ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ഹരിത ഓഫീസ്
ഹരിത ഓഡിറ്റ്
വിദ്യാലയ പ്രദേശത്തെ മണ്ണും ജലവും വായുവും മലിനമാകാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പദ്ധതികൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജലസംരക്ഷണത്തിന്റെ ഭാഗമായി 2 മഴവെള്ള സംഭരണികൾ വിദ്യാലയത്തിൽ ഉണ്ട്.കൂടാതെ രണ്ട് കിണറും ഒരു കുഴൽ കിണറും ഒരു കുളവും വിദ്യാലയത്തിനുണ്ട്. ഈ ജലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മഴക്കുഴികൾ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചുവരുന്നു.
മണ്ണ് മലിനമാകാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ കമ്പോസ്റ്റ് പിറ്റ് നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ജൈവം അജൈവം എന്നിങ്ങനെ തിരിച്ച് മാലിന്യങ്ങൾ സംസ്കരിക്കുന്നു. വിദ്യാലയ പരിസരത്ത് മാലിന്യങ്ങൾ കൂടാൻ അനുവദിക്കാതെ പ്രത്യേകം ബാസ്ക്കറ്റുകളിൽ നിക്ഷേപിക്കുന്നു. ക്ലാസ് മുറികളും ഓഫീസും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാണ്. അധ്യാപകരും കുട്ടികളും ഉപയോഗിക്കുന്ന കുപ്പിയും ബാഗും പ്രകൃതിദത്തവും പ്ലാസ്റ്റിക് വിമുക്തവും ആണ്. ഭക്ഷണാവശ്യത്തിനായി സ്റ്റീൽ പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
'വിദ്യാലയം ഹരിതം' എന്നതിന്റെ ഭാഗമായി ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി കൃഷിയും നടത്തിവരുന്നു. ചുറ്റും ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. വിദ്യാലയം ശുചിത്വ മാലിന്യ സംസ്കരണം നടപ്പിലാക്കാൻ പഞ്ചായത്തുകളുടെ സഹായം ഉപയോഗപ്പെടുത്തുന്നു. കൃഷിക്കാവശ്യമായ വെള്ളം എല്ലായിടത്തും എത്തിക്കാൻ സ്പ്രിംഗ്ലർ സ്ഥാപിച്ചിരിക്കുന്നു. മാലിന്യങ്ങൾ ഒഴുകാതെ പ്രത്യേകം ഓടകൾ ക്രമീകരിച്ചിരിക്കുന്നു.
ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാലയം നടപ്പിലാക്കിയതിൻെറ ഫലമായി 10000 ഹരിത ഓഫീസ് ജനകീയ വീഡിയോ മത്സരത്തിൽ തേർഡ്ക്യാമ്പ് സ്കൂൾ പങ്കെടുക്കുകയും മികവ് തെളിയിക്കുകയും ചെയ്തു. വിദ്യാലയം ഹരിതാഭമാക്കി കൊണ്ടാണ് ഈ മികവിലേക്ക് എത്തിയത്. 7.6 k വ്യൂവേഴ്സും 195 ഷെയറും 75 കമൻറുകളും 489 ലൈക്കും സ്കൂളിന് ലഭിച്ചു.
ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഗവൺമെൻറ് എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞു. പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.