ന‍ൂപ‍ുരധ്വനി2024

 
സ്കൂൾ കലോത്സവം2024

2024 സെപ്റ്റംബർ 26,27 തീയതികളിൽ സ്കൂൾ കലോത്സവം നൂപുരധ്വനി ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ആഘോഷപൂർവം നടന്നു. 26 ന് രാവിലെ 9.30 ന് നടന്ന ഉദ്ഘാടന മീറ്റിംഗിൽ പ്രിൻസിപ്പൽ സ്വാഗതവും കലോത്സവ കൺവീനർ ശ്രീജ നന്ദിയും അറിയിച്ചു. ദീപം കൊളുത്തി ഉദ്ഘാടനം നടത്തിയ ശേഷം മുഖ്യാതിഥി പുലിയൂർ ജയകുമാർ സാർ ഇമ്പമാർന്ന സ്വരത്തിൽ നാടൻപാട്ടുകൾ പാടി കുട്ടികളെ കൈയിലെടുത്തു. സന്ദേശം നൽകിയ ഹെ‍ഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ പൂങ്കുയിലെ പാട്ട് സദസ്യർ വൻപിച്ച കൈയടിയോടെയാണ് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയൻ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ,സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.വേദി ഒന്ന് ചിലങ്കയിലാണ് പ്രധാന നൃത്ത ഇനങ്ങൾ നടന്നത്. മറ്റ് മത്സരങ്ങൾ വേദി രണ്ട് നിളയിലും നടന്നു.

ഓണാഘോഷം@2024

 
ഓണാഘോഷം ഉദ്ഘാടനം വിനോദ് വൈശാഖി

2024 ലെ ഓണാഘോഷം സെപ്റ്റംബർ മാസം 13 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മിതമായിട്ടാണ് ഓണം ആഘോഷിച്ചത്.ഓണസദ്യയും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയെങ്കിലും കുട്ടികളുടെ സന്തോഷത്തിനായി പായസവിതരണവും ചെറിയ ഓണപരിപാടികളും നടത്തി.മത്സരങ്ങളും ഘോഷങ്ങളും ഒഴിവാക്കി നടത്തിയ ഓണാഘോഷം പ്രമുഖ സാഹിത്യകാരൻ വിനോദ് വൈശാഖിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ഹൃദ്യമായ കവിതാലാപനത്തിലൂടെ ഓണം നുകരുകയും ചെയ്തു.

ഉപജില്ലാ സ്പോർട്ട്സ് മീറ്റ് പങ്കാളിത്തം2024

 
ഉപജില്ലാ സ്പോർട്ട്സ് മീറ്റ് 2024 സെപ്റ്റംബർ

ഉപജില്ലയിൽ നടന്ന വിവിധ സ്പോർട്ട്സ് മത്സരങ്ങളിൽ പങ്കെടുത്ത് വീരണകാവ് ടീം മികച്ച വിജയം നേടി.ധാരാളം കുട്ടികൾ ജില്ലാതലത്തിലേയ്ക്ക് സെലക്ഷൻ നേടി.കായികാധ്യാപകനായ ഷാജി സൈമൺ സാറിന്റെ നേതൃത്വത്തിൽ സന്ധ്യ ടീച്ചറിന്റെ നിർദേശാനുസരണം കുട്ടികൾ പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

YIP 7.0 ഐഡിയ ലെവൽ ടോപ്പ് ടെൻ സ്കൂൾ

 
YIP 7.0 യിൽ 51 ഐഡിയകൾ സബ്‍മിറ്റ് ചെയ്ത സന്തോഷം പങ്കിടുന്നു.

തിരുവനന്തപുരം ജില്ലയിലെ വൈഐപി7.0 ഐഡിയ സബ്മിഷനിൽ മികച്ച പങ്കാളിത്തവുമായി വീരണകാവ് സ്കൂൾ മുന്നേറി. 51 ഐഡിയകളാണ് 52 ഗ്രൂപ്പുകളിലെ കുട്ടികൾ സബ്മിറ്റ് ചെയ്തത്.സംസ്ഥാനതലത്തിൽ കുട്ടികളുടെ എണ്ണത്തിലും സ്കൂളിന്റെ വലുപ്പത്തിലും ചെറുതെങ്കിലും നമ്മുടെ സ്കൂളിന് 24 മത് എത്താനായി. തിരുവനന്തപുരം ജില്ലയിൽ മൂന്നാമത് എത്തി സ്കൂൾ ടോപ്പ് ടെന്നിൽ എത്തിയത് അഭിമാനകരമായി മാറി.സന്ധ്യ ടീച്ചറിന്റെ പ്രോത്സാഹനവും ശാസ്ത്രപഥം കൺവീനർ ഡീഗാൾ സാറിന്റെ ഇടപെടലും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അക്ഷീണ പ്രയത്നവുമാണ് ഈ നേട്ടത്തിന് കാരണമായത്.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024

ഓഗസ്റ്റ് മാസം തീയതി നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജനാധിപത്യത്തിന്റെ മൂല്യം കുട്ടികളിൽ എത്തിക്കുന്നതിൽ പൂർണമായും വിജയിച്ചതായി പറയാം.നോമിനേഷൻ മുതൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വരെ വിവിധ ഘട്ടങ്ങൾ കൃത്യമായി ജനാധിപത്യ രീതിയിൽ നടത്താനായി സ്റ്റാഫ് അഡ്വൈസറായി തിരഞ്ഞെടുക്കപ്പെട്ട ലിസി ടീച്ചർ ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ നിർദേശാനുസരണം പ്രയത്നിച്ചു.ഇതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാങ്കേതിക സഹായം എടുത്തു പറയേണ്ടതാണ്.എല്ലാ അധ്യാപകരും അനധ്യാപകരും ഒന്നുപോലെ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിൽ പങ്കാളികളായി. സമ്മതി സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പൊതു തിരഞ്ഞെടുപ്പിലെ പോലെ ഇവിഎം മെഷീനിലെ വോട്ടെടുപ്പും ബാലറ്റ് ക്രമീകരണം വഴി ബാലറ്റിന്റെ ഉപയോഗവും കുട്ടികളിലെത്തിക്കാൻ സഹായകമായി.വിഎച്ച്എസ്ഇ യിൽ നിന്നും നവീൻ മുരുകൻ ചെയർ പേഴ്സണായും സ്കൂളിൽ നിന്നും 10 സിയിലെ രഞ്ചു എൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.പെൺകുട്ടികൾക്കുള്ള സംവരണവും ഭാരവാഹിത്വത്തിൽ വിവിധ തലങ്ങൾക്കുള്ള സ്ഥാനവും കൃത്യമായി ക്രമീകരിച്ചാണ് ഇലക്ഷൻ നടത്തിയത്. മൂന്നു ബൂത്തുകളും വോട്ടെണ്ണൽ കേന്ദ്രവും പ്രോട്ടക്ഷൻ പോലീസും ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ,പോളിംങ് ഓഫീസർ,പോളിങ് ഏജന്റുകൾ എല്ലാം കുട്ടികളിൽ പൊതുതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കിക്കാൻ സഹായിച്ചു.

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ് ഫംങ്ഷൻ2024

മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ സംസ്ഥാനതല അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് വീരണകാവ് സ്കൂൾ തിരുവനന്തപുരം ജില്ലയ്ക്കും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ്ക്കും അഭിമാനകരമായ ഒരു സ്കൂളായി മാറി.മലയോരമേഖലയിലെ സാധാരണക്കാരായ രക്ഷാകർത്താക്കളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂളിൽ സർക്കാർ ലഭ്യമാക്കിയ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും സമയപരിമിതിയോ ഒന്നും നോക്കാതെ കുട്ടികളുടെ ഉന്നമനത്തിനായി പരമാവധി ഉപയോഗപ്പെടുത്തികൊണ്ടാണ് ഈ അവാർഡിനുള്ള നേട്ടത്തിലേയ്ക്ക് ഈ സ്കൂൾ എത്തിച്ചേർന്നത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ ചെയ്ത ലിറ്റിൽ കൈറ്റ്സ് പഠനപ്രവ‍ർത്തനത്തിന് പുറമയുളള സാമൂഹികസേവന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം സ്കൂളിന് ലഭിച്ചത്. അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ സേഫ്റ്റി ക്ലാസ്, സമീപത്തെ എൽ പി, യു പി സ്കൂളുകളിൽ നൽകിയ ഐ ടി അധിഷ്ഠിത പരിശീലനം, അങ്കണവാടികളിൽ നൽകിയ ഇന്റാക്ഷനുകൾ,ചരിത്രബുക്ക് തയ്യാറാക്കൽ,വീർഗാഥ പ്രോജക്ട്, വൈഐപി പങ്കാളിത്തം,കർഷക പരിശീലനം തുടങ്ങി അനേകം പരിപാടികൾ 2023-2024 അധ്യയനവർഷത്തിൽ സ്കൂൾ നടപ്പിലാക്കിയിരുന്നു. പ്രശസ്തി പത്രവും ക്യാഷ് പ്രൈസും തിരുവനന്തപുരം നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന മീറ്റീംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാർ നൽകി.വിദ്യാഭ്യാസ മന്ത്രിയും കൈറ്റ് സിഇഒ അൻവർ സാദത്ത് സാറും സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യദിനം2024

 
സ്വാതന്ത്ര്യദിനറാലിയിൽ നിന്നും

2024 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി.കൺവീനർ സൗമ്യ എസിന്റെ നേതൃത്വത്തിൽ പ്രീപ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് നടത്തിയ ദിനാചരണം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവരെ അനുസ്മരിക്കുകയും ലളിതമായും എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഉൾക്കരുത്ത് ചോർന്ന് പോകാതെയും ആചരിച്ചു. നേരത്തെ തന്നെ തയ്യാറാക്കിവച്ചിരുന്ന കുഞ്ഞുങ്ങളുടെ പ്രോഗ്രാമുകളും റാലിയും നടത്തി.റാലി സ്കൂളിൽ നിന്നാരംഭിച്ച് പട്ടകുളം പാലം വരെ പോയി തിരിച്ചു വന്നു.സന്ധ്യ ടീച്ചറും രൂപ ടീച്ചറും പിടിഎ പ്രസിഡന്റ് അരുൺകുമാർ സാറും ചേർന്ന് ദേശീയ പതാക ഉയർത്തി. മീറ്റിംഗിനു ശേഷം നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ എല്ലാവരെയും ആകർഷിച്ചു.

YIP 6.0 സെലക്ട്ഡ് ലിസ്റ്റ് 2024 ഏഴ് ടീമുകൾ

 
YIP 6.0 യിലെ തിരഞ്ഞെടുക്കപ്പെട്ട ടീമംഗങ്ങൾ

YIP 6.0 യുടെ സെലക്ഷൻ ലിസ്റ്റിൽ നമ്മുടെ 13 ചുണക്കുട്ടികളുടെ 7 ടീമുകൾ ഇടം പിടിച്ചത് സ്കൂളിന് അഭിമാനമായി.ശാസ്ത്രപഥം കൺവീനർ ഡീഗാൾ സാറും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറും കുട്ടികൾക്ക് മാർഗനിർദേശം നൽകിയത് എച്ച് എമ്മിന്റെ പ്രോത്സാഹനത്തിലാണ്. ഹൈസ്കൂൾ ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ബിആർസി തല ട്രെയിനിംഗിൽ പങ്കെടുത്തു.ക്യാമ്പ് രസകരമായിരുന്നുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്കൂളിൽ ആദരവ് നൽകി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്2024

 
പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം

2024 ഓഗസ്റ്റ് 7 ന് ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രവേശനക്ലാസായ പ്രിലിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനറായ അരുൺ സാറാണ്(കണിയാപുരം സബ്‍ജില്ല) ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പിടിഎ പ്രസിഡന്റ് അരുൺകുമാർ സാർ മുൻപ്രവർത്തനങ്ങളെ ശ്ലാഘിച്ചു. പിടിഎ അംഗം അഡ്വ.ശിവകുമാർ സന്ദേശം നൽകി.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ മാർഗനി‍ർദേശങ്ങൾ നൽകി.തുടർന്ന് പത്തു മുതൽ അഞ്ചു മണി വരെ ക്യാമ്പ് നടന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ ടീച്ചറും ക്യാമ്പിൽ സജീവമായി ഇടപെട്ടു.ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ 33 കുട്ടികൾക്കാണ് ക്യാമ്പ് നടന്നത്.

പൊതുയോഗവും പിടിഎ എസ് എം സി എം പിടിഎ തിരഞ്ഞെടുപ്പും

 
പിടിഎ പൊതുയോഗം

2024 ഓഗസ്റ്റ് 6 ന് പൊതുയോഗം നടന്നു.രക്ഷാകർത്താക്കളുടെ സാന്നിധ്യം കുറവായിരുന്നുവെങ്കിലും യോഗം കൃത്യസമയത്ത് ആരംഭിച്ചു.പിടിഎ പ്രസിഡന്റ് സലാഹുദീൻ പിടിഎയുടെ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു. റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ചുരുക്കി അവതരിപ്പിക്കുകയും ആശ ടീച്ചർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പ് വാശിയേറിയതായിരുന്നു. വരണാധികാരിയായി സ്റ്റാഫ് തിരഞ്ഞെടുത്തിരുന്ന ജേക്കബ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ നടത്തി. തുട‍ർന്ന് അരുൺകുമാർ സാറിനെ പ്രസിഡന്റായും മായയെ വൈസ് പ്രസിഡന്റായും കുമാരി ഗീതയെ എംപിടിഎ പ്രസിഡന്റായും ജിജിത്ത് ആർ നായരെ എസ്എംസി ചെയർമാനായി തിരഞ്ഞെടുത്തു.

സ്പോർട്ട്സ് മീറ്റ് 2024

 
സ്പോർട്ട്സ് മീറ്റ് ദീപശിഖ

2024 ലെ സ്പോർട്ട്സ് മീറ്റ് ഷാജി സൈമൺ സാറിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടു മുതൽ ഓഗസ്റ്റ് 10 വരെ നടന്നു.മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ധ്യാൻചന്ദ് അവാർഡ് ജേതാവ് ഒളിമ്പ്യൻ ലേഖ കുട്ടികൾക്ക് സ്പോർട്ട്സിന്റെ പ്രാധാന്യത്തെകുറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സംവദിച്ചു. ഇതിനോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം അവർ ഏറ്റുവാങ്ങി. ദീപശിഖ കൊളുത്തിയ എച്ച് എം സന്ധ്യ ടീച്ചർ ദീപശിഖയോടൊപ്പം ഓടുകയും സ്റ്റേജിൽ കൈമാറാനായി എത്തുകയും ചെയ്തു.കുട്ടികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്തു.

സ്പോർട്ട്സ് മീറ്റ് ലോഗോ പ്രകാശനം2024

 

2024 ഓഗസ്റ്റ് 2 ന് ഒളിപ്യൻ ലേഖാ മാഡത്തിന്റെ വരവ് വീരണകാവ് സ്പോർട്ട്സ് യൂണിറ്റിന് ഉണർവ് പകരുന്നു. സ്പോർട്ട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഒളിമ്പ്യൻ ഇക്കൊല്ലത്തെ സ്പോർട്ട്സ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സിലെ ലിസി ടീച്ചറിനെ അഭിനന്ദിച്ചു. ലോഗോ പിടിഎ,എസ്എംസി അംഗങ്ങളും എച്ച് എമ്മും പ്രിൻസിപ്പലും സ്പോർട്ട്സ് മാസ്റ്റർ ഷാജി സൈമണും ചേർന്ന് ഏറ്റു വാങ്ങി.

അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും

 
എൽ ഇ ഡി നിർമാണവും പഠനപ്രവർത്തനവും

ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ ക്ലാസ് റൂം മോണിറ്ററിംഗും മാർഗനിർദേശങ്ങളും അക്കാദമിക മികവിലേയ്ക്ക് സ്കൂളിനെ നയിക്കുന്നു.ഇതിന് ഉദാഹരണമാണ് യു പി തലത്തിലെ ശാസ്ത്രപഠനങ്ങളും പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഐ ടി മികവും. എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക്കാണ്.വൈദ്യുതി പ്രശ്നം കാരണം ഹൈടെക് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടാലും എത്രയും വേഗം അത് പരിഹരിക്കാറുണ്ട്. ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനഭാഗമായി യു പി വിഭാഗം കുട്ടികൾ സയൻസ് അധ്യാപകനായ സജീഷ് സാറിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമിച്ചത് കുട്ടികൾക്ക് ഫിസിക്സിന്റെ പാഠാശയങ്ങളും ജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ പര്യാപ്തമായ പ്രവർത്തനമായിരുന്നു.

ചാന്ദ്രദിനം 2024

 
ഡിജിറ്റൽ പെയിന്റിംഗ് വിജയികൾ

2024 ജൂലായ് 21, 22 ദിവസങ്ങളിൽ ലൂണാർ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് ക്ലബ് ചാന്ദ്രദിനപതിപ്പ് മത്സരം നടത്തി. 10 A യിലെയും 9 A യിലെയും കുട്ടികൾ വിജയിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നിലാവ് എന്ന വിഷയത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി. പ്രൈമറി വിഭാഗങ്ങളിൽ വീഡിയോ പ്രദർശനവും മറ്റ് മത്സരങ്ങളും സംഘടിപ്പിച്ചു.

ക്രാഫ്റ്റ് ശില്പശാല2024

 
കുട്ടികൾ പേപ്പർ ക്രാഫ്റ്റ് നിർമാണത്തിൽ

2024 ജൂലായ് 19 ന് ബിആർസി സംഘടിപ്പിച്ച കരകൗശലശില്പശാലയിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ആവേശപൂർവം പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ശില്പശാല വൈകിട്ട് നാലിന് സമാപിച്ചു. പേപ്പർ ക്രാഫ്റ്റ് പരിശീലിച്ച കുട്ടികളും രക്ഷാകർത്താക്കളും വർണക്കൂടാരത്തിലേയ്ക്കുള്ള ക്രാഫ്റ്റ് വർക്കുകൾ ഏറ്റെടുത്ത് ചെയ്യാമെന്ന് തീരുമാനിച്ചു. ബിആർസി യിൽ നിന്നുള്ള പരിശീലകരുടെ ക്ലാസുകൾ എല്ലാവർക്കും പ്രയോജനപ്പെട്ടു.

വായനദിനം2024

 
വായനദിനം2024മാഗസിൻ

2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ സ്വാഗതം ആശംസിക്കുകയും രൂപ ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ ലൈബ്രേറിയൻ റെൻഷി ഹെഡ്‍മിസ്ട്രസിനും പ്രിൻസിപ്പലിനും നൽകികൊണ്ട് പ്രകാശനം ചെയ്തു.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

പേവിഷബാധനിയന്ത്രണബോധവത്ക്കരണം2024

 
പേവിഷബാധയ്ക്കെതിരെ ബോധവത്ക്കരണം

വളർത്തുമൃഗങ്ങളുമായി നേരിട്ട് ഇടപഴകാൻ ഇഷ്ടപ്പെടുന്ന കുട്ടികളെ പേവിഷബാധയെകുറിച്ചും നേരിട്ടേണ്ട പ്രതിവിധികളെ കുറിച്ചും ബോധവത്ക്കരണം നടത്താനായി ഡോ.ജോയ് ജോൺ,വീരണകാവ് പ്രൈമറി ഹെൽത്ത് സെന്റർ എത്തുകയും സരസമായി സംസാരിച്ച സാർ കുട്ടികളിലേയ്ക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കുകയും ചെയ്തു.സസ്തനികളിൽ നിന്നാണ് പേവിഷബാധയുണ്ടാകുന്നതെന്നും എന്തെങ്കിലും കടിയോ നക്കലോ ഉണ്ടായാലും വീട്ടിലറിയിക്കണമെന്നും ചികിത്സയുടെ കാര്യങ്ങളുമെല്ലാം വ്യക്തമായി കുട്ടികളിലേയ്ക്ക പകർന്നു.

ലോക പരിസ്ഥിതി ദിനം 2024 ജൂൺ 5

 
പരിസ്ഥിതിദിനം2024

ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ആദ്യം തന്നെ വിദ്യാർത്ഥിപ്രതിനിധികളുടെ കോമ്പിയറിങ്ങോടെ ആരംഭിച്ചു.പ്രാർത്ഥനയ്ക്കു ശേഷം വൈഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും എയറോബിക്സും പരിസ്ഥിതിദിനത്തെ മനോഹരമാക്കി.

എല്ലാം സെറ്റ് -പ്രവേശനോത്സവം2024-2025

 
പ്രവേശനോത്സവം എല്ലാം സെറ്റ്

2024 ജൂൺ മൂന്നാം തീയതി രാവിലെ പത്ത് മണിയ്ക്ക് എല്ലാം സെറ്റ് ആക്കി പ്രവേശനോത്സവ മീറ്റിംഗ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് സലാഹുദീൻ അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ആനാകോട് വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം ചെയ്തു. നവാഗതരെ പൂക്കൾ നൽകിയും കിരീടം നൽകിയും ചെരാത് നൽകിയും സ്വീകരിച്ചു.