സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കഥ

പ്രിയപ്പെട്ടവരെ ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചൈനയിലെ ഒരു ഘോര വനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ ഒരു കുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ഞാൻ. നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവിയുടെ ആന്തരികാവയവങ്ങളിൽ ആണ് ഞങ്ങൾ വാസസ്ഥാനം കണ്ടത്താറുള്ളത്. പുറത്തുവന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥകഴിയും. എലി, പെരുച്ചാഴി, പന്നി, വവ്വാൽ, കൊതുക്, കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി തിരഞ്ഞെടുക്കാറ്. അവയുടെ വയറ്റിൽ ആകുമ്പോൾ ശല്യങ്ങൾ ഒന്നും ഇല്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ പാൽ തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല. ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നുവന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം ജീവികളെ വെടിവെച്ചു വീഴ്ത്തി. കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടുപന്നിയും ചത്തുവീണു. മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി. വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഞാൻ പേടിച്ചു വിറച്ചു. ചൈനക്കാരുടെ ഇഷ്ടവിഭവമാണല്ലോ കാട്ടുപന്നി. തൊലിയുരിച്ച് കമ്പിയിൽ കോർത്ത് മസാല പുരട്ടി പൊരിച്ചു തിന്നു. കൂട്ടത്തിൽ ഞാനും ചാമ്പലാകും.എൻറെ ഭാഗ്യത്തിന് ഇറച്ചിവെട്ടുകാരൻ ആന്തരികാവയവങ്ങൾ എടുത്തു പുറത്തുകളഞ്ഞു. തക്കത്തിന് ആ ചെറുപ്പക്കാരന്റെ കൈകളിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിലേക്ക്. ഇനി 14 ദിവസം സമാധിയാണ്. ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത്. കോശവിഭജനം വഴി ഒന്നിൽനിന്ന് രണ്ടാവാനും രണ്ടിൽ നിന്ന് നാലാവാനും പിന്നെ ആയിരങ്ങൾ ആവാനും ലക്ഷങ്ങൾ ആവാനും കോടികൾ ആവാനും ഞങ്ങൾക്ക് ഈ 14 ദിവസം ധാരാളം മതി.ഞാൻ ശരീരത്തിൽ കയറി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തുമ്മലും ഒക്കെ തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എൻറെ കുഞ്ഞുങ്ങൾ ചൈനകാരൻറെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരത്തിൽ കയറിപ്പറ്റി രോഗ സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. പാവം ചൈനക്കാരൻ ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശങ്ങളിൽ പഴുപ്പുമുണ്ടായിരുന്നു. ന്യൂമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത്. അതിനുള്ള ചികിത്സയും തുടങ്ങി. പക്ഷെ അഡ്മിറ്റായ ആറാംദിവസം ചൈനക്കാരൻ മരിച്ചു. ഞാൻ ആ മൃതശരീരത്തിൽ നിന്നും വേഗം ഡോക്ടറുടെ ശരീരത്തിൽ കയറിപ്പറ്റി. എന്റെ പൊന്നുമക്കൾ കളി തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ കൂടുവിട്ട് കൂടു മാറി കൊണ്ടിരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ഫലിക്കാതെ യായി. മാരകമായ പനി, ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക് വന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് നിരത്തുകളിലൂടെ ആംബുലൻസുകൾ ചീറിപ്പാഞ്ഞു.ലോകം പകച്ചുനിന്നു, ഗവേഷകർ തല കുനിച്ചു. ഈ രോഗത്തിന് കാരണക്കാരനായ അണു എവിടെ നിന്ന് വന്നു? ഇതിന് പ്രതിവിധിയെന്ത്? അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ ശിശിരനിദ്ര അവസാനിപ്പിച്ചു ഞാൻ ഉത്തരവാദിത്വത്തിലേക്ക് കടന്നു. ഡോക്ടർ അത്യാസന്നനിലയിൽ ആയി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അന്ത്യനിദ്ര പോവുകയും ചെയ്തു. പക്ഷേ കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. ഞാൻ നോവൽ കൊറോണ വൈറസ്.കഴിഞ്ഞ വർഷങ്ങളിൽ സാർസ് രോഗം പകർത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് രൂപാന്തരം പ്രാപിച്ച പുതിയ അവതാരം. വൈറസുകളുടെ കൊടിക്കൂറ ലോകമെങ്ങും പാറിക്കാൻ പിറവിയെടുത്ത കലിയുഗ ചക്രവർത്തി. എനിക്ക് പുതിയ ഒരു പേരും കണ്ടെത്തി, കോവിഡ് 19. പിന്നീട് എൻറെ ജൈത്രയാത്ര ആയിരുന്നു.ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിന്റെയും കോട്ട കൊത്തളങ്ങൾ ആയ അമേരിക്ക, ഇറ്റലി, ജർമനി, ബ്രിട്ടൻ, സ്പെയിൻ, അറേബ്യ, പേർഷ്യ ഇപ്പോഴിതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും എത്തിച്ചേർന്നിരിക്കുന്നു. മനുഷ്യ സ്നേഹത്തിൻറെയും മതേതരത്വത്തിനും നാട്. പുഴകളുടെയും പ്രവാസികളുടെയും പറുദീസ. അറിയൂ എനിക്കും ഒരു ഹൃദയം ഉണ്ട്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിക്കാറുണ്ട്. അന്ത്യശ്വാസം വലിക്കുന്ന വൃദ്ധരുടെ വിറക്കുന്ന വിരലുകളിൽ ഞാൻ ചുംബിക്കാറുണ്ട്. പക്ഷേ ഇത് എൻറെ ദൗത്യമാണ്. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ തമ്പുരാനായ പ്രകൃതി ഏൽപ്പിച്ചു തന്ന ദൗത്യം. സംഹാരം എന്ന അലങ്കരനീയമായ ഒരു ദൗത്യം. പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൗത്യം. അതുകൊണ്ട് ഈ യാത്ര തുടർന്ന് മതിയാവൂ. എനിക്ക് തോൽക്കാൻ ഇഷ്ടമാണ് . മനുഷ്യരാശിയുടെ മുന്നിൽ. മനുഷ്യരില്ലെങ്കിൽ ഈ ഭൂമി എന്തിന് കൊള്ളാം. മൃദുല മനോഹരമായ വിരലുകളാൽ നിങ്ങൾ മീട്ടുന്ന ജീവിതമെന്ന സംഗീതമാണ് ആണ് ഈ കൊച്ചു ഭൂമിയെ മുഖരിതമാക്കുന്നത്. തിരിച്ചറിഞ്ഞ നിലക്ക് അധികം താമസിയാതെ എനിക്കെതിരെ മരുന്ന് കണ്ടെത്തും എന്നായി. മഹാമാരിയും ലോക യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് അനുസൃതം മുന്നോട്ട് കുതിക്കുന്ന മനുഷ്യനെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ നിസ്സാരനായ ഞാൻ ആര്. പക്ഷേ ഈ യുദ്ധം ജയിച്ചാലേ ഇനി നിങ്ങൾക്ക് മുന്നോട്ടു പോകാനാവൂ. തോറ്റു തരാൻ ഞങ്ങൾ തയ്യാറല്ല. യഥാർത്ഥ യുദ്ധത്തിൽ സമനിലയോ സന്ധിയോ അനുവദനീയം അല്ലല്ലോ. അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എൻറെ ആഗ്രഹം.

ഷഹബാസ് ടി
7A സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ