സഹായം Reading Problems? Click here


സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ്. സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ് .

ചരിത്രം

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ (22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.

ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തിൽ ഗേൾ ഗൈഡ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇന്ത്യയിൽ

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ , മദ്രാസ്‌ , ബോംബെ , ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.

ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി മദൻ മോഹൻ മാളവ്യ , ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന തുടങ്ങി. മദ്രാസ്‌ കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ്‌ സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി. ഇത് പോലെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.

ഈ എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാൻ സ്വാതന്ത്രലബ്ദിക്ക് മുൻപ് പല ശ്രമങ്ങളും നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ പ്രധാന കാരണം പ്രതിജ്ഞയിൽ ബ്രിട്ടീഷ്‌ രാജാവിനോട് കൂറുകാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഇത് സ്വന്തം രാജ്യത്തോട് കൂറുള്ളവരായിരിക്കും എന്നാക്കണമെന്ന് ഇന്ത്യയിലെ ദേശീയനേതാക്കൾ ആവശ്യപ്പെട്ടു.

സ്വാതന്ത്രാനന്തരം

സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു , വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ് , മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.

ഗേൾ ഗൈഡ് അസോസിയേഷൻ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയിൽ ഔദ്യോഗികമായി ചേർന്നു. ബി.ഐ.നാഗർലേയാണ് ഇപ്പോഴത്തെ ദേശീയ കമ്മീഷണർ.

നിർവചനം

ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം

പ്രവർത്തനങ്ങൾ

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.


വിഭാഗങ്ങൾ

അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

സ്‍കൗട്ടുകൾ

 • കബ്ബുകൾ - 5 മുതൽ 10 വരെ വയസ്സുള്ള ആൺകുട്ടികൾ
 • സ്‍കൗട്ടുകൾ - 10 മുതൽ 17 വരെ വയസ്സുള്ള ആൺകുട്ടികൾ
 • റോവറുകൾ - 16 മുതൽ 25 വരെ വയസ്സുള്ള ആൺകുട്ടികൾ

ഗൈഡുകൾ

 • ബുൾബുളുകൾ - 6 മുതൽ 10 വരെ വയസ്സുള്ള പെൺകുട്ടികൾ
 • ഗൈഡുകൾ - 10 മുതൽ 18 വരെ വയസ്സുള്ള പെൺകുട്ടികൾ
 • റയിഞ്ചറുകൾ - 18 മുതൽ 25 വരെ വയസ്സുള്ള പെൺകുട്ടികൾ

മുദ്രാവാക്യം

 • കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best)
 • സ്കൌട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared)
 • റോവറുകൾ/റയിഞ്ചറുകൾ - സേവനം (Service)

പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും
മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും
എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

നിയമങ്ങൾ

 1. ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
 2. ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
 3. ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
 4. ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
 5. ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
 6. ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
 7. ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
 8. ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
 9. ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.

അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ

പ്രവേശ്‌

സ്കൌട്ട്/ഗൈഡ് അംഗത്വ പുരസ്കാരം.

പ്രഥമ സോപാൻ

അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പിൽ തന്നെ വിവിധ പരീക്ഷകൾ നടത്തിയാണ് പ്രഥമ സോപാൻ പുരസ്കാരം നൽകുന്നത്.

ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ചതിനു ശേഷം ദ്വിതീയ സോപാൻ സിലബസനുസരിച്ചുള്ള വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിലുള്ള അറിവും പരിശോധിച്ച് ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ പുരസ്കാരം നൽകുന്നത്.

തൃതിയ സോപാൻ

ദ്വിതീയ സോപാൻ ലഭിച്ചതിനു ശേഷം തൃതിയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അസോസിയേഷനാണ് തൃതിയ സോപാൻ പുരസ്കാരങ്ങൾ നൽകുന്നത്.

രാജ്യപുരസ്കാർ സ്കൗട്ട്/ഗൈഡ്

സംസ്ഥാനങ്ങളിലെ സ്കൌട്ട് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. ഇന്ത്യയിലെ സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്.

രാഷ്ടപതി സ്കൗട്ട്/ഗൈഡ്/റോവർ/റയിഞ്ചർ

ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.


"https://schoolwiki.in/index.php?title=സ്കൗട്ട്_%26_ഗൈഡ്സ്&oldid=396575" എന്ന താളിൽനിന്നു ശേഖരിച്ചത്