ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. തിരുവനന്തപുരത്തെ കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു പൂന്തുറ. 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. സിസ്റ്റർ പി ജെ അന്നാമ്മ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി. പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1999 മുതലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്. 46 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം പടിപടിയായി ഉയർന്ന് ഇന്ന് 2500 കുട്ടികളും 56 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി ഉയർന്നിരിക്കുന്നു. ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് ഈ വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തു, നാഗരികതയുടെ അനുഭവങ്ങൾ ഒന്നും അറിയാതെയും ഒരു പരിധിവരെ ഒന്നും മോഹിക്കാതെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടുകഴിഞ്ഞ മൽസ്യത്തൊഴിലാളികളായ ഒരു വലിയ സമൂഹവും, പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാൻ മടിച്ചുനിന്നിരുന്ന മുസ്‌ലിം സമൂഹവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തു കനോഷ്യൻ സിസ്റ്റേഴ്സ് തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തനം ഇന്ന് അറുപതുവർഷം പിന്നിട്ടപ്പോൾ അത് ഈ സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം ഈ സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഈ വളർച്ചയുടെ ദാതാവും ശക്തിയുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഈ സ്‌ഥാപനത്തിലെ ഓരോ അംഗവും ശിരസ്സുനമിക്കുന്നു .