മലബാർ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്. മുൻ‌കാലങ്ങളിൽ കേരളം മുഴുവനും മലബാർ എന്നറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ്‌ അറിയപ്പെടുന്നത്.

പേരിനു പിന്നിൽ

മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് അറബി നാടുകളിൽ നിന്നും പേർഷ്യയിൽ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു. മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ബാർ എന്ന പേർഷ്യൻ വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബാർ എന്ന അറബി പദത്തിൽ നിന്നാൺ നിഷ്പന്നമായത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ കോസ്മോസ് എഴുതിയ ക്രിസ്ത്യൻ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാ‍ണ് പറഞ്ഞിരിക്കുന്നത്[1].

ഈ പ്രദേശത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ൻ ഖുർദാർദ്ബി(879) യും അൽ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്[1]. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുൽ ഫിദാ(1273), റഷീദ്ദുദ്ദിൻ (1247), മാർക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികൾ‍ മലീബാർ എന്നും മനീബാർ എന്നും സൂചിപ്പിച്ചിരിക്കുന്നു

ചരിത്രം

ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ ‍തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഐക്യകേരള രൂപവത്കരണ സമയംവരെയും മലബാർ മദിരാശി സംസഥാനത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം.

  1. 1.0 1.1 മലബാർ ചരിത്രം

അവലംബം: വിക്കിപീഡിയ

"https://schoolwiki.in/index.php?title=മലബാർ&oldid=1738205" എന്ന താളിൽനിന്ന് ശേഖരിച്ചത്