Ghss venjaramood/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1882 ൽ ആണെന്ന് മനസ്സിലാക്കാം.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം കുടിപള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു.അതിന്റെ സ്ഥാപകർ ശ്രീ കൃഷ്ണപിള്ള -  ചെവിലിയിൽ വീട്,ശ്രീ അയ്യപ്പൻ പിള്ള എന്നിവരായിരുന്നു.തുടർന്ന് മഹാരാജാവായ ശ്രീ മൂലം തിരുനാളിന്റെ കാലഘട്ടത്തിൽ ഈ സ്കൂളിൽ ആറാം ക്ലാസ് വരെ വരെയുള്ള ക്ലാസുകൾ നടത്തപ്പെട്ടു.വാമനപുരം വി.എം.എസ് എന്ന പേരിലാണ് ആ നാളുകളിൽ സ്കൂൾ അറിയപ്പെട്ടിരുന്നത്.

1944 ൽ മിഡിൽ സ്കൂൾ വെഞ്ഞാറമൂട് എന്ന പേര് നൽകപ്പെട്ടു.1950 ൽ തേർഡ് ഫാം വരെയുള്ള ക്ലാസുകൾ ഉൾപ്പെടുത്തി, ഇംഗ്ലീഷ് മിഡിൽ  സ്കൂളായി പുനരുദ്ധരിച്ചു.1957 ൽ ഹൈസ്കൂൾ സെക്ഷനുകളും നിലവിൽ വന്നു.

1947-48 അധ്യയന വർഷം, ഈ വിദ്യാലയ ചരിത്രത്തിൽ ഏറെ വിസ്മയകരമായ താളുകൾ രേഖപ്പെടുത്തിയ വർഷമായിരുന്നു.മലയാളം മീഡിയത്തിൽ നിന്നും അഞ്ചാം ക്ലാസിൽ പാസായവരും ആറാം ക്ലാസ് തോറ്റവരും ഏഴാം ക്ലാസ് ജയിച്ചവരും ഒരേ ക്ലാസ് ആയ ഫസ്റ്റ് ഫോമിലേക്ക് അഡ്മിഷൻ കൊടുത്തതായിരുന്നു അത്.

1969 -70 കാലഘട്ടത്തിൽ,ഒമ്പതാം ക്ലാസ് നിലവിൽ വന്നു.  ഈ കാലഘട്ടത്തിൽ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തത് ശ്രീ ഗുരുദാസ് അവർകൾ ആയിരുന്നു. തുടർന്ന് ശ്രീമതി മാധവിയമ്മ പ്രഥമാധ്യാപിക  ആയിരുന്ന കാലഘട്ടത്തിൽ, പത്താം ക്ലാസ് നിലവിൽ വന്നു .ആ കാലഘട്ടത്തിൽ തന്നെ സ്കൂളിനെ എസ്.എസ്.എൽ.സി പരീക്ഷയുടെ കേന്ദ്രമായി മാറ്റുകയും ചെയ്തു.സ്ഥലപരിമിതി കാരണം 1973 മുതൽ ലോവർ പ്രൈമറി വിഭാഗത്തെ ഈ വിദ്യാലയത്തിൽ നിന്നും മാറ്റി ഒരു കിലോമീറ്റർ അകലെ റോഡിന് അപ്പുറത്തുള്ള ഭാഗത്ത് സ്ഥാപിച്ചു.1998 ൽ ഹയർസെക്കൻഡറി വിഭാഗം നിലവിൽ വന്നു . 2012 മുതൽ യുപി ഈ വിദ്യാലയത്തിൽ നിന്നും മാറ്റി എൽ പി സ്കൂളിനോട് ചേർത്തു.

സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രഭാവം ചെലുത്തുന്ന,തിളക്കമേറിയ വ്യക്തിത്വങ്ങൾ പലരും നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ശ്രീ പിരപ്പൻകോട് ശ്രീധരൻ നായർ (പ്രശസ്ത അഭിഭാഷകനും കെ പി എസ് സി മെമ്പറും) ,ശ്രീമദ് പരമേശ്വരാനന്ദ സ്വാമികൾ (കന്യാകുമാരിയിലെ  വിവേകാനന്ദ കേന്ദ്രത്തിലെ പ്രശസ്ത സ്വാമികൾ),ശ്രീ പിരപ്പൻകോട് ശിവൻപിള്ള ,ശ്രീ തുളസീദാസ് ( സിനിമാ/ സീരിയൽ ഡയറക്ടർ ),ദേശീയ അവാർഡ് ജേതാവായ പ്രശസ്ത സിനിമ നടൻ ശ്രീ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നതിൽ ഏറെ അഭിമാനിക്കാം.

"https://schoolwiki.in/index.php?title=Ghss_venjaramood/ചരിത്രം&oldid=1988164" എന്ന താളിൽനിന്ന് ശേഖരിച്ചത്