"എച്ച് എസ്സ്.കൂത്താട്ടുകുളം/ഔഷധോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(വ്യത്യാസം ഇല്ല)

01:08, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഉങ്ങ്

സ്ക്കൂൾ മുറ്റത്തെ ഉങ്ങ് (2004 ലെ എന്റെ മരം പദ്ധതി)

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.സംസ്കൃതത്തിൽ കരഞ്ജ, നക്തമാല എന്നും, തമിഴിൽ പുങ്കൈമരം/പുങ്കമരം, എന്നും തെലുങ്കിൽ കനുഗച്ചെടി എന്നുമൊക്കെയാണ്‌ പേരുകൾ. ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.


പൂമരുത്

സ്ക്കൂൾ മുറ്റത്തെ പൂമരുത് (2004 ലെ എന്റെ മരം പദ്ധതി)

മരുത് എന്ന പദത്തിന് സ്വർഗം എന്നർഥം. ആകർഷകമായ പൂക്കൾകൊണ്ട് സ്വർഗരാജ്യം പ്രദാനം ചെയ്യുന്ന മരമത്രേ പൂമരുത്. മണിമരുത്, ചെമ്മരുത് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ രാജ്ഞിയുടെ പൂവ് (Queen's Flower), ഇന്ത്യയുടെ അഭിമാനം (Pride of India) എന്നിങ്ങനെയാണ് പേരുകൾ. പൂവിന്റെ ദളങ്ങളുടെ അരികുകൾ ഞൊറിഞ്ഞതുപോലെ കാണുന്നതുകൊണ്ട് ക്രേപ് പുഷ്പം (Crape Myrtle) എന്ന പേരുമുണ്ട്.

ഇന്ത്യൻ സ്വദേശിയായ പൂമരുത്, ഭാഗികമായി ഇലകൊഴിയുന്ന മരമാണെങ്കിലും നിത്യഹരിത വനങ്ങളിൽ അരുവികളുടെയും നദികളുടെയും കരകളിലാണ് പ്രകൃത്യാ കണ്ടുവരുന്നത്. കേരളത്തിൽ പൂന്തോട്ടങ്ങളിലും റോഡരുകിലും ധാരാളമായി നട്ടുവളർത്തിയിട്ടുള്ളതായും കാണാം.

വനങ്ങളിൽ വലിയ മരങ്ങളാകുമെങ്കിലും നട്ടുവളർത്തുന്ന മരങ്ങൾക്ക് ഏകദേശം ആറ് മീറ്റർ ഉയരമേ ഉണ്ടാകൂ. നീണ്ട അണ്ഡാകൃതിയിലുള്ള ഇലകളുടെ അഗ്രം കൂർത്തിരിക്കും. പ്രായമായ ഇലകൾക്ക് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ചുവപ്പ് നിറമായിരിക്കും. ഏപ്രിലിൽ പൂവിടലിനു മുന്നോടിയായി പുതിയ ഇലകൾ പ്രത്യക്ഷപ്പെടും. ഓരോ ശിഖരത്തിന്റെയും അഗ്രഭാഗത്തായാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. പൂക്കളുടെ നിറം ഇളംചുവപ്പോ (pink), നീലാരുണ വർണമോ (purple) ആയിരിക്കും. പ്രായമാകുമ്പോൾ പൂക്കൾ വെള്ളനിറമായി മാറും. ഉരുണ്ട കായ്കൾ അടുത്ത പൂവിടൽ വരേയും മരത്തിൽത്തന്നെ വീഴാതെ നിൽക്കും.

പൂമരുതിന്റെ കുടുംബം ലിത്രേസീ (Lythraceae) ആണ്. ശാസ്ത്രനാമം ലാജെസ്‌ട്രോമിയ ഫ്‌ളോസ്- റെജിനേ (Lagerstroemia flos - reginae). ചില ശാസ്ത്രപുസ്തകങ്ങളിൽ ലാജെസ്‌ട്രോമിയ സ്പീഷിയോസ (Lagerstroemia speciosa) എന്ന പേരും കൊടുത്തിട്ടുണ്ട്. ഫ്‌ളോസ്-റെജിനേ എന്നാൽ 'രാജ്ഞിയുടെ പൂവ്' (Flower of the Queen) എന്നർഥം. സ്പീഷിയോസ എന്നാൽ ഭംഗിയുള്ളത് ചുറ്റും ചിറകുള്ള പരന്ന വിത്തുകൾ പാകിയാണ് തൈകൾ ഉണ്ടാക്കുന്നത്. നാല് വർഷം കൊണ്ട് പൂവിടും. വളർച്ചയുടെ ആദ്യകാലങ്ങളിൽ കൊമ്പുകൾ വെട്ടിക്കൊടുത്താൽ നല്ല ആകൃതിയിലുള്ള തലപ്പോട് കൂടിയ മരം കിട്ടും.

തേക്കിന്റെ നിറത്തോട് കൂടിയ തടി വീട് പണിക്കും വീട്ടുപകരണങ്ങൾ, ബോട്ട് എന്നിവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. വേര് വയറിളക്കത്തിനുള്ള ഔഷധമാണ്.


കണിക്കൊന്ന

സ്ക്കൂൾ മുറ്റത്തെ കണിക്കൊന്ന (2004 ലെ എന്റെ മരം പദ്ധതി)

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്


അശോകം

അശോകം (2007 ലെ ഐ. ടി. പ്രോജക്ടിന്റെ ഭാഗമായി നട്ടത്)

അശോകത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരം ശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു. സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു. പ്രേമ ദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്. ശക്തി ആരാധനയിൽ ദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്. പൂക്കൾ തടിയോട് ചേർന്നുണ്ടാവുന്നു.

അശോകത്തിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.