സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

=== എല്ലാവർഷവും ജൂൺമാസത്തിൽതന്നെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വിദ്യാരംഗം കലാസാഹിത്യവേദിയ്ക്ക് രൂപം കൊടുക്കുന്നു. മലയാളഭാഷയോടും സാഹിത്യത്തോടും താൽപ്പര്യം വളർത്തുക, കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്നതാണ് ഈ സാഹിത്യകൂട്ടായ്മയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ ലക്ഷ്യം നേടുന്നതിനുതകുന്ന പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, കർഷകദിനം,മാതൃഭാഷാദിനം എന്നിങ്ങനെ ദിനാചരണങ്ങൾ അതിന്റേതായ പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കുന്നു. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും കുട്ടികൾ ക്ക് പരിചയപ്പെടുത്തുകയും അവരുമായി അഭിമുഖസംഭാഷണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഥകളി, പടയണി, കാക്കാരിശ്ശിനാടകം തുടങ്ങിയവ കുട്ടികൾക്ക് ദൃശ്യാനുഭവമാക്കുന്നു. കഥ, കവിത,നാടകം തുടങ്ങിയവയുടെ ശിൽപശാലകൾ പ്രഗൽഭരായ വ്യക്തികളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. വിവിധയിനം സാഹിത്യസെമിനാറുകൾ നടത്താനും കഴിഞ്ഞിട്ടുണ്ട്.സ്ക്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി മികവുതെളിയിക്കുന്നവരെ സബ്ജില്ലാ, റവന്യൂ, സംസ്ഥാനതലത്തിൽ പങ്കെടുപ്പിച്ച് അംഗീകാരങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട് .

  കേരളത്തിലെ കലാസാംസ്ക്കാരിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനും  യാത്രാനുഭവം തയ്യാറാക്കാനും കുട്ടികൾക്ക് അവസരങ്ങൾ   നൽകുന്നു. മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വൃദ്ധമന്ദിരങ്ങളും അനാഥാലയങ്ങളും സന്ദർശിക്കുന്നതിനും പ്രേരണ നൽകുന്നു. കുട്ടികളുടെ സർഗ്ഗരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ  തയ്യാറാക്കുന്നു. സ്ക്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തി വായനാശീലം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ  നടത്തിവരുന്നു.
 ഈ വർഷം കോവിഡ്  മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയപ്പോഴും  നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെ   ലഭ്യമായ സാധ്യതകൾ പരമാവധി പ്രയോജനപെടുത്തി കുട്ടികളുടെ കഴിവുകൾ വളർത്താൻ കഴിഞ്ഞിട്ടുണ്ട് .വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  വാട്സ്ആപ്പ്  ഗ്രൂപ്പുണ്ടാക്കി  യുപി, ഹൈസ്ക്കൂൾ  വിഭാഗങ്ങളിൽനിന്നും  200  കുട്ടികളെ അംഗങ്ങളാക്കി   കഥ, കവിത ലേഖനം ചിത്രം എന്നിങ്ങനെ വിവിധ രചനകളും കവിതാലാപനം, കഥാ അവതരണം ,നാടൻപാട്ട് അവതരണം  ,വഞ്ചിപ്പാട്ട് അവതരണം,  ചർച്ചകൾ ,  എന്നിങ്ങനെ  വിവിധ  സർഗ്ഗാത്മകപ്രവർത്തനങ്ങൾ നടത്തിവരുന്നു . കേരളപ്പിറവി  ദിനത്തിൽ കുട്ടികൾ  തയ്യാറാക്കിയ  പത്തരമാറ്റുള്ള പത്തനംതിട്ട  എന്ന ഡോക്യുമെന്ററി അതിന് ഉത്തമ ഉദാഹരണമാണ്.

ഇപ്രകാരം കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിച്ച്,മലയാളഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യം വളത്തി സ്വന്തം നാടിനെ അറിഞ്ഞ് വളരാനും നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുമുള്ള സാഹിത്യകൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യവേദി ......! ===

തലക്കെട്ടാകാനുള്ള എഴുത്ത്