സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

അവൾ എട്ട് മാസം ഗർഭിണി ആയിരുന്നപ്പോഴാണ് എനിക്ക് കമ്പനിയിൽ നിന്ന് വിളി വന്നത്. നാട്ടിൽ നിന്ന് വിമാനം കയറുവാൻ എനിക്ക് നന്നേ വിഷമം ഉണ്ടായിരുന്നു, തയാറെടുപ്പുകൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് നിരാശയുടെയും വിദൂരതയുടെയും കാഠിന്യം കൂടുതൽ ആയിരുന്നു. എയർപോർട്ടിലേക്ക് എന്റെ ലഗ്ഗേജുകളും വഹിച്ചു കൊണ്ട് യാത്രയ്ക്കായി അക്ഷമയോടെ കിടന്ന കാറിനുള്ളിലേക്ക് കയറുമ്പോഴും പുറകിലേക്ക് ശ്രദ്ധ തിരിക്കുവാൻ എന്റെ ഹൃദയം അനുവദിച്ചില്ല. വാഹനം അകന്ന മാത്രയിൽ അറിയാതെ നിയന്ത്രണം നഷ്ടപ്പെട്ട കണ്ണുകൾ ഉമ്മറത്തെ തൂണിനു മറഞ്ഞ് പൊട്ടിക്കരയുന്ന തന്റെ പ്രാണസഖിയെ ഒപ്പിയെടുത്തു.
വർഷങ്ങൾക്കു ശേഷം തിരികെ നാട്ടിലേക്ക് ... എന്റെ മനസ്സ് ആവേശം കൊണ്ടു. ഈ മടക്കവും യാദൃശ്ചികം തന്നെ. വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കാത്തിരുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെ അടുക്കലേക്ക് ആണ് എയർപോർട്ട് അധികൃതർ ഞങ്ങളെ പറഞ്ഞയച്ചത്. ആശുപത്രി മുറിക്കുള്ളിലെ 20 ദിവസങ്ങൾക്ക് പ്രവാസത്തിന്റെ 2 വർഷത്തേക്കാൾ ആയാസം കൂടുതലായി എനിക്ക് അനുഭവപ്പെട്ടു .
പ്രത്യേക വാർഡിനുള്ളിൽ അനുവദിക്കപ്പെട്ട മുറിക്കുള്ളിൽ ഒറ്റപ്പെടലിന്റെ ഭാരം എന്നെ വല്ലാതെ തളർത്തി. ആ മുറിക്കുള്ളിലെയ്ക്ക് സന്ദർശകരെന്ന് പറയുവാൻ സാധിക്കുന്നത് ബിൻ ബാഗുകളും ആപ്രോണുകളും ധരിച്ച് പരിശോധനയ്ക്കായി എത്തുന്ന ഭിഷ്വഗ്വരന്മാർ മാത്രം ആണ്. എന്തെല്ലാമോ പരിശോധനകൾക്ക്‌ ശേഷം അവർ എന്നെ ആശുപത്രി മുറിക്കുള്ളിലേയ്ക്ക് ശുപാർശ ചെയ്തു. പ്രിയപ്പെട്ട കൂടിച്ചേരലുകൾക്കായുള്ള കാത്തിരിപ്പ് ഇനിയും അവസാനിക്കുന്നില്ല.ദൗർഭാഗ്യത്തിന്റെയും വിധിയുടെയും സമന്വയം എന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുകയാണോ?ഡോക്ടർമാരിൽ ഭൂരിഭാഗവും താമസിയാതെ സൗഹൃദങ്ങൾ ആയി പരിണമിക്കപ്പെട്ടു. അതിൽ ഒരു ചെറുപ്പക്കാരൻ ഡോക്ടർ കൂടുതൽ ഉത്സാഹവാനാണ്. അദ്ദേഹം എന്നെ സന്ദർശിച്ചതിനിടയിൽ അയാളുടെ വീട്ടുകാര്യങ്ങളും പങ്കുവച്ചു. അയാൾക്ക് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.പക്ഷേ... അവരെ കണ്ടിട്ട് ഒരു മാസത്തിനു മേൽ ആയിരിക്കുന്നു. ബാല്യം ഉറയ്ക്കാത്ത പൈതങ്ങളെ കാണുവാൻ ഉള്ള വാഞ്ഛ ആ ചെറുപ്പക്കാരന്റെ ഉള്ളിലും അധികമാണ്,പക്ഷേ... സാഹചര്യങ്ങൾ മനുഷ്യൻറെ ആഗ്രഹങ്ങൾക്ക് അതീതം ആണ്. നിറഞ്ഞ കണ്ണുകളിൽ നിന്ന് മിഴിനീർ ഉതിരുന്നതിന് മുൻപേ ചെറുപ്പക്കാരൻ എന്നെ കടന്നു പോയി
കാത്തിരിപ്പിന് ശേഷം ആതുരാലയത്തിന്റെ പുറത്തേയ്ക്കുള്ള യാത്രാ വേള ആഗതമായി. വീട്ടിലേക്കുള്ള യാത്രാരംഭത്തിൽ യാത്രയയപ്പ് നൽകുന്നതിനായി ആ ചെറുപ്പക്കാരൻ ഉൾപ്പടെ സേവന സന്നദ്ധരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു.മടക്കയാത്രയിൽ എന്റെ ശ്രദ്ധ ആ ചെറുപ്പക്കാരന്റെ മുഖത്തിനു നേരെ മാത്രമായി ചുരുങ്ങപ്പെട്ടു..... തിരിച്ചു ലഭിച്ച ആനന്ദം ഭവനത്തിനുള്ളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പൈതലിനെ വാരിപ്പുണർന്ന് മാറോടൊതുക്കി ജീവിതത്തിലെ സഹസഞ്ചാരിയെ ആലിംഗനം ചെയ്തു കൊണ്ട് ഞാൻ കാത്തിരിപ്പിന് വിരാമം കുറിച്ചു. അപ്പോൾ മൊബൈൽ ഫോണിനുള്ളിൽ ഒതുങ്ങിയ കുടുംബ ചിത്രത്തിൽ ചെറുപ്പക്കാരന്റെ ചുണ്ടുകൾ അമരുകയായിരുന്നു. നിമിഷങ്ങൾക്ക് വില കൽപ്പിച്ചു കൊണ്ട് പുറത്തുനിന്ന് അയാളുടെ നാമം ഉദ്ധരിച്ചുകൊണ്ട് മറ്റൊരാളുടെ വിളി ഉയർന്നു... നിറകണ്ണുകളോടെ തല ഉയർത്തി ആവേശം വീണ്ടെടുത്ത് അയാൾ പുറത്തേയ്ക്ക് നടന്നു...പുതിയ അതിഥികളുടെ അരികിലേക്ക്......



വിപിൻ സാം മാത്യു
9 എ സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ