചാര്‍ജ്ജുകള്‍ കാണിക്കും. അതായത് ഇലക്ട്രോണ്‍ നഷ്ടമാകുന്ന വസ്തുവിന് പോസിറ്റീവ് ചാര്‍ജ്ജും ഇലക്ട്രോണ്‍ ലഭിക്കുന്ന വസ്തുവിന് നെഗറ്റീവ് ചാര്‍ജ്ജും കിട്ടുന്നു.
ആധുനിക മിന്നല്‍ രക്ഷാചാലകങ്ങള്‍ വിവിധ രീതിയിലാണ്. കെട്ടിടത്തിനു മുകളില്‍ കൂര്‍ത്തിരിക്കുന്നതിനു പകരം മൊത്തമായി വലയം ചെയ്യുന്ന രീതിയുമുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അംബരചുംബികളായ ഫ്ളാറ്റുകളില്‍ മിന്നലില്‍ നിന്നുള്ള സുരക്ഷാവലയം അത്യന്താപേക്ഷിതമാണ്.
മിന്നല്‍ പ്രഭയുടെ കാരണമെന്ത്....?
വായു ഒരു ഇന്‍സുലേറ്ററാണ്, അതായത് വൈദ്യുതപ്രതിരോധിയാണ്, വൈദ്യുതി കടത്തി വിടാത്ത വസ്തുവാണ്. എന്നാല്‍ മിന്നലുണ്ടാകുമ്പോള്‍ വൈദ്യുതി കടത്തി വിടുകയും ചെയ്യും. മിന്നല്‍ എന്നത് ദശ ലക്ഷക്കണക്കിനു വോള്‍ട്ടതയുള്ള വൈദ്യുതിയാണ്, ഇത്ര ഭീമമായ അളവില്‍ വായുവിന്റെ പ്രതിരോധം തീര്‍ത്തും നിസ്സാരമാണ്. അതു കൊണ്ട് അനായാസം മിന്നല്‍ കടന്നു പോകുന്നു.
പക്ഷേ ഇതുമൂലം വായു ചൂടുപിടിക്കും, വെട്ടിത്തിളങ്ങും... ഇതാണ് മിന്നല്‍ പ്രഭ.
ഇടി നാദത്തിന് കാരണമെന്ത്....?
മിന്നല്‍ പ്രവാഹം വായുവിനെ ചൂടുപിടിപ്പിച്ച് വികസിപ്പിക്കും. ചൂടു പിടിച്ച് വായുവിന്റെ പാളി അകന്നു പൊങ്ങിമാറും. അവിടേക്ക് തണുത്ത വായു ഇരമ്പിക്കയറും. ഈ ഇരമ്പിക്കയറുന്നതിന്റെ അലകളാണ് ഇടി നാദം.
മിന്നലും ഇടിനാദവും ഒരേ സമയമുണ്ടാകുന്ന പ്രതിഭാസമാണ്. പക്ഷെ നാം മിന്നല്‍ ആദ്യം കാണുന്നു, പിന്നീട് അല്പസമയം കഴിഞ്ഞ് ഇടിനാദവും. കാരണമെന്തെന്ന് പറയാമോ....?
പ്രാപഞ്ചിക കണികളില്‍ ഏറ്റവും വേഗതയേറിയ കണമാണ് പ്രകാശം. അതായത് 300000 കിലോ മീറ്റര്‍ പ്രതി സെക്കന്റ്. മിന്നല്‍ പ്രകാശമായതിനാല്‍ അതിവേഗം സഞ്ചരിച്ച് ദൃഷ്ടിയില്‍ ആദ്യം പതിയുന്നു. പിന്നാലെ ശബ്ദവും.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
1. ഹരിതകവചം തേടുന്ന കേരളം
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 12/03/2010
കേരകേദാരനിരകളുടെ നാട്ടില്‍ നിന്നും നാം വടക്കേന്ത്യയിലെവിടെയോ ചെന്നെത്തിയ പ്രതീതി. വാര്‍ത്തകള്‍ക്കിടയില്‍, വരികള്‍ക്കിടയില്‍ തെളിയുന്നത് അങ്ങനെയൊരു ചിത്രമാണ്. സസ്യശ്യാമള കോമളമായ, തരുനിരകളുടെ തണല്‍പ്പട്ടു നിരത്തിയ കേരളത്തിനെന്തു പറ്റി...?
സംസ്ഥാനം കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും നീങ്ങുകയാണ്. വിവിധ സ്ഥലങ്ങളിലുള്ള കാലാവസ്ഥാ നിരീക്ഷണനിലയങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ റെക്കോര്‍ഡ് വര്‍ധനവാണ്. സൂര്യനാകട്ടെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് ഗമനം തുടങ്ങിയട്ടേയുള്ളു. ഇനി ഘോരവും തീവ്രവുമായ താപത്തിലേക്കാണ് നാം നീങ്ങുന്നത്.
ആദ്യമായി കേരളത്തില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ പാലക്കാട്ട് സൂര്യാഘാതത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.
ഉത്തരായണകാലത്തെ സഞ്ചാരത്തിനിടയില്‍ മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്കു മുകളില്‍ സൂര്യന്‍ എത്തിച്ചേരും. ഇതിനിടയില്‍ ഉയര്‍ന്നതോതില്‍ വേനല്‍മഴ പെയ്ത് കേരളമാകെ തണുപ്പ് പകരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മതം.
മഹാനഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ താപനില കഴിഞ്ഞ കൊല്ലം ഇതേ സമയത്ത് അനുഭവപ്പെട്ടതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്.
ഉദാഹരണം :-
തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം 34 ഡിഗ്രിയായിരുന്ന ഊഷ്മാവ് ഇക്കൊല്ലം മാര്‍ച്ചില്‍ 38 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഏകദേശം 4 ഡിഗ്രി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന താപനില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പുനലൂരാണ്. 40 ഡിഗ്രി. പൊതുവെ പുനലൂരാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഊഷ്മാവ് കാണപ്പെടുന്നത്. കാരണം തമിഴ്നാടിന്റെ വരണ്ട കാലാവസ്ഥയുടെ അമിത സ്വാധീനം മൂലമാണ്.
പുനലൂര്‍ കഴിഞ്ഞാല്‍ തമിഴ്നാടന്‍ വരണ്ട അന്തരീക്ഷ സ്വാധീനമനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് പാലക്കാട്. അവിടെ രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും. ഒരാള്‍ മമ്പാടുപുഴയിലും മറ്റേയാള്‍ ഭാരതപ്പുഴയിലും കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. രണ്ടുപേര്‍ക്കും പുറത്താണ് സൂര്യാഘാതമേറ്റത്. മുതുകത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക, തുടര്‍ന്ന് തൊലി അടര്‍ന്നു പോകുക - ഇതാണ് പൊതുവെ ലക്ഷണം. ഇനിയും അജ്ഞാതരായി നിരവധി പേര്‍ ഇതിനു വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയും ഭീതിയുണര്‍ത്തുന്നതാണ്. ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ടു പശുക്കള്‍ ചത്തുവത്രെ. രക്തം കട്ട പിടിച്ചാണ് മേയാന്‍ വിട്ടിരുന്ന ഈ രണ്ട് പശുക്കളും ചത്തത് എന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞു. സൂര്യാഘാതം തന്നെയാണ് കാരണമെന്ന് ഡോക്ടര്‍ രേഖപ്പെടുത്തുന്നു.
നാം വടക്കേന്ത്യക്കാരെപ്പോലെ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. നേരിട്ട് സൂര്യകിരണങ്ങള്‍ ഏല്‍ക്കുന്ന അവസരങ്ങള്‍ ഒഴിവാക്കുക, ആ അവസരങ്ങളില്‍ കഴിവതും മുറിക്കുള്ളിലൊതുങ്ങുക, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ടത്ര വസ്ത്രമറവുകളോടെ പുറത്തിറങ്ങുക, ഇടയ്കിടയ്ക് ധാരാളം ശുദ്ധജലം കുടിക്കുക, പഴവര്‍ഗ്ഗങ്ങള്‍ യഥേഷ്ടം കഴിക്കുക, ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക എന്നിവ ഒരു പരിധിവരെ സൂര്യാഘാതത്തില്‍ നിന്നും നമ്മെ രക്ഷിക്കും.
പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്.
ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിര്‍മ്മിതമാണ്. മിക്കതും പരിശോധിച്ചാല്‍ അതിന്റെ ഏതെങ്കിലും ഒരു കോണില്‍ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാര്‍ത്ഥ പുരോഗതി മുന്നേറുകയാണ്.
എയര്‍കണ്ടീഷണറുകള്‍ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയര്‍കണ്ടീഷണറുകള്‍ രണ്ടു വിധത്തില്‍ താപവര്‍ധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവര്‍ത്തനരീതി. എയര്‍കണ്ടീഷണറുകള്‍ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയര്‍കണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും.
നിങ്ങളുടെ വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ അതിന്റെ പിന്‍വശത്തായി അല്പം നേരം കൈ വെച്ചു നോക്കുക, താപം പുറത്തേക്ക് വരുന്നത് അനുഭവബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ വീട്ടില്‍ എല്ലാ മുറിയിലും ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അവസ്ഥ....? നിങ്ങള്‍ നീറ്റുപുരയ്കകത്ത് അകപ്പെട്ടതുപോലെ തോന്നില്ലേ...?
അതു തന്നെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യന്‍ ചെയ്യുന്നത്. സ്വാര്‍ത്ഥനായ മനുഷ്യനെന്ന വൃത്തികെട്ട മൃഗം ഈ മനോഹരമായ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. നിയമവും നിയമപാലകരും അതു കണ്ടില്ലെന്നു നടിക്കുന്നു.
നിയമങ്ങളില്ലാഞ്ഞിട്ടല്ല, മറിച്ച് അത് പാലിക്കാത്തതാണ് പ്രധാന പ്രശ്നം.
മൊബൈല്‍ ടവറുകള്‍ എവിടെയും കൂണു പോലെ പൊട്ടിമുളക്കുന്നു. ഒരുവന്റെയും നാടിന്റെയും അഭിവൃദ്ധിയുടെ അളവുകോലായി ഇന്ന് മൊബൈല്‍ ഫോണ്‍ എങ്ങനെയോ തെറ്റായി വളര്‍ന്നിരിക്കുന്നു. അവ പുറത്തുവിടുന്ന മൈക്രോതരംഗങ്ങള്‍ അന്തരീക്ഷ താപനിലാ വര്‍ധനവിനും കാന്‍സര്‍ രോഗത്തിലേക്കു നയിക്കാവുന്ന അനിയന്ത്രിത കോശവര്‍ധനവിലേക്കും നയിക്കുന്നു.
ആകാശങ്ങളിലിരിക്കുന്ന ദൈവം ഭൂമിയിലേക്കെങ്ങാനും നോക്കിയാല്‍ ആദ്യം കാണുന്നത് ദേവാലയ ഗോപുരങ്ങളല്ല, മറിച്ച് മൊബൈല്‍ ടവറുകളാണ്. ദൈവം അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും അവിടെയാണ്. എന്തൊരു വിരോധാഭാസം....!
നിരത്തിലൂടെ ചലിക്കുന്ന വാഹനങ്ങള്‍ മിക്കതുമിന്ന് ഹൈടെക് വര്‍ഗത്തില്‍ പെട്ടതാണ്. കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡും പുകക്കുഴലിലൂടെ വമിപ്പിക്കുന്നതിനു പുറമെ അവയിലെ എയര്‍കണ്ടീഷണറുകള്‍ അകം തണുപ്പിക്കാന്‍ പുറത്തേക്ക് താപം കടത്തിവിടുന്നു.
സംസ്ഥാനത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടാനുള്ള എല്ലാ അനുകൂലനങ്ങളും ഈ കുംഭച്ചൂട് വഴിയൊരുക്കിയിട്ടുണ്ട്. ഇനി മീനമാസത്തിലെ കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ വരവു കൂടിയാകുമ്പോള്‍ പറയാനുമില്ല. സംസ്ഥാനമൊട്ടാകെ താപനിലയില്‍ ശരാശരി വര്‍ധനവ് ഏതാണ്ട് 4 ഡിഗ്രിയാണ്. മരത്തണലുകളുടെ അഭാവം മലകളും താഴ്വരകളും പാറക്കെട്ടുകളും അടങ്ങിയ ഭൂപ്രകൃതി എന്നിവ ചൂടിന്റെ കാഠിന്യം കൂട്ടുന്നു.
സൂര്യതാപംമൂലം ഉണ്ടാകുന്ന ജലനഷ്ടം നികത്തുവാന്‍ പകരം ജലം കുടിക്കയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. യഥേഷ്ടം വെള്ളം കുടിയ്കുക, തണലത്ത് വിശ്രമിക്കുക. വെയിലത്ത് പണിയണമെന്നുണ്ടെങ്കില്‍ ശരീരം മൂടുന്ന വസ്ത്രവും തൊപ്പിയും ധരിക്കണം. പണിയ്കിടയില്‍ ധാരാളം ജലം കുടിക്കണം.
ജലചക്രത്തിനൊരു താളമുണ്ട്, ലയമുണ്ട്. കണ്ണില്‍ ചോരയില്ലാതുള്ള വികസനം നമ്മുടെ പാടങ്ങളെ നികത്തി, തണ്ണീര്‍ത്തടാകങ്ങളെ നിലംപരിശാക്കി, കിണറുകളെ ഉപയോഗശൂന്യമാക്കി. വരുതലമുറ നമ്മോട് എന്തു കുറ്റമാണ് ചെയ്തത്......? ഇപ്പോള്‍ തന്നെ ഭൂജലനിരപ്പ് വല്ലാതെ താഴ്ന്നു തുടങ്ങി. ഇത് വരാനിരിക്കുന്ന വലിയ വരള്‍ച്ചയെ സൂചിപ്പിക്കുന്നു. (കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 23 % കുറവാണ് എന്ന് കണക്കുകള്‍ പറയുന്നു)
നഗരവത്കരണത്തിന്റെ പേരില്‍ മരങ്ങളും കണ്ടല്‍ക്കാടുകളും അപ്രത്യക്ഷമാകുന്നു. പകരം അവിടെയെല്ലാം കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ താപക്കെണികള്‍ (ഹീറ്റ് ട്രാപ്പുകള്‍) രൂപപ്പെടുകയും തുടര്‍ന്ന് നഗരമാകെ താപനില ഉയര്‍ന്ന് നഗരനരകത്തിന് വഴിയൊരുങ്ങുന്നു.
അംബരചംബികളായ കെട്ടിടങ്ങള്‍ താപവിമോചനത്തിന്റെ സിരാകേന്ദ്രമാണ്. അവിടെ താമസിക്കുന്ന മനുഷ്യര്‍ പുറത്തേക്കു വിടുന്ന താപത്തിന്റെ അളവ് വളരെ കൂടിയ തോതിലാണ്. കാരണം ഒരു ചെറിയ സ്ഥലത്ത്, മുകളിലോട്ട് മാത്രം വളര്‍ന്നിരിക്കുന്നതിനാല്‍ ധാരാളം പേര്‍ ഒത്തുകൂടാന്‍ ഇടയാകുന്നു. ഭൂമിയുടെ ഹരിതമേലാപ്പില്ലാത്തതിനാല്‍ കെട്ടിടം തന്നെ ചൂടിനെ പിടിച്ചെടുത്ത് ചുറ്റും തീക്കനല്‍ പോലെ താപം വമിപ്പിക്കുന്നു. അതിലുപരി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ അലങ്കാരമായി ഘടിപ്പിച്ച് നിരത്തിലേക്കു തന്നെ ചൂടിനെ പ്രതിഫലിപ്പിക്കുന്നു. ഇതെല്ലാം ഏറ്റു വാങ്ങേണ്ടത് നിസ്സഹായനായി തെരുവിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യനും....!
സ്പ്രേ പെയിന്റുകള്‍, ഫ്രിഡ്ജില്‍ കംപ്രസറുകള്‍ ഉപയോഗിക്കുന്ന ഫ്രിയോണ്‍ എന്ന വാതകം തുടങ്ങിയവ അന്തരീക്ഷ താപ വര്‍ധനവിന് ഹേതുവാണ്.
ചുരുക്കത്തില്‍ ഇന്ന് നാം നേരിടുന്ന മിക്ക പ്രശ്നങ്ങളുടെയും വേരുകള്‍ നമ്മില്‍ നിന്ന് ആവിര്‍ഭവിച്ച് നമ്മെ തന്നെ മൂടി ശ്വാസം മുട്ടിക്കുന്നവയാണ്..... ഒരു ബുമറാങ്ങു പോലെ....
ഒരു പരിഹാരം മാത്രമെ മുന്നിലുള്ളു... പ്രകൃതിയെ അതിന്റെ സ്വാഭാവികമായ വളര്‍ച്ചക്ക് വിടുക. വീണ്ടും ഭൂമി ഹരിതകവചം അണിയും, പഴയ ജീവനതാളവും മേളവും തിരിച്ചെത്തും. അത് നമ്മില്‍ ചൈതന്യമായി നിറയും.
ഭൂമിയെയും അതിലെ സമസ്തജീവജാലങ്ങളെയും ജീവിക്കാന്‍ അനുവദിക്കില്ലേ.......?അനുവദിച്ചുകൂടെ.....!