സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സൂത്രനും ചിന്നനും

Schoolwiki സംരംഭത്തിൽ നിന്ന്
സൂത്രനും ചിന്നനും

ഒരു കാട്ടിൽ രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. സൂത്രൻ കുറുക്കനും ചിന്നൻ മുയലും. രണ്ടുപേരും അയൽവാസികൾ ആയിരുന്നു. സൂത്രന്റെ ഗുഹയ്ക്കടുത്താണ് ചിന്നന്റെ മാളം. അവർ രണ്ടുപേരും എപ്പോഴും കാടു ചുറ്റാൻ ഇറങ്ങും. അങ്ങനെ ഒരു ദിവസം അവർ പതിവുപോലെ കാട് ചുറ്റാൻ ഇറങ്ങി. ചിന്നൻ സൂത്രനോട് പറഞ്ഞു നമുക്ക് തെക്ക് ഭാഗത്തേക്ക് പോകാം, അവിടെയാണല്ലോ മലനിരകൾ ഉള്ളത്.സൂത്രൻ സമ്മതിച്ചു. അങ്ങനെ അവർ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് അവർ തേന്മാവിന്റെ അടുത്തെത്തി. അവിടെ നിറയെ മാമ്പഴങ്ങൾ വീണു കിടപ്പുണ്ടായിരുന്നു. സൂത്രൻ പറഞ്ഞു നമുക്ക് കുറച്ചു നേരം ഈ തണലിൽ വിശ്രമിച്ചിട്ട് പോകാം. ഒപ്പം മാമ്പഴവും കഴിക്കാം. മാവിന്റെ അരികിലൂടെ ഒരു കാട്ടരുവി ഒഴുകുന്നുണ്ടായിരുന്നു. ചിന്നൻ വെള്ളം കുടിക്കാനായി അരുവിക്ക് അടുത്തെത്തി. സൂത്രൻ മാവിൻ ചുവട്ടിൽ ഇരുന്ന് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. ചിന്നൻ വെള്ളം കുടിക്കുന്നതിനിടയിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കി. അതാ ഒരു വലിയ പെരുമ്പാമ്പ്!. അവിടെ പെരുമ്പാമ്പ് താമസിച്ചിരുന്ന കാര്യം ചിന്നനും സൂത്രനും അറിയില്ലായിരുന്നു. പെട്ടെന്ന് പെരുമ്പാമ്പ് ചിന്നനെ വരിഞ്ഞുമുറുക്കി. " ഞാൻ വിശന്നിരിക്കുക യായിരുന്നു. കൃത്യസമയത്ത് നീ വന്നത് നന്നായി ഇന്നത്തെ എന്റെ ഭക്ഷണം നീ തന്നെ "- പെരുമ്പാമ്പ് പറഞ്ഞു. ചിന്നൻ പേടിച്ചു വിറച്ചു. ചിന്നൻ ഒച്ചവെച്ചു നോക്കി. പക്ഷേ പെരുമ്പാമ്പ് പിടിമുറുക്കുകയാണ് സൂത്രനാണെങ്കിൽ ഉണരുന്നുമില്ല. ഏതായാലും സൂത്രൻ ഉണരുന്നതു വരെ പെരുമ്പാമ്പ് തന്നെ തിന്നുന്നത് തടയണം, ചിന്നൻ മനസ്സിൽ വിചാരിച്ചു. ചിന്നൻ പറഞ്ഞു എന്നെ അങ്ങു തിന്നുകൊള്ളു, പക്ഷേ അതിനുമുമ്പ് എനിക്കൊരു ആഗ്രഹമുണ്ട്. മരിക്കുന്നതിനുമുമ്പ് എനിക്ക് കുറച്ച് പുല്ലു തിന്നണം. പെരുമ്പാമ്പ് സമ്മതിച്ചു അവൻ ചിന്നന്റെ പിടിവിട്ടു. ചിന്നൻ പുല്ലു തിന്നാനായി ഇറങ്ങി. അവൻ അതിനിടയിൽ പെരുമ്പാമ്പിനെ ദേഷ്യം പിടിപ്പിച്ചു. പെരുമ്പാമ്പ് ദേഷ്യംകൊണ്ട് പത്തി നീട്ടി. നിന്നെ ഇപ്പോൾ തന്നെ കൊല്ലാൻ പോവുകയാണ്. പെരുമ്പാമ്പിന്റെ സീൽക്കാരം കേട്ട് സൂത്രൻ ഉണർന്നു. കാര്യം മനസ്സിലായ സൂത്രൻ പതിയെ പെരുമ്പാമ്പിന്റെ പിന്നിൽ ചെന്നു ഒരു വലിയ കമ്പെടുത്ത് ഒറ്റയടി കൊടുത്തു. പെരുമ്പാമ്പ് തിരിഞ്ഞുനോക്കി. അവൻ സൂത്രനെ വരിഞ്ഞു മുറുക്കാൻ ശ്രമിച്ചു. സൂത്രൻ അവിടെയുണ്ടായിരുന്ന മരത്തിൽ ചാടിക്കയറിയും ഇറങ്ങിയുമെല്ലാം വളഞ്ഞു പുളഞ്ഞോടി. പെരുമ്പാമ്പ് മരത്തിൽ ഒരു കെട്ടായി മുറുകി പോയി അങ്ങനെയത് ശ്വാസംമുട്ടി ചത്തു. തന്നെ രക്ഷിച്ച സുഹൃത്തിനെ ചിന്നൻ കെട്ടിപ്പിടിച്ചു. അവർ സന്തോഷത്തോടെ യാത്ര തുടർന്നു.


ഗുണപാഠം : ആപത്തിൽ പരസ്പരം സഹായിക്കുന്നവരാകണം ചങ്ങാതിമാർ.
ബിജയ് ബെന്നി
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്, ഗോതുരുത്ത്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ