ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ "കൊറോണ ". ക്ഷണിക്കാതെ വന്ന അവധിക്കാല അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
"കൊറോണ " ക്ഷണിക്കാതെ വന്ന അവധിക്കാല അതിഥി

ചൈനയിൽ നിന്നും പുറപ്പെട്ട കോ വിഡ്- 19- ഓരോ രാജ്യങ്ങളായി കീഴടക്കി കൊണ്ടു വരുന്നു എന്നറിയാതെ ഞാനും എന്റെ കൂട്ടുകാരും വർഷാന്ത്യ പരീക്ഷയ്ക്കു തയ്യാറെടുക്കുകയായിരുന്നു. ഞാൻ എല്ലാം പെട്ടന്ന് പഠിച്ചു തീർത്തു. കാരണം കഴിഞ്ഞ വർഷത്തെപ്പോലെ അവധിക്ക് അപ്പൂപ്പന്റെയും അമ്മൂമയുടെയും വീട്ടിൽ 2 മാസം പോയ് നിൽക്കാൻ തീരുമാനിച്ചു. ഈ നഗരത്തിന്റെ പിരിമുറുക്കം പിടിച്ച ജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് കുന്നുകളും മലകളും കാടും അരുവിയും ആറും കൃഷിയിടങ്ങളുമുള്ള പ്രകൃതിയോട് ഇഴുകിചേരാനും പാറിപ്പറക്കാനും ഞാനും ചേട്ടൻ ജോയലും പോകും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഞങ്ങളെ അവിടേക്ക് മാടി വിളിക്കുന്നു. ഞാൻ നട്ട മരിച്ചീന, വെണ്ട പയർ, വാഴ ഇവയൊക്കെ കായ്ച്ചോ പഴുത്തോ എന്നൊക്കെ അറിയാൻ കാത്തിരിക്കുകയാണ്. ആ കിളികൂട്ടിൽ കിളികൾ വരാറുണ്ടോ? അമ്മാമ്മയുടെ ആട്ടിൻകുട്ടികൾ വലുതായോ അമ്മ കോഴിയും കുഞ്ഞുങ്ങളും അവിടുത്തെ കളി കൂട്ടുകാരായ അപ്പു, തക്കുടു, നന്ദന ചേച്ചി ഇവരെയൊക്കെ കാണണം. എവിടെയാണ് എന്ന് നിങ്ങൾക്ക് അറിയേണ്ടേ? പത്തനതിട്ട ജില്ലയിൽ മലാലപ്പുഴ പഞ്ചായത്തിൽ ചെങ്ങറ സമരഭൂമിയിൽ ആണ് എന്റെ നാട്. അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. നീല ടാർപൊളിൻ മേഞ്ഞ് അരച്ചുവരുള്ള കൊച്ചുമുറിയും വരാന്തയും അടുക്കളയുമുള്ള കൊച്ചു വീട്. ചൂട് അധികമാണ്. ഇവിടെ വൈദ്യുതിയില്ല, പൈപ്പ് വെള്ളമില്ല, ഗ്യാസടുപ്പില്ല. ശുദ്ധമായ വായുവും, ശുദ്ധമായ ഊറ്റുവെള്ളവും ഉണ്ട്. സോളാർ ലൈറ്റ്, മണ്ണെണ്ണ വിളക്ക് ഇവയാണ് ഉപയോഗിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. പലർക്കും ശൗചാലയം ഇല്ല. ഇവിടെ പലയെടുത്തും കുടിവെള്ളമില്ല. ധാരാളം വിദ്യാർത്ഥികൾ ഇവിടുണ്ട്. പഠന സൗകര്യങ്ങൾ അവർക്കില്ല. ഒന്നാമത് കറണ്ടില്ല, കമ്പ്യൂട്ടർ പഠനം സാദ്ധ്യമല്ല ഹൈടെക്ക് പഠന സൗകര്യം സ്കൂളുകളിൽ മാത്രം. സ്വന്തം പുരയിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ പഠനം. ചൂടുകാരണം പുരയിലിരിക്കാൻ കഴിയില്ല. അടച്ചുറപ്പില്ലാത്ത പുരകളിൽ സുരക്ഷിതരല്ലാത്ത പെൺകുട്ടികൾ ഇവർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതില്ലാഞ്ഞിട്ടുമാത്രമാണ് ഞാൻ അവിടെ തിരുവനന്തപുരത്ത് താമസിക്കുന്നത്. എങ്കിലും ഇവിടം എനിക്ക് ഇഷ്ടമാണ്. സന്ധ്യയാകുമ്പോൾ പല തരം പക്ഷികളുടെയും ചീവിടിന്റെയും ശബ്ദം കേൾക്കാം. പാതിരാത്രിയിൽ കുറുക്കന്റെ ഓരിയിടൽ, പന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങൾ ചവിട്ടി കുത്തിമറിയ്ക്കാൻ വരും. ഞാനും അപ്പുപ്പനും ടോർച്ച് ലൈറ്റും അടിച്ചു പാട്ടകൊട്ടി ഓടിക്കും. ആറിനപ്പുറം വനമാണ്. ആന, പുലി ഇവയുടെ അലർച്ചകേൾക്കാം. ഞാൻ രാവിലെ നേരത്തെ ഉണരും കാടും മലയും മൂടൽമഞ്ഞ് മൂടിയ കാഴ്ച കാണാം. കാട്ടു കോഴി, കുയിൽ, മയിൽ, ചെമ്പോത്ത്, വേഴാമ്പൽ എന്നിവയുടെ ശബ്ദം കേൾക്കാം. ഞാൻ കണ്ടിട്ടുമുണ്ട്. അമ്മാമ്മ ഉണ്ടാക്കി തന്ന കട്ടൻ കാപ്പിയും ഇല അടയും കഴിച്ച് ഞങ്ങൾ കളിക്കാനിറങ്ങും. ക്രിക്കറ്റും, ഫുട്ബോളും അല്ല, കുന്നുകൾ കയറിയിറങ്ങി കൂകി വിളിച്ചും കമുകിൻ പാളയിൽ കളിച്ചും ആട്ടിൻ കുട്ടികളോട് ഓടിയും അരുവിയിൽ കുളിച്ച് മറിഞ്ഞും അപ്പൂപ്പൻ കെട്ടി തന്ന ഊഞ്ഞാലാടിയും ഏർമാടത്തിലും കളിക്കും. അപ്പൂപ്പന്റെ കൂടെ കൃഷിയിടത്ത് പോകും, പച്ചക്കറികൾ പറിച്ച് അമ്മുമ്മയ്ക്കു കറി വയ്ക്കാൻ കൊടുക്കും, കൃഷിയിൽ വെള്ളം കോരി ഒഴിച്ചു അപ്പൂപ്പനെ സഹായിക്കും. അവിടേക്ക് പോകാൻ കാത്തിരിക്കെയാണ്, ഒരു വാർത്ത നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷ മാറ്റി വെച്ചു - കോറോണ വയറസ് ആരും വിളിക്കാതെ, ക്ഷണിക്കാതെ തന്നെ ഇവിടെയും എത്തി. ഉടനെ ഞങ്ങളുടെ നിർബന്ധ പ്രകാരം ചാച്ചൻ ഞങ്ങളെ പത്തനംതിട്ടയിൽ അമ്മൂമ്മയുടെ വീട്ടിൽ കൊണ്ട് വിട്ടു. പിറ്റേന്ന് ജനതാ ബന്ദ്, തുടർന്ന് ലോക്ക് ഡൗണും വന്നു. ഒരു ദിവസം എന്റെ ക്ലാസ് ടീച്ചർ ജോളി സിസ്റ്റർ വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചു. പിന്നെ റീജ ടീച്ചറും വിളിച്ചു. കൈയും മുഖവും സോപ്പും വെള്ളവും കൊണ്ട് കഴുകണം എന്നും പറഞ്ഞു. അക്ഷര വൃക്ഷത്തിൽ കൊടുക്കാൻ കൊറോണാ കാല അനുഭവം എഴുതി അറിയിക്കാനും പറഞ്ഞു. കൊറോണ വയറസ് ബാധിച്ച് ധാരാളം ആൾക്കാർ മരിച്ച് കൊണ്ടിരിയ്ക്കുന്നു എന്നും അതിനെതിരെ വലിയ പോരാട്ടം നടന്നുകൊണ്ടിരിയ്കുന്നു എന്ന് റേഡിയോ വാർത്തയിൽ അറിഞ്ഞു. പടർന്നു പിടിക്കാതിരിക്കാൻ "ബ്രേക്ക്‌ ദി ചെയിൻ"-ൽ ഞാനും ചേർന്നു. മരണപെട്ടവരെ ഓർത്ത് ദു:ഖിക്കുന്നു. ഈ മഹാമാരി പൂർണ്ണമായി പോകുവാനും രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രി ജീവനക്കാരെയും അവരെ സഹായിക്കുന്ന പോലിസുകാരെയും ഓർത്ത് പ്രാർത്ഥിക്കുന്നുണ്ട്. ദൈവം അവരെ രക്ഷിക്കട്ടെ. ഞാൻ ഇവിടെ സുരക്ഷിതനാണ്. വീട്ടിനകത്ത് തന്നെ ഇരിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല. അവിടത്തെ പോലെ അടുത്ത് വീടുകളില്ല. 200 മീറ്റർ എങ്കിലും അകലമുണ്ട് വീടുകൾക്ക്. കൂട്ടത്തോടെ കളിക്കാനും കുളിക്കാനും പോകാറില്ല. ഞങ്ങളുടെ കൂട്ടുകാരെ പലരെയും വിളിച്ച് വിശേഷം തിരക്കി. ആര്യൻ, ജീവൻ ,ശ്രീകാന്ത്, അഖില - അവരൊക്കെ സുഖമായിരിക്കുന്നു. അവർ വീഡിയോ ഗെയിം, TV തുടങ്ങിയവ കണ്ടു മടുത്ത് വീട്ടിനുള്ളിലാണെന്ന് പറഞ്ഞ് ലോക്ക് ഡൗൺ തീർന്നെങ്കിൽ എന്നവർ പ്രാർത്ഥിക്കുന്നു. അപ്പോൾ ഞാൻ എന്റെ വിശേഷങ്ങൾ പറഞ്ഞപ്പോൾ അവർക്കും ഇവിടെ വരാനിഷ്ടം. മരിച്ചീനി പുഴുങ്ങിയതും കനലിൽ ചുട്ട കപ്പയും ഉണക്കമീനും കഴിച്ചു. പല തരം ചക്ക വിഭവങ്ങൾ അമ്മാമ്മ ഉണ്ടാക്കി തന്നു. വീട്ടിനുള്ളിലിരുന്നു ചൂടു സഹിക്കാൻ വയ്യന്ന് ദൈവത്തോട് പ്രാർത്ഥിച്ചു. അപ്പോൾ വേനൽമഴ തന്നു കുടിക്കാനും കുളിക്കാനും ധാരാളം വെള്ളം കിട്ടി. ഇവിടുത്തെ കൂട്ടുകാരെ കാണാൻ പറ്റിയില്ല തിരുവനന്തപുരത്തു അമ്മയും ചാച്ചനും സുരക്ഷിതരാണ്. ഈ കൊറോണാ വയറസിൽ നിന്നും നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെയും, ദൈവത്തിന്റെ സ്വന്ത നാടായ കൊച്ചു കേരളത്തെയും രക്ഷിക്കാൻ സൃഷ്ടാവായ ദൈവത്തോട് ഞാനും പ്രാർത്ഥിക്കുന്നു. "അതിഥി ദേവോ ഭ:വാ " എന്നാണല്ലോ നമ്മൾ പഠിച്ചത്. ക്ഷണിക്കാതെ വന്നു ചേർന്ന ആതിഥ്യം അർഹിക്കാത്ത അതിഥിയെ ചെറുത്ത് തോൽപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ ഞാനും അനുസരിച്ചു പോരുന്നു. പുതിയ ആകാശം കാണാനും പുതിയ ശുദ്ധവായു ശ്വസിക്കാനും ഞാനും നിങ്ങളോടൊപ്പം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. എന്ന്, കൂട്ടുകാരുടെ പ്രിയപ്പെട്ട യോവേൽ ......
 

യോവേൽ ലാജി ആൻറണി
3A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം