സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ പ്രത്യാശയുടെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ നാൾവഴികൾ

തന്റെ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സേതു അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വരുകയാണ്. അവന് അമേരിക്ക വിട്ട് നാട്ടിലേക്ക് വരുവാൻ താല്പര്യമില്ലാഞ്ഞിട്ടുകൂടി സേതു നാട്ടിലെത്തി. സേതു വന്നു എന്നറിഞ്ഞ് അവന്റെ കൂടെ കളിക്കുവാൻ കുറെ കൂട്ടുകാർ വന്നിരുന്നു. സേതു അവരുടെ കൂടെ കുറച്ച് നേരം മാത്രമേ കളിക്കുവാൻ കൂടുകയുണ്ടായിരുന്നുള്ളൂ. ബാക്കി സമയം മുഴുവൻ ടിവിയിലും ഗെയ്മിലും സമയം കളഞ്ഞിരുന്നു. ഈ കാലയളവിൽ അവൻ തന്റെ മാതാപിതാക്കളോടൊപ്പം തീയേറ്ററിലും പാർക്കിലും എല്ലാം പോയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സേതുവിനെ കുറേശേ പനിക്കുവാൻ തുടങ്ങി അത് മൂലം സേതുവിനെ അവന്റെ മാതാപിതാക്കൾ ഒരു കൊച്ചു ക്ലിനിക്കിൽ കൊണ്ടുപോയി.

കുറച്ചു ദിവസം കഴിഞ്ഞിട്ടുകൂടി പനി മാറാത്തതുകൊണ്ട് സേതുവിനെ നല്ലൊരു ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് നടത്തിയ ബ്ലഡ് ടെസ്റ്റിൽ സേതുവിന് കൊറോണയുണ്ടെന്ന് തെളിഞ്ഞ് ആശുപത്രിയിലെ നിരീക്ഷണത്തിലേക്ക് മാറ്റുവാൻ നിർദ്ദേശിച്ചു. തന്റെ മാതാപിതാക്കളുടെ കൈവിട്ട് പോകുവാൻ സേതു കൂട്ടാക്കിയില്ല. എങ്കിലും അവനെ നിരീക്ഷണത്തിലേക്ക് ബലമായി മാറ്റേണ്ടി വന്നു.

ചുമരിലെ സമയകാല സൂചി ഇപ്പോൾ 12 മണിയിലേക്ക് വഴുതിവീഴുകയാണ്. രാത്രിയുടെ യാമങ്ങളിൽ തന്റെ മാതാപിതാക്കളേയും ബന്ധുക്കളേയും ഓർത്ത് സേതു വിലപിക്കുന്നുണ്ട്. തന്റെ മാതാപിതാക്കളിൽനിന്ന് മാറിയത് മൂലം കണ്ണീർ ഒഴിഞ്ഞ നേരമില്ലെങ്കിലും , അവൻ അതിനിടയിൽ തന്നെ ശുശ്രൂഷിക്കുന്ന നേഴ്സ്മാരിലേക്ക് കണ്ണോടിക്കുകയാണ്. തന്റെ സങ്കടങ്ങൾ പരമാവധി മാറ്റിയെടുക്കാൻ നഴ്സുമാർ അവന്റെ കൂടെ ഇരിക്കുകയാണ്. അവർ , സേതു തന്റെ കൊച്ചു പ്രായത്തിന്റെ വികൃതികൾ ഏറെ ചെയ്യുന്നുണ്ടെങ്കിലും ഒരു കൊച്ച് അനുജനെ എന്ന പോലെ അവന്റെ കൂടെ കൂടും. മാതാപിതാക്കളെ പിരിഞ്ഞ് ഇരിക്കുന്ന ഈ കാലം സേതുവിന് പ്രയാസമാണെങ്കിലും അവൻ അതിലേക്ക് പൊരുത്തപ്പെടുവാൻ തുടങ്ങി. അവസാനം സേതുവിന്റെ അസുഖം മാറിയപ്പോൾ ഒരു ചെറുചിരിയോടെ തന്റെ മാതാപിതാക്കളുടെ കൈയ്യും പിടിച്ചു അവൻ കൊറോണ വാർഡിന്റെ പടിയിറങ്ങി .

ജോജു ജോസഫ്
9 A സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ