സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/കൺകണ്ട ദൈവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൺകണ്ട ദൈവങ്ങൾ

         വരുണിന് അവന്റെ മുത്തശ്ശനെ വളരെയധികം ഇഷ്ടമായിരുന്നു. ഒരുമുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ് അവന്റെ മുത്തശ്ശനെ. അവിടേക്ക് പോകാൻ ആരും അവനെ അനുവദിക്കില്ല. മുത്തശ്ശന് ഭക്ഷണം കൊടുക്കാനായി അമ്മ പോകുമ്പോൾ വല്ലപ്പോഴും ആ മുറിയിൽ അവനും കയറും. പലദിവസങ്ങളിലും മുത്തശ്ശൻ ഭക്ഷണം കഴിക്കാറേയില്ല. രാവിലെ വച്ച ഭക്ഷണം രാത്രിവരെ അവിടെയിരിക്കും. ഇതുകാണുമ്പോൾ അമ്മ മുത്തശ്ശനെ ചീത്ത പറയും. ആരും കാണാതെ വരുൺ ആ മുറിയിലേക്ക് പോകുമായിരുന്നു. പക്ഷെ പൂട്ടിയിട്ട ആ മുറിയുടെ വാതിൽ തുറക്കുവാൻ അവന് കഴിയുമായിരുന്നില്ല. മുത്തശ്ശനെ കാണാനും സംസാരിക്കാനുമൊക്കെ അവന് വല്ലാത്ത കൊതിയായിരുന്നു.
                                അങ്ങനെയിരിക്കെ ഒരു ദിവസം വരുൺ ആരും കാണാതെ മുത്തശ്ശന്റെ മുറിയുടെ താക്കോലെടുത്ത് മുറി തുറന്നപ്പോൾ കണ്ട കാഴ്‍ച അവന് സഹിക്കാനായില്ല. മുത്തശ്ശൻ കട്ടിലിൽനിന്നും താഴെ വീണുകിടക്കുന്നു. വരുൺ ഓടിച്ചെന്ന് മുത്തശ്ശനോട് ചോദിച്ചു: "എന്തെങ്കിലും പറ്റിയോ? "
മുത്തശ്ശൻ ഒന്നും പറഞ്ഞില്ല. പക്ഷേ കണ്ണുനീർ വരുന്നത് അവൻ കണ്ടു. അവൻ കെട്ടിപ്പിടിച്ച് മുത്തശ്ശനെ ആശ്വസിപ്പിച്ചു:" മുത്തശ്ശന് ഞാനുണ്ട് കേട്ടോ!"
മുത്തശ്ശൻ അവനൊരു ഉമ്മ കൊടുത്തു. അവൻ തിരിച്ചും.മുത്തശ്ശൻ പറഞ്ഞു:" മോനേ നീ ഇവിടെ നിൽക്കേണ്ട . അമ്മയും അച്ഛനും കണ്ടാൽ മോനെ വഴക്കുപറയും. "
വരുൺ പറഞ്ഞു:" ഇല്ല ഞാൻ പോകില്ല. ഞാൻ പോയാൽ ഇനിയും അവർ മുത്തശ്ശനെ പൂട്ടിയിടും."
 പെട്ടെന്ന് ആ മുറിയിലേക്ക് വന്ന വരുണിന്റെ അമ്മ ദേഷ്യത്തോടെ പറഞ്ഞു:" കൊച്ചിനെ വിളിച്ചുവരുത്തി നിർത്തിയിരിക്കുകയാണല്ലേ കിഴവൻ."
 ബഹളം കേട്ട് അച്ഛനും ആ മുറിയിലേക്ക് വന്നു" എന്താ--എന്താ പ്രശ്നം? "
ദാ കണ്ടില്ലേ, ഈ കിഴവൻ നമ്മുടെ മോനെ വിളിച്ചുവരുത്തി നിർത്തിയിരിയ്ക്കുന്നത്?
അപ്പോൾ വരുൺ പറഞ്ഞു:" നിങ്ങളൊന്ന് നിർത്താമോ? നിങ്ങൾക്കറിയാമോ ഞാനീ മുറിയിൽ വന്നപ്പോൾ മുത്തശ്ശൻ താഴെവീണുകിടക്കുകയായിരുന്നു. ഞാനെന്റെ മുത്തശ്ശനെ കാണാൻ വരും. അച്ഛാ, അച്ഛനെ എന്തുമാത്രം ലാളിച്ചിട്ടുണ്ടായിരിക്കാം ഈ മുത്തശ്ശൻ.അമ്മേ, അമ്മയുടെ അച്ഛനോടാണെങ്കിൽ അമ്മ ഇങ്ങനെ ചെയ്യുമോ? നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ടെങ്കി
ൽ എന്റെ മുത്തശ്ശന്റെ അടുത്തുനിന്ന് എന്നെ മാറ്റരുത്. മാതാപിതാക്കൾ കൺകണ്ട ദൈവങ്ങളാണെന്നാണ് എന്നോട് ടീച്ചർ പറഞ്ഞിരിക്കുന്നത്. അമ്മയും അച്ഛനും എന്നോടു ക്ഷമിക്കണം.എനിക്ക് നിങ്ങളെയും എന്റെ മുത്തശ്ശനെയും വേണം."
ഇതുകേട്ടപ്പോൾ ഒന്നും പറയാൻ അവർക്ക് കഴിഞ്ഞില്ല. എങ്കിലും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

മരിയ സിബി
IX E സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് , കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ