സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മൂന്നുവശങ്ങളും ജലത്താൽ ചുറ്റപ്പെട്ട മണ്ണിലാണ് നാം ഓരോരുത്തരും ജനിച്ചു വീഴുന്നത്. നമ്മെ വളരാൻ പ്രാപ്തരാക്കുന്നത് മറ്റാരുമല്ല നമ്മുടെ പരിസ്ഥിതിതന്നെയാണ്. ജലം, മണ്ണ്, വായു അങ്ങനെ ഉള്ള ഒട്ടനവധി ഘടകങ്ങളാണ് നമ്മെ കരുത്തരാക്കുന്നത്. ദൈവം മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമായ് കനിഞ്ഞുനല്കുന്നതാണ് സുന്ദരവും അനുയോജ്യവുമായ പരിസ്ഥിതി. മരങ്ങൾ തിങ്ങിനിറഞ്ഞ മഴക്കാടുകൾ പ്രധാനം ചെയ്യുന്ന ശുദ്ധമായ വായു നമ്മെ രോഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ചെറുത്തു നിർത്തുന്നു. ശുദ്ധമായ വായു, ജൈവാംശം അടങ്ങിയ മണ്ണ്, ശുദ്ധമായ ജലം കാറ്റ് ഇവ ഓരോന്നും നമ്മുടെ ലോകമെമ്പാടുമുള്ള ജീവജാലങ്ങളെ സംരക്ഷിക്കുന്നു. ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് മനുഷ്യനാണ് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്. എന്നാൽ അതിനെ വലിയ രീതിയിൽ വികസിപ്പിക്കുന്നത് ശുദ്ധമായ നമ്മുടെ ചുറ്റുപാടാണ്. ശുദ്ധ്മായ വായു നമ്മുടെ ചിന്താശക്തിയെ വികസിപ്പിക്കുന്നു. നിശ്ചിത കാലഘട്ടത്തിൽ ലഭിക്കുന്ന മഴ, വേനൽ, ശിശിരം ഇതെല്ലാമൊരു നല്ല പരിസ്ഥിതിയെ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഈ പരിസ്ഥിതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒരു നല്ല പരിസ്ഥിതിക്കു ആവശ്യം വളരെ ശുചിത്വമേറിയ ചുറ്റുപാടാണ് . ഒരു മനുഷ്യനാകട്ടെ പക്ഷിയാവട്ടെ ഏതൊരു ജീവജാലത്തിനും ആവശ്യമേറിയ ഒന്നാണ് ശുചിത്വം. ശുചിത്വം പലതരത്തിൽ ഉണ്ട്: വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയാണ് പ്രധാനം.പഴയകാലത്തെ മുത്തശ്ശിമാർ പറയാറുണ്ട് സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ നാം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയാക്കണം എന്ന്. കേൾക്കുമ്പോൾ വളരെ പരിഹാസമായി തോന്നിയേക്കാം, എന്നാൽ വെറുതെ പറയുന്നതോ തള്ളികളയേണ്ടതോ ആയവാക്കുകളല്ല അത്. വ്യക്തി ജീവിതത്തിൽനാം ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒരു പ്രധാന കാര്യമാണ് പരിസര ശുചിത്വം. ഓരോ വ്യക്തിയും വിചാരിച്ചാൽ നമുക്ക് നമ്മുടെ നാടിനെ ശുചിത്വം ഉള്ളതാക്കാം. ഒരു നാട് ശുചിത്വമേറിയതായാൽ നമ്മുടെ ലോകം തന്നെ ശുചിത്വമേറിയതാവും. ശുചിത്വമുള്ള ഒരു നാടിനു മാത്രമേ നല്ലൊരു പ്രകൃതിയെ വാർത്തെടുക്കാൻ കഴിയുകയുള്ളു. എന്നാൽ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി അതിലെ ചപ്പ് ചവറുകൾ മറ്റുള്ളവരുടെ പുരയിടത്തിൽ വലിച്ചെറിയുന്നതു നല്ലൊരു പ്രവൃത്തിയേ അല്ല. അത് നാടിന്റെ നാശത്തിലേക്ക് നയിക്കുകയുള്ളൂ. ജൈവ അവശിഷ്ടങ്ങൾ ചെടികൾക്കു വളമായി മാറ്റുകയും , പ്ലാസ്റ്റിക് പോലുള്ളള അവശിഷ്ടങ്ങളെ പുനർ നിർമിച്ചു ഉപയോഗിക്കാൻ ശീലിക്കുകയും വേണം. അതുപോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വം. രോഗപ്രതിരോധം എന്നത് ശുചിത്വമുള്ള ശരീരത്തെ സൂചിപ്പിക്കുന്നു. എന്താണ് പ്രതിരോധം എന്ന് ചോദിച്ചാൽ എന്തിനെയും തടയാനുള്ള ഒരു വ്യക്തിയുടെ കഴിവ്. വ്യക്തി എന്ന നിലയിൽ ഒരു മനുഷ്യനെ കണക്കാക്കിയാൽ പ്രതിരോധം അത്യാവശ്യം ആണ്. ഇന്നത്തെ ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരെയും വലച്ചുകൊണ്ടിരിക്കുന്നത് പലതരത്തിലുള്ള രോഗങ്ങളാണ്. ഓരോന്നും ഓരോ വ്യത്യസ്ത പേരിൽ അറിയപ്പെടുന്നു. രോഗങ്ങളുടെ പേരുകളിൽ വ്യത്യാസമുണ്ടെങ്കിലും ഓരോന്നിനുമുള്ള മരുന്നുകണ്ടുപിടിക്കാൻ പോലും നമ്മുടെ ലോകത്തിനു കഴിഞ്ഞിട്ടില്ല. കാരണം ഒരിക്കലും അത് നമ്മുടെ ശാസ്ത്ര ലോകത്തിന്റെ പരാജയമല്ല. അത്രയും ശക്തമാണ് ഇന്നത്തെ ഓരോ രോഗാണുവും. വന്നുകഴിഞ്ഞാൽ ചികിൽസിക്കാം .എന്നാൽ വരാതെ രോഗങ്ങളെ തടഞ്ഞാൽ നമുക്ക് നല്ലൊരു നാളെയെ വാർത്തെടുക്കാം. രോഗപ്രതിരോധത്തോടെ നമ്മുടെ ശരീരത്തെ വാർത്തെടുക്കേണ്ടത് നാം ഓരോരുത്തരുമാണ്. രോഗാവസ്ഥ വളരെ കഠിനമായിരിക്കും. ഒരിക്കൽ അനുഭവിച്ചു കഴിഞ്ഞവർക്ക് മാത്രമേ അതിന്റെ ദുഃഖത്തെ കുറിച്ച് അറിയാൻ ആവുകയുള്ളൂ. രോഗം നമ്മുടെ ശത്രുക്കൾ ആണെങ്കിൽ അവരെ വാളുകൾ യേന്തിയ യോദ്ധാവിനെപോലെ ചെറുത്തുനിർത്താൻ നമുക്ക് കഴിയണം. ഒരു മനുഷ്യ ആയുസ്സിനെ നിലനിർത്താൻ ആവശ്യമായ ഘടകങ്ങൾ ആണ് പരിസ്ഥിതി, രോഗപ്രതിരോധം, ശുചിത്വം. ശുചിത്വം ഇല്ലെങ്കിൽ പരിസ്ഥിതിയോ പ്രതിരോധമോ ഉണ്ടാവുകയില്ല. ഇവ മൂന്നും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിക്കും രോഗം എതിരിടുവാനുള്ള കഴിവ് എന്നും ശുചിത്വമുള്ള ചുറ്റുപാടിൽനിന്നു മാത്രമേ ലഭിക്കുകയുള്ളു. പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള പരിസ്ഥിതിയിൽ നിന്നും ആരോഗ്യം ഉള്ള നാളെയെ വാർത്തെടുക്കാൻ കഴിയും. ആരോഗ്യമുള്ള വ്യക്തിക്ക് മാത്രമേ മൂർച്ചയേറിയ വാളിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയുള്ളു. ശുചിത്വത്തെ കൈപിടിക്കുക. നമ്മുടെ നാളെയെ വാർത്തെടുക്കുക. ഓർക്കുക, ശുചിത്വമുള്ള പരിസ്ഥിതി ആരോഗ്യം ഉള്ള ലോകം. ചിന്തിക്കുക.... പ്രവർത്തിക്കുക. ശുചിത്വ ഭാരതം ലക്ഷ്യമിടുക.

കാർത്തിക. കെ
9 K1 സെന്റ് മേരീസ് എച്ച്.എസ്.എസ് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം