സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളസഭയുടെ നവോത്ഥാനനായകൻമാരിൽ ഒരാളായ വിശുദ്ധ ചാവറയച്ചന്റെ കർമ്മമണ്ഡലം മാന്നാനം ആയിരുന്നു. വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ സ്ഥാനം ഏതൊരു സാമൂഹ്യപരിഷ്കർത്താവിന്റെ പ്രവർത്തനങ്ങളെക്കാളും ഉയരത്തിലാണ്.വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് അറിയാമായിരുന്ന ചാവറയച്ചൻ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു.സമൂഹത്തിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ നടത്തപ്പെടുമ്പോൾ അത് സമൂഹനന്മയ്ക്കാണ് എന്നു മനസ്സിലാക്കി അതിനോട് സഹരിക്കണമെങ്കിൽ ജനതയ്ക്ക് വിദ്യാഭ്യാസം ഉണ്ടാകണം. ആദ്യം അക്ഷരജ്ഞാനവും പിന്നീട് പുസ്തകവും കൂടെ ഭക്ഷണവും നൽകുക എന്നതായിരുന്നു ചാവറയച്ചന്റെ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ആദ്യപടി. വിദ്യാഭ്യാസമെന്നത് സവർണ്ണരുടെയും സമ്പന്നരുടെയും മാത്രം അവകാശവും ആനുകൂല്യവുമായികരുതപ്പെട്ടിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരും അവഗണിക്കപ്പെട്ടിരിക്കുന്നവരുമായവരുടെ ഇടയിലേക്ക് വിദ്യയുടെ കൈത്തിരിയുമായി ചാവറയച്ചൻ കടന്നുവന്നു.
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ,ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്.ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ് എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു. സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു.തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.