സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി :കോവിഡ് 19

ലോകത്തെ നടുക്കിയ മഹാമാരി :കോവിഡ് 19

ലോകത്തെ മുഴുവൻ വിറകൊള്ളിച്ചുകൊണ്ട് 2019-ൽ ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് പിന്നീട് ലോകത്താകമാനം വ്യാപിച്ച് മരണസംഖ്യ ദിവസേന വർദ്ധിച്ചുകൊണ്ട് ലോകത്തിന് ഭീഷണിയായി മാറികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണവൈറസ്. വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസിന്റെ ഏറ്റവും വലിയ കൂട്ടം എന്ന് പറയുന്നതാവും ഇതിന് നൽകാൻ പറ്റിയ ഏറ്റവും വലിയ വ്യാഖ്യാനം. മൈക്രോസ്കോപ്പിലൂടെ  നിരീക്ഷിക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണാപ്പെടുന്ന crown എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേരിൽ ഇത് അറിയപ്പെടുന്നു.ശാസ്ത്രലോകം ഇതിനെ സൂനോട്ടിക് എന്നും വിശേഷിപ്പിച്ചു.

പനി, ചുമ, ശ്വാസതടസം, തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി മുന്നേറുന്ന കൊവിഡ് 19 മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനസംവിധാനത്തെ താറുമാറാക്കാൻ കെൽപ്പുള്ള സാർസ്, മെർസ്, എന്ന രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. 5-6 ദിവസമാണ് ഈ രോഗബാധയുടെ ഇൻക്യുബേഷൻ പിരീഡ്..

ലോകത്തെ കാർന്നുതിന്നുന്ന ഈ മഹാദുരന്തത്തെ ചെറുക്കാൻ പറ്റിയ ഏറ്റവും വലിയ പ്രതിവിധി വ്യക്തിശുചിത്വമാണ്. ഇതിനെ മറികടക്കാൻ പറ്റിയ പ്രതിരോധമാർഗമാണ് ഇടക്കിടെ സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് 20 മിനിറ്റ് കൈ നന്നായി കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തുവാല ഉപയോഗിച്ചു മറയ്ക്കുക, സാമൂഹികഅകലം പാലിക്കുക, കൂടാതെ ഈ വൈറസ് ബാധയെ പ്രതിരോധിക്കാനായി ഇവക്കെല്ലാം പുറമെ നമ്മുടെ പ്രധാനമന്ത്രി നൽകിയിരിക്കുന്ന 7 പ്രതിരോധമാർഗങ്ങളാണ് -മുതിർന്നവരെ കരുതലോടെ സംരക്ഷിക്കുക, പാവങ്ങളെ സഹായിക്കുക, ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക, തൊഴിലുടമകൾ ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക, സാമൂഹികഅകലം പാലിക്കുക, ആയൂഷ് ആലയത്തിന്റെ നിർദേശങ്ങൾ പാലിക്കുക, ആരോഗ്യപ്രവർത്തകരെ ബഹുമാനിക്കുക, എന്നിവയും നിർദേശാനുസരണം പാലിച്ചുകൊണ്ട് ഈ വിപത്തിനെയും നമുക്ക് അതിജീവിക്കണം

കൊറോണയെ സധൈര്യം നേരിട്ടുകൊണ്ട് മുന്നേറുന്ന നമ്മുടെ കേന്ദ്രസർക്കാരിന്റെ എല്ലാ മാർഗനിർദേശങ്ങളും ക്രമാനുസരണം പാലിക്കുകയും നമ്മുടെ ആവശ്യങ്ങളെ മറന്ന് സർക്കാരിനൊപ്പം ലോകത്തിന്റെ അത്യാവശ്യങ്ങൾക്കായി കൂടെ നിന്നുകൊണ്ട് 'stay home safe' എന്ന ആശയം നമ്മൾ അനുസരിക്കുക എന്നത് ഈ മഹാമാരിയിൽ നിന്ന് വിമുക്തരാകാൻ നമ്മെ സഹായിക്കുന്നു. ഇവയെക്കാൾ ഈ അവസ്ഥയിൽ നമുക്ക് ആവശ്യം വിവരശുചിത്വമാണ്. കേന്ദ്ര സർക്കാർ നമുക്ക് നൽകുന്ന ശരിയായ നിർദേശങ്ങൾ നമ്മൾ മനസിലാക്കണം. സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫേക്ക് ന്യൂസ്‌ നമ്മൾ വിവരശുചിത്വം വഴിയായി തിരിച്ചറിയണം. ഫേക്ക് ന്യൂസ്‌ വിശ്വസിക്കുക വഴിയായി നാം നശിപ്പിക്കുന്നത് നമ്മളെയും ഒരുപക്ഷെ നമ്മുടെ ജീവിതത്തെത്തന്നെയുമാണ്. ഏത് പ്രതിസന്ധിഘട്ടങ്ങളെയും പ്രതിരോധിക്കാനുള്ള മൂലഘടകമാണ് നമ്മുടെ വിവരം. അത് ശരിയായി നാം ഉപയോഗിക്കണം.

ജാതിമതവർഗവർണ്ണഭാഷദേശ ഭേദമന്യേ എല്ലാവരിലും കടന്നുചെന്ന് എല്ലാവരിലേക്കും പടർന്നുപിടിക്കുന്ന ഈ മഹാമാരി നമ്മെ ബോധ്യപ്പെടുത്തുന്ന ഒന്നുണ്ട് സ്നേഹവും ഐക്യവും കൂട്ടായപ്രവർത്തനങ്ങളും വഴിയായെ ഇതിനെ തടയാൻ നമുക്ക് സാധിക്കൂ. സമ്പത്തിനോ വിദ്വേഷങ്ങൾക്കോ ഭിന്നതകൾക്കോ ഇതിനെ ചെറുക്കാൻ കഴിയില്ല. ഒരുവൻ ലോകം മുഴുവൻ നേടിയാലും ഒരു മഹാമാരി വന്നാൽ എല്ലാം വ്യർത്ഥം.അത് നാം മനസിലാക്കണം. ഈ വിപത്തിൽനിന്ന് നമ്മെ കരകയറ്റുന്നതിനായി നമ്മോടൊപ്പം അവിശ്രാന്തം രാപ്പകൽ അധ്വാനിച്ച് എല്ലാവരിലേക്കും ഇറങ്ങിചെന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിച്ചു തന്നാൽ ആകും വിധത്തിൽ സഹായിക്കുകയും ഈ ഘട്ടത്തിൽ ആവശ്യമായ നിത്യോപയോഗസാധനങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ഒരു ജീവൻ പോലും നഷ്ടമാകാതിരിക്കുന്നതിനും വേണ്ടി പാവങ്ങൾക്കും രോഗികൾക്കും അശരണർക്കും എന്തിനേറെ പക്ഷികൾക്കും മൃഗങ്ങൾക്കും പോലും തന്നാൽ കഴിയുംവിധം സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു കേരളത്തിന്റെ ഉരുക്കുമനുഷ്യനായ ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും പെറ്റമ്മ മക്കൾക്കുവേണ്ടി എന്നപോലെ കരുതലോടെ നമുക്ക് ഓരോരുത്തർക്കും വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനും ഈ അവസരത്തിൽ നമുക്ക് അഭിനന്ദങ്ങൾ അറിയിക്കാം.

സ്വന്തം ജീവനും ജീവിതവും ബലികഴിച്ചുകൊണ്ട് നമുക്ക് വേണ്ടി പ്രഭാതം മുതൽ പ്രദോഷം വരെ ഒന്നുപോലെ ആത്മാവിശ്വാസത്തോടും സേവനസന്നദ്ധതയോടും അർപ്പണമനോഭാവത്തോടും കൂടെ കടമ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരെയും നഴ്സ്സുമാരെയും സാമൂഹികപ്രവർത്തകരെയും അഭിനന്ദിക്കുന്നതോടൊപ്പം വെയിലും ചൂടും സഹിച്ചു ഉറക്കവും ആരോഗ്യവും പരിഗണിക്കാതെ നിത്യേന ജോലിചെയ്യുന്ന എല്ലാ പോലീസുകാർക്കും നന്ദി അർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്.

രണ്ട് മഹാപ്രളയത്തെയും നിപ്പാവൈറസിനെയും തോൽപ്പിച്ച നമുക്ക് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വിനാശത്തിൽനിന്ന് കരകയറുന്നതിനായി വിവിധ സ്ഥലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് ഒരു കുടക്കീഴിൽനിന്നുകൊണ്ട് കൊറോണ എന്ന മഹാവിപത്തിനെ ലോകത്തുനിന്നും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിനായി നമുക്ക് കൈകോർക്കാം. അതിനായി നമുക്ക് നമ്മുടെ സർക്കാരിനൊപ്പം നിന്നുകൊണ്ട് അതിജീവനത്തിന്റെ പാത പിൻതുടരാം.

അമല മരിയ ടോം
9 എ സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം