സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/READ MORE.........

Schoolwiki സംരംഭത്തിൽ നിന്ന്

സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടു വരുവാൻ അർപ്പണബോധവും ആത്മാർത്ഥതയുമുള്ള 47 അധ്യാപകർ ഇവിടെ പ്രവർത്തിച്ചു വരുന്നു.റഗുലർ ക്ലാസ്സിനു മുൻപ് 8 മണി മുതൽ 9 മണി വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും പ്രത്യേകം കോച്ചിങ് ക്ലാസ്സുകൾ വർഷങ്ങളായി നടത്തുന്നുണ്ട്.

               പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  S.R.G യുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രവർത്തനം സുഗമമായി നടക്കുന്നു.ഗണിശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തി പരിചയ,ഐ.ടി മേളകളിലെല്ലാം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ പ്രതിഭകൾ സമ്മാനാർഹരായിട്ടുണ്ട്.10-ാം തരത്തിലെ വിദ്യാർത്ഥിനികൾക്ക്  grace മാർക്ക് ലഭിക്കാറുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
          1992 മുതൽ ഗണിതശാസ്ത്രമേളയിൽ ജില്ലാതലത്തിൽ 12 തവണ overall ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുവൻ കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാർഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവർത്തനത്തിന് ജില്ലാതലത്തിൽ രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി.
               ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലത്തിൽ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാർഡും ,ജില്ലാതലത്തിൽ സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യൻഷിപ്പ് നേടാനും സംസ്ഥാനതലത്തിൽ വ്യക്തിഗത മത്സരങ്ങൾക്ക് ഗ്രേഡുകൾ സമ്പാദിച്ച് ഗ്രേസ് മാർക്കിന് അർഹരാകാനും ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
          പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മൽസരങ്ങൾക്ക്  സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ  ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.
        പി.ടി ഭാസ്കരപ്പണിക്കർ മെമ്മോറിയൽ ശാസ്ത്രപരീക്ഷയിൽ എറണാകുളം ജില്ലയിൽ 2000 മുതൽ തുടർച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാർഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.
         യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു.ഉപജില്ലാതലത്തിൽ പലവട്ടം overall ചാമ്പ്യൻഷിപ്പും കലാതിലകപ്പട്ടവും  നേടുവാൻ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ.
          തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ എട്ട്  വർഷത്തോളമായി ബോൾ ബാഡ്മിന്റണിൽ ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാൻ ഈ വിദ്യാലയത്തിലെ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനിൽ ജൂനിയർ                                                                                                                               സബ്ജൂനിയർ വിഭാഗത്തിലും ട്രോഫികൾ സ്വന്തമാക്കാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗതചാമ്പ്യൻഷിപ്പ് നേടുവാൻ ഇവിടത്തെ കായികതാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ വോളിബോൾ,ഖോ-ഖോ,ബോൾ ബാഡ്മിന്റൺ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികൾ ഏഴ് തവണ ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗവൺമെന്റ് നടത്തുന്ന സ്പോർട്സ് സ്ക്കൂളിലേക്ക് സെലക്ഷൻ നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങളാണ്.

കുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                    ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കന്ന ക്യമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.
        അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിന് അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.                                                           
                         ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ' പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ ക്കും സർട്ടിഫിക്കറ്റുകൾക്കും അർഹരാവുകയും ചെയ്യുന്നു.
                ആരോഗ്യപരിപാലനത്തിൽ അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തിൽ Nature and Health club വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നതു കൂടാതെ കർക്കിടക മാസത്തിൽ ഔഷധസസ്യമരുന്നുകഞ്ഞി പ്രദർശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.
          വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നിൽ കണ്ടുകൊണ്ട് കെ.സി.എസ്.എൽ സംഘടന ഈ വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തിൽ നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
                 കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളർത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയിൽ അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടർപ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളിൽ സമുചിതമായി ആചരിച്ചു വരുന്നു.
                കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളിൽ മൂല്യബോദധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങൾ നൽകി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.
                  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോൺ ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു.
             ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേൽ പതിയുന്ന ഓരോ രത്നങ്ങൾക്കും പിന്നിൽ ആത്മാർത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അർപ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതൽ ഈ സ്ഥാപനത്തിൽ സേവനനിരതരായി പ്രവർത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തിൽ സ്മരിക്കുന്നു.