സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ‍ നിനക്കാത്മശാന്തി"

      കവികൾ ദീർഘ ദർശികളാണെന്ന് പറയാറുണ്ട്. ആ ദീർഘദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ അതിനേക്കാൾ വേഗത്തിൽ മനുഷ്യനും. കോടാനുകോടി ജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് പതുക്കെ പതുക്കെ നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെന്നുള്ളതിൽ ഒരു തർക്കവുമില്ല. എന്നാൽ നിലവിലുള്ള സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഇപ്പോൾ മനുഷ്യന്റെ പ്രവർത്തനങ്ങൾ.
     ആധുനിക മനുഷ്യൻ റോക്കറ്റ് വേഗത്തിലാണ് സഞ്ചരിക്കുന്നത്. സുഖസന്തോഷങ്ങൾ പണം കൊടുത്തു വാങ്ങുന്ന ആധുനിക സൗകര്യങ്ങളിലും, കെട്ടി ഉയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് കെട്ടിടങ്ങളിലുമാണെന്ന് ധരിക്കുന്ന വെറുമൊരു മൃഗമായി മനുഷ്യൻ അധപതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ അവൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒരുപാട് അകലേക്ക് മാറിപ്പോയി. പ്രകൃതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ചവറ്റുകുട്ടയായും ഭൂമിയെ എണ്ണയും മറ്റും കുഴിച്ചെടുക്കാൻ മാത്രമായിട്ടുള്ള ഖനന കേന്ദ്രമായും അവൻ കണ്ടു കഴിഞ്ഞു
    മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത റഫ്രിജറേറ്റർ അഥവാ ഫ്രിഡ്ജ്, ഇതിലുപയോഗിക്കുന്ന സി എഫ് സി അഥവാ ക്ലോറോ ഫ്ലൂറോ കാർബണുകൾ അന്തരീക്ഷത്തിന് ഏറ്റവും അപകടകാരിയായ വാതകമാണ്. അവ ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നു. അതുപോലെതന്നെ വിദേശരാജ്യങ്ങൾ ടൺകണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി ഉൾക്കടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം പത്രത്തിലൂടെ നമുക്കറിയാൻ സാധിക്കുന്നുണ്ട്. സ്വന്തം രാജ്യം മാലിന്യവിമുക്തമാണെന്ന് കരുതുന്ന ഇവർ വലിയൊരു ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നറിയുന്നില്ല.കാടുവെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കുന്നതും, മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലറിയിട്ട് ഒരു കാര്യവുമില്ല. വേണ്ടത് സ്ഥിരമായ പരിസ്ഥിതിബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ 10 പുതിയ തൈകൾ നടാനുള്ള ബോധം.
    ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം അ‍ർപ്പിച്ച ഒരുകൂട്ടം മനുഷ്യരുണ്ട്. ഈ ഭൂമി നാളേക്കും,എന്നേക്കും എന്ന ബോധ്യത്തോടെ പ്രവർത്തിക്കുന്ന അവരുടെ പ്രവർത്തനങ്ങളിൽ നമുക്കും പങ്കുചേരാം.
ജെനിഫർ ജെ
+1B സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം