സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

പതിവുപോലെ അടുക്കള ആയിരുന്നു ഇന്നത്തെയും എന്റെ തുടക്കം... മൂത്ത  ചേച്ചി ഈ നാട്ടിലല്ല ദൂരെയാണ്... അടുത്ത ചേച്ചിയുടെ മയക്കം സൂര്യൻ ഊണുകഴിക്കാൻ പോവുമ്പഴേ തീരുള്ളുന്നു അമ്മ പറയാറുണ്ട്...  വേറൊന്ന്വല്ല 3 ദിവസായിട്ട് സ്കൂളിൽ പോവണ്ട...അടുപ്പിച്ചുള്ള ലീവ് ആണ്... അല്പനേരത്തെ സഹായത്തിനു ശേഷം അമ്മയോട് റ്റാറ്റാ പറഞ്ഞു ഞാൻ മുറ്റത്തേക്ക് പോയി,  അപ്പൻ വെളുപ്പിനെ പറമ്പിൽ പോയതാണ്... വരുമ്പഴേക്കും മുറ്റം അടിച്ചിട്ടില്ലേൽ മുഖം  മാറും...

         

അന്ന് ഞാൻ ശരിക്കും അത്ഭുതപെട്ടു... മുറ്റമടിക്കുമ്പോഴാണ് എന്റെ ശ്രദ്ധയിൽ ഒരു മാസം മുൻപ് നട്ട ഒരു ചെടി പൂവിട്ടു കണ്ടത്...  ഒരു തൈ കിട്ടി, നട്ടു, അതിലപ്പുറം അത് പൂവിടുമെന്നു ആരും കരുതിയില്ല... ആ പൂവിന്റെ ഭംഗി അത് വേറെ ഒരു അനുഭൂതി എനിക്ക് തന്നു, ഞാൻ ഓടി അമ്മയോട് പറഞ്ഞു, അമ്മ വന്നു നോക്കിയെങ്കിലും എന്റത്ര ആകാംഷ അമ്മക്കില്ല എന്ന് എനിക്ക് മനസ്സിലായി...  പക്ഷെ ആ ചെടി എനിക്ക് അന്നുമുതൽ  വളരെ പ്രിയപെട്ടതെയായിരുന്നു... ദിവസങ്ങൾ കടന്ന് പോയി സ്ഥിരം വഴിപോക്കരായ കൂട്ടുകാർക്കും ചേച്ചിമാർക്കൊക്കെ എന്റെ ചെടി ഇഷ്ടമായിരുന്നു... പക്ഷേ ഒരു പൂവുപോലും പറിക്കുവാൻ ഞാൻ സമ്മതിച്ചിരുന്നില്ല...

ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോഴായിരുന്നു പ്രതീക്ഷിക്കാതെ മഴ പെയ്തത് ഒരു കുടയിൽ ഞാനും കുഞ്ഞേച്ചിയും വീട്ടിലെത്തി... ഒരുപാട് നനഞ്ഞു... എങ്കിലും വഴക്കൊന്നും കേട്ടില്ല... കാരണം ആരും പ്രതീക്ഷിക്കാത്ത മഴ ആയിരുന്നു... വീട്ടിലെത്തി മണിക്കൂറുകൾ കൊണ്ട് മഴ വളരെ ശക്തിയായി പെയ്യാൻ തുടങ്ങി... വാർത്തയിൽ നാളെ ക്ലാസും ഇല്ല,  മഴ നാടിനെ മൊത്തത്തിൽ ഒന്ന് പേടിപ്പിച്ചു..കറന്റ്‌ ഇല്ലാത്തതിനാൽ നേരത്തെ പ്രാർത്ഥിച്ചു കഴിച്ചു... ചേച്ചിയെ വിളിച്ചപ്പഴല്ലേ അവൾക്കാണെങ്കിൽ മഴയും ഇല്ല കാറ്റും ഇല്ല നല്ല ചൂടാണെന്ന സങ്കടം മാത്രം . കാറ്റിന്റെയും ഇടിയുടെയും ശബ്ദം ഒരുപാട് പേടിപ്പിച്ച രാത്രി... പെട്ടെന്ന് എനിക്ക് എന്റെ ചെടിയെ ഓർമ്മ വന്നു...  ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു മനസ്സിൽ... രാവിലെ എണീച്ച് മുറ്റത്തേക്കാണ് ആദ്യം ഓടിയത്,  എന്റെ ചെടി കണ്ടപ്പോൾ എന്റെ കണ്ണ് ഞാനറിയാതെ നിറഞ്ഞു...

ഏവരെയും കൊതിപ്പിച്ച എന്റെ ചെടി നടുവേ ഒടിഞ്ഞു കിടക്കുന്നു... ഇന്ന് എന്റെ ചെടി മരിച്ചു.. ഒരു പെൺകുട്ടി ആയതുകൊണ്ടായിരിക്കണം എന്റെ മനസ്സ് വല്ലാതെ വേദനിച്ചു..., ദിവസങ്ങൾ കടന്ന് പോയി.. ഞാൻ ഓർത്തു ഒരു ദിവസം രാവിലെ വിരിഞ്ഞ ആ ചെടി എന്റെ മനസ്സിന് ഒരുപാട് ഭംഗി നൽകി, സന്തോഷം നൽകി..,  അത് വലുതായപ്പോൾ എല്ലാവരെയും കൊതിപ്പിച്ചു...ഒരു മഴയിൽ ഇല്ലാണ്ടായി... എല്ലാവർക്കും അത് വെറുമൊരു ചെടി ആയിരുന്നെങ്കിലും എനിക്കത്  വിലപ്പെട്ടതായിരുന്നു...

പരീക്ഷയൊക്കെ കഴിഞ്ഞ്  എന്റെ ചേച്ചി വന്ന ദിവസം...ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരുന്നു...അവൾ ആദ്യം എന്നോട് ചോദിച്ചത് എന്റെ ചെടിയെ പറ്റിയായിരുന്നു...  അന്നത്തെ ദിവസത്തിന് ശേഷം ഞാൻ  ആ ഭാഗത്തേക്കു പോയിട്ടില്ല...  താമശ രൂപേണ അവൾ എന്നെ  കളിയാക്കി, ഞാൻ പക്ഷേ ആ ചെടിയെ മറന്നിരുന്നു...രണ്ട് ദിവസം വളരെ സന്തോഷം ആയിരുന്നു രണ്ടാമത്തെ ദിവസം എനിക്ക് വല്ലാത്ത പനി വന്നു..ശരിക്കും ശ്രദ്ധിക്കാത്തത് കൊണ്ടുതന്നെയാണ് പനി കൂടാൻ കാരണം ചെറിയ പനി തോന്നിയപ്പഴേ എനിക്ക് വീട്ടിൽ പറഞ്ഞു ആശുപത്രിയിൽ പോയ മതിയായിരുന്നു.. ആശുപത്രിയിൽ ഒരാഴ്ചയോളം കിടന്നു...ഒരുപാട് കഷ്ടപ്പെട്ടു...,വൈറൽ ഫീവർ ആണ്..., എങ്ങനെ എങ്കിലും ഒന്ന് വീട്ടിൽ എത്തിയാൽ മതിയെന്നായി...പക്ഷേ രോഗം എന്റെ സ്കൂളിലെ പരീക്ഷ വരെ തെറ്റിച്ചു... ചേച്ചിയുമായി സന്തോഷിച്ചു കൊതി തീർന്നില്ലായിരുന്നു..

തൃശ്ശൂരിൽ രണ്ട് ദിവസത്തിനുള്ളിൽ ട്രെയിനിങ് നു ജോയിൻ ചെയ്യണമെന്ന് മെയിൽ വന്നു അവൾ പോയി... ആശുപത്രിയിൽ നിന്നും തിരിച്ചു വന്ന അന്ന് ഞാൻ ശരിക്കും വിഷമിച്ചു.... വൈകുന്നേരം... എന്നെ കൂടുതൽ വിഷമിപ്പിച്ചു... മരുന്നിന്റെ ശക്തികൊണ്ടായിരിക്കാം വേഗം കിടന്നുറങ്ങി...പിറ്റേദിവസം കുഞ്ഞേച്ചി ക്ലാസ്സിൽ പോയി, ഞാൻ പോയില്ല... ഒറ്റപെട്ട പകൽ, വൈകുന്നേരം ആയപ്പഴേക്കും പനി ഒക്കെ ശരിക്കും കുറഞ്ഞു,... ആർക്കും ഇങ്ങനെ പനി വരുത്തല്ലേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു...

പിന്നെ ദൈവത്തിനെ പറഞ്ഞിട്ടും കാര്യല്ല കൊറേ ഒക്കെ നമ്മളും ശ്രദ്ധിക്കണം..., ഒരു കുളിയൊക്കെ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി... അന്ന് ആദ്യം എന്റെ കണ്ണ് പോയത് എന്റെ ചെടിയിലേക്കായിരുന്നു...ശരിക്കും അത്ഭുതപ്പെട്ടു.. നടുവേ ഒടിഞ്ഞു പോയ എന്റെ ചെടി വീണ്ടും പൂവിട്ടിരിക്കുന്നു., വിശ്വസിക്കാനായില്ല... അടുത്ത് ചെന്നപ്പോൾ കൊറേ തൈകൾ മുളച്ചു പൊന്തിയിരിക്കുന്നു... പേര് പോലും അറിയാത്ത ആ ചെടി എന്റെ മനസ്സ് ഒരുപാട് സന്തോഷിപ്പിച്ചു... ഇച്ചരെ അഹങ്കാരത്തോടെ അമ്മയെ വിളിച്ചു കാണിച്ചു... കുഞ്ഞേച്ചി വന്നപ്പോൾ അവളും കണ്ടു...സന്തോഷായി... പ്രാർത്ഥന കഴിഞ്ഞു കഴിക്കുന്നതിന് മുൻപ് ചേച്ചി വിളിച്ചു അവളുടെ ട്രെയിനിങ് ഞങ്ങടെ നാട്ടിലോട്ടു ആകിയത്രെ... അടുത്ത ദിവസം തന്നെ പോരാം... ഒരുപാട് സന്തോഷായി... മാത്രല്ല പനി ആയിരുന്നപ്പോ എനിക്ക് എഴുതാൻ പറ്റാത്ത പരീക്ഷ...എന്തോ കാരണത്താൽ മാറ്റിവച്ചിരുന്നു എന്നും അറിഞ്ഞു...

അടുത്ത പ്രഭാതം സന്തോഷത്തിന്റേതായിരുന്നു... അഹങ്കാരത്തോടെ എന്റെ ചെടി വീണ്ടും ഉയർന്നു നിന്നു,... എനിക്ക് നഷ്ടപെട്ട ചെറിയ സങ്കടങ്ങൾ വലിയ സന്തോഷങ്ങളായി... ഓരോ ചെറിയ സന്തോഷങ്ങളും ചെറുതല്ല... വലിയ സങ്കടങ്ങൾ വലുതും അല്ല.... എന്ന് എനിക്ക് മനസ്സിലായി...

ജീവിതമാണ് സങ്കടങ്ങൾ ഉണ്ടാകാം, സന്തോഷങ്ങൾ ഉണ്ടാവാം ചെറിയ ഒരു പനി പോലും നമ്മളുടെ സാധാരണ ജീവിതത്തെ കഷ്ടപെടുത്തിയേക്കാം,... എന്റെ ഈ കൊച്ചു കഥ, ഒരു കാര്യം ചിലരിൽ തുറന്നു കാണിച്ചേക്കാം....ഇന്ന് നാം കടന്നു പോകുന്ന ഈ ഒരു അവസ്ഥ വലുതാണ്, പക്ഷേ ഒരു സുപ്രഭാതത്തിൽ അത് മാറി ഓരോരുത്തരുടെയും മനസ്സിൽ പുതിയ പൂവിരിയിക്കാനുള്ളതാണ്... ഒരു ചെടി മഴയും കാറ്റും കൊണ്ട് വീണു... പക്ഷേ ആ ചെടിയിൽ വീണ്ടും പൂ വിരിഞ്ഞു.... നമ്മൾ മനുഷ്യരാണ് നമ്മുടെ മനസ്സിലെ പൂവ് വിരിയിക്കേണ്ടത് നമ്മളാണ്... നാളത്തെ പ്രഭാതം മനോഹരമാക്കുവാൻ.. ഇടിയും മഴയുമാകുന്ന ചിലതിനെ അതിജീവിക്കേണ്ടതുണ്ട്... മനസ്സുകൊണ്ടും അതുപോലെ പ്രവർത്തി കൊണ്ടും....

ആൽഫി വിൻസെന്റ്
+1 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ