സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഓർമ്മകളിൽ ആ നല്ല ദിനങ്ങൾ
ഓർമ്മകളിൽ ആ നല്ല ദിനങ്ങൾ
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ, ഇന്നത്തെ പത്രം എന്നെ വീണ്ടും ഓർമ്മപ്പെടുത്തി എന്റെ അച്ഛന്റെ സ്നേഹമസൃണമായ മുഖം. ഇന്നത്തെ പത്രത്തിൽ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എഴുതിയ ലേഖനം കണ്ടു. "പ്രവാസികളെ കേരളം ഹൃദയം കൊണ്ട് ഓർക്കുന്നു". ഓ.... ആ പ്രവാസികളിൽ ഒരാൾ എന്റെ അച്ഛനാണല്ലോ. ഈ വിഷുവിന് എന്റെ അച്ഛൻ ഞങ്ങളോടൊപ്പം സദ്യ കഴിക്കുന്നതും, രണ്ടു വർഷത്തെ അച്ഛന്റെ അസാന്നിധ്യം ഓർമ്മിപ്പിക്കാതിരിക്കാൻ, അല്ലെങ്കിൽ ആ നഷ്ടങ്ങളൊക്കെ നികത്താൻ ഞങ്ങളെ പലയിടങ്ങളിലും കൊണ്ടു പോകുന്നതും സ്വപ്നം കണ്ടിരുന്നു.എന്നാൽ ഇപ്പോൾ . കൊറോണ എന്ന കൊച്ചു ജീവി മനുഷ്യനെ മനുഷ്യനിൽ നിന്നും രാജ്യങ്ങളെ രാജ്യങ്ങളിൽ നിന്നും അകറ്റിയിരിക്കുന്നു. ഈ മഹാമാരി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും കടന്നു കഴിഞ്ഞിരിക്കുന്നു . മനുഷ്യൻ വരച്ച രാജ്യത്തിന്റെ അതിർത്തികൾക്കും സാമ്പത്തീക മേൽക്കോയ്മകൾക്കു മൊന്നും ഈ വൈറസിനെ തടഞ്ഞു നിറുത്താനാവില്ല എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റു ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സർക്കാർ നമുക്കായി ഒരുക്കിയ സുരക്ഷിത വലയത്തിൽ ആശ്വസിക്കുമ്പോഴും എന്റെ അച്ഛനുൾപ്പെടുന്ന പ്രവാസികൾക്കായി, അനുകൂലമായ വിധിക്കായി കാതോർത്തിരിക്കുകയാണ് ഞാൻ. കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ സന്തോഷത്തിലും സമൃദ്ധിയിലും ആയിരിക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികളാണെന്ന് ഈ ദുരന്തകാലത്ത് ആരും മറന്നു പോകരുത്. പ്രവാസികളെ ഇങ്ങോട്ട് വരുത്തേണ്ടതില്ല. അവരാണ് ഇവിടെ കോവിഡ് 19 പരത്തുന്നത് എന്ന ധാരണ നമുക്ക് ഉണ്ടാകാൻ പാടില്ല. അവരെ സ്വീകരിക്കാൻ നമ്മുടെ സർക്കാർ ആവുന്നത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റേയും സുപ്രീം കോടതിയുടേയും അനുവാദങ്ങൾക്കായി കാത്തിരിക്കുകയാണ് കോവിഡ് ഭീതിയാൽ കഴിയുന്ന എന്റെ അച്ഛനടക്കമുള്ള പ്രവാസികൾ. "വിഷുക്കാലമല്ലേ.. പൂക്കാതിരിക്കാനെനിക്കാവതില്ല " എന്നു പറഞ്ഞ് കണിക്കൊന്നകളെല്ലാം പൂത്തു വിടർന്നു നിൽക്കുന്നതു കാണുമ്പോൾ ക്ഷമയോടും പ്രത്യാശയോടും, രോഗശാന്തി കൈവരിച്ച ഒരു ലോകത്തെ സ്വപ്നം കാണുകയാണ് എന്റെ തലമുറ. സ്വപ്നതുല്യമായ ഭൂമിയിൽ സന്തോഷത്തോടേയും സമാധാനത്തോടേയും എനിക്ക് കഴിയണമെങ്കിൽ എന്റെ അച്ഛന്റെ സാന്നിധ്യം എനിക്ക് വേണം. ഈ അവധിക്കാലം തീരുന്നതിന് മുൻപ് എന്റെ അച്ഛനുമൊന്നിച്ച് വീണ്ടുമൊരു വിഷുവിന് കണിയൊരുക്കാൻ എന്റെ ജീവിതത്തിൽ ഇനിയും കണിക്കൊന്ന പൂക്കുമോ?
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം