സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. ഇപ്പോൾ ഇതിൻ്റെ മനേജരായി എച്ച്.ജി.ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകിവരുന്നു. നവതിയുടെ നിറവിൽ ഉയർച്ചയുടെ പടവുകൾ ഉയർത്തിയപ്പോഴും ഇനിയും കാതങ്ങൾ പിന്നിടേണം എന്ന ദൗത്യ ചിന്ത ഞങ്ങളെ കർമ്മോത്സുകരാക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു.