സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2025-26
ജൂൺ 2 പ്രവേശനോത്സവം
സെന്റ് തോമസ് ഇ എൽ പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം സാമൂചിതമായി ആഘോഷിച്ചു വാർഡ് മെമ്പർ സജി യു എസ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‍മാസ്റ്റർ ബിനോജ് ജോൺ അധ്യക്ഷത വഹിച്ചു. പുതുതായി സ്കൂളിൽ വന്ന കുട്ടികൾക്ക് പേര് എഴുതിയ കിരീടവും ബലൂണും നൽകി കൊണ്ട് ആദരിച്ചു. കുട്ടികൾക്ക് സമ്മാന പ്പൊതിയും മധുരപലഹാരവും വിതരണം ചെയ്‌തു. സ്കൂളും, പരിസരവും കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കെടുത്ത മനോഹരമായ പരിപാടി ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്.
ജൂൺ 5.പരിസ്ഥിതി ദിനം.
പടിഞ്ഞാറത്തറ സെൻ്റ്.തോമസ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും പൂച്ചെടികളും സ്കൂൾ മുറ്റത്തും പരിസരങ്ങളിലുമായി നട്ടു. മുൻവർഷങ്ങളിൽ നട്ട ചെടികൾക്ക് വേലികെട്ടി സംരക്ഷണം നൽകി.മാലിന്യ സംസ്കരണ ബോധവത്കരണം നടത്തിയശേഷം മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കി.പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും കുപ്പികളും വേറെ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്..പ്ലാസ്റ്റിക് പരിസ്ഥിതിക്ക് നൽകുന്ന ദോഷങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശിപ്പിച്ചു.സംഭാഷണമില്ലാത്ത മറ്റൊരു ആനിമേഷൻ വീഡിയോ നൽകിയശേഷം മനസ്സിലാക്കിയ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കുറിപ്പ് തയ്യാറാക്കി.പരിസ്ഥിതി സംരക്ഷണ പോസ്റ്ററുകൾ നിർമ്മിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാണ് പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നടത്തിയത്.
മാതൃഭൂമി സീഡ് ക്ലബ്ബിൻ്റ ഉദ്ഘാടനം
മാതൃഭൂമി സീഡ് ക്ലബ്ബിൻ്റ 2025-26 അധ്യായന വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു. മരത്തിൽ ഇലകളും പൂക്കളും കുട്ടികൾ കയ്യൊപ്പിട്ട് പൂർത്തിയാക്കി. മരങ്ങളും ചെടികളും പ്രകൃതിക്ക് നൽകുന്ന സംഭാവനകൾ മനസ്സിലാക്കുന്നതിനും മരങ്ങൾ വെട്ടി മുറിക്കരുത് എന്ന ചിന്തയുണർത്തുന്നതിനും കുട്ടികൾക്ക് രസകരമായ ഒരു പ്രവർത്തനമായി ഇത് മാറി ആഗോള പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന 2025 വർഷത്തെ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറി.
വൺഡേ ടു നോളജ്
വിദ്യാർത്ഥികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി മുൻവർഷം സ്കൂളിൽ നടത്തിവരുന്ന വൺഡേ ടു നോളജ് പരിപാടി ഈ വർഷവുംസ്കൂളിൽ നടത്തിവരുന്നു. ഓരോ ദിവസവും കൊടുക്കുന്ന ചോദ്യങ്ങൾ ആസ്പദമാക്കി പ്രതിമാസ ക്വിസ് മത്സരം വിദ്യാർത്ഥികൾക്ക് നടത്തപ്പെടുന്നു. വർഷാവസാനം മേകാ ക്വിസ് മത്സരമായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നടത്തുന്നതാണ്. സമകാലീന സംഭവങ്ങളെ കുറിച്ച് ധാരണ നേടുന്നതിന് ഈ പരിപാടി കുട്ടികളെയും രക്ഷിതാക്കളേയുെം സഹായിക്കുന്നു.
പുകയില രഹിത വിദ്യാലയം
വിദ്യാലയവും പരിസരവും പുകയിലരഹിതവും ഡ്രൈ ഡേ ആചരണത്തിലൂടെ രോഗവിമുക്തവുമാക്കി മാറ്റുന്നതിനുള്ള ബോധവൽക്കരണ സന്ദേശവുമായി പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. ഖമറുന്നിസ വിദ്യാലയത്തിലെത്തി വേണ്ട നിർദ്ദേശങ്ങൾ തന്നു. വിദ്യാലയ പരിസരത്ത് പുകയില വിരുദ്ധ ബോർഡുകൾ പ്രദർശിപ്പിക്കുക. വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുക, ഇതിന് വേണ്ടി സ്കൂൾ സുരക്ഷാ ഗ്രൂപ്പ് വിദ്യാലയത്തിൽ രൂപീകരിക്കുക എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുക സ്കൂളിന്റെ 100 മീറ്റർ അകലെയായി യാത്രക്കാർക്ക് കൂടി കാണാവുന്ന തരത്തിലുള്ള സൂചന ബോർഡുകൾ വയ്ക്കുക എന്നിവ സ്കൂളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. സ്സ്കൂൾ സുരക്ഷാ ഗ്രൂപ്പ് മോണിറ്ററായി ശ്രീമതി ഷാഫ്രിൻ സാജുവിനെയും സ്കൂൾ ഹെൽത്ത് അംബാസഡർ ആയി ശ്രീ. മുഹമ്മദലിയേയും കൂടാതെ സ്കൂൾ സുരക്ഷാ സമിതിയിൽ പ്രധാന അധ്യാപകൻ സ്കൂളിലെ മറ്റുള്ള അധ്യാപകർ പിടിഎ ഭാരവാഹികൾ ആരോഗ്യ പ്രവർത്തകർ സ്കൂൾ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തി.
അന്താരാഷ്ട്ര യോഗദിനം ജൂൺ 21
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി.മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ആരോഗ്യ സുസ്ഥിതിക്കും യോഗ അത്യാവശ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കി.കുട്ടികൾക്ക് ലഘു യോഗ മുറകളുടെ വീഡിയോ പ്രദർശനം നടത്തി.എല്ലാ കുട്ടികൾക്കും യോഗമുറകൾ പരിശീലിക്കുന്നതിനുള്ള അവസരവും നൽകി.
ജൂൺ 19 വായനാ ദിനം
വായനാവാരാചരണം പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ വായനാവാരാചരണം നടത്തും .വായനാദിന പ്രതിജ്ഞ ചൊല്ലൽ ,വായനാ മത്സരം ,വായനാദിന ക്വിസ് ,ക്ലാസ് ലൈബ്രറി ഒരുക്കൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, അമ്മ വായന ,വായനാദിന പോസ്റ്റർ നിർമ്മാണം, കവിതാരചന മത്സരം , കഥാരചന മത്സരം ,സ്കൂൾലൈബ്രറി സന്ദർശിക്കൽ,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ വായനാവാചരണത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും
പടിഞ്ഞാറത്തറ PHC യുടെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഇ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി ലഹരി ഉപയോഗവും അതിന്റെ വിപത്തുകളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അതുപോലെ മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്ക് പുകയിലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി. ക്വിസ്സ് മത്സരത്തിന് പടിഞ്ഞാറത്തറ PHC യിലെ ഖമറുന്നിസ നേതൃത്വം നൽകി. ബോധവൽക്കരണ ക്ലാസിന് PHC കൗൺസിലർ അലി സാർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ ലയോണാ ജോസ് ഒന്നാംസ്ഥാനവും ഇവാൻ കെ വിൻസെന്റ് രണ്ടാം സ്ഥാനവും നേടി ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കൾ മനസ്സിലാക്കിയിരിക്കേണ്ട വസ്തുതകളും പ്രസ്തുത ക്ലാസിൽ കൗൺസിലർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഈ മുഹമ്മദലി നന്ദിയും പറഞ്ഞു.
പി ടി എ ജനറൽബോഡിയോഗം
2025 -26 അധ്യായന വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം 25/ 6/ 20025ന് സ്കൂളിൽ ചേർന്നു. പ്രസിഡണ്ട് ദിവ്യ - മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ബിനോജ് ജോൺ അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു . പൊതു ചർച്ചയ്ക്ക് ശേഷം 2025- 26 അധ്യായന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂടിയിരുന്ന് പി ടി എ പ്രസിഡണ്ടായി ബിജു തോമസിനെയും വൈസ് പ്രസിഡണ്ടായി ഏ കെ ബാലനേയും എം പി ടി എ പ്രസിഡന്റായി ഷംന ഷംസുദ്ദീനെയും വൈസ് പ്രസിഡണ്ടായി സമീറ വീട്ടിക്കലിനേയും തിരഞ്ഞെടുത്തു. ഈ യോഗത്തിൽ വെച്ച് തന്നെ ഉച്ച ഭക്ഷണ കമ്മിറ്റിയും സ്കൂൾ ജാഗ്രത സമിതിയും തെരഞ്ഞെടുത്തു. പി ടി എ ജനറൽബോഡി ചേരുന്നതിന് മുമ്പ് ക്ലാസ് തല പി ടി എയും കൂടിയിരുന്നു. കുട്ടികളുടെ ക്ലാസ് തല പ്രവർത്തനങ്ങളും, വിലയിരുത്തകളും യോഗത്തിൽ നടത്തി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് 30/06/2025 ന് സ്കൂളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും, ലഹരിക്കെതിരായി വിദ്യാർത്ഥികൾ നിർമിച്ച പോസ്റ്ററുകളുടെയും,
ബോധവൽക്കരണ വാചകങ്ങളുടെയും പ്രദർശനം നടത്തി. പുറം ചുമർ പ്രദർശനമെന്ന രീതിയിൽ ലഹരിക്കെതിരെ പ്രതികരിക്കുന്നതിനുള്ള ഒരു മികച്ച പ്രവർത്തനമായി ഇത് മാറി. മൂന്ന്, നാല്, ക്ലാസ്സുകളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചത്.
സൂംബയാണ് ലഹരി
ലഹരി വിമുക്ത സമൂഹം രൂപീകരിക്കുന്നതിന് ആഹ്ലാദപ്രദവും ആരോഗ്യകരവുമായ വ്യായാമ മുറ എന്ന നിലയിൽ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന സൂംബ പരിശീലന പരിപാടിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. പ്രധാന അധ്യാപകൻ ബിനോജ് ജോൺ ഉദ്ഘാടനം ചെയ്ത പരിപാടി കുട്ടികൾക്ക് പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തത് അധ്യാപികയായ ശ്രീമതി. പ്രിൻസി ജോസാണ്. കുട്ടികൾ വളരെയധികം ആസ്വദിക്കുകയും പങ്കെടുക്കുവാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞ
സമൂഹത്തിൽ ഇന്ന് നിരവധി ആളുകൾ തെരുവ് നായകളുടെയും മറ്റു ആക്രമങ്ങൾക്ക് വിധേയരാവുകയും പേവിഷബാധയേറ്റ് മരണമടുകയും ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ച് സമൂഹത്തെയും കുട്ടികളേയും ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകതയുടെ ഭാഗമായി 30/6/ 2025ന് വിദ്യാലയത്തിൽ പൊതു അസംബ്ലി ചേരുകയും പ്രധാന അധ്യാപകൻ പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഏതെല്ലാം സാഹചര്യങ്ങളിൽ വിഷബാധയേൽക്കാൻ സാധ്യതയുണ്ട് ഈ സാഹചര്യത്തിൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ തുടങ്ങിയ വിവരങ്ങളെക്കുറിച്ച് അധ്യാപകൻ പ്രതിജ്ഞക്ക് ശേഷം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം വളർത്തുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കമായി. ദൈനംദിന സംസാരത്തിൽ ഉൾപ്പെടുത്താവുന്ന ലളിതവും അഡ്വാൻസ്ഡ് ആയതുമായ ലഘുവാചകങ്ങൾ പരിചയപ്പെടുത്തുന്നതാണ് ഈ പരിപാടിയുടെ ആദ്യഘട്ടം. ഇത്തരത്തിൽ അവതരിപ്പ വാക്കുകളും പ്രയൊഗങ്ങളും ഉപയോഗിക്കുന്നതിന് ക്ലാസ് അധ്യാപകർ അവസരം നൽകുന്നു.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
സെന്റ് തോമസ് ഇ എൽ പി സ്കൂളിലെ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 03/07/2025 ന് അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ് മത്സരം നടത്തി. സ്കൂൾതല ടാലന്റ് ടെസ്റ്റിന് അറബി അധ്യാപകൻ ഈ മുഹമ്മദ് അലി നേതൃത്വം നൽകി. ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് തമീം ഒന്നാം സ്ഥാനവും, നജ നസ്രിൻ രണ്ടാം സ്ഥാനവും, അമാൻ സിയാൻ, മുഹമ്മദ് ഷാനിഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാരംഗം ഉദ്ഘാടനം.
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 04/07/2025ന് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി. വിജിഷ സുദർശനൻ നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ ബിനോജ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവിനർ ഷാഫ്രിൻ ഷാജു സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ എഴുതിയ കുട്ടിക്കവിതകളുടെ പതിപ്പ് ടീച്ചർ പ്രകാശനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ്സും, വിവിധ സാഹിത്യകാരന്മാരെയും,, കൃതികളെയും, കുട്ടികൾക്ക് പരിചയപ്പെടുത്തലും, പാട്ട് പാടിയും, കവിത ആലപിച്ചും വിദ്യാർത്ഥികൾക്ക് ഏറെ ആസ്വാദകമായിരുന്നു ഉദ്ഘാടനത്തോടന സദസ്സ്. ഇന്ന് തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്‍കൂളിൽ നിർവഹിച്ചു. വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടത്തി. വിദ്യാർത്ഥികളുടെ കലാസാഹിത്യ അഭിരുചികൾക്കുള്ള പ്രോത്സാഹനവും, അഭിനന്ദനവും, പ്രചോദനവും, ആയിരുന്നു ഈ സുദിനം
സമഗ്ര ട്രൈനിംഗ്
സമഗ്ര ഗുണമേന്മ അക്കാദമിക് മോണിറ്ററിംഗ് ട്രൈനിംഗിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന പരിശീലനം 30/ 6/ 25 ന് പനമരം കൈറ്റ് ഓഫീസിൽ വെച്ച് സ്കൂളിലെ PSITC മുഹമ്മദ് അലിക്ക് ട്രെയിനിങ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സമഗ്രയിലൂടെ ടീച്ചിംഗ് മാനുവൽ തയ്യാറാക്കുന്ന വിധവും അധ്യാപകർക്ക് ഉപകാരപ്പെടുന്ന മറ്റുള്ള പ്രവർത്തനങ്ങളും വിശദമായി അധ്യാപകർക്ക് പരിചയപ്പെടുത്തി.
ജൂലൈ 5ന് ബഷീർ ദിനം
വിശ്വവിഖ്യാതനായ മലയാള സാഹിത്യകാരനും, കഥകളുടെ സുൽത്താനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ബഷീറിൻ്റെ ജീവിതം, കൃതികൾ തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തി. ബഷീറിന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർശിപ്പിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി. ബഷീർ കഥകളിലൂടെ പ്രശസ്തരായിത്തീർന്ന കഥാപാത്രങ്ങളായ പാത്തുമ്മ, സുഹറ, മജീദ്, മണ്ടൻ മുത്തപ്പ, തുടങ്ങയവരുടെ വേഷമിട്ട് ഫോട്ടോയും.വീഡിയോയും സ്കൂൾ ഗ്രൂപ്പിലിട്ട കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയതു. മലയാള സാഹിത്യകാരനെ പരിചയപ്പെടാനും, വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഈ ദിനം സഹായകമായി.
ജൂൺ 21 ചാന്ദ്ര ദിനം
ജൂലൈ 21ന് സെൻറ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു .1969 ജൂലൈ 21ന് അമേരിക്കക്കാർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി ചരിത്രം സൃഷ്ടിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് പ്രവർത്തനങ്ങൾ ഒരുക്കിയത്. ചാന്ദ്രദിന ക്വിസ്സിൽ സൂര്യഗായത്രി ഇവാൻ കെ വിൻസൻറ് ലയോണാ ജോസ് എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.അമ്പിളി അമ്മാവനോട് സംസാരിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി .പാവനാടക രൂപത്തിൽ കുട്ടികളുടെ വിവിധങ്ങളായ സംശയങ്ങൾക്ക് അമ്പിളിമാമൻ മറുപടി നൽകി 'ഉപഗ്രഹം, നിലാവ് ,വലിപ്പം, വൃദ്ധിക്ഷയം കൃത്രിമ ഉപഗ്രഹങ്ങൾ ,ഗ്രഹങ്ങൾ തുടങ്ങിയ വിവിധ ആശയങ്ങൾ പാവ നാടകത്തിലൂടെ അവതരിപ്പിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു .കുട്ടികൾ വിവിധ മാതൃകകളിൽ റോക്കറ്റുകൾ നിർമ്മിച്ചു.അമ്പിളിമാമനെ കുറിച്ചുള്ള കവിതാ രചന മത്സരവും ചാന്ദ്രദിനത്തിൽ സംഘടിപ്പിച്ചു.
സ്കൂൾ ഇലക്ഷൻ
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ 2025സ്കൂൾ ഇലക്ഷൻ പൊതു തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ നടത്തി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു.തുടർന്ന് നാമ നിർദേശ പത്രിക സ്വീകരിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസരം നൽകി .കുട്ടികൾക്ക് ചിഹ്നങ്ങൾ നൽകി.പ്രചാരണം ആരംഭിച്ചു.പോളിംഗ് ഉദ്യോഗസ്ഥർക്ക് നിയമനവും പരിശീലനവും നൽകി.ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ, പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഏജൻറ്സ്, സെക്യൂരിറ്റി സ്റ്റാഫ് ,തുടങ്ങിയവർ ആയിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ.പോളിംഗ് ബൂത്ത് സജ്ജീകരിച്ചു.വോട്ടിംഗ് ആപ്പ് ഉപയോഗപ്പെടുത്തി വോട്ടിംഗ് മെഷീനിലാണ് കുട്ടികൾ വോട്ട് രേഖപ്പെടുത്തിയത്.വോട്ടിങ്ങിനു ശേഷം സ്ഥാനാർത്ഥികളുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും ഏജൻ്റുമാരുടെയുംസാന്നിധ്യത്തിൽ റിസൾട്ട് എടുത്തു.ഇവാൻ കെ വിൻസെൻറ് സ്കൂൾ ലീഡറായും മുഹമ്മദ് ഷാനിഫ് അസിസ്റ്റൻറ് ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.
ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലികൾ എൽ പി സ്കൂളിൽ പത്തിലകൾ അടങ്ങിയ ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം നടത്തി.കുട്ടികൾ വീടുകളിൽ നിന്ന് ഇലകൾ ശേഖരിച്ചു കൊണ്ടുവന്നു.ഇലക്കറികൾ ആഹാരത്തിൽ പ്രത്യേകിച്ച് കർക്കിടക മാസത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.മത്തനില , കുമ്പളം, പയറില ,കാന്താരി ഇല ,ചുവന്ന , പച്ച ചീര, കുപ്പച്ചീര, കറിവേപ്പില, ചേമ്പില ,കറിച്ചേമ്പില , ചായാമെൻസ ,വഴുതന ,കോവൽ ,പീച്ചിങ്ങ ,തഴുതാമ,കൊടങ്ങൽ,മണിത്തക്കാളി,വേലി ചീര,തുടങ്ങിയ ഇലക്കറികൾ കുട്ടികൾ പരിചയപ്പെട്ടു .കുട്ടികൾ ശേഖരിച്ച ഇലകൾ ഉച്ചഭക്ഷണത്തിൽ ഉപയോഗപ്പെടുത്തി.
വാങ് മയം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈത്തിരി ഉപജില്ലയിലെ സെന്റ് തോമസ് ഇ എൽപി സ്കൂളിൽ 29/07/2025 ന് വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ നടത്തി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ പരീക്ഷയിൽ പങ്കാളികളായി. ഇതിലൂടെ എഴുത്തുകാരെ പരിചയപ്പെടാനും പുതിയ കവിതകൾ കുട്ടികൾക്ക് കേൾക്കാനും ആസ്വദിക്കാനും കഴിഞ്ഞു. ഒരു കവിതയെ മനോഹരമാക്കുന്ന വരികളും വാക്കുകളും കുട്ടികൾ തിരിച്ചറിഞ്ഞു. കേരളത്തിലെ കലാരൂപങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞ് എഴുതി. നജാ നസ്റിനും, അനുഗ്രഹയും ഉപജില്ല തലത്തിലേക്ക് യോഗ്യത നേട
ഹിരോഷിമ ദിനം ആചരിച്ചു.
പടിഞ്ഞാറത്തറ :സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളുടെ ഹിരോഷിമാ ദിനം ആചരിച്ചു. സീഡ് പ്രവർത്തകർ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. പേപ്പർ കൊക്കുകളുടെ നിർമ്മാണം നജാ നസ്രിൻ നേതൃത്വം നൽകി. യുദ്ധാനന്തര ഹിരോഷിമയുടെ ദുരിത കാഴ്ചകളെക്കുറിച്ച് വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. ഹിരോഷിമ ദിന ക്വിസ് നടത്തി. ലയോണ ജോസ്, നജാ നസ്റിൻ, സൂര്യഗായത്രി എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Evacuation Map
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ രണ്ട് ഇവാക്കുവേഷൻ മാപ്പുകൾ തയ്യാറാക്കി.പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പേപ്പറിൽ മാപ്പ് തയ്യാറാക്കിയത്.സ്കൂളിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാൽ എങ്ങനെ ഓടി രക്ഷപ്പെടണം? എങ്ങോട്ട് ഓടണം? എന്നുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് മാപ്പ് ലൂടെ നൽകി.കൂടാതെ ദിക്കുകളെ കുറിച്ച് പഠിക്കുന്നതിനും മാപ്പ് സഹായകമായി.മാപ്പിൽ സുരക്ഷിത സ്ഥലം ഗ്രൗണ്ട് ആണെന്ന് കുട്ടികൾ മനസ്സിലാക്കി .ഓരോ കെട്ടിടത്തിൽ നിന്നും ഗ്രൗണ്ടിലേക്ക് എങ്ങനെ ഓടിയെത്താം എന്ന് മാപ്പിലൂടെ കണ്ടെത്തി.
കളർ ഇന്ത്യ മത്സരം
ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കളർ ഇന്ത്യ മത്സരം നടത്തപ്പെട്ടു. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി വിജയകരമായി നടത്തി. പ്രിന്റ് ചെയ്ത ചിത്രങ്ങളിൽ ഉചിതമായ കളറുകൾ നൽകി ഭംഗിയാക്കുക എന്നതായിരുന്നു മത്സരം. ഇന്ത്യയുടെ സ്വാതന്ത്ര്യദിന സന്ദേശം കൂടി പ്രചരിപ്പിക്കുന്നതിന് നമ്മുടെ പ്രതിജ്ഞ ചൊല്ലികൊണ്ടാണ് കളറിംഗ് മത്സരം ആരംഭിച്ചത്. മത്സരത്തിന് അധ്യാപകർ നേതൃത്വം നൽകി
സ്വാതന്ത്ര്യ ദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അനുസ്മരിക്കുന്ന സ്വാതന്ത്രദിനാചരണത്തിന് വിദ്യാലയത്തിൽ രാവിലെ 9 മണിയോടെ തുടക്കം കുറിച്ചു. മഴയെ അവഗണിച്ച് എത്തിച്ചേർന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാക്ഷിയാക്കി പ്രധാന അധ്യാപകൻ ബിനോജ് ജോൺ പതാകയുയർത്തി. തുടർന്ന് ദേശഭക്തിഗാനം വിദ്യാർത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ചു. പ്രസംഗമത്സരം, ക്വിസ് മത്സരം, കുട്ടികൾക്കും രക്ഷിതാക്കൾക്കും നടത്തി. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ലഘു നാടകവും, കലാപരിപാടികളും നടത്തി. തുടർന്ന് വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നൽകി. പായസം വിതരണത്തോടെ നമ്മുടെ ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു.
വീട്ടിലേക്ക് ഒരു മരുന്നു പെട്ടി
വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തുള്ള രോഗികളായവർക്കു വേണ്ടി തയ്യാറാക്കിയ പരിസ്ഥിതി സൗഹൃദ മരുന്നു പെട്ടികളുടെ വിതരണോദ്ഘാടനം 15/ 8/ 2025 ന് നിർവഹിച്ചു. സീഡ് കോർഡിനേറ്റർ ഷിനോജ് ജോർജ് മദർ പി റ്റി എ പ്രസിഡണ്ട് ശ്രീമതി സമീറ നാസറിന് മരുന്ന് പെട്ടി കൈമാറി. പ്രായമായ രോഗികൾക്ക് മറ്റുള്ളവരുടെ സഹായം ഇല്ലാതെ സ്വയം മൂന്നു നേരത്തേക്കുള്ള മരുന്നുകൾ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉപകരിക്കുന്ന പരിസ്ഥിതി സൗഹൃദ മരുന്നു പെട്ടികളാണ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വെച്ച് നിർമ്മിച്ചത്. അർഹതപ്പെട്ടവർക്ക് ഉടൻ എത്തിക്കുമെന്ന് സീഡ് ക്ലബ് അംഗങ്ങൾ പറഞ്ഞു.
ഒാണാഘോഷം
ഒാണാഘോഷം വിപുലമായി ആഘോഷിച്ചു.
മരുന്ന് മാറരുത്, മുടങ്ങരുത്.
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽപി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ രോഗികൾക്കായി മരുന്നുകൾ തരംതിരിച്ച് സൂക്ഷിക്കുന്ന കവറുകൾ നിർമ്മിച്ചു നൽകി.രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കഴിക്കേണ്ട മരുന്നുകൾ നേരം തെറ്റാതെ കൃത്യമായി കഴിക്കുന്നതിന് രോഗികളെ സഹായിക്കുന്ന കവറുകളാണ് നിർമിച്ച് നൽകിയത്.
രോഗികൾ തനിച്ച് വീട്ടിലിരിക്കുന്ന സാഹചര്യത്തിലും മറ്റാരും സഹായത്തിന് ഇല്ലാത്ത രോഗികൾക്കും ഗുളികകൾ കൃത്യമായി കഴിക്കുന്നതിന് ഈ കവറുകൾ പ്രയോജനപ്പെടും.സ്കൂൾ സമീപപ്രദേശത്തെ കിടപ്പ് രോഗികളുടെ വീടുകൾ സീഡ് പ്രവർത്തകർ സന്ദർശിക്കുകയും ബോക്സുകൾ വിതരണം ചെയ്യുകയും ചെയ്തു .സ്കൂൾ ലീഡർ ഇവാൻ കെ വിൻസെൻ്റ്,പ്രധാന അധ്യാപകൻ ബിനോജ് ജോൺ,പ്രിൻസി ജോസ്,മാതൃഭൂമി സീഡ് കൺവീനർ ഷിനോജ് ജോർജ് കെ,എന്നിവർ സംസാരിച്ചു.
മാതൃഭൂമി സീഡ് പ്രവർത്തകർ ലോക മുള ദിനം ആചരിച്ചു.
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ജലിക്കൽ എൽ പി സ്കൂളിൽ ലോക മുളദിനമായ സെപ്റ്റംബർ 18ന് കുട്ടികൾ സ്കൂൾ പരിസരത്തെ മുളംകൂട്ടങ്ങൾ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി.മുളങ്കൂട്ടത്തെ ആശ്രയിച്ച് ജീവിക്കുന്ന ജീവികളെ കണ്ടെത്തി.പുല്ല് വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ ചെടിയായ മുളയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഷാഫ്രിൻ ടീച്ചർ വിശദീകരിച്ചു.കല്ലൻ മുളയുടെ കൂമ്പ് ഭക്ഷണമായി ഉപയോഗിക്കുമെന്ന അറിവ് കുട്ടികൾക്ക് പുതുമയാർന്നതായിരുന്നു.മുളകൊണ്ട് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറി.
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇ എൽ പി സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് , കട്ടി കൂടിയ പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ എന്നിവ വെവ്വേറെ തരംതിരിച്ച് സൂക്ഷിച്ചുവരുന്നു.
ഹരിതമുഗളം പുരസ്കാരം ലഭിച്ചു.
മാതൃഭൂമിയും ഫെഡറൽ ബാങ്ക് ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി എൽപി സ്കൂളുകൾക്കുള്ള ഹരിതമുകുളം പുരസ്കാരം ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിൽ നിന്നും സ്വീകരിച്ചു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പുഴ മലിനമാകുന്നു എന്ന പ്രോജക്ട് വർക്ക്, സ്കൂൾ പച്ചക്കറി തോട്ടം, ഔഷധത്തോട്ടം വൺ ഡേ ടു നോളജ് ക്വിസ് പ്രോഗ്രാം, തുടങ്ങിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.തുടർച്ചയായി നാലാം വർഷമാണ് മാതൃഭൂമി സീഡ് പുരസ്കാരത്തിന് സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെടുന്നത്.