സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കൈകഴുകിയോ?...
കൈകഴുകിയോ?...
അപ്പു നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. സാജുവിന്റെയും ലീലയുടെയും ഏകമകനാണ്. എല്ലാ കാര്യങ്ങളും അറിയാമെങ്കിലും എല്ലാറ്റിനോടും അലസ മനോഭാവമാണ് അപ്പുവിന്. സ്കൂളിൽ നിന്നു വന്നാൽ അയൽപക്കത്തുള്ള കുട്ടികളുമൊത്ത് കളിക്കുക അപ്പുവിന്റെ ശീലമാണ്. അന്നും പതിവുപോലെ അപ്പു കളിക്കാൻ പോയി. തിരിച്ചു വന്നപ്പോൾ അമ്മ അവന് ഭക്ഷണം തയ്യാറാക്കി വച്ചിരുന്നു. "മോനേ, ഭക്ഷണം കഴിക്ക് ." അമ്മ പറഞ്ഞു.കളി കഴിഞ്ഞ് വന്ന പാടേ ആർത്തിയോടെ അവൻ വയറു നിറയെ ആഹാരം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവന് വയറുവേദനിക്കാൻ തുടങ്ങി. ഛർദ്ദിയും ആരംഭിച്ചു. സാജുവും ലീലയും ഉടനെ തന്നെ ഓട്ടോറിക്ഷയിൽ അപ്പുവിനേയും കൊണ്ട് ആശുപത്രിയിലേക്കു പോയി. പരിശോധനകൾക്കിടയിൽ ഡോക്ടർ ചോദിച്ചു. " ഭക്ഷണം കഴിക്കുന്നതിനു മുമ്പ് മോൻ കൈ കഴുകാറുണ്ടോ?"അവൻ അമ്മയുടെയും ഡോക്ടറുടെയും മുഖത്തേക്കു മാറി മാറി നോക്കി. തല കുനിച്ചു കൊണ്ട് അവൻ പറഞ്ഞു. "അമ്മ പറയാറുണ്ടെങ്കിലും ഞാൻ ഒരിക്കലും കൈ കഴുകാറില്ല." "കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ കയ്യിൽ പറ്റിയിരിക്കുന്ന അഴുക്കും പല രോഗാണുക്കളും ഭക്ഷണത്തോടൊപ്പം വയറ്റിൽ പോകും .തന്മൂലം ഇതുപോലുള്ള പല രോഗങ്ങളൂം വരും." ഡോക്ടർ പറഞ്ഞതെല്ലാം അവൻ ശ്രദ്ധയോടെ കേട്ടു നിന്നു. അപ്പോൾ മുതൽ അവൻ ഒരു പുതിയ തീരുമാനമെടുത്തു.' ഇനിയൊരിക്കലും ഞാൻ കൈ കഴുകാതെ ഭക്ഷണം കഴിക്കില്ല.'
|