സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും, പാവപ്പെട്ടവർക്കും,സ്ത്രീകൾക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെൺ‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കർത്തവ്യം കർമലീത്ത സന്യാസിനിയായ ദൈവദാസി മദർ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദർ ഏലീശ്വായുടെ പിൻഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ൽ ആലുവയിൽ മദർ മാഗ്ദലിന്റെ നേതൃത്വത്തിൽ അന്നത്തെ സെന്റ് ഫ്രാൻസീസ് പള്ളിയുടെ വികാരിയും കർമ്മയോഗിനികളായ സിസ്റ്റേഴ്സും രക്തം വിയർത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചൽ മേരി പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോൺവെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകൾക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ൽ 1,2 ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു.

അതേസമയം തന്നെ ആലുവ മുൻസിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂൾ‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏൽപ്പിക്കാനുള്ള നടപടികൾ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ദിവാന്റെ കൽപന പ്രകാരം 1932 ൽ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡിൽ സ്ക്കൂൾ ഉത്തരവായി. പിന്നിട് 1940-ൽ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാർത്ഥിനികൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിക്കൊണ്ടു 2000 ത്തിൽ പ്ലസ് ടു ക്ലാസുകൾ അനുവദിക്കുകയുണ്ടായി. 2004-2005ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് യു പി ,ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളിൽ 2000 ത്തിലധികം വിദ്യാർത്ഥിനികൾ അധ്യയനം നടത്തിവരുന്നു. 2008-ൽ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതും 2009-ൽ സംസ്ഥാനതല സ്ക്കൂൾ യുവജനോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വർണ്ണ ത്തൂവലുകളാണ്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപേലെ മികവു പുലർത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാർഡും കരസ്ഥമാക്കി വരുന്നു.