വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ
മറക്കാനാകാത്ത ഒരു പഠനയാത്ര
ഈ അധ്യയനവർഷത്തെ പഠനയാത്ര നടത്തിയത് കൊടൈക്കനാൽ, മധുരെ, കന്യാകുമാരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കാണ്. ഡിസംബർ 12,13,14,15 എന്നീ തിയതികളിൽ നടത്തിയ യാത്രയിൽ 45 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു. തോമസ് സാർ, ജോർജ്ജ് സാർ, വിജി സാർ, സുജയ ടീച്ചർ, ലീന ടീച്ചർ എന്നിവരായിരുന്നു പഠനയാത്ര നയിച്ചത്. 12-12-2010 ഞായറാഴ്ച്ച സന്ധ്യക്ക് 8 മണിയോടെ സംഘം സ്ക്കൂളിൽ നിന്ന് പുറപ്പെട്ടു. കോട്ടയം, കുമളി, തേനി വഴി കൊടൈക്കനാലിലേക്കാണ് ആദ്യം പോയത്. രാത്രി മുഴുവൻ യാത്രയായിരുന്നു. ആദ്യമൊക്കെ പാട്ടിനൊത്ത് നൃത്തം ചെയ്ത് ആഘോഷമായിട്ടായിരുന്നു യാത്ര. കുറെക്കഴിഞ്ഞ് ക്ഷീണിച്ചപ്പോൾ സിനിമയിട്ടു. 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ'. പ്രേതവീടിന്റെ കഥയൊക്കെക്കണ്ട് പേടിച്ചരണ്ട് വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഇടക്കൊക്കെ വഴിയിൽ നല്ല മൂടൽമഞ്ഞുണ്ടായിരുന്നു. സിനിമകണ്ട് ഞങ്ങൾ ഉറങ്ങിപ്പോയി. ഇടക്കിടെ ഉണർന്നപ്പോഴെല്ലാം ഞങ്ങളുടെ സുരക്ഷയെക്കരുതി സാറന്മാർ ഉണർന്നിരുന്ന്, (ഡ്രൈവർ ഉറങ്ങാതിരിക്കാനായി), ഡ്രൈവറുമായി സംസാരിച്ചിരിക്കുന്നത് കാണാനായി.നേരം വെളുത്ത് 6 മണിയോടെ ഞങ്ങൾ കൊടൈക്കനാലിൽ 'ഡാനീസ് ഇൻ' എന്ന താമസസ്ഥലത്ത് എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ മഴപോലെ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. അവിടെ താമസവും ഭക്ഷണവും എല്ലാം നേരത്തേതന്നെ ഏർപ്പാടാക്കിയിരുന്നു. റൂമിലെത്തിയപ്പോൾ ഞങ്ങൾക്ക് നല്ല ചുടുളള കാപ്പി തന്നു. അവിടെ ഭയങ്കര തണുപ്പായിരുന്നു. കുളിക്കാനും പല്ലുതേക്കാനും ചൂടുവെള്ളം ലഭ്യമായിരുന്നു. പ്രഭാതകൃത്യങ്ങൾക്കുശഷം ഞങ്ങൾ ഡ്രസ്സുമാറി ഭക്ഷണത്തിനായി ഹോട്ടലിലേക്ക് പുറപ്പെട്ടു. നല്ല ചൂടുള്ള ഇഡ്ഡലിയും സമ്പാറും ചട്ണിയും കൂടെ വടയും. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാവരും മൂക്കുമുട്ടെ കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ 'ഗുണാകേവ് ' കാണാൻ പോയി. കുറച്ച് കാത്തുനിൽക്കേണ്ടി വന്നു, അവിടേക്ക് കടക്കുവാൻ. കമലാഹാസന്റെ ഗുണാ എന്ന സിനിമ പിടിച്ച സ്ഥലമാണത്. പാറകളുടെയിടയിൽ വലിയ വിടവുകൾ! ഒരു ഭാഗം വലിയ ഗർത്തം! അപകടങ്ങളുണ്ടാവാറുള്ളതുകൊണ്ട് വിള്ളലുകൾ ബലമുള്ള കമ്പി വലകൊണ്ട് അടച്ചിരിക്കുന്നു. വലിയ ഉയരത്തിൽ കമ്പി വേലിയും ഉണ്ടാക്കിയിരിക്കുന്നു....അദ്ധ്യാപകർ ഞങ്ങൾക്ക് എല്ലാം പറഞ്ഞ് തന്നു. അവിടെ നിന്നും ഞങ്ങൾ 'പില്ലർ റോക്ക്സ് കാണാൻ പോയി. വളരെ മനോഹരമായ കാഴ്ചയായിരുന്നു അത്! നല്ല കോടമഞ്ഞുണ്ടായിരുന്നതുകൊണ്ട് ഇടക്കൊക്കെ മാത്രമേ റോക്ക് കാണാൻ പറ്റിയുള്ളു. അവിടെ നിന്നും പുറത്ത് വന്ന ഞങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കുറച്ച് സമയം കിട്ടി. പലരും കൊടൈക്കനാലിലെ സ്പെഷ്യൽ ഐറ്റമായ 'ഹോം മെയ്ഡ് ചോക്കലേറ്റ്' വാങ്ങി. ഇതിനിടെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും കുരങ്ങ് ചോക്കലേറ്റ് പിടിച്ചുപറിച്ചുകൊണ്ട് പോയത് കൗതുകകരമായി. ഒരു ചേട്ടന്റെ കയ്യിൽ കുരങ്ങ് മാന്തകയും ചെയ്തു. തുടർന്ന് ഞങ്ങൾ 'സൂയിസയിഡ് പോയിന്റ് 'കാണാൻ പോയി. കനത്ത കോടമഞ്ഞ് അവിടെയും പാരയായി. താഴേക്ക് നോക്കിയപ്പോൾ വെറും മഞ്ഞ് മാത്രം. അവിയെയും സാധനങ്ങൾ വാങ്ങാൻ കുറച്ചുസമയം കിട്ടിയത് എല്ലാവരും ഉപയോഗപ്പെടുത്തി. അതുകഴിഞ്ഞ് ഞങ്ങൾ പോയത് 'കോക്കേഴ്സ് വാക്ക് 'കാണാനാണ്. അതൊരു നീണ്ട നടപ്പാതയാണ്. തുടക്കത്തിൽ ഒരു വ്യൂ ടവർ. അവിടെ ഒരു വലിയ ടെലസ്ക്കോപ്പ്. അതിലൂടെ നോക്കിയാൽ വളരെ ദൂരെയുള്ള കാഴ്ചകൾ തൊട്ടു മുന്നിൽ കാണാം. കോക്കേഴ്സ് വാക്കിന്റെ ഒരു വശം അഗാധമായ താഴ്വരയാണ് . അവിടെയും കോടമഞ്ഞുണ്ടായിരുന്നു. ഇടക്ക് മഞ്ഞ് നീങ്ങിയപ്പോൾ കണ്ട പ്രകൃതി ദൃശ്യങ്ങൾ മനം കവരുന്നതായിരുന്നു. മരം കോച്ചുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് ഞങ്ങൾ താഴേക്ക് നടന്ന് നീങ്ങി. പിന്നെ ഞങ്ങൾ ഉച്ചഭക്ഷണത്തിനായി ഡാനീസ് റെസ്റ്റോറന്റിലേക്ക് തിരിച്ചു. ഭക്ഷണത്തിനുശേഷം ഞങ്ങൾ തടാകം കാണാൻ പോയി. തടാകത്തിനു ചുറ്റും കറങ്ങാൻ ഒരുപാടു ദൂരമുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം സമയം മനോഹരമയ കൊടൈക്കനാൽ തടാകത്തിനു ചുറ്റും കാഴ്ചകൾ കണ്ട് നടന്നു. തടാകത്തിൽ കുറേ ബോട്ടുകൾ ഉണ്ടായിരുന്നു. കുറേക്കുട്ടികൾ പാവകളും കളിപ്പാട്ടങ്ങളും മറ്റും വാങ്ങി. ഞാനും ഒരു പാവയെ വാങ്ങി. അഞ്ചുമണിയോടെ ഞങ്ങൾ തടാകക്കരയിൽ നിന്നും തിരികെപ്പോന്നു. താമസസ്ഥലത്തെത്തുമ്പോഴേക്കും ശക്തിയായ തണുപ്പ് വ്യാപിച്ചിരുന്നു. ചൂടുവെള്ളത്തിൽ കുളിച്ചു് ഡ്രസ് മാറി വന്നപ്പോഴക്കും നല്ല ചൂടുള്ള ചപ്പാത്തിയും കോഴികറിയും റെഡിയായിരുന്നു. അതും കഴിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങി. കട്ടിയുള്ള കമ്പിളിപ്പുതപ്പിനെ തുളച്ചുകൊണ്ട് ശരീരത്തിൽ സൂചിമുനകൾ പോലെ കുത്തുകയായിരുന്നു, തണുപ്പ്. ഒരുവിധം നേരം വെളുപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. രാവിലെ 7 മണിയോടെ ഞങ്ങൾ 'ഡാനീസ് ഇന്നി'നോട് വിട പറഞ്ഞു. റെസ്റ്റോറന്റിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ മധുരയിലേക്ക് തിരിച്ചു. ചെങ്കുത്തായ വഴിയിലൂടെ കൊടൈക്കനാൽ ചുരമിറങ്ങിയപ്പോൾ എല്ലാവരുടെ മനസ്സിലും ഭയം നിറഞ്ഞിരുന്നു. പക്ഷെ ചുരത്തിന്റെ ഒരുവശത്തെ അഗാധമായ താഴ്വരയുടെ വന്യ ഭംഗി ഒരിക്കലും മറക്കാൻ കഴിയില്ല. ബസിനുള്ളിൽ പാട്ടിനൊത്ത് ഡാൻസുചെയ്ത് ഉല്ലസിച്ച് യാത്രചെയ്ത ഞങ്ങൾ പന്ത്രണ്ട് മണിയോടെ മധുരയിലെത്തി. അമ്പലത്തിന്റെ സമീപത്തെങ്ങും പാർക്കിങ്ങ് സൗകര്യമില്ലാതിരുന്നതുകൊണ്ട് ബസ് രണ്ട് കിലോമീറ്ററോളം മാറ്റിയാണ് പാർക്ക് ചെയ്തത്. അതുകൊണ്ട് അമ്പലത്തിലേക്ക് പൊരിവെയിലത്ത് രണ്ട് കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്നു. നാലു വശങ്ങളും ഗോപുരങ്ങളുണ്ട് മധുര ക്ഷേത്രത്തിന്. കനത്ത പോലീസ് സെക്ക്യൂരിറ്റിയാണ് അവിടെ. അമ്പലത്തിനകത്ത് നല്ല തിരക്കും ഇരുട്ടും. ശില്പഭംഗിക്ക് പ്രസിദ്ധമാണ് മധുര ക്ഷേത്രം. അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി. ഒരു മണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച് ഞങ്ങൾ പുറത്തിറങ്ങി, ഭക്ഷണവും കഴിച്ച് രണ്ട് മണിയോടെ കന്യാകുമരിയിലേക്ക് തിരിച്ചു. നീണ്ട് നിവർന്നുകിടക്കുന്ന പാടശേഖരങ്ങൾക്കിടയിലൂടെയുള്ള ഹൈവേയിലൂടെയുള്ള യാത്ര രസകരമായിരുന്നു. സിനിമയും കണ്ടുകൊണ്ടായിരുന്നു യാത്ര. ഇടക്ക്, നാലുമണിയോടെ വഴിയരികിലുള്ള ഒരു ഹോട്ടലിൽ നിന്ന് ചായയും കടിയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു. കന്യാകുമാരിയിലെത്താറായപ്പോൾ ഇരുവശങ്ങളിലും നൂറുകണക്കിന് കാറ്റാടിയന്ത്രങ്ങൾ നിറഞ്ഞ കാറ്റാടിപ്പാടങ്ങൾ കാണാൻ കഴിഞ്ഞു. തമിഴ് നാടിന്റെ തെക്കൻ ഭാഗങ്ങളിൽ കാറ്റാടികളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് അധികവും ഉപയോഗിക്കുന്നതെന്ന് സാറന്മാർ പറഞ്ഞുതന്നു. രാത്രി എട്ടുമണിയോടെ ഞങ്ങൾ 'സ്റ്റെല്ലാ മേരീസ്' കോൺവെന്റിലെത്തി. അവിടെയായിരുന്നു താമസവും ഭക്ഷണവും ബുക്കുചെയ്തിരുന്നത്. കുളിച്ച് ഭക്ഷണം കഴിച്ച് ഞങ്ങൾ കിടന്നുറങ്ങി. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ബെഡ്ഡായിരുന്നു. ഏതോ വലിയ കോൺവെന്റ് സ്കൂളിൽ നിന്നും എത്തിയ മറ്റൊരു ബാച്ച് കുട്ടികളും അവിടെയുണ്ടായിരുന്നു. അവർ തറയിൽ വിരിച്ച് കിടക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങളുടെ അദ്ധ്യാപകർ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലായത്. നാലുമണി ആയപ്പോഴേക്കും അദ്ധ്യാപകർ ഞങ്ങളെ വിളിച്ചുണർത്തി.പെട്ടെന്ന് തയ്യാറായിവന്ന ഞങ്ങൾ അഞ്ചുമണിയായപ്പോഴേക്കും സൂര്യോദയം കാണാൻ പുറപ്പെട്ടു. പോകുന്ന വഴിയിൽ ചായകുടിച്ചു. കടപ്പുറത്തെത്തുമ്പോഴേക്കും നല്ല തിരക്കായിരുന്നു. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്ന് ഞങ്ങളും സൂര്യോദയത്തിനായി കാത്തിരുന്നു. സുനാമിത്തിരകൾ വീശിയടിച്ച് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത സ്ഥലമായിരുന്നു അത് എന്ന് അദ്ധ്യാപകർ ഞങ്ങൾക്ക് പറഞ്ഞുതന്നു. വഴി വാണിഭക്കാരുടെ തിരക്കായിരുന്നു അവിടെ. പത്തുരൂപയുടെ സാധനം അമ്പതുരൂപയ്ക്ക് വാങ്ങി കബിളിപ്പിക്കപ്പെട്ട കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ഏറെയുണ്ടായിരുന്നു. കുറെ കാത്തിരുന്ന്, ആറേകാലായപ്പോഴേക്കും സൂര്യൻ മേഘങ്ങൾക്കിടയിലൂടെ മുഖം കാണിച്ചു. ചക്രവാളത്തിൽ കുറച്ച് മുകളിലായിട്ടായിരുന്നു സ്ഥാനമെങ്കിലും സൂര്യനെ മുഴുവനായും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഉദിച്ചുയരുന്ന സൂര്യപ്രകാശത്തിൽ തെളിഞ്ഞുനിന്ന വിവേകാനന്ദപ്പാറയും അതിനടുത്തായി തലയുയർത്തി നിന്ന തിരുവള്ളുവരുടെ പ്രതിമയും അതിമനോഹരമായ കാഴ്ചയായിരുന്നു. കടൽത്തീരത്തുനിന്നും കയറിവന്ന ഞങ്ങൾ വിവേകാനന്ദപ്പാറയിൽ പോകാൻ ബോട്ടിന്റെ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്നു. അയ്യപ്പന്മാരുടെ നല്ല തിരക്കായിരുന്നു അവിടെയൊക്കെ. രണ്ട് മണിക്കൂർ സമയത്തോളം ക്യൂ നിൽക്കേണ്ടി വന്നു കൗണ്ടർ തുറക്കാൻ. ഇതിനിടെ നിരവധി കച്ചവടക്കാർ പലപല സാധനങ്ങളുമായി ഞങ്ങളെ സമീപിച്ചു. കുട്ടികൾ പലതും വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. നീണ്ട ക്യൂവിലൂടെ നടന്ന് ഞങ്ങൾ ബോട്ടിന് സമീപത്തെത്തി. എല്ലാവർക്കും ധരിക്കാനായി ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നു. ഇളകിയാടുന്ന ബോട്ടിൽ പേടിയോടെ ഞങ്ങൾ ഇരുന്നു. വിവേകാനന്ദപ്പാറയിലിറങ്ങി ഞങ്ങൾ മുകളിലേക്ക് കയറി. എല്ലായിടവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. വിവേകാനന്ദ സ്മാരകവും സ്മൃതിമണ്ഡപവും ധ്യാനകേന്ദ്രവും ഞങ്ങൾ കയറിക്കണ്ടു. ഒരുമണിക്കൂറിലധികം സമയം അവിടെ ചെലവഴിച്ച് ഞങ്ങൾ തിരിച്ച് ബോട്ട് കയറി. തുടർന്ന് ഞങ്ങൾ ഗാന്ധി സ്മാരകം കാണാൻ പോയി. ഗാന്ധിജിയുടെ ഭൗതിക ശരീരം വെച്ച സ്ഥാനം ഒരു തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. അതിനു മുകളിൽ രണ്ട് നിലകളിലായി ഉള്ള രണ്ട് ദ്വാരങ്ങളിലൂടെ കടന്നുവരുന്ന പ്രകാശം ഒക്ടോബർ 2-ന് ,11.30 ആകുമ്പോൾ ആ പീഢത്തിനു മുകളിൽ കൃത്യമായി വീഴുമെന്ന് അവിടുത്തെ ഗൈഡ് ഞങ്ങൾക്ക് പറഞ്ഞുതന്നു. ഗാന്ധിജിയുടെ സമര ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ പലതിന്റെയും വലിയ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധി സ്മൃതിമണ്ഡപത്തിന്റെ തൊട്ടടുത്താണ് 'ത്രിവേണി സംഗമം'. അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ എന്നീ മൂന്ന് കടലുകൾ സമ്മേളിക്കുന്ന സ്ഥാനമാണ് ത്രിവേണീസംഗമം. അവിടെയെല്ലാം അയ്യപ്പന്മാരുടെ ഭയങ്കര തിരക്കായിരുന്നു. അവിടെ നിന്നും ഞങ്ങൾ താമസസ്ഥലത്തേക്ക് നടന്നു. പൊരിവെയിലത്തുള്ള ആ യാത്ര ആരും മറക്കില്ല. 10 മണിയോടെ റൂമിലെത്തിയപ്പോഴേക്കും എല്ലാവരും തളർന്നിരുന്നു. ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങൾ പത്മനാഭപുരം കൊട്ടാരത്തിലെത്തി. പഴയ തിരുവിതാംകൂർ രാജാവിന്റെ ആസ്ഥാനമായിരുന്നു അത്. രാജഭരണത്തിന്റെ ഓർമ്മകളുണർത്തുന്ന ഒരുപാട് കാഴ്ചകളുണ്ടായിരുന്നു അവിടെ. 'മണിച്ചിത്രത്താഴ് ' എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അവിടുന്നാണ് ചിത്രീകരിച്ചതത്രെ. അവിടെ നിന്നും യാത്ര തുടർന്ന ഞങ്ങൾ ഇടക്ക് വഴിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. മൂന്ന് മണിയോടെ ഞങ്ങൾ തിരുവനന്തപുരത്തെത്തി. നേരെ ഞങ്ങൾ മൃഗശാലയിലേക്കാണ് പോയത്. പലതരത്തിലുള്ള പക്ഷികളേയും മൃഗങ്ങളെയും പാമ്പുകളെയും അവിടെ കാണാൻ കഴിഞ്ഞു. സമയക്കുറവുകൊണ്ട് തിരക്കിട്ടായിരുന്നു മൃഗശാലയിലെ കാഴ്ചകൾ കണ്ടുതീർത്തത്. അവിടെ നിന്നും കോവളം ബീച്ചിലേക്കാണ് ഞങ്ങൾ പോയത് . അവിടെ എത്തുമ്പോഴേക്കും സൂര്യനസ്ഥമിക്കാറായിരുന്നു. ആൺകുട്ടികൾ കുറെപ്പേർ കടലിലിറങ്ങി. അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു അത്. അസ്തമയ സൂര്യന്റെ മങ്ങിയ പ്രകാശത്തിൽ കോവളം ഒരു സുന്ദരിയേപ്പോലെ തിളങ്ങി നിന്നു. മങ്ങിയ പ്രകാശത്തിൽ ഞങ്ങൾ ബീച്ച് മുഴുവനും ചുറ്റിക്കണ്ടു. ബീച്ചിൽ നിന്നും കയറിയ ഞങ്ങൾ കടകളിൽ കയറി കോവളത്തിന്റെ തനതായ കൗതുക വസ്തുക്കൾ വാങ്ങി. ഒമ്പതുമണിയായപ്പോൾ ഞങ്ങൾ കോവളത്തുനിന്നും തിരിച്ചു. ഇടക്ക് വലിയൊരു സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു വിഭവങ്ങൾ. തിരിച്ച് വണ്ടിയിൽ കയറിയ ഞങ്ങൾ സിനിമയും കണ്ട് യാത്ര തുടർന്നു. രാവിലെ നാലു മണിയോടെ ഞങ്ങൾ ഇരുമ്പനം സ്ക്കൂളിന്റെ മുന്നിൽ ബസിറങ്ങി. ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപാട് അനുഭവങ്ങൾ നൽകി 2010-11 വർഷത്തെ അധ്യയനയാത്ര അങ്ങനെ സമംഗളം പര്യവസാനിച്ചു.......................തയ്യാറാക്കിയത് ---- അബിത തോമസ് ,6 സി.
പ്രമാണം:വിവേകാനന്ദപ്പാറയിൽ.jpg
പ്രമാണം:ഗാന്ധിസ്മൃതിമണ്ഡപത്തിൽ.jpg
പ്രമാണം:പത്മനാഭപുരംകൊട്ടാരത്തിനുമുന്നിൽ.jpg
എന്റെ ഉത്തരപ്രദേശ് യാത്ര
ഖൊ-ഖൊ യുടെ നാഷണൽ ടീമിലേക്ക് ഞാനും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!!! ഈവിവരം അറിയുമ്പോൾ ഞാൻ തിരുവനന്തപരത്തായിരുന്നു. ഖൊ-ഖൊ കളിയിൽ ‘നാഷണൽ’ ഒക്കെ കളിക്കുക എന്നത് ഒരപൂർവ്വ ഭാഗ്യം തന്നെയാണ്. ഈ കാര്യം അറിഞ്ഞനിമിഷം ഞാൻ ആഗ്രഹിച്ചത്, പ്രകൃതി രമണീയമായ സ്ഥലങ്ങൾ കാണാൻ കഴിയണേ എന്നായിരുന്നു. എന്തായാലും നമ്മുടെ ടീം ഒന്നാം സ്ഥാനമൊന്നും കരസ്ഥമാക്കാൻ പോകുന്നില്ല. പിന്നെയുള്ളത് സ്ഥലങ്ങൾ കാണുക എന്നതാണ്. ‘അല്ലാഹു’ എന്റെ പ്രാർത്ഥന കേട്ടെന്നുതന്നെപറയാം. കളി നടക്കുന്നത് ഉത്തർ പ്രദേശിലായിരുന്നു. നിസാമുദ്ദീൻ എക്സ്പ്രസ്സ് എന്ന ട്രെയിനിലാണ് ഞങ്ങൾ പോകുന്നത്. ഉദ്ദേശം ഒരു രണ്ട് മണിയ്ക്കായിരിക്കും തീവണ്ടി എത്തുകയെന്ന് ഞങ്ങളുടെ കോച്ച് ശ്രീജിത്ത് സർ പറഞ്ഞു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങൾ എല്ലാവരും പ്രഭാത കൃത്യങ്ങൾക്കു ശേഷം റെഡിയായി നിന്നു. പ്രിൻസ്, സജിത്ത്, ശ്രീജിത്ത്, ഉദയൻ, ആദർശ്, മുഹമ്മദ് ഷാ, രണ്ട് അജിത്തുമാരും, മഹേഷ്, ഷിയാസ്, സിബിൻ, പിന്നെ ഞാൻ (നൈഫ്-ജെ) ഇങ്ങനെ പന്ത്രണ്ടുപേരടങ്ങുന്ന ഒരു ടീമായിരുന്നു ഞങ്ങളുടേത്. മഹേഷ് ഒരു നല്ല തമാശക്കാരനാണ്. അവന്റെ അടുത്തിരുന്നാൽ സമയം പോകുന്നതറിയില്ല. അദ്ധ്യാപകർ മൂന്ന് പേരുണ്ട്. ശ്രീജിത്ത് സർ, പിള്ള സർ, പിന്നെ മൂന്നാമത്തെ സാറിനെ എനിയ്ക്കു് പരിചയമില്ല. ഉച്ചക്ക് 2.15-ഓടെ ഞങ്ങൾ ‘നിസാമുദീൻ’ എക്സ്പ്രസ്സിൽ കയറി. വണ്ടി നീങ്ങി. കുറച്ച് സമയം യാത്ര ചെയ്തപ്പോൾ ഞങ്ങൾ ‘കേരളത്തിലെ ശുചിത്വ സുരക്ഷക്ക് മാതൃക’യായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെത്തി -ആറ്റിങ്ങലിൽ. അവിടുത്തെ റെയിൽവെ സ്റ്റേഷൻ കണ്ടപ്പോൾ ഈ തെരഞ്ഞെടുപ്പിലെ വിരോധാഭാസം ഞങ്ങൾ മനസ്സിലാക്കി. ആദ്യമൊക്കെ വളരെ സന്തോഷത്തോടെയായിരുന്നു യാത്ര. കുറെക്കഴിഞ്ഞപ്പോൾ ബോറടിക്കാൻ തുടങ്ങി. സൈഡിലെ സീറ്റിലായിരുന്നതിനാൽ കാഴ്ചകൾക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. അതു കണ്ട് കണ്ട് ഞാൻ എന്റെ ബോറടി മാറ്റി. പാലക്കാടെത്തിയപ്പോഴായിരുന്നു ഞാൻ കേരളത്തിന്റെ പ്രകൃതിമനോഹാരിത ശരിക്കും മനസ്സിലാക്കിയത്. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന നെൽവയലുകൾ…. അതിന്റെ പിറകിലായി വൻ മലനിരകളും പാറകളും…. ‘ദൈവത്തിന്റെ സ്വന്തം നാടി’ന്റ ഭംഗി എന്റെ കണ്ണിനും കാതിനും കുളിർമ നൽകി. ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങൾ തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഒരു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾത്തന്നെ അവിടുത്തെ ചൂടിന്റെ കാഠിന്യം അറിയാൻ കഴിഞ്ഞു. പക്ഷെ അവിടുത്തെ കൃഷിക്കാരെ സമ്മതിക്കണം. ഒരു കൃഷിസ്ഥലത്തുതന്നെ എല്ലാ കൃഷിരീതികളും അവർ പരീക്ഷിക്കുന്നു. എത്ര തരം വിളകളാണ് ഒരേ സ്ഥലത്തുതന്നെ കൃഷി ചെയ്യുന്നത്! നെല്ല്, പച്ചമുളക്, പാവൽ, പടവലം, മത്തൻ, ഇഞ്ചി, വഴുതന, തക്കാളി, ചീര….. പച്ചക്കറിക്കൃഷിയുടെ കാര്യത്തിൽ നമ്മൾ തമിഴരെക്കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. യാത്ര തുടർന്ന ഞങ്ങൾ കർണ്ണാടകത്തിലെത്തിയപ്പോൾ എന്റെ കൂടെയുള്ള സിബിൻ വളരെ വിചിത്രമായ ഒരു കാഴ്ച കാണിച്ചുതന്നു. കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ കുറെ കബറിടങ്ങൾ !! ഞാൻ ഉടൻ തന്നെ അടുത്തുണ്ടായിരുന്ന ഒരു പട്ടാളക്കാരനോട് വിവരം തിരക്കി. (ഒരു തമിഴനായിരുന്നു ആൾ, അദ്ദേഹവുമായി ഞങ്ങൾ വേഗം ചങ്ങാത്തം കൂടി). “ഇത് ഇവിടുത്തെ ഒരാചാരമാണ്. കാർഷീക കുടുംബത്തിൽ ജനിച്ച് ജീവിതകാലം മുഴുവൻ കൃഷിയിടത്തിൽ ജോലി ചെയ്തവർ മരിക്കുമ്പോൾ ഇവിടെ അടക്കം ചെയ്യും.” അയാൾ പറഞ്ഞു. വളരെ വിചിത്രമായിത്തോന്നി ആ ആചാരം. കാഴ്ചകൾ കണ്ടിരുന്ന് കുറെ സമയം കടന്നുപോയി. അപ്പോഴാണ് മലയാള പുസ്തകങ്ങൾ വിൽക്കാനായി ഒരാൾ എത്തിയത്. എനിക്ക് വളരെ ആശ്വാസമായി, വേനലിൽ ഒരു മഴ പോലെ. ഞാൻ മൂന്ന് പുസ്തകങ്ങൾ വാങ്ങി. അങ്ങനെ വായിച്ചും, ഉണ്ടും ഉറങ്ങിയും കാഴ്ചകൾ കണ്ടും ബുധനാഴ്ച്ച വൈകുന്നേരം 6.30-ഓടെ ഞങ്ങൾ ഡെൽഹി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്ത് ‘ഗാസിയാബാദ് ‘എന്ന സ്ഥലത്ത് എത്തണം. അവിടെയാണ് കളികൾ നടക്കുന്നത്. ബസിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് ഒരു അനുഭവമുണ്ടായി. എന്റെ പേഴ്സ് ഒരാൾ പോക്കറ്റടിച്ചു. കള്ളനെ കൈയോടെ പിടിച്ചു. ഒരു പിച്ചക്കാരനായിരുന്നു. പേഴ്സ് തിരിച്ചുകിട്ടി. താമസവും ഭക്ഷണവും അവിടെത്തന്നെയായിരുന്നു. നമ്മൾ മലയാളികൾക്ക് പിടിക്കുന്ന ഭക്ഷണമായിരുന്നില്ല. ഓരോരുത്തർക്കും മെത്ത വിരിച്ച ഓരോ കട്ടിൽ. ക്ഷീണം കൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം 7-30-ന് ഞങ്ങൾ ഭോജനശാലയിലെത്തി. റൊട്ടിയും എന്തോ ഒരുതരം കറിയും. അതുകഴിച്ച് ഞങ്ങൾ കളിക്കളത്തിലെത്തി. ആദ്യമൽസരം ഒറീസ്സയുമായിട്ടായിരുന്നു. ഞങ്ങൾ ആ കളി ഇന്നിങ്സിന് ജയം നേടി. അടുത്ത കളി വൈകുന്നേരമായിരുന്നു. അതു വരെ ഞങ്ങൾക്ക് വിശ്രമം. ഉച്ചഭക്ഷണത്തിന് റൊട്ടിയും കറിയും കുറച്ചു പച്ചരിച്ചോറും. മൂന്നാം നിലയിലാണ് ഞങ്ങളുടെ താമസം. മുറിയിലെത്തിയ ഞങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കി. നോക്കെത്താദൂരത്തോളം ഗോതമ്പ് കൃഷി കാണാം. ചിലയിടത്ത് ബാർളി. മയിലും കഴുതയും, പോത്തുകളും പന്നികളുമെല്ലാം മേഞ്ഞുനടക്കുന്നു. വൈകുന്നേരം ഗുജറാത്തുമായിട്ടായിരുന്നു കളി. കളി ജയിച്ചശേഷം ചായ കുടിക്കാൻ കാന്റീനിലേക്ക് പോയി. ചായ കുടിക്കുന്നതിനിടയിൽ കടക്കാരനെ പരിചയപ്പെട്ടു. ആന്ധ്രക്കാരനാണ്, പേര് മണി. ഭാഷ അറിയാത്തതിനാൽ അയാളുമായി സംസാരിയ്ക്കാൻ കുറച്ചു ബുദ്ധിമുട്ടി. പിറ്റേദിവസത്തെ 3കളികളിൽ അവസാനത്തേതിന് ഞങ്ങൾക്ക് പശ്ചിമ ബംഗാളിനോട് തോൽക്കേണ്ടിവന്നു. അതോടെ കേരളാ ടീം ആറാം സ്ഥാനത്തായി. അന്ന് വൈകുന്നേരം അവിടെ ഒരു കൊടുങ്കാറ്റ് വീശി. ഞങ്ങൾ കളി കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുമ്പോഴായിരുന്നു അത്. അവിടെയുണ്ടായിരുന്ന വലിയ ഫ്ലക്സ് ബോർഡുകളൊക്കെ മറിഞ്ഞുവീണു. ഞങ്ങളുടെ കണ്ണിലൊക്കെ മണ്ണ് അടിച്ചുകയറി. മരങ്ങളൊക്കെ ആടിയുലഞ്ഞു. ഞങ്ങളൊക്കെ ഭയന്നുപോയി. ഞങ്ങൾക്കെല്ലാവർക്കും അതൊരു പുതിയ ഒരനുഭവമായിരുന്നു. മനസ്സിലെന്നും കത്തിനിൽക്കുന്ന ഒരുപാട് ഓർമ്മകളുമായിട്ടാണ് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചത്. നാഷണലിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞുപോയ പത്ത് ദിവസങ്ങൾ സമ്മാനിച്ച വ്യത്യസ്തങ്ങളായ അനുഭവങ്ങൾ, പരിചയപ്പെട്ട നിരവധി വ്യക്തികൾ, കാണാൻ കഴിഞ്ഞ ഒത്തിരി സ്ഥലങ്ങൾ ……ഇതെല്ലാം കൊണ്ട് നിറഞ്ഞ മനസ്സുമായാണ് ഞങ്ങൾ നാട്ടിലേക്ക് വണ്ടി കയറിയത്.
തയാറാക്കിയത്- നൈഫ് ജെ.
സ്റ്റാന്റേർഡ് – X. D.
സ്വപ്നം.....വെറുമൊരു സ്വപ്നം.......
(കഥ) അഭിനവ് തോമസ്
എന്റെ പേര് അഭിനവ്. ഞാൻ ഇപ്പോൾ ഒളിംപിക്സിലെ 100 മീറ്റർ റൈഫിൾ ഷൂട്ടിംഗ് മത്സരത്തിലാണ്. കാണികൾ ആർത്തിരമ്പുകയാണ്. പ്രത്യേകിച്ച് മലയാളികൾ. എന്നിലാണ് അവരുടെ പ്രതീക്ഷ. തോറ്റ് പോയാൽ നാണക്കേടാണ്. എനിക്ക് അങ്ങനെ ഒരു ഭയം. എന്റെ ഉന്നം ദൂരയുള്ള ടാർഗറ്റിന്റെ മധ്യ ബിന്ദുവിലാണ്. എന്റെ നെഞ്ച് പിടയ്ക്കുമ്പോഴും കാണികളുടെ ആർത്തിരമ്പൽ വർദ്ധിച്ചുവന്നു. എന്റെ കൈവിരൽ കാഞ്ചിയിൽ സ്പർശിച്ചു. ഒരു വലി. ഠേ…….വെടി കൊണ്ടോ? ഒരു നിമിഷത്തേക്ക് എല്ലാ ശബ്ദങ്ങളും നിലച്ചു. നിമിഷങ്ങൾക്കകം ആർത്തിരമ്പൽ തിരിച്ചുവന്നു. അപ്പോൾ ഒരു അനൗൺസ് മെന്റ് ഉണ്ടായി. അഭിനവ് ഗോൾഡ് മെഡൽ നേടിയെന്ന്. എല്ലാവരും പൂക്കൾ എറിഞ്ഞു. എന്റെ കോച്ച് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അപ്പോൾ വളരെ വലിയ ശബ്ദത്തോടെ ഒരു ബെൽ മുഴങ്ങി. ഞാൻ ഞെട്ടി ഉണർന്നു. ഞാനിതാ എന്റെ കട്ടിലിൽ കിടക്കുന്നു. മുഴങ്ങിക്കേട്ട ബെല്ല് എന്റെ അലാറം ക്ലോക്കിന്റെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ അഭിനവ് ബിന്ദ്രയല്ല. അഭിനവ് തോമസാണ് എന്ന്. എല്ലാം ഒരു സ്വപ്നമായിരുന്നു……………
നാടൻ പാട്ട്
(ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച ….എന്നിങ്ങനെ വടക്കൻ പാട്ടു രീതിയിൽ ചൊല്ലണം)
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാൻ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോൽ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
ആലങ്ങാട്ടാലിന്മേൽ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലൻ പറന്നുവന്ന്
മീശമേലാനയെ കെട്ടിയിട്ടു
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കളിയാട്ടം കാണാൻ പോയി.
സിദ്ധാർത്ഥ്.എസ്.രാജ
എട്ടാം ക്ലാസ് ബി ഡിവിഷൻ
നിലക്കുന്ന ഓർമ്മ
ചെറുതണുപ്പിൻ പുതപ്പിനുള്ളിൽ
ചെറുകാറ്റിൻ ഈണം
പുതുമഞ്ഞുപോലെ പറന്നുവന്ന്
നിന്റെ കവിളത്ത് തലോടി
നിന്റെ കാലൊച്ചയ്ക്കൊപ്പം
എന്റെ സ്പർശവും…
.
ഇതളറ്റുവീഴുന്ന ഒരു പനിനീർപ്പൂവിന്റെ
ഇതളായിമാറുവാൻ
കൊതിക്കുന്നു ഞാൻ….
സൂര്യ .ആർ. (ഒമ്പതാം ക്ലാസ് ബി ഡിവിഷൻ)
പൗരാണികതയുടെ കലവറ
പഴയ രാജകാലഘട്ടത്തിന്റെ അവശിഷ്ടമായി അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ രാജകീരിടമണിഞ്ഞു നില്ക്കുന്ന ‘ഹിൽപ്പാലസ് മ്യൂസിയം’. പഴയ രാജാക്കൻമാരുടെ സുവർണ്ണകാലം വിളിച്ചോതി കൊണ്ട് നില്ക്കുന്ന പൗരാണികതയുടെ കലവറയാണിത്. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പഴയകാലത്തെ വസ്തുക്കൾ ഇവിടെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. പുതുമയുടെ നാമ്പ് തേടുന്ന ആളുകൾക്ക് പഴയ കാലഘട്ടത്തെ കുറിച്ചറിയുവാൻ ഇത് സഹായിക്കുന്നു. അതു പോലെ ചരിത്ര വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമാണിത്. ഇപ്പോൾ മ്യൂസിയത്തോടൊപ്പം കുട്ടികൾക്കുള്ള ഒരു പാർക്കും തുടങ്ങിയിട്ടുണ്ട്. വിശ്രമിക്കാൻ സമയമില്ലാത്ത ഇന്നത്തെ ആളുകൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദവും ഈ മ്യൂസിയം നല്കുന്നു. അതു പോലെ വിദേശികളെയും ഇത് ആകർഷിക്കുന്നു. ജോലി ഉള്ളവരുടെ സൗകര്യത്തിന് തിങ്കളാഴ്ചയാണ് അവധി. ഏകദേശം 58 ഏക്കർ വരുന്ന മ്യൂസിയത്തിൽ പഴയ തേവാരപ്പുരയും കുളിക്കടവും വൃക്ഷങ്ങളും എല്ലാം അതിന്റെ തനിമയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഈപൗരാണികതയുടെ കലവറ ഒരു പ്രാവശ്യമെങ്കിലും കാണാത്തവർക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്
'പരീക്ഷയെ എങ്ങെനെ നേരിടണം?
(ലേഖനം)
പരീക്ഷ എന്നുകേൾക്കുമ്പോൾ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്?കൈകൾ വിറയ്ക്കുന്നു.കണ്ണിൽ ഇരുട്ടു വ്യാപിക്കുന്നു,തുടങ്ങിയവയാണ് മിക്ക കുട്ടികളും പറഞ്ഞുവരുന്ന സങ്കടങ്ങൾ.
പരീക്ഷയെ നേരിടുവാൻ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.എനിക്ക് നന്നായി പരീക്ഷ എഴുതുവാൻ കഴിയും എന്ന്,ഓരോ കുട്ടിയുടെയും മനസ്സിൽ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം.അത് ഓരോരുത്തരും സ്വയം നേടേണ്ട കാര്യമാണ്.
ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷയെന്നു കേൾക്കുമ്പോൾ ഭയപ്പെടേണ്ട കാര്യമില്ല.പല കുട്ടികളും തങ്ങൾക്ക് പഠിക്കാൻ കഴിവില്ല എന്ന നിഗമനത്തിലെത്തുന്നു.എല്ലാവർക്കും ഈശ്വരൻ ഒരുപോലെ മനസ്സിനും ബുദ്ധിക്കുമെല്ലാം അസാധാരണമായ കഴിവുകൾ നല്കിയിട്ടുണ്ട്.എന്നാൽ ഓരോരുത്തരും അവ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെന്നു മാത്രം.
എന്നാൽ കൂട്ടുകാരേ,ഞാൻ ഒന്നു പറയട്ടെ,ചിട്ടയായി പഠിച്ച് പരീക്ഷ എഴുതിയാൽ നല്ല വിജയം തീർച്ചയാണ്.ആത്മവിശ്വാസത്തൊടൊപ്പം തന്നെ ഈശ്വരചിന്തയും വളരെ ആവശ്യമാണ്.
ഇതുവരെയും ചിട്ടയായി പഠിക്കാൻ കഴിയാത്ത എന്റെ സഹപാഠികളോട് എനിക്കു പറയുവാനുള്ളത് ഇന്നു മുതൽ ഈ രീതിയിൽ പഠിക്കുവാൻ ആരംഭിക്കുകയാണെങ്കിൽ ഒരു നല്ല വിജയം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. നിങ്ങൾ ക്കോരോരുത്തർക്കും സുനിശ്ചിതമായ ഒരു വിജയം ആശംസിക്കുകയും ഈശ്വരനോട് അതിനായി പ്രാർഥിക്കുകയും ചെയ്തുകൊണ്ട് ഈ ലേഖനം ചുരുക്കട്ടെ.
ബെൻസി ബേബിച്ചൻ (പൂർവ വിദ്യാർഥിനി)
കാലം തെറ്റി വന്ന കാലൻ
ജീവിതമെന്നത് രസകരമായ അനുഭവങ്ങളുടെ നിലവറയാണ്.ബുദ്ധിരാക്ഷസന്മാരായാലും,പുസ്തകപ്പുഴുക്കളായാലും,മണ്ടൂസുകളായാലും അനുഭവങ്ങളുണ്ടാകും.ആതരത്തിലുള്ള അനുഭവങ്ങളുടെ കൂമ്പാരത്തിൽ നിന്നുചികഞ്ഞെടുത്ത ഒരെണ്ണമാണ് ഞാനിവിടെ എഴുതുന്നത്.
നമുക്കിടയിൽ ” അനാകൊണ്ട “പോലെയാണ് പരീക്ഷയുടെ വരവ്. തീർച്ചയായും80% കുട്ടികളും കണക്കിനു തോല്ക്കും. ചിലപ്പോൾഞാനും തോല്ക്കും. ഞാൻകണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത കണക്കാണു ചോദ്യപേപ്പറിൽ കണ്ടത്. പിന്നെ എങ്ങിനെ പൊട്ടാതിരിക്കും? 10ബിയിലെ ഗേൾസിലെ ചിലർ പരീക്ഷ കഴിഞ്ഞ് ആദ്യംപറഞ്ഞതു ഞാൻ വല്ലവഴിക്കും പോകുകയാണെന്നാണ്. ഞാനെങ്ങാനും പൊട്ടിയാൽ വീട്ടിലേക്കു പോകേണ്ട, കാരണം അവിടെ നിന്നു സ്കൂളിലേക്കു ഓടിക്കും. ട്യൂഷൻക്ളാസ്സിലെ സാറ് സട കുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനേയും ചവിട്ടികൂട്ടി പള്ളേല് കളയാൻ തുടങ്ങും
പിന്നെ ഞാൻ നോക്കിയിട്ട് ഒരേയൊരു പോംവഴിയേയുള്ളൂ.ചാവുക.അതാണ് ഞാൻ നോക്കിയിട്ട് കാണുന്ന ഏറ്റവും നല്ല വഴി.സ്കൂൾവിട്ട ഉടനെ വീട്ടിൽ പോകാതെ ചാവാനുള്ള വഴിയാണ് ആലോചിച്ചച്ചത്.അധികം താമസിയാതെ ഒരു വഴി എന്റെ മുമ്പിൽ വന്നു.രാമമംഗലം പുഴയിൽ ചാടി ചാവാമെന്നാണ് എന്റെ മനസ്സിൽ തോന്നിയ വഴി.പിറ്റേദിവസം ആദ്യത്തെ ബസ്സിൽ കയറി ചാവാൻ വേണ്ടി പുഴയിലേക്ക് വച്ചടിച്ചു.പാലത്തിന്റെ നടുക്കെത്തി.അങ്ങോട്ടുമിങ്ങോട്ടും നോക്കി.ഒറ്റക്കുഞ്ഞില്ല.ഒരുനിമിഷം പോലും പാഴാക്കിയില്ല.ഒറ്റച്ചാട്ടം.
കണ്ണു തുറക്കുമ്പോൾ കണ്ടത് “പാതാളം”എന്ന വലിയ ബോർഡാണ്.ഓടിച്ചെന്ന് പാസ്സെടുത്തു..ഞാൻ നോക്കുമ്പോൾ ഡയാന രാജകുമാരി അവിടെ നില്ക്കുന്നു.ചെന്ന് ഗുഡ് മോണിങ് ഒക്കെ പറഞ്ഞ് കുശലാന്വേഷണത്തിനു ശേഷം റ്റാറ്റാ…………ഓകെ……….സീയൂ….ഒക്കെ പറഞ്ഞു.പിന്നെ ഞാൻ യമന്റെ അടുത്തേക്ക് പോയി.അവിടെ ധാരാളം ‘ബജാജ്’ ‘ ട്യൂബ് “കത്തിജ്വലിച്ച്” നില്ക്കുന്നുണ്ടായിരുന്നു.ഈവെളിച്ചമൊക്കെ കണ്ട് എന്റെ കണ്ണഞ്ചിപ്പോയി.എന്റെ നില്പു കണ്ട് യമൻ ചോദിച്ചു
“കേരളത്തിൽ നിന്നാണല്ലേ?”
ഞാൻ അത്ഭുതത്തോടെ പറഞ്ഞു.
“അതെങ്ങനെ മനസ്സിലായി?”
യമൻ ‘ക്ളോസപ്പ് പുഞ്ചിരിയോടുകൂടി പറഞ്ഞു
“തന്റെ നില്പു കണ്ടപ്പോൾ മനസ്സിലായീന്നു കൂട്ടിക്കോ.അവിടെ ഭയങ്കര പവർകട്ടാണെന്നു ഞാൻ കേട്ടിരിക്കുന്നു.പക്ഷെ വിശ്വസിച്ചില്ല.എന്നാൽ ഇപ്പോൾ ശരിക്കും വിശാസമായി.അവിടെ പവർകട്ടുമാത്രമല്ല,നേരേപാട്ടിനു വെളിച്ചം പോലും കിട്ടണില്ലെന്ന്……”
ഇതും പറഞ്ഞ് യമൻ ഒന്നിരുത്തിച്ചിരിച്ചു.ആചിരി കണ്ട് അവിടെ കൂടിയിരുന്നവരും ചിരിച്ചു!!! ഞാനാകെ ചമ്മിപ്പോയി.എന്നാലും ഞാൻ വിടുമോ?ചമ്മൽ മറച്ചുവച്ചുകൊണ്ട് ഞാൻ പറഞ്ഞു
“എന്തു ചെയ്യാനാ,തിരുമേനീ..വെട്ടവും വെളിച്ചവും അങ്ങു കേന്ദ്രത്തിൽനിന്നാ കിട്ടണത്..അതു കേരളത്തിൽ വരുമ്പോഴേക്കും തീർന്നുപോകും”
ഞാനിനിയുമെന്തെങ്കിലും പറയുമെന്നോർത്ത് കാലൻ വേഗം പി.എ.യോട് എന്റെ മുറി കാണിച്ചുകൊടുക്കാൻ പറഞ്ഞു…
ഞാൻ കിടക്കയിലാണ്….കിടന്നതേയുള്ളൂ….അപ്പോഴേക്കും ഉറക്കം വന്നു. നോക്കിയപ്പോൾ “സുനിദ്ര”യുടെ ബെഡ്ഡാണ്.പിന്നെ എങ്ങനെയാ ഉറക്കം വരാതിരിക്കുന്നത് !!! ഏതായാലും ഞാൻ വേഗം ഉറങ്ങി.പിന്നെ കുറച്ച് കഴിഞ്ഞ് എന്നെ എന്തൊക്കെയോ വന്ന് കുത്താൻ തുടങ്ങി..നോക്കിയപ്പോൾ കൊച്ചി നഗരം പോലും കണ്ടാൽ നാണിച്ചു പോകുന്ന തരത്തിലുള്ള കൊതുകുകൾ.വേഗം ഞാൻ “ഗുഡ് നൈറ്റ്” കത്തിച്ചുവച്ചു.
പിന്നെയുമൊന്നു മയങ്ങി.ആരോ പിന്നെയും വന്ന് കുത്തി. കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഞാൻ ഞെട്ടിപ്പോയി.ഒരു നേഴ്സ് ഒരു പത്തലു പോലത്തെ സൂചി വച്ച് കുത്തുന്നു.പിന്നീടാണ് മനസ്സിലായത് ഞാൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലാണെന്ന്! ദൈവമേ!! രാമമംഗലം വരെയുള്ള വണ്ടിക്കൂലി പാഴായിപ്പോയല്ലോ.
അങ്ങനെ എന്റെ ആദ്യത്തെ ശ്രമം ഗോപിയായി.പിന്നെയും ചാവാനായിട്ട് ശ്രമിച്ചു.കെട്ടിത്തൂങ്ങിച്ചാവാനെനിക്കു ധൈര്യമില്ല.എങ്ങാനും കയറ് പൊട്ടിയാലോ.കാര്യം ഞാൻ കുറച്ച് വെയിറ്റ് ഒക്കെയിട്ടു നടക്കുമെങ്കിലും അധികം “വെയിറ്റൊ”ന്നുമെനിക്കില്ല.എന്നാലും ഒരു പേടി.കയറെങ്ങാനും പൊട്ടിയാലോ?എല്ലാവരും കളിയാക്കാനതുമതി.
രാവിലെ സ്കൂളിലേക്കു പോണ വഴിയാണ് വേറൊരു ബുദ്ധി തോന്നിയത്.ഏതെങ്കിലുമൊരു വണ്ടിക്ക് വട്ടം ചാടാം.പോയാലൊരു വാക്ക് കിട്ടിയാലൊരാന എന്നപോലെ …ചാടിയാലൊരു ശവം,കിട്ടിയാൽ കുറെ ………അങ്ങനെ ഓർത്തിരിക്കുമ്പോഴാണ് ഒരു മാരുതി വന്നത്.ഉടനെ വട്ടം ചാടി.വട്ടം ചാടിയപ്പോൾ ഞാനോർത്തത് എന്നെയിടിച്ച് തെറിപ്പിച്ചിടുമെന്നാണ്.
എന്നാൽ കാറെന്റെ തൊട്ടു മുമ്പിൽ വന്ന് സഡൺ ബ്രെയ്ക്കിട്ടു. നോക്കിയപ്പോൾ ഞാൻ അടുത്തറിയുന്ന ആൾ..കാറിൽ നിന്നിറങ്ങി വരുന്നു.പകുതിജീവൻ അവിടെ വച്ച് തന്നെ പോയി.എന്റെ അന്നേരത്തെ അവസ്ഥ കണ്ടിട്ടായിരിക്കും അയാൾ ഒന്നും പറഞ്ഞില്ല.ബാക്കി പകുതി ജീവനും കൊണ്ട് സ്കൂളിൽ വന്നു.ആദ്യത്തെ പീരീഡു തന്നെ കണക്കിന്റെ പേപ്പർ കിട്ടി.എന്റെ മാർക്ക് കണ്ടിട്ട് എനിക്കുതന്നെ വിശ്വസിക്കാൻ പറ്റിയില്ല.20 മാർക്ക്..സാറിന്റെ കൈയിൽ നിന്ന് പേപ്പർ വാങ്ങിയിട്ട് ഇരിക്കാൻ കൂടി തോന്നിയില്ല.പിന്നെ അടുത്തിരുന്ന കൊച്ച് പിടിച്ചിരുത്തി.പിന്നെ ഞാൻ കാണിച്ച മണ്ടത്തരങ്ങളെപ്പറ്റി ആലോചിച്ചു.അതെല്ലാം ഓർത്തപ്പോൾ വാസ്തവത്തിൽ ചിരിയാണ് വന്നത്.ഇന്നും ചില ബോറൻ പീരീഡുകളിൽ ആ മണ്ടത്തരങ്ങളോർത്ത് ബോറടി മാറ്റാറുണ്ട്..
സൗമ്യ.എൻ.ജെ.
(പൂർവ്വവിദ്യാർഥിനി)
MY VILLAGE
My village is a heaven and
The villagers are the flowers of that heaven
Where there is peace everywhere
And the blessings of God
The mountain protect us like a lovely cloth
The river laughs like a pretty girl
The fields sing like angels
The flowers dance like children
The villagers are always happy
And lead a lovely life
They are so caring
And love each other
But my village may be “killed”
By the modern “culture”
Can I see you anymore
This heaven of heavens
Edwin (from “SMARANIKA”-Class Magazine)
सुभाषितानि l
दशकूप समो वापी|
दश वापी समॊ ह्रद्ः ||
दश ह्रदसमॊ पुत्रः ||
दश पुत्र समॊ द्रुमः ||
विहाय पौरुषं यॊ हि|
दैवमॆवावलम्बतॆ|
प्रासाद सिंहवत्तस्य मूर्ध्नि|
तिष्ठन्ति वायसाः | ||
इदं हि माहात्म्यविशॆषसूचकं|
वहन्ति चिह्नं महतां मनीषिणः ||
मनॊ यदॆषां सुखदुखसम्भवॆ|
प्रयाति नॊ हर्षविषादवश्यताम् | ||
एकस्य कर्म संवीक्ष्य|
करॊत्यन्यॊपि गर् हितम् ||
गतानुगतिकॊ लॊकॊ|
न लॊकः पारमार् थिकः | ||
പൂജ്യം ആത്മകഥ പറയുന്നു.
എന്നെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാർ സ്നേഹത്തോടെ എന്നെ വിളിച്ചത് ശൂന്യ എന്നാണ്. പിന്നീട് അറബികൾ “sifre” എന്നും ഇംഗ്ളീഷുകാർ “cipher”എന്നും വിളിച്ചു. ആ പേരിൽ നിന്ന് ഞാൻ സീറോ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരെയെല്ലാം കണ്ടുപിടിച്ചിട്ട് ആയിരക്കണക്കിനു വർഷങ്ങൾ പിന്നിട്ട ശേഷമാണ് എന്റെ ജനനം. ഏറ്റവും ആദ്യം എന്റെ ആകൃതി “oval shape”ൽ ചെറിയ ചാപം വരച്ച രീതിയിൽ ആയിരുന്നു. പിന്നീട് കാലക്രമത്തിൽ അതു വട്ടത്തിലായി. ഒറ്റയ്ക്ക് നില്ക്കുമ്പോൾ വിലയില്ലെങ്കിലും മറ്റുള്ളവരുടെ വലതുവശം ചേർന്നു നില്കുമ്പോൾ എന്റെ വില പതിന്മടങ്ങു വർദ്ധിക്കും. ഞാൻ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. എന്റെ വരവോടെ ഗണിത ശാസ്ത്രത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ ഉണ്ടായി. എന്നെ ആരോടു കൂട്ടിച്ചേർത്താലും ആരിൽ നിന്നു എടുത്തു മാറ്റിയാലും അവർക്കു ഒന്നും സംഭവിക്കുകയില്ല. എന്നെ ഗുണിക്കാൻ കൂട്ടു പിടിച്ചവൻ ഞാനായി തീരും. എന്നെ കൊണ്ടുള്ള ഹരണം മാത്രം നടക്കില്ല. രേഖീയ സംഖ്യാഗണത്തിൽ പോസിറ്റീവും നെഗറ്റീവും അല്ലാത്ത ഒരേയൊരു സംഖ്യയും ഞാൻ തന്നെയാണ്. എന്റെ വർഗ്ഗവും വർഗ്ഗമൂലവും ഞാൻ തന്നെയായിരിക്കും. ഏതൊരു measurement ലും ആരംഭത്തെ സൂചിപ്പിക്കുന്നതിനു ഞാൻ തന്നെ വേണം. ഏതു സംഖ്യാന സമ്പ്രദായത്തിലും ആദ്യത്തെ അക്കമായി ഞനുണ്ട്. കണക്കു കൂട്ടുന്നതിൽ മാത്രമല്ല സംഖ്യകളുടെ സ്ഥാനവ്ത്യാസത്തെ സൂചിപ്പിക്കുന്നതിലും എന്റെ പങ്ക് വലുതാണ്. computer -ലെ ബൈനറി ഭാഷയിൽ ‘ 1 ‘ നോടോപ്പം ഞാനുമുണ്ട്. ഇങ്ങനെ പറയാനെനിക്ക് വിശേഷങ്ങൾ ധാരാളമുണ്ട്. കൂടുതൽ വിശേഷങ്ങൾ പിന്നീടൊരിക്കലാകാം. സസ്നേഹം പൂജ്യം.
(യു.പി.വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയിൽനിന്ന്)
INDIA V/S SRILANKA
When umpire calls for toss|
Ganguly is the boss|
When Sachin hits a century|
Jayasurya’s knee get injury|
When Murali comes to bowl|
Umpire rules “no ball”|
When Srilanka comes to bat|
Opener Jayasurya will be lost|
When Murali gives a catch|
India wins the match|
Nilakantan.K.
ऒणम्
कॆरल् की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||
रंगॊम् की त्यॊहार् आयी रॆ ||
पुष्पॊम् की उत्सव् आयी रॆ ||
अब् सब् नाचॊ गावॊ ||
खुशी मनावॊ ||
तरह् तरह् की फूलॊम् लाऒ ||
अन्कण् मॆं पुष्पचित्र् बनावॊ ||
नयी नयी वस्त्र् पहनावॊ ||
कयी तरह् की खॆल् खॆलॊ ||
अब् रंगॊं की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||
Krishnadas.P.C.
അരുത്...അരുതരുത്
ഉത്തരമെഴുതുമ്പോൾ തെറ്റരുത്
ചോദ്യനമ്പർ തെറ്റരുത്
വെട്ടിക്കുത്തി എഴുതരുത്
വൃത്തികേടായി എഴുതരുത്
അനാവശ്യമായി എഴുതരുത്
അഭ്യർത്ഥനകൾ എഴുതരുത്
കോപ്പിയടിക്കാൻ കൂട്ടുനില്കരുത്
കോപ്പിയടിക്കരുത്
സമയം വെറുതെ കളയരുത്
കുറച്ചു സമയവുമെടുക്കരുത്
സമയം തീരും മുമ്പ് സ്ഥലം വിടരുത്
സമയം കൂടുതൽ ചോദിക്കരുത്
ഒരു ചോദ്യത്തിനും ഉത്തരമെഴുതാതെ വിടരുത്
ഉത്തരം എഴുതുമ്പോൾ ചോദിക്കരുത്
ഉത്തരം അറിയില്ലെങ്കിൽ പേടിക്കരുത്
ഉത്തര ക്കടലാസ് അഴച്ചു കൊഴച്ചു കെട്ടരുത്
ഉത്തരക്കടലാസിൽ പേജുനമ്പർ ഇടാൻ മറക്കരുത്
പരീക്ഷ എഴുതുമ്പോൾ ധൈര്യം കൈ വിടരുത്
പരീക്ഷ എഴുതുമ്പോൾ ശ്രദ്ധകൈ വിടരുത്
പരീക്ഷയെ വെറുക്കരുത്
എത്രയെത്ര അരുതുകൾ
അരുതുകൾ കേട്ടു വിരളരുത്
പത്താം ക്ലാസ്സു പോലെയുള്ള പൊതു പരീക്ഷകൾ
എഴുതുമ്പോൾ രജിസറ്റർ നമ്പർ തെറ്റിക്കരുത്
രജിസ്റ്റർ നമ്പർ എഴുതാൻ മറക്കരുത്
വിദ്യാർഥികളായ കുഞ്ഞുങ്ങളേ, ഈ അരുതുകളൊന്നും
മറക്കുകയുമരുത്
ഈ അരുതുകളിലൂടെ എല്ലാ പരീക്ഷകളിലും വിജയിക്കാം, ഉയരാം,
സംതൃപ്തരാകാം ജീവിതവിജയം ഉറപ്പാക്കാം
- ജിബി.പി.ജോൺ
അന്ധവിശ്വാസങ്ങൾ വർദ്ധിക്കുകയാണോ ????
ലോകം ഏറെ വളർന്ന് വികസിച്ചുനില്ക്കുന്ന ഈ പുതിയ സഹസ്രാബ്ദത്തിൽ ഇങ്ങനെ ഒരു സംശയം പൊങ്ങിവന്നതു തന്നെ വിസ്മയകരമായി തോന്നാം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ അഭൂതപൂർവ മായ വളർച്ച,വിവരസാങ്കേതിക വിദ്യയു ടെ വമ്പിച്ച വർദ്ധനവ് ,എവിടെ എന്തു നടന്നാലും അതു തന്റെ പെട്ടിക്കുള്ളിൽ കാണാനുള്ള സാധ്യത- ഇത്രയും ഭൗതികനേട്ടങളുടെ നടുക്കു നിന്നു കൊണ്ട് അന്ധവിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ ആർക്കാണു ധൈര്യം.? പക്ഷെ മാധ്യമങ്ങൾ പറയുന്ന പോലെയാണോ ഇവിടെ സംഭവിക്കുന്നതെല്ലാം.
ചികിത്സാവിധികളോടൊപ്പം തന്നെ മന്ത്രവാദവിധികളും നടപ്പാക്കികൊണ്ടിരിക്കുന്ന ചില സമൂഹങ്ങൾ ഇന്ന് ഉൾനാട്ടിലും നഗരങ്ങളിലും കാണാൻകഴിയുന്നു. ആശുപത്രിയിൽ രക്തംകയറ്റുമ്പോൾ തന്നെ രോഗശാന്തിക്കു വേണ്ടി തർപ്പണവും നടത്തുന്നതിനോടു യോജിക്കുമോ? ഫിസിയോതെറാപ്പിയോടൊപ്പം ചരടുകെട്ടലും നടത്തിയാൽ നന്നോ? എന്നാൽ ഇതെല്ലാം വീണ്ടും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാൽ നമുക്കു മനസ്സിലാകുന്ന കാര്യമെന്താണ്? അന്ധവിശ്വാസങ്ങൾ വർദ്ധിച്ചു വരുന്നു.
എന്തു കൊണ്ടാണ് ചത്തുപോയ അന്ധവിശ്വാസങ്ങൾ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നത്? ശാസ്ത്രമായിരുന്നു അന്ധവിശാസത്തെ നശിപ്പിച്ചത്. ശാസ്ത്രത്തിന്റെ സാർവത്രികവും സാർവജനീനവുമായ സ്വാധീനത്തിന്
ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉയർന്ന ശാസ്ത്ര പ്രവർത്തകർ തന്നെ ചില പഴയ ആചാരങ്ങളുടെ പിടിയിൽ പെട്ടു പോകാറുണ്ട്’. പൊതുജനം ഇതു കാണുമ്പോൾ ശാസ്ത്രവിശ്വാസ രഹിതരായി തീരുന്നു.
ദീലീപ്.എസ്.എൻ.