സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം - കഥ - അഞ്ചന പി.എസ്.

പ്രകൃതിയുടെ പ്രതികാരം
          മേടമാസ പൊൻപുലരിയിലെ മഞ്ഞുകണികകൾക്കിടയിലൂടെ  സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോൾ  കിളികളുടെ അതി മനോഹരമായ ഗാനം  മുഴങ്ങുന്നത് കാതുകളിൽ ശ്രവിച്ചുകൊണ്ട്   ഞാൻ മിഴികൾ തുറന്നു. ജനാലയിലൂടെ പുറത്തേക്ക് എത്തിനോക്കുന്ന എന്റെ കണ്ണുകളിൽ അതിമനോഹരമായി കണിക്കൊന്നകൾ നൃത്തമാടുന്നു.  അതേ, വിഷുക്കാലം വരവായി. വൈകാതെതന്നെ ഞാനെൻറെ പ്രഭാതകൃത്യങ്ങൾ ഇലേക്ക് കടന്നു.  ശേഷം അമ്മ ഉണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.  കൈകൾ കഴുകി ഞാൻ മുറ്റത്തേയ്ക്കിറങ്ങി. ഒരിക്കലും പതിവില്ലാത്ത ഒരു പ്രകാശം. അമ്മയും അച്ഛനും ഞാനും നട്ടു വളർത്തുന്ന ആ ചെറിയ പൂന്തോട്ടത്തിലേക്ക് ആരോ എന്നെ വിളിക്കുന്നത് പോലെ. പൂമ്പാറ്റകൾ പാറി പറക്കുന്നു. അവരുടെ പിന്നാലെ ഞാനും. 
        കിളികളുടെ കളകളനാദം എന്നെ ആകർഷിച്ചു.  ഭംഗിയുള്ള ഒരു പൂവിനെ കയ്യിലെടുത്തു പിടിക്കാൻ തോന്നി. പക്ഷേ ഞാൻ പറച്ചില്ല. സസ്യങ്ങൾക്ക് ജീവനുണ്ട്, അവറ്റകൾക്ക് വേദനയുണ്ട് അവിടെ നിന്നോട്ടെ എന്ന് എനിക്ക് തോന്നി. പൂക്കളുടെ മേൽ കൈകൾ തലോടി കൊണ്ട് ഞാൻ നടന്നു. പെട്ടെന്ന് ഒരു വിളി ,'കുക്കു നീ കളിക്കാനില്ലെ?' പതിവുപോലെ ഞങ്ങളുടെ നാട്ടിലെ കുട്ടിക്കേമികൾ എൻറെ അരികിൽ വന്നു. അവരുടെ കൂടെ ഞാനും കൂടി. തോളത്തു കയ്യിട്ടു, പാട്ടുപാടി, കഥകൾ പറഞ്ഞു ഞങ്ങൾ നടന്നു. വയലോലകൾ ക്കിടയിലൂടെ ഞങ്ങൾ നടന്നു. വഴിയോരത്ത്കൂടെ നടന്നുപോകുന്ന മുത്തശ്ശിമാർ ഞങ്ങളോട് കുശലം ചോദിച്ചു. ഓലമേഞ്ഞ വീടുകളുടെ മുന്നിൽ ഇരുന്ന് അമ്മമാർ വിശ്രമിക്കുന്നു.  പ്രകൃതി തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ മനോഹാരിത സൃഷ്ടിക്കുന്നത് എന്ന് എനിക്ക് തോന്നി. വൻ വൃക്ഷങ്ങളിൽ നിന്ന് ഇലകൾ കൊഴിയുന്നു. ഉയർന്നുപൊങ്ങിയ തെങ്ങുകൾ നിരനിരയായി നിൽക്കുന്നത് കാണാൻ വളരെ ആകർഷണീയമാണ്.
      കർഷകൻ തൻറെ അധ്വാനത്തിനറെ കനം കുറയ്ക്കാൻ പാട്ടുപാടുന്നു. നേരം പുലർന്നാൽ പിന്നെ ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടക്കും. ഞങ്ങൾ കുട്ടികൾ കളിച്ചു നടക്കും.  പക്ഷി മൃഗാദികളും മനുഷ്യരും മത്സ്യങ്ങളും വൃക്ഷങ്ങളും ചെടികളും ഒക്കെ തിങ്ങിനിറയുന്ന കേരളം'ദൈവത്തിൻറെ നാട്' എന്ന് വിശേഷിപ്പിക്കാൻ എന്തുകൊണ്ടും യോഗ്യനാണ്. വൈകാതെ തന്നെ ഞങ്ങൾ കളി സ്ഥലത്തെത്തി. കണ്ണുപൊത്തികളിയും  തൊട്ടാപിടുത്തവും ഒക്കെ കഴിച്ച് ഞങ്ങൾ രസിച്ചു. ഇതിനിടയിൽ തർക്കങ്ങൾ ഉണ്ടായി. അത് കാര്യമാക്കാതെ ഞങ്ങൾ കളിച്ചു. അടുത്തുള്ള വീടുകളിൽ നിന്ന് രുചിയേറിയ ഭക്ഷണത്തിന്റെ  ഗന്ധം തുളഞ്ഞു കയറിയപ്പോൾ നേരം ഉച്ചയോടടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. കളിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തന്നെ ഞങ്ങൾ തിരിച്ചു. കളിച്ച് നല്ല ക്ഷീണം ഉണ്ടായിരുന്നു. എങ്കിലും കൂട്ടം കൂടിയുള്ള നടപ്പിൽ ഞങ്ങൾ അതൊന്നും കാര്യമാക്കിയില്ല. 
        തിരികെ വന്നപ്പോൾ കർഷകർ പൊതിച്ചോർ അഴിക്കുന്നു, കാക്കകൾ വിരുന്നു വിളിക്കുന്നു, വീടുകളിൽ നിന്ന് നല്ല ഭക്ഷണങ്ങളുടെ ഗന്ധം. ഇതെല്ലാം ആസ്വദിച്ച് ഞാൻ നടന്നു. പതിവ് പോലെ തന്നെ എൻറെ കൂട്ടുകാരി വീട്ടിൽ കാത്തുനിൽപുണ്ട്, ' എൻറെ അമ്മ'. താമസിച്ചു വന്നതിൽ കുറച്ചു ശകാരം കേട്ടു. കൈകഴുകി ഞാൻ  ഊണുമേശയുടെ മുന്നിൽ ഇരുന്നു. അച്ഛനും പണി കഴിഞ്ഞു വന്നിരുന്നു. അമ്മയുണ്ടാക്കിയ രുചിയേറിയ ഭക്ഷണം ഞാൻ ആസ്വദിച്ചു കഴിച്ചു. ചോറും കറിയും, എന്താ സ്വാദ്!  കഴിച്ചു കഴിഞ്ഞ് അമ്മയോടൊത്ത് കുശലം പറച്ചിൽ പതിവാണ്. കൂട്ടുകാരുമൊത്തുള്ള കളികളും, കണ്ട കാഴ്ചകളും, വാക്ക് തർക്കങ്ങളും ഒക്കെ ഞാൻ വിവരിച്ചു. കാച്ചിയ എണ്ണ കൊണ്ടുവന്നു വീട്ടുപടിക്കൽ ഇറങ്ങി അമ്മ എൻറെ തലയിൽ പുരട്ടിക്കൊണ്ടിരുന്നു. അമ്മ തടവുമ്പോൾ നല്ല സുഖമാണ്. ഉച്ച മയക്കം എനിക്ക് പതിവാണ്. എൻറെ കണ്ണുകളിൽ ഉറക്കം തട്ടി. ഞാനൊന്നു മയങ്ങി. 
       ഒരു കനത്ത ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ജനാലയിലൂടെ വെളിയിലേക്കു നോക്കിയപ്പോൾ കണിക്കൊന്ന ഇല്ല പകരം മതിൽക്കെട്ടുകൾ. കഴിഞ്ഞതെല്ലാം നീണ്ട ഒരു സ്വപ്നമായിരുന്നു എന്ന സത്യത്തെ ഞാൻ വിശ്വസിച്ചു. നഗരജീവിതം സുഖകരമായിരുന്നു എന്ന എൻറെ ചിന്താഗതി മുഴുവൻ മാറ്റിമറിച്ചുകൊണ്ട് മനോഹരമായ ഒരു ദിവസം. എത്ര ഭംഗിയുള്ള കാഴ്ചകൾ ! ഒരുപക്ഷേ പ്രകൃതിയാകുന്ന അമ്മ തന്നെ എനിക്ക് കാട്ടിത്തന്നതാവണം ആ സ്വപ്നം. ആ കാഴ്ചകൾ ഒരു സ്വപ്നമായി കണ്ട എൻറെ മനസ്സ് ഇപ്പോഴത്തെ അവസ്ഥ ഓർത്ത് തേങ്ങുന്നു എങ്കിൽ, പ്രകൃതിയുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും? വീണ്ടും ആ കനത്ത ശബ്ദം ഞാൻ കേട്ടു. മരങ്ങൾ വെട്ടി മുറിച്ച് റോഡ് വികസിപ്പിക്കാനുള്ള പദ്ധതിയായിരുന്നു. മതിൽക്കെട്ടുകൾക്കപ്പുറത്തെ വൃക്ഷങ്ങളുടെ തേങ്ങൽ ഞാൻ കേട്ടു. എന്തുചെയ്യാൻ? ഞാനൊരു കുട്ടിയല്ലേ?  എനിക്ക് എതിർക്കാൻ ആവില്ലല്ലോ.. കുട്ടികളുടെ അത്രയും പോലും പ്രായോഗിക ബുദ്ധിയും, ചിന്ത വികാസവും ഇല്ലാത്ത പ്രായവും, പക്വതയുമുള്ള മനുഷ്യനെ ഓർത്ത് എനിക്ക് ലജ്ജ തോന്നുന്നു.
        പ്രകൃതി അമ്മയാണ്, അമ്മയെ കളങ്കപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും എന്ന് പ്രകൃതി തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു. കാലങ്ങൾക്കുശേഷം 2020 ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്ക് സാക്ഷിയാകുന്നു.  മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ ക്കെതിരെ പ്രളയമായും മഹാമാരിയായും ഭൂകമ്പം ആയും പ്രകൃതി പൊട്ടിത്തെറിക്കുന്നു. കോവിഡ്- 19 അഥവാ കൊറോണ വൈറസ് ഇതാണ് അതിശക്തനായ മഹാമാരി.  
       covid -19-നെ ശാസ്ത്രലോകത്തിന്റെ ഭാഷയിൽ വിവരിക്കുന്നതിലും നല്ലത് ഇങ്ങനെ വിവരിക്കുന്നതാണ്,  അവൻ അതിശക്തനാണ്.- ക്രൂരനായ മനുഷ്യനെതിരെ മദ്യനിരോധനം നടപ്പാക്കി, വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു, വിവാഹം ലളിതമായും നടത്താം എന്ന് പഠിപ്പിച്ചു, 80% ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നു എന്ന് തെളിയിച്ചു, വായുമലിനീകരണം ഇല്ലാതാക്കി, ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കി, മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രമായാലും സംസ്കാരം നടത്താം എന്ന് തെളിയിച്ചു, ആളുകളുടെ യാത്രകൾ മിക്കതും വെറുതെയായിരുന്നു എന്ന് തെളിയിച്ചു, കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ലെങ്കിലും ജീവിക്കും എന്ന് തെളിയിച്ചു, വീട്ടിലെ ഭക്ഷണം രുചികരമാണ് എന്ന് പഠിപ്പിച്ചു, കൊറോണയെ അതിജീവിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ എന്ന പ്രസ്താവന ഇതിനെല്ലാം വഴിയൊരുക്കി. മുൻപ് പ്രളയമായും, നിപ്പ എന്ന മഹാമാരി ആയും കേരളത്തെ പ്രകൃതി പാഠങ്ങൾ പഠിപ്പിച്ചു. എന്നിട്ടും നന്നാവാത്ത മനുഷ്യർക്ക് കൊറോണ എന്ന വലിയ വിപത്തിനെ സമ്മാനമായി പ്രകൃതി വെച്ച്നീട്ടുകയാണ്. പ്രകൃതി എന്നു പറയാനാവില്ല, മനുഷ്യൻ രൂപാന്തരം നൽകിയ കൊറോണ വൈറസ്.
       രാജ്യങ്ങളായ രാജ്യങ്ങളും സംസ്ഥാനങ്ങളും ഇപ്പോൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ മനുഷ്യകുലത്തിന് നാശമാണ് സംഭവിക്കുന്നതെങ്കിൽ പക്ഷിമൃഗാദികൾ വിലപിക്കുന്നതിനുപകരം ആർത്തുല്ലസിക്കും. യുദ്ധക്കളത്തിൽ പോരാടാൻ വേണ്ടി മനുഷ്യനൊപ്പം പോയപ്പോൾ മനുഷ്യകുലത്തിനറെ തന്നെ നാശം കുതിരകൾ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം. തങ്ങളെ പൂർവികർ എന്നു വിളിച്ച് അഭമാനിച്ചതിൽ കുരങ്ങന്മാർക്ക് അമർഷം കാണും.
     അത്രയും തരംതാന്നവരല്ലല്ലോ കുരങ്ങന്മാർ. വിശക്കുമ്പോൾ അല്ലാതെ ഒരു ജീവിയേയും  സിംഹം കൊല്ലാറില്ല. എന്നാൽ മനുഷ്യൻ അങ്ങനെയായിരുന്നില്ല . മനുഷ്യന് ഒരു പറുദീസ ലഭിച്ചാൽ അവനത് മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കുന്നു. ഒരു നല്ല മനസ്സ് കൊടുത്താൽ അവൻ അത് അഹന്ത കൊണ്ട് നടക്കുന്നു. സുന്ദരമായ കൈകൾ നൽകിയാൽ അവൻ അതു കൊണ്ട് മറ്റുള്ളവരെ കൊല്ലാനുള്ള ആയുധം ഉണ്ടാകുന്നു പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢി വർഗ്ഗം ആയിരിക്കും മനുഷ്യൻ. ചെയ്തുകൂട്ടിയ തെറ്റുകൾക്ക് തിരിച്ചടി കിട്ടുമ്പോൾ നെട്ടോട്ടമോടുകയാണ് മനുഷ്യൻ. കണ്ണീരിനാൽ നിറയുകയാണ് ഭൂമി. ഏത് ദൈവത്തെ വിളിച്ച് യാചിക്കണം എന്ന് അറിയില്ലാതെ മനുഷ്യർ നട്ടംതിരിയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉറ്റവരും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ എങ്കിലും മനുഷ്യൻ മനസ്സിലാക്കട്ടെ ചെയ്തത് തെറ്റായിപ്പോയെന്ന്.
        പ്രധാനമന്ത്രിയുടെ  ലോക്ഡൗൺ പ്രഖ്യാപനം മനുഷ്യകുലത്തിന് ഒരു പാഠം ആയിരിക്കും. ഈ ലോക്ഡൗണിന് ഒരു അന്ത്യം കാണുമോ എന്നറിയില്ല. covid -19 എന്ന മാരിയെ ലോകം ഇനി അതിജീവിക്കുമോ എന്ന് പോലും നിശ്ചയമില്ല. എങ്കിലും പ്രളയത്തെയും നിപ്പയെയും കേരളം അതിജീവിച്ചത് പോലെ കൊറോണയെയും ലോകം മുഴുവൻ അതിജീവിക്കും എന്ന വിശ്വാസം മാത്രം. 
        ഇനിയൊരു ഉയർത്തെഴുനേൽപ്പ് മനുഷ്യകുലത്തിനു ഉണ്ടെങ്കിൽ മനുഷ്യൻ നന്നാവും എന്ന് ലോകം മുഴുവൻ അടച്ചു വിശ്വസിക്കുന്നു. പക്ഷേ ഇനി ചിന്തിച്ചിട്ട് കാര്യമുണ്ടോ? ചെയ്യേണ്ട പാപങ്ങൾക്ക് അതിരുകൾ കടന്ന് ചെയ്തില്ലേ  മനുഷ്യർ. അങ്ങനെ ഈ വിഷുക്കാലം, ആളനക്കവും തിക്കുംതിരക്കും ഇല്ലാത്ത വിഷുക്കാലം. ഇങ്ങനെ ഒരു വർഷം ആദ്യത്തേതും അവസാനത്തേതും ആകട്ടെ. ഞാൻ മനസ്സിൽ പറഞ്ഞു. പുതിയൊരു മാലിന്യവിമുക്ത പരിസ്ഥിതി ഉയർത്തെഴുന്നേൽക്കും എന്ന വിശ്വാസത്തോടെ ഞാൻ ഭക്ഷണം കഴിക്കാൻ അമ്മയുടെ അടുത്തേക്ക് ചെന്നു. ലോക്ഡൗൺ സമയത്തെ അമ്മ ഉണ്ടാക്കിയ രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴും ഒരു വിലാപം;
         ' എന്തിന് നീ എന്നോട് ഇങ്ങനെ ചെയ്തു?  ഞാൻ നിന്റെ അമ്മ അല്ലേ ?'     
         സഹതാപത്തോടെ ഞാൻ പ്രകൃതിയുടെ കണ്ണുകളിലേക്ക് വീണ്ടും ഒന്ന് നോക്കി...
അഞ്ചന പി.എസ്.
9 C സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാര്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ