സി.ഇ.എൽ.പി.എസ്.പള്ളിപ്പുറം/ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് അറ്റത്ത് തെക്ക് ഭാഗം ഭാരതപ്പുഴയും പടിഞ്ഞാറ് തൂതപ്പുഴ യും ഒഴുകുന്ന കാർഷികഗ്രാമമായ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം പ്രദേശത്ത് പതിനാലാം വാർഡിൽ ആണ് 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ പിന്നോക്കം നിന്നിരുന്ന പള്ളിപ്പുറം പ്രദേശത്ത്, ജാതിമത ചിന്തകൾക്കതീതമായി നാടിന്റെ നന്മയ്ക്കും നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ചിന്തിച്ച മഹാ പുരുഷനായ മംഗലത്ത് പുഴയ്ക്കൽ കളത്തും പടിയ്ക്കൽ ശ്രീ ചെല്ലു എഴുത്തച്ഛനാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
സ്ഥലത്തെ പ്രധാന ജന്മിയായിരുന്ന കുമരം പുലായ്ക്കൽ നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 35 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ഒരു ഷെഡ്ഡിലാണ് ആദ്യകാലത്ത് പ്രവർത്തനമാരംഭിച്ചത് . അക്കാലത്ത് ബാലപ്രബോധൻ സ്കൂൾ എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത് എന്നാണ് പഴമക്കാർ പറയുന്നത്. കാലാന്തരത്തിൽ ചെല്ലു എഴുത്തച്ഛൻ ലോവർ പ്രൈമറി സ്കൂൾ (C.E.L.P school) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
കാലോചിതമായ വികസനപ്രവർത്തനങ്ങളാൽ നവീകരിച്ച വിദ്യാലയത്തിൽ ടൈൽ വിരിച്ചതും ഫാൻ സൗകര്യമുള്ളതുമായ ക്ലാസ് മുറികളും, സ്മാർട്ട് റൂം,ലൈബ്രറി,കളിസ്ഥലം, എന്നീ സൗകര്യങ്ങളും ഉണ്ട്.ചുറ്റു മതിലും, ഗെയ്റ്റും,കിണറും, ടോയ്‌ലറ്റുകളും, മികച്ച രീതിയിലുള്ള പാചകപ്പുര യും സ്കൂളിൽ ഉണ്ട്. പള്ളിപ്പുറം പ്രദേശത്തെ നിരവധി പ്രമുഖർക്ക് ആദ്യക്ഷരം നൽകിയ വിദ്യാലയം ഇന്നും വികസനത്തിന്റെ പാതയിലാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |