ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/*നല്ല നാളേയ്ക്ക് കരുതലോടെ...*

Schoolwiki സംരംഭത്തിൽ നിന്ന്
*നല്ല നാളേയ്ക്ക് കരുതലോടെ...*

എന്നത്തെയും പോലെ നനുത്തപ്രഭാതം... നാൽക്കവലയിലെ രാമുചേട്ടൻ്റെ ചായക്കട... തൊട്ടടുത്ത ബസ്റ്റോപ്പിൽ ഒന്ന് രണ്ടുപേർ 6.30ൻ്റെ ആദ്യ ബസ് പ്രതീക്ഷിച്ച് നിൽക്കുന്നു.

രാമുചേട്ടൻ്റെ ചായക്കടയിലെ അലമാരയിൽ രാവിലെ തന്നെ പുട്ടും ദോശയും സ്ഥാനം പിടിച്ചുകഴിഞ്ഞു. പുലരുമ്പഴേ സൊറ പറയാൻ എത്തുന്നവർ കൊഴിഞ്ഞുകൊഴിഞ്ഞ് വന്നു തുടങ്ങി. ഇതൊക്കെ ഇവിടത്തെ പതിവ് കാഴ്ചകൾ തന്നെ...

എന്തൊക്കെയുണ്ട് വിശേഷം കുട്ടൻപിള്ളേ, രണ്ടുദിവസമായി നിങ്ങളുടെ അയൽക്കാരനെ ഈ വഴിയൊന്നും കാണാനില്ലല്ലോ..? അകത്തുനിന്നും രാമുചേട്ടൻ വിളിച്ചു ചോദിക്കുന്നത് കേട്ട് കുട്ടൻപിള്ള പാത്രത്തിൽ നിന്നും തലയുയർത്തി എല്ലാവരെയും ഒന്നു നോക്കി.

ഇതാ ഇപ്പോൾ നന്നായത്...! നമ്മുടെ ശങ്കരൻ്റെ മോൻ അങ്ങ് ദുബായിൽ നിന്ന് നാട്ടിലെത്തിയത് നിങ്ങൾ ആരും അറിഞ്ഞില്ലേ..?

ഉവ്വല്ലോ... അതിപ്പം ആരാണ് ഈ നാട്ടിൽ ഇനി അറിയാനുള്ളത്..." പത്രക്കാരൻ ജോമോൻ ചൂടുചായ ഊതി കുടിച്ചുകൊണ്ട് പറഞ്ഞു.

എന്നാൽ കേട്ടോളൂ... പത്രം വായിച്ച് കൊണ്ടിരുന്ന പട്ടാളക്കാരൻ ഗോപാലപിള്ള തൻ്റെ മുഖത്തെ സ്വതസിദ്ധമായ ഗൗരവത്തോടെ കൊമ്പൻ മീശ പിടിച്ചുകൊണ്ട് പറഞ്ഞു. "അതെ നമ്മുടെ നാട്ടിൽ ദൂരദേശങ്ങളിൽ നിന്ന് എത്തുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് പത്രവാർത്ത നിങ്ങൾ ആരും കണ്ടില്ലേ..? അത് തന്നെ കാര്യം ശങ്കരനെ ഇങ്ങോട്ട് കാണാത്തതിന്...

ഹല്ല... അതിനിപ്പോൾ ശങ്കരൻ എന്നാ ഗൾഫിൽ പോയത്... തങ്കപ്പനാശാരിയുടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

എടോ മരത്തലയാ... ഗോപാലപിള്ള മുരണ്ടു. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രാജ്യം മുഴുവൻ വ്യാപിച്ചത് താൻ അറിഞ്ഞില്ലേ...? അതുകൊണ്ടുതന്നെ വിദേശത്തുനിന്ന് എത്തുന്നവരും അവരുമായി സഹകരിക്കുന്നവരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കണം. അതാണ് ശങ്കരനും കുടുംബവും വെളിയിലിറങ്ങാതെ ഇരിക്കുന്നത്. മനസ്സിലായോ..?

ഉവ്വ്, ഉവ്വ്... മനസ്സിലായി..." തങ്കപ്പനാശാരി തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

ദൂരെ നിന്നും ഒരു വാഹനത്തിൻ്റെ ഇരമ്പൽ കേട്ട് എല്ലാവരും തല ഉയർത്തി നോക്കി. അത് നമ്മുടെ പഞ്ചായത്ത് വണ്ടിയല്ലേ..? എന്താ ഇത്ര രാവിലെ തന്നെ..? ആശങ്കയോടെ കുട്ടൻപിള്ള ചോദിച്ചു.

വന്നുനിന്ന വണ്ടിയിൽ നിന്നും മെമ്പർ ശശി ചാടിയിറങ്ങി, ചായക്കടയിലേക്ക് കയറി. ഒരു ചായ എടുക്കട്ടെ മെമ്പറെ...? രാമു ചേട്ടൻ ഭവ്യതയോടെ ചോദിച്ചു.

വേണ്ട, വേണ്ട.. ഇപ്പോൾ ഒന്നും വേണ്ട... നിങ്ങൾ എല്ലാവരും കൂട്ടമായി നിൽക്കാതെ വീടുകളിൽ പോകണം, ഉടൻ തന്നെ... മെമ്പറുടെ വാക്കുകൾ കേട്ട് എല്ലാവരും തമ്മിൽ തമ്മിൽ നോക്കി.

എന്തുപറ്റി മെമ്പറെ..? ഗോപാലപിള്ള ചോദിച്ചു. ചായക്കടയിൽ ഉണ്ടായിരുന്ന എല്ലാ കണ്ണുകളിലും ആ ചോദ്യം പ്രതിധ്വനിച്ചു.

അതെ നമ്മുടെ ശങ്കരൻ്റെ മോൻ ഗൾഫിൽ നിന്ന് വന്നപ്പോൾ മുതൽ കൊറോണയുടെ നിരീക്ഷണത്തിലായിരുന്നല്ലോ. ടെസ്റ്റ് റിസൾട്ട് വന്നു, പോസിറ്റീവ് ആണ്. എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. ഒന്നു നിർത്തിയിട്ട് മെമ്പർ തുടർന്നു. അതുകൊണ്ട് നിങ്ങളുടെ സുരക്ഷയെ കരുതി പുതിയ നിയമം വന്നു. എല്ലാവരും വീടുകളിൽ തന്നെ കഴിയുക. വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകുക.. എന്നാൽ മാത്രമേ ഈ കൊറോണയെ നമുക്ക് നാട്ടിൽ നിന്ന് നിർമാർജ്ജനം ചെയ്യാൻ കഴിയൂ... മെമ്പർ ദീർഘമായി ഒന്ന് നിശ്വസിച്ചു.

അതുതന്നെയാണ് നമുക്കും നമ്മുടെ നാടിനും നല്ലത്..എന്ന് പറഞ്ഞുകൊണ്ട് പത്രം മടക്കി ബഞ്ചിലേക്കിട്ട് പട്ടാളം ഗോപാലപിള്ള എഴുന്നേറ്റ് സാവധാനം വീട്ടിലേക്ക് നടന്നു.

പിന്നാലെ മറ്റുള്ളവരും എഴുന്നേറ്റ് കൈ കഴുകാൻ തിടുക്കം കൂട്ടി.

അലമാരയിൽ അലസതയോടെ സംസാരം കേട്ടിരുന്ന പുട്ടും ദോശയും പരസ്പരം നോക്കി നെടുവീർപ്പിട്ടു...!


അമൃത ലക്ഷ്മി
8C എച്ച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ