Schoolwiki:എഴുത്തുകളരി/Ajith Achuthan

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. എച്ച്.എസ്. ഇരുളത്ത്

പ്രമാണം:Gimp images.jpg

മുന്നുര

പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനമെന്ന നിലയിൽ 'ഫോക് ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്. ഒരു പ്രദേശത്ത് പ്രചാരത്തിലുള്ള നാട്ടറിവുകളും നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നാടോടി വിജ്ഞാനം ആധുനികതയുടെ അതിപ്രസരത്തിൽ ഒലിച്ചില്ലാതായിപ്പോവുന്നതിൽ നിന്നും അവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അവ കണ്ടെത്തി ശേഖരിച്ചു വെക്കാനായി ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവർത്തനം ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കൃഷിപ്പാട്ടുകൾ , കൃഷിയുപകരണങ്ങൾ, കൃഷിച്ചൊല്ലുകൾ എന്നിങ്ങനെ ക‍ൃഷിയുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഒരു നാടോടി വിജ്ഞാന കോശമായി ഇവിടെ പങ്കുവെയ്ക്കുന്നു .

കൃഷിയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ

കുമ്മാട്ടി കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ്‌ കുമ്മാട്ടിക്കളി. മകരം, കുംഭ മാസങ്ങളിൽ കാർഷികോത്സവത്തിന്റെ ഭാഗമായും, ഓണക്കാലത്തെ നാടൻ വിനോദങ്ങളിലൊന്നായും കുമ്മാട്ടിക്കളി അവതരിപ്പിച്ചു പോരുന്നു. കമ്മാട്ടിപ്പുല്ലോ, വാഴയിലയോ കൊണ്ട്‌ ദേഹമാകെ മൂടി, വലിയ മുഖംമൂടികൾ വെച്ചാണ്‌ നർത്തകർ ഒരുങ്ങുക. കമുകിൻപാളയിലോ മുരിക്കിലോ ആണ്‌ മുഖംമൂടികൾ ഉണ്ടാക്കുക. ഈ മുഖം കൊണ്ടാണ്‌ വേഷങ്ങളെ തിരിച്ചറിയുന്നത്‌. ശ്രീകൃഷ്ണൻ, മഹാബലി, നാരദൻ, ഹനുമാൻ, ശിവഭൂതഗണങ്ങളായ കുംഭൻ, കഭോദരൻ, തളള എന്നിങ്ങനെ നീളുന്നു വേഷങ്ങൾ. ഓണവില്ലിനൊപ്പമാണ്‌ പാട്ട്‌. പുരാണകഥാസന്ദർഭങ്ങളായിരിക്കും പാട്ടിലെ വിഷയങ്ങൾ. ഓരോ ചെറൂസംഘങ്ങളായി ആട്ടവും പാട്ടുമായാണ്‌ കമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്‌. കമ്മാട്ടിക്കളിയ്ക്ക്‌ നിയതമായ നൃത്തച്ചുവടുകളൊന്നും ഇല്ലാത്തതിനാൽ കാണികളും ചിലപ്പോൾ സംഘത്തിനൊപ്പം നൃത്തം ചെയ്യാൻ കൂടാറുണ്ട്‌.

കതിർകാള തെക്കൻ കേരളത്തിൽ കാർഷിക സംസ്കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാന പ്രധാനമായ കെട്ടുകാഴ്ചയാണ് കതിരുകാള. നെൽക്കതീർ കൊണ്ട് കാളയുടെ മാതൃക ഉണ്ടാക്കി കെട്ടുകാഴ്ചയായി വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കതിരുകാളയുടെ പ്രധാന ചടങ്ങ്. ഒരു സാധാരണ കാളയുടെ 5 ഇരട്ടി വലിപ്പത്തിൽ നിർമ്മിക്കുന്ന കതിരുകാള വ്യത്യസ്തമായ ഒരു കെട്ടുകാഴ്ചയാണ് . എട്ടടി ഉയരവും നാലടി വണ്ണവും ഉണ്ടാകും കതിരുകാളയ്ക്ക്.

കോതാമ്മൂരിയാട്ടം കണ്ണൂർ-കാസർഗോഡ്‌ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമാണ്‌ കോതാമ്മൂരിയാട്ടം. ഉർവരതാനുഷ്ഠാനമാണ് കോതാമ്മൂരിയാട്ടം. തുലാം പത്തിനു ശേഷമാണ് കോതാമ്മൂരിയാട്ടം നടത്തുന്നത്. കൊയ്ത്തുകഴിഞ്ഞ് ധനസമൃദ്ധി നേടിയ അവസരമാണിത്. കോതാമ്മൂരി തെയ്യം വാദ്യക്കാരോടൊപ്പം വീടുകൾതോറും ചെല്ലും. ആൺകുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. വിളക്കും നിറനാഴിയും കിണ്ണത്തിൽ ചുണ്ണാമ്പും കലക്കി കുരുതിവെള്ളവും മുറത്തിൽ നെല്ലും ഒരുക്കിവെച്ചാണ് വീട്ടുകാർ കോതാമ്മൂരിയെ സ്വീകരിക്കുന്നത്. കോതാമ്മൂരി സംഘം വീട്ടുമുറ്റത്ത് വന്ന് നൃത്തം ചെയ്‌താൽ വീട്ടിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും ഉണ്ടാകുമെന്നാണ് പഴയകാല വിശ്വാസം.


എരുതുകളി ആദിവാസി വിഭാഗമായ മാവിലരുടെ ഇടയിലാണ് എരുതുകളിക്ക് പ്രചാരം. എടുപ്പ് കാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കളിയിലെ വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. കാളയെയും വഹിച്ചു മാവിലർ വീടുകൾ തോറും കയറിയിറങ്ങും. കളിക്കാർക്ക് വീട്ടുകാർ സമ്മാനങ്ങൾ നൽകും. കാർഷിക സമൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടിയാണ് എരുതുകളി നടത്തുന്നത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള പോത്തിനെയും കാളകളെയും ഉപയോഗിച്ചുള്ള മത്സരങ്ങൾ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി വേരോടിയ വിനോദ കലാരൂപങ്ങളാണ്.

കൃഷിയാചാരങ്ങൾ

കരിച്ചാൽ വിഷുക്കണി കഴിഞ്ഞതിനുശേഷം ഒരു നല്ല മുഹൂർത്തത്തിലാണ് കരിച്ചാൽ നടത്തുന്നത്. പുലർച്ചെയാണ് ചടങ്ങുകൾ നടത്തുന്നത്. മുറ്റംമെഴുകി അതിൽ കരിയും നുകവും വരയ്ക്കുന്നു. തുടർന്ന് കാരണവർ പൂജ നടത്തും. പൂജ കഴിഞ്ഞാൽ കന്നിനെ പാടത്തുകൊണ്ടുപോയി പൂട്ടും. വയലിൽ ചാൽ എടുത്തശേഷം ആ സ്ഥലത്ത് കുറച്ച് വിത്തിറക്കും.

കൈക്കോട്ടുച്ചാൽ വിഷു ഒന്നാം തീയ്യതിയാണ് ഈ അനുഷ്ഠാനം നടത്തുന്നത്. ചില സ്ഥലങ്ങളിലെ നെൽകൃഷിയുടെയും പച്ചക്കറി കൃഷിയുടെയും തുടക്കമാണിത്. വിഷുക്കണി കണ്ടതിനുശേഷം ഉച്ചയോടെ പറമ്പിൽ ചടങ്ങുകൾ നടത്തും. അതുകഴിഞ്ഞാൽ ഏതെങ്കിലും പച്ചക്കറി വിത്ത് നടും. ചില സ്ഥലങ്ങളിൽ നെൽവിത്താണ് വിതറുന്നത്.

നിറ കർക്കിടകം – ചിങ്ങം മാസത്തിലാണ് നിറ ആഘോഷം. നെൽകൃഷി കതിരിടുന്ന കാലയളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുത്ത വയലിന്റെ ഒരു പ്രത്യേക സ്ഥാനത്തുനിന്നും കതിർക്കുല അരിഞ്ഞെടുക്കും. ചില പ്രത്യേക ഇലകളും വള്ളികളും വീടിന്റെ പ്രധാന സ്ഥാനങ്ങളിൽ ഗൃഹനാഥൻ കെട്ടും. ചില സ്ഥലങ്ങളിൽ ക്ഷേത്രത്തിൽനിന്നോ കാവുകളിൽ നിന്നോ കതിർക്കുല വിതരണം ചെയ്യും. കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രാദേശികമായ വ്യതിയാനങ്ങളോടെ നിറ ആചരിക്കാറുണ്ട്.

ചുരുട്ട് പാലക്കാട് ജില്ലയിൽ കൊയ്ത്ത് അവസാനത്തോടെ നടത്തുന്ന ചടങ്ങാണ് ചുരുട്ട്. മകരക്കൊയ്ത്ത് കഴിഞ്ഞാൽ എല്ലാ പണിക്കാരും ഒരു സ്ഥലത്ത് ഒത്തുചേരും. മെതിച്ച നെല്ലുകൊണ്ട് വലിയ മൂന്നു ചുരുട്ടുകൾ കെട്ടും. ഈ മൂന്നു ചുരുട്ടുകളും വയലിന്റെ വലത്തേ മുക്കിൽ കുത്തി നിർത്തും. തുടർന്ന് എല്ലാവരും ചേർന്ന് ഉറക്കെ ആർപ്പുവിളിക്കും. ആ വർഷത്തെ കൊയ്ത്ത് അവസാനിച്ചതിന്റെ വിളംബരമായാണ് ഇങ്ങനെ ചെയ്യുന്നത്.

പുത്തരി പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വർഷത്തെ വിളവിൽ നിന്ന് ഉണ്ടാക്കുന്ന ആദ്യത്തെ അരി ഉപയോഗിച്ചുകൊണ്ട് വീടുകളിൽ ഉണ്ടാക്കുന്ന വിഭവസമൃദ്ധമായ സദ്യയോടുകൂടിയ ചടങ്ങാണ് പുത്തരി. കാവുകളിലും ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്.


കൃഷിപ്പാട്ടുകൾ

ഉഴവു പാട്ട് - ആതിച്ചൻ ചന്തിരൻ

ആതിച്ചൻ ചന്തിരൻ രണ്ടല്ലോ കാള കാഞ്ഞിരക്കിഴ് നടുക്കണ്ടം തുണ്ടത്തിൽ ആതിച്ചൻ കാളയെ വലത്തും വെച്ചു ചന്തിരൻ കാളേ ഇടത്തും വെച്ചു ഇച്ചാലുപൂട്ടി മറുചാലുഴുവുമ്പം ചേറും കട്ടയുടയും പരുവത്തിൽ ചവുട്ടി നിരത്തിയാ വാച്ചാലും കോരി വാച്ചാലും കോരി പൊരിക്കോലും കുത്തി പൊരിക്കൊലും കുത്തിയാ വരി വെതപ്പീനാ വാരി വെതച്ചു മടയുമടപ്പീനാ പിറ്റേന്നു നേരം വെളുത്തതും തീയതി മട തുറന്നൂ വെതയും തോത്തീ നെല്ലെല്ലാം കാച്ചു കുനിയും പരുവത്തിൽ നെല്ലിന്റെ മൂട്ടിപെരമാവും കാവല്.

ഞാറ്റു പാട്ട് - മാരിമഴകൾ നനഞ്ചേ

മാരിമഴകൾ നനഞ്ചേ ചെറു വയലുകളൊക്കെ നനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു ഞാറുകൾ കെട്ടി എറിഞ്ചേ ഓമല ചെന്തില മാല ചെറു കണ്ണമ്മ കാളി കറുമ്പി ചാത്ത ചടയമാരായ ചെറു മച്ചികളെല്ലാരും വന്തേ വന്തു നിരന്തവർ നിന്റെ കെട്ടി ഞാറെല്ലാം കെട്ടിപ്പകുത്തേ ഒപ്പത്തിൽ നട്ടു കരേറാ - നവർ കുത്തിയെടുത്തു കുനിഞ്ചേ പാട്ടൊന്നു പാടിയിട്ടു വേണം നിങ്ങൾ നട്ടു കരക്കങ്ങു കേറാൻ

കളപറിക്കൽ പാട്ട്

പത്തായിരപ്പറക്കണ്ടവും തന്നേ കാടും കയിത കേറിക്കിടന്ന കണ്ടം ഇന്നു കിളച്ചിന്നു വിതച്ചു കണ്ടം ഇന്നു കളയെടുത്തു തീർന്നില്ലെങ്കിൽ എന്റെയൊരു വേലക്കൂലി കിട്ടുകയില്ലേ എന്റെയൊരു വേലക്കൂലി കിട്ടുകയില്ലേ അനന്തപുരം കാടെനിക്കു ചൊല്ലിത്തന്നാ നെനക്കിന്നു സമ്മാനം ഞാന്തന്നിടാമേ അനന്തപുരം കാട്ടിപ്പോയൊളിക്കണോങ്കി അനന്തപുരം കാടു ഞാനും ചൊല്ലിത്തരാം പത്തു പറ കണ്ടെത്തിന്റെ താപ്പടച്ചെന്നാ വെട്ടുവഴിയൊന്നവിടെക്കിടപ്പതുണ്ടേ വെട്ടുവഴിയേ കേറിച്ചെന്നാലല്ലോ തിരുവാഴി കൊളമൊന്നു കെടപ്പതുണ്ടേ തിരുവാഴിയേ കേറിച്ചെന്നാലല്ലോ ആലൊണ്ടിലഞ്ഞിലുണ്ടാൽത്തറയുണ്ടേ അനന്തപുരം കാട്ടിപ്പോയൊളിക്കണോങ്കീ അനന്തപുരം കാടു ഞാനും ചൊല്ലിത്തരാം

കൊയ്ത്തുപാട്ട്

ആ അരിവാളെവിടെപ്പോയെടി മരുതക്കോടി പൊന്നമ്മേ ആ അരിവാൾ അല്ലേയിന്നലെ ചാമ കൊയ്യാൻ പോയത് ആ ചാമയെവിടെപ്പോയെടി മരുതക്കോടി പൊന്നമ്മേ ആ ചാമയല്ലെയിന്നലെ വറുത്തുകുത്തി വെച്ചത് ആ ഉമ്മി എന്തുചെയ്തെടി മരുതക്കോടി പൊന്നമ്മേ ആ ഉമ്മിയല്ലേ ഇന്നലെ പാലടുപ്പിലിട്ടത് ആ വെണ്ണീറെന്തുചെയ്തെടി മരുതക്കോടി പൊന്നമ്മേ ആ വെണ്ണീറല്ലേ ഇന്നലെ പൂജാപാത്രം തേച്ചത് ആ പാത്രം എവിടെ പോയെടി മരുതക്കോടി പൊന്നമ്മേ ആ പാത്രമല്ലേയിന്നലെ കാവിലമ്മയ്ക്ക് നേർന്നത് ആ അമ്മ എന്തുചെയ്തെടി മരുതക്കോടി പൊന്നമ്മേ ആ അമ്മയല്ലേ നമ്മളെ കാത്തു പേറ്റിപ്പോരുന്നു ആ കാവിൽ പൂരമുണ്ടോ മരുതക്കോടി പൊന്നമ്മേ ആ കാവിലെ പൂരമല്ലോ അമ്പലമോളിൽ നടക്കുന്നു ആ കാവിലമ്മക്കല്ലോ നാം ഐമ്പറ വച്ചു വണങ്ങുന്നു

കൃഷിയുപകരണങ്ങൾ

കലപ്പ കാളകളെ കെട്ടി നിലം ഇളക്കി കൃഷിക്ക് പാകപ്പെടുത്തുന്നതിനുള്ള ഉപകരണം .പ്ലാവ് തേക്ക് വാക കാഞ്ഞിരം എന്നിവയുപയോഗിച്ചാണ് കലപ്പ നിർമ്മിക്കുന്നത്.

നുകം വയൽ ഉഴുതു മറിക്കാൻ കന്നുകാലികളെ തമ്മിൽ കൂട്ടിക്കെട്ടാൻ ഉപയോഗിക്കുന്നു.

കട്ടക്കുഴ ( നിലം തല്ലി) പടങ്ങളിലെ മൺകട്ട ഉടയ്ക്കുന്നതിനുള്ള ഉപകരണമാണ് കട്ടക്കുഴ

   ജലചക്രം

പാടത്ത് ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണം . താഴ്ന്ന പ്രദേശത്തു നിന്ന് ഉയർന്ന പ്രദേശത്തേക്ക് വെള്ളം തേവി എത്തിക്കുന്നു. ഏത്തക്കൊട്ട ജലസേചനത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു പകരണമാണ് ഏത്തക്കൊട്ട. ആഴമുള്ള ജലസ്രോതസ്സിൽ നിന്നും വെള്ളമെടുക്കാനുപയോഗിക്കുന്നു. ഈറ്റ കൊണ്ട് ത്രികോണാകൃതിയിൽ നിർമ്മിച്ച കൊട്ട മുളയിൽ കെട്ടിയിണ് ജലസേചനം നടത്തിയിരുന്നത്.

വെള്ളിക്കോൽ പണ്ടു കാലത്ത് ചെറിയ തോതിൽ നെല്ല് അളക്കുവാൻ ത്രാസിനു പകരം ഉപയോഗിച്ചിരുന്ന ഉപകരണം . ഇതിന് തുലാൻ അളവിണ് ഉപയോഗിച്ചിരുന്നത്

പത്തായം ധാന്യങ്ങൾ സൂക്ഷിച്ചു വെക്കുന്നതിനുപയോഗിക്കുന്നു. പ്രധാനമായും പ്ലാവിൻ തടി കൊണ്ടാണ് പത്തായം നിർമ്മിച്ചിരുന്നത്.

അരിവാൾ കൊയ്ത്തിനും കാടു വെട്ടിത്തെളിക്കുന്നതിനും ഉപയോഗിക്കുന്ന വളഞ്ഞ കത്തിയാണ് അരിവാൾ

കൃഷിച്ചൊല്ലുകൾ

   • കൊത്തു കഴിഞ്ഞാൽ പത്തുണക്കം
     	നിലം ഒരുക്കി കഴിഞ്ഞാൽ പത്തു ദിവസം വെയിൽ കൊള്ളണം. മണ്ണിൽ 	വായു സഞ്ചാരം 	ഉണ്ടാവാനും മണ്ണ് പരുവപ്പെടാനും ഇത് സഹായിക്കും.
   • കള പറിച്ചാൽ കളം നിറയും
     	യഥാസമയം കള പറിച്ചു കഴിഞ്ഞാൽ ധാരാളം വിളവ് ലഭിക്കും.
   • വിത്തുഗുണം പത്തു ഗുണം
     	നല്ല വിത്തിൽ നിന്നു മാത്രമേ നല്ല വിളവ് ലഭിക്കൂ
   • ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം
     	കൃഷിപ്പണിയുടെ മഹത്യം സൂചിപ്പിക്കുന്നു. അധ്യാന ശീലത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചൊല്ല് 
   • കതിരിൽ വളം വെക്കരുത്
     	അവസാന നിമിഷത്തിൽ മാത്രം പരിചരണം നൽകാതെ തുടക്കം മുതൽ തന്നെ പരിചരണം 	നൽകിയാലേ നല്ല വിളവ് ലഭിക്കൂ.
   • നില മറിഞ്ഞ് വിത്ത് വിതയ്ക്കണം.
     	മണ്ണിൻ്റെ സ്വഭാവമറിഞ്ഞു വേണം വിത്തു വിതയ്ക്കാൻ
   • വിത്തഴം ചെന്നാൽ പത്തായം നിറയും
     	ആഴത്തിൽ വിത്തു നട്ടാലാണ് കൂടുതൽ വിളവ് ലഭിക്കുക.

ഉപസംഹാരം കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും മണ്ണിനോടും പ്രകൃതിയോടും മനുഷ്യനുള്ള ആരാധനയും വിധേയത്വവും വെളിവാക്കുന്നവയാണ്‌. നമുക്ക് കൃഷി ഒരു അനുഷ്ഠാനം കൂടിയായിരുന്നു. വിതച്ചു വിളവെടുക്കുന്നതിനപ്പുറം മനുഷ്യനെ സർഗ്ഗബോധത്തിലേക്ക് നയിക്കുന്ന പ്രക്രിയ കൂടിയായിരുന്നു കൃഷി. മനുഷ്യന് അന്നം തരുന്നത് മണ്ണും കൃഷിക്കാരനുമാണ്. കൃഷിതന്നെയാണ് നാടോടിക്കഥകൾ അടക്കമുള്ള നമ്മുടെ സംസ്കാരത്തിന്റെ പ്രധാന സ്രോതസ്സ്. കൃഷിയ്ക്ക് നാശം സംഭവിക്കുന്നതോടെ നമ്മുടെ സംസ്കാരത്തിന്റെ കൂടി ഉറവകൾ എന്നെന്നേക്കുമായി നിലച്ചുപോയേക്കാം. ഈ വസ്തുതയറിഞ്ഞ് കൃഷിയെ നമുക്ക് തിരിച്ചുപിടിക്കാം. നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ പച്ചത്തണലിലൂടെയാകാം മുന്നോട്ടുള്ള യാത്ര.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Ajith_Achuthan&oldid=2674606" എന്ന താളിൽനിന്ന് ശേഖരിച്ചത്