സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണയുടെ അന്ത്യം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ അന്ത്യം

ഞാൻ നല്ല ഉറക്കത്തിലായിരുന്നു പെട്ടെന്ന്എന്റെ മുഖത്തേക്ക് മഴ പെയ്തതുപോലെ. ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു ഉണ്ണിക്കുട്ടൻ ഒരു കള്ളച്ചിരിയോടെ എന്റെ കട്ടിലിന്റ അരികിൽ നിൽക്കുന്നു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ അവനെ കൈനീട്ടി പിടിക്കാൻ നോക്കിയപ്പോൾ അവൻ മുറിയിൽ നിന്നും ഇറങ്ങിയോടി .അമ്മയാണ് അവന്റെ ലക്ഷ്യമെന്ന് എനിക്കു മനസ്സിലായി. ഞാനും പുറകെ ഓടി. അമ്മ ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. ഞാനും ഉണ്ണിക്കുട്ടനും അമ്മയ്ക്ക് അരികിലേക്ക് ചിരിച്ചുകൊണ്ട് ഓടിയടുത്തു. എപ്പോഴും ഇതെല്ലാം തമാശ ആയി കാണുന്ന അമ്മ ഞങ്ങളെ പെട്ടെന്ന് വഴക്കുപറഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഒരു ആശങ്ക. ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു. അമ്മയോട് കാര്യം തിരക്കി. അപ്പോഴാണ് അമ്മ പറയുന്നത് ചൈനയിൽ നിന്നുമുള്ള ഒരു വൈറസ് ഇപ്പോ ഇന്ത്യയിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന്.ആ വൈറസ് പിടിപെട്ട് ചൈനയിൽ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നുവത്രേ. ഞാൻ അമ്മയുടെ മുഖത്തേക്ക് ആശങ്കയോടെ നോക്കി ചോദിച്ചു. "വൈറസ്?"

"അതെ വൈറസ് .
കൊറോണ അഥവാ covid-19 അത് പിടിപെട്ടാൽ മരുന്നുകൾ കൊണ്ടൊന്നും  ആളുകളെ രക്ഷിക്കാൻ സാധിക്കില്ല എന്നൊക്കെയാണ് വാർത്തയിൽ പറയുന്നത്" അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി. ഞാൻ അക്കാര്യം അപ്പോഴെ വിട്ടു.. സമയം കളയാതെ കുളിച്ചൊരുങ്ങി ക്ലാസിൽ പോകാൻ തയ്യാറായി. ക്ലാസിൽ ചെന്നപ്പോൾ എല്ലാവരും പരീക്ഷ തിരക്കിലാണെന്ന് മനസ്സിലായി .റിവിഷൻ തുടങ്ങിയിട്ടുണ്ട്.  ഉച്ചയായപ്പോൾ ക്ലാസ്സ് ടീച്ചർ വന്നു പറഞ്ഞു "നിങ്ങളെല്ലാവരും ഓഡിറ്റോറിയത്തിലേക്ക് വരണം .അവിടെ കൊറോണയെക്കുറിച്ച് കൂടുതൽ വിവരം നൽകുന്നതിനായി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ആളുകൾ വന്നിട്ടുണ്ട്".

ഹെൽത്തു ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു തന്ന കാര്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ശുചിത്വം പാലിക്കണം, പ്രതിരോധശേഷി നൽകുന്ന ആഹാരസാധനങ്ങൾ കഴിക്കണം ,മാസ്കിന്റെ ഉപയോഗം പിന്നെ sanitizer ഉപയോഗിക്കേണ്ട വിധം ഇവയ്ക്കെല്ലാം പുറമേ ഇടയ്ക്കിടെ കൈകൾ സോപ്പു ഉപയോഗിച്ച് കഴുകണമെന്നും, വീട്ടിലുള്ള പ്രായമായവരെ കൂടുതൽ ശ്രദ്ധിക്കണമെന്നും വിദേശികളിൽ നിന്നാണ് ഈ വൈറസ് ഇവിടേക്ക് പടർന്നെതെന്നുമെല്ലാം അവർ പറഞ്ഞു മനസ്സിലാക്കി തന്നു. വൈകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ ടേബിളിൽ ഒരു വലിയ ടിൻ sanitizer ഇരിക്കുന്നു. ഞാൻ ആദ്യം തന്നെ സോപ്പ് ഉപയോഗിച്ച് കൈ നല്ലവണ്ണം കഴുകിയതിനുശേഷം sanitizer ഉപയോഗിച്ചു. ഉണ്ണിക്കുട്ടൻ അടുത്ത വീട്ടിലെ കുട്ടിയുമായി കളിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ നയത്താൽ അവനെ വിളിച്ചു കൈകൾ രണ്ടും കഴുകി . അവന്റെ കൈകൾ sanitizer ഉപയോഗിച്ചു വൃത്തിയാക്കിച്ചു. സ്കൂളിൽ നിന്നും ലഭിച്ച അറിവുകൾ മുഴുവനും അമ്മയുമായി പങ്കുവെച്ചു.രാത്രിയിൽ ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ സ്കൂളിൽ നിന്നും കേട്ട കാര്യങ്ങളെ പറ്റി ആലോചിച്ചു. കൊറോണ...! കാണാൻ നല്ല ഭംഗിയുള്ള മധുരം നിറഞ്ഞ ഒരു പലഹാരം പോലെ തോന്നും. പക്ഷേ ആ വൈറസ് നമ്മുടെ ലോകത്തെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു . എത്രമാത്രം കൈപ്പേറിയ ദുരന്തങ്ങളാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി .രാവിലെ എഴുന്നേറ്റപ്പോൾ അമ്മയുടെ സംസാരം കേൾക്കാം. ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു. അമ്മ അടുക്കള ഭാഗത്തെ മതിലിനോട് ചേർന്നു നിന്നു അപ്പുറത്തെ ജോർജ് അപ്പൂപ്പനോടും ഗ്രേസി അമ്മൂമ്മയോടും സംസാരിക്കുകയാണ്. അവരുടെ മകൾ സൂസൻ ആന്റിയും ഭർത്താവ് ബേബി അങ്കിളും ഇന്ന് കുവൈറ്റിൽ നിന്ന് വരുന്നുണ്ടെന്ന്. ഞാൻ അത് കേട്ടതും അകത്തേക്ക് പോന്നു. എന്റെ മനസ്സിലേക്ക് ഇന്നലെ സ്കൂളിൽ നിന്നും ലഭിച്ച വിവരങ്ങൾ തെളിഞ്ഞു വന്നു. വിദേശത്തു നിന്ന് വരുന്നവരിൽ കൂടിയാണ് രോഗം പടരുന്നത് . ദൈവമേ...

ഭയത്താൽ എന്റെ ഹൃദയമിടിപ്പ് കൂടി . ഞാൻ അച്ഛനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു . അച്ഛൻ ഞങ്ങളുടെ വാർഡ് മെമ്പറോടും  ജോർജ് അപ്പൂപ്പനോടും ഗ്രേസി അമ്മൂമ്മയോടും അക്കാര്യങ്ങൾ  പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അപ്പോഴേക്കും സൂസൻ ആന്റിയും ബേബി അങ്കിളും എയർപോർട്ടിലേക്ക് എത്തി എന്നുള്ള ഫോൺ സന്ദേശം എത്തി.  അവരോട് ഫോണിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ വരുമ്പോൾ ആരുമായും കോൺടാക്റ്റ് ഉണ്ടാകാത്ത വിധം വീട്ടിലെ മുകളിലെ മുറിയിൽ അവരെ താമസിപ്പിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു .എനിക്ക് സ്കൂളിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിനെ അറിയിക്കാനുള്ള നമ്പർ ഞാൻ അച്ഛന്റ കൈയിൽ നേരത്തെ തന്നെ ഏൽപ്പിച്ചിരുന്നു. അതുകൊണ്ട് അവരും സമയത്ത് എത്തി. ആന്റിയും അങ്കിളിനെയും നിരീക്ഷണത്തിൽ വയ്ക്കുന്നതിനായി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു . കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് വന്നു. അപ്പോഴേക്കും രാജ്യം മുഴുവനും സമ്പൂർണ്ണ ലോക്ഡൗണിലേക്ക് വന്നിരുന്നു .ഞങ്ങൾ എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ രോഗ വിമുക്തരായി വീട്ടിലെത്തി.തങ്ങളെ തേടിയെത്തിയ 

മാധ്യമങ്ങളോട് സൂസൻ ആന്റിയും ബേബി അങ്കിളും പറഞ്ഞു "ഞങ്ങൾക്ക് നന്ദി പറയാൻ ഉള്ളത് ദൈവത്തിനോടും ഗവൺമെന്റിനോടും ആരോഗ്യ പ്രവർത്തകരോടുമാണ്. അതിനെക്കാളുപരി ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് അടുത്ത വീട്ടിലെ കൃഷ്ണ കുമാറിനോടാണ്.". മാധ്യമപ്രവർത്തകർ എന്റെ വീട്ടിലെത്തി എന്റെ അച്ഛനോട് അക്കാര്യം ചോദിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു " ഞാനല്ല ...ഇതിനൊക്കെ കാരണം. എന്നെ ബോധവൽക്കരിച്ചത് എന്റെ ദേവൂട്ടി ആണ്."എന്നിട്ട് അച്ഛൻ ദേവൂട്ടി എന്ന് നീട്ടി വിളിച്ചു. ഞാൻ പുറത്തേക്ക് ഓടിച്ചെന്നപ്പോൾ മുറ്റത്ത് രണ്ടു മൂന്നു പേർ നിൽക്കുന്നത് കണ്ടു. പരിഭ്രമിച്ചു നിന്ന എന്നോട് അച്ഛനും മെമ്പറും കൂട്ടി നടന്നതെല്ലാം പറഞ്ഞു തന്നു. മാധ്യമപ്രവർത്തകരിൽ ഒരു അങ്കിൾ എന്നോട് ചോദിച്ചു "കുട്ടിക്ക് ഈ അറിവ് എവിടെ നിന്നും കിട്ടി "

ഞാൻ  അഭിമാനത്തോടെ പറഞ്ഞു "എന്റെ വിദ്യാലയത്തിൽ നിന്ന്".
മാനസ ഗിരീഷ്
IX K1 സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ