സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂൾ ഹൈടെക്  ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിലെ 12 ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം 2018 സെപ്റ്റംബർ 29-ാം തിയതി ബഹുമാനപ്പെട്ട കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ .ടി .യു അബൂബക്കർ അദ്ധ്യക്ഷത വഹിക്കുകയും ബഹു. കൊച്ചി രൂപത ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേർളി ആഞ്ചലോസ് , പി.ടി.എ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് രാജേഷ് ആൻറണി , സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീമതി റിജി മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.


പ്ലാററിനം ജൂബിലി നിറവിൽ ഫോർട്ടുകൊച്ചി സെൻറ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ

ഫോർട്ടുകൊച്ചി: ചരിത്രപ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി, അറബിക്കടലിന്റെ തീരത്ത്, കൊച്ചി രൂപതാ ആസ്ഥാന മന്ദിരത്തിനു സമീപം പശ്ചിമകൊച്ചിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന ചിരപുരാതന വിദ്യാനികേതനം സെന്റ്.ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ.സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ബഹുമുഖ പ്രതിഭകളെ സമ്മാനിച്ച സെന്റ്.ജോൺ ഡി ബ്രിട്ടോയ്ക്ക് ഇത് അഭിമാനദായകമായ പ്ലാറ്റിനം ജൂബിലി വർഷം.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിലിന്റെ രക്ഷാകർ തൃത്വത്തിൽ മാനേജ്മെന്റിന്റേയും ഹെഡ്മിസ്ട്രസ്സിന്റേയും നേതൃത്വത്തിൽ പൂർവ വിദ്യാർഥികളേയും അധ്യാപക-അനധ്യാപകരേയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവൽക്കരിക്കുകയും 2019 ജനുവരി 15ന് വിളംബര ജാഥ സംഘടിപ്പിക്കുകയും ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾ വിഭാവനം ചെയ്യുകയും അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കുന്നതുൾപ്പടെ ബഹുവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് അതോടൊപ്പം പൂർവ വിദ്യാർഥി സംഗമം, വിവിധ കലാകായിക മത്സരങ്ങൾ, ശക്തികരണ ക്ലാസ്സുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനം 2020 ജനുവരി 15 ന് വിപുലമായ പരിപാടികളോടെ സാഘോഷം നടത്താനും തീരുമാനിച്ചിട്ടുണ്ട്


ബ്രിട്ടോ സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും  വാർഷികവും

ഫോർട്ടുകൊച്ചി: സെൻറ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി , വാർഷികം എന്നിവയുടെ ഉദ്ഘാടനം 2019 ഫെബ്ര‍ുവരി 14-ാം തിയതി പൂർവ്വ വിദ്യാർത്ഥിയും മെഷീൻ ഇന്റലിജൻസ് യു.എസ്.എ യുടെ ഡയറക്ടറുമായ പ്രൊഫ.ഡോ.അജിത്ത് അബ്രഹാം നിർവഹിച്ചു. കൊച്ചി രൂപതാ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കരിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷം വിരമിക്കുന്ന ഹൈസ്കൂൾ അധ്യാപിക ശ്രീമതി.ഫൗളിൻജെറിക്കോട്ടിന് യാത്രയയപ്പ് നൽകി .ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിക  "നവതരംഗം" സ്കൂൾ മാനേജർ റവ.മോൺ.പീറ്റർ ചടയങ്ങാട് പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായ ഫോർട്ടുകൊച്ചി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.പി.രാജ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. പൂർവ വിദ്യാർഥികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം'' എക്സ് പ്ലോറേഴ്സ് " ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ആഞ്ചലോസ് പ്ലാറ്റിനം ജൂബിലി സെലി ബ്രേഷൻ കമ്മിറ്റി വൈസ് ചെയർമാൻ കൂടിയായ പ്രൊഫ. ഡോ. അജിത്ത് അബ്രഹാമിന് നൽകി പ്രകാശനം ചെയ്തു.  ഡിവിഷൻ കൗൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ശ്രീമതി. ഷൈനി മാത്യു, പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.യു അബൂബക്കർ ,സ്റ്റാഫ്  പ്രതിനിധികളായ ശ്രീമതി ഇൻഗ്രിഡ് മെയ്ൻ, ശ്രീ.മാത്യു പി.വി, ശ്രീമതി ലൗലി വെറോൺ, പോലീസ് ഓഫീസർ ശ്രീ.സുജനപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം

26013 Alumni Meet.jpeg

ഫോർട്ടുകൊച്ചി:  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1945 മുതൽ 2018 വരെ യുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പൂർവ വിദ്യാർഥി സംഗമം 2019 ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി.സ്കൂൾ മാനേജർ റവ.മോൺ.പീറ്റർ ചടയങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേർളി ആഞ്ചലോസ് സ്വാഗതം ആശംസിച്ചു.മുൻ ഹെഡ്മാസ്റ്റർ ശ്രീ.കെ.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുകയും ജൂബിലിയോടനുബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പൂർവ വിദ്യാർഥികളായ ശ്രീ.കെ.ജെ സോഹൻ, ശ്രീ.പി.എൽ പ്രകാശ് ജെയിംസ്, ശ്രീ.എസ്.എ.ഷാക്കൂർ നവാസ്, ശ്രീ.ബെയർ ഡെൻസിൽ പയസ്, ശ്രീ.മാത്യു വിൻസെന്റ്, അഡ്വ.ആന്റണി കുരീ ത്തറ, ശ്രീ.സുധീർ ഗുർ ജർ, ശ്രീ.സുരേഷ് കെ, ശ്രീ. വിനു വർഗ്ഗീസ്, മുൻ അധ്യാപിക ശ്രീമതി.ഫില്ലിസ് ഡിക്കോത്തോ തുടങ്ങിയവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ആഘോഷക്കമ്മിറ്റി കൺവീനർ ശ്രീ.മാർട്ടിൻ സി.എം.സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു.


പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബ്രിട്ടോ സ്കൂളിൽ ശാക്തീകരണ ക്ലാസ്സുകൾ നടത്തി

ഫോർട്ടുകൊച്ചി :സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ  ശാക്തീകരണ ക്ലാസ്സുകൾ മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർക്കായി നൽകി .ശ്രീ.എം.പി.ജോസഫ് ഐ.എ.എസ്, റവ.ഫാ. ഡോ.പ്രശാന്ത്‌ പാലക്കാപ്പിള്ളിൽ (പ്രിൻസിപ്പൽ സേക്രഡ് കോളേജ് തേവര) ,മിസ്സിസ് ആശ തോമസ് ഫെൻ (അക്കാദമിക് കോർപ്പറേറ്റ് കൺസൽട്ടന്റ്) തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.




പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബ്രിട്ടോ സ്കൂളിൽ അഖില കേരള ചിത്രരചനാ മത്സരം

26013 Painting Competition.jpeg

ഫോർട്ടുകൊച്ചി: പശ്ചിമകൊച്ചിയിലെ ചിരപുരാതന വിദ്യാലയമായ ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിദ്യാർഥികളിലെ നൈസർഗ്ഗിക കലാവാസനയെ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനുമായി കേരളത്തിലെ വിവിധ വിദ്യാർഥികളോടൊപ്പം സ്പെഷൽ സ്കൂൾ വിദ്യാർഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് അഖില കേരള ചിത്രരചന മത്സരം നടത്തി. ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റേയും പൂർവ അധ്യാപക-വിദ്യാർഥികളുടേയും സഹകരണത്തോടെ നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റും ചരിത്രകാരനും കോളമിസ്റ്റും കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ ക്യൂറേറ്ററുമായ ശ്രീ ബോണി തോമസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.വിവിധ വിഭാഗങ്ങളിലായി 667 വിദ്യാർഥികൾ പങ്കെടുത്തു.


ബ്രിട്ടോ സ്കൂളിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണം

26013 Antiplastic Venture.jpeg

ഫോർട്ടുകൊച്ചി :ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിലെ വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് പ്രകൃതി - ശാസ്ത്ര ക്ലബ്ബുകൾ സി.എഫ്എഫുമായി ചേർന്ന് പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണ റാലിയും മൂന്നിടങ്ങളിലായി ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് കളക്ടർ സ്നേഹിൽകുമാർ, മട്ടാഞ്ചേരി എ.ഇ.ഒ വാഹിദ, സി.എഫ്എഫ് ചെയർപേഴ്സൺ ഓറിയ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ഹർട്ടിസ് കൗൺസിലർ ഷൈനി മാത്യു, ആന്റണി  കുരീത്തറ തുടങ്ങിയവർ പങ്കെടുത്തു.



ബ്രിട്ടോണിയൻ ഡിജിറ്റൽ ബാങ്കിലേക്ക് 90 മൊബൈൽ ഫോണുകളുമായി പൂർവ്വ വിദ്യാർത്ഥികൾ

ഫോർട്ടുകൊച്ചി: സെന്റ് ജോൺ ഡി ബ്രിട്ടൊ ആംഗ്ലോ ഇന്ത്യൻ ഹൈസ്കുളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യത്തിനായി വിവിധ ബാച്ചുകളിലെ പൂർവ്വവിദ്യാർഥികൾ 90 മൊബൈൽ ഫോണുകൾ കൈമാറി. ബ്രിട്ടോണിയൻ ഡിജിറ്റൽ ബാങ്ക് എന്ന പദ്ധതി പ്രകാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സ്കൂൾ മാനേജർ റവ. മോൺ ഷൈജു പര്യാത്തുശ്ശേരിയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേർളി ആഞ്ചലോസും പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് ഫോണുകൾ വിതരണം ചെയ്തത്.


ബ്രിട്ടോണിയൻ ഡിജിറ്റൽ ബാങ്ക്

ഫോർട്ടുകൊച്ചി: കോവിഡ് - 19 മഹാമാരിയുടെ വ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് വിദ്യാഭ്യാസ മേഖലയെയാണ്. എന്നാൽ വിദ്യാർഥികളുടെ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വീടിനെ വിദ്യാലയമാക്കിക്കൊണ്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രയാണം തുടരുകയാണ്. ഡിജിറ്റൽ ഉപകരണത്തിന്റെ ദൗർലഭ്യം ഒരു വിദ്യാർഥിക്കു പോലും പഠനപിന്നോക്കാവസ്ഥയ്ക്ക് കാരണമാകരുത് എന്ന ലക്ഷ്യത്തോടെ Reach one Each one എന്ന ആശയത്തെ മുൻ നിർത്തി St John De Britto's A.I.H.S Fortkochi മുന്നോട്ടു വെച്ച ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് നെഞ്ചോടു ചേർത്ത പൂർവ്വ വിദ്യാർഥികളും അധ്യാപകരും നമ്മുടെ റിട്ട. അധ്യാപകരും ചേർന്ന് Brittonian Digital Bank എന്ന പദ്ധതി പ്രകാരം 80 സ്മാർട്ട് ഫോണുകളും 10 ടാബ്‌ലറ്റുകളും നൽകി. 2021 ജൂൺ 30-ാം തീയതി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വിതരണം ചെയ്യുകയുണ്ടായി. അതിനുശേഷം പറയത്തക്ക പരാതികളില്ലാതെ എല്ലാ വിദ്യാർഥികളും തന്നെ വിക്ടേഴ്സ് ചാനൽ ക്ലാസ്സുകളിലും സ്കൂളിലെ അധ്യാപകർ നടത്തുന്ന ഗൂഗിൾ മീറ്റ് ക്ലാസ്സുകളിലും പങ്കെടുത്തു വരുന്നു.

സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ  ഹൈസ്കൂളിൽ സമാധാന റാലിയുമായി വിദ്യാർത്ഥികൾ

26013 Rali.jpeg

ഫോർട്ടുകൊച്ചി: യുദ്ധഭീകരതയ്ക്കെതിരെ , ലോകസമാധാനത്തിനായി ഫോർട്ട് കൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ  എസ്പിസി, സ്കൗട്ട് , എൻ.സി.സി ,ജെ ആർ സി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ 2022 മാർച്ച് 8-ാം തിയതി സമാധാന റാലി നടത്തുകയുണ്ടായി. സ്കൂൾ മാനേജർ മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലറും , കൊച്ചി നഗരസഭ പ്രതിപക്ഷ പാർട്ടി നേതാവുമായ ആന്റണി കുരീത്തറ സമാധാന സന്ദേശം നൽകി. രാവിലെ 8.30 ന് സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഞാലിപ്പറമ്പ് ജംഗ്ഷനിൽ എത്തിയപ്പോൾ  കുട്ടികൾ ലോകസമാധാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മഹദ് വാക്യങ്ങൾ പങ്കുവെച്ചു . നാലാം ക്ലാസ് വിദ്യാർത്ഥി സെയ്ദ് ആലിം "ലോകം മുഴുവൻ സുഖം പകരാനായി " എന്ന ഗാനം ആലപിച്ചു.  തുടർന്ന് 9.30 ന് റാലി സ്കൂളിൽ പര്യവസാനിച്ചു.