സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ, ഈ വിദ്യാലയം 1921 ജൂൺ ആദ്യാവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു. അന്ന് പെരച്ചൻ ഗുരിക്കളും മകനായ ചാത്തു വൈദ്യരുമായിരുന്നു അധ്യാപകർ. മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻ പുരയിൽ കൃഷ്ണൻ വൈദ്യരുമായിരുന്നു. മിഷൻകാർ ഒഴിഞ്ഞ് പോയപ്പോൾ പ്രസ്തുത കെട്ടിടം സ്കൂൾ ആരംഭിക്കേണ്ടതിലേക്ക് അവർ അനുവദിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും വർഷം മദ്രാസ് ഗവൺമെന്റ് 100 രൂപ വീതം ഗ്രാന്റ് അനുവദിച്ചു. അന്ന് മൂന്ന് അധ്യാപകരായിരുന്നു ഉണ്ടാ യിരുന്നത്. മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഡിസ്ട്രിക്ട് ബോർഡുകാർ പ്രസ്തുത കെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടത് പ്രകാരം അവർ പെരച്ചൻ ഗുരിക്കളോട് സ്കൂൾ ഒഴിഞ്ഞ് കൊടുക്കാനാവശ്യപ്പെട്ടു. പിന്നീട് കൊല്ലം പടിക്കൽ എന്ന ഒഴിഞ്ഞ് കിടക്കുന്ന വീട് വാങ്ങുകയും അവിടെ വെച്ച് ഒരു വർഷം സ്കൂൾ നടത്തുകയും ചെയ്തു. സ്കൂൾ പരിശോധന കുന്നുമ്മൽ എൽ.പി സ്കൂളിൽ വെച്ചാണ് നടത്തിയത്. അതിന് ശേഷം കട്ടകൊണ്ട് കയനാട്ടത്ത് ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ നടത്തി. 1928വരെ അവിടെയായിരുന്നു സ്കൂൾ.

1928ൽ മദ്രാസ് ഗവൺമെന്റിന്റെ വെങ്കിടരത്നം എന്ന പേരുള്ള സംസ്കൃത സ്കൂൾ സൂപ്രണ്ട് പെട്ടെന്നുവന്നു സ്കൂൾ പരിശോധിച്ച് പഠന രീതിയിലും മറ്റും സന്തോഷം പ്രകടിപ്പിച്ചു. കഴിയുന്നതും റോഡിനരികെ സ്കൂൾ നിർമ്മിക്കുന്നത് നന്നായിരി ക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അന്ന് എലിമെന്ററി വിഭാഗത്തിൽ നാലും അഡ്വാൻസ്ഡ് വിഭാഗത്തിൽ നാലും ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ നിയമ പ്രകാരം സ്ക്കൂളിന്റെ മാനേജ്മെന്റ് മാറുമ്പോൾ ഒരു കമ്മിറ്റി വേണമായിരുന്നു. അതുപ്രകാരം ചാത്തു വൈദ്യർ തന്റെ അടുത്ത സുഹൃദ്ബന്ധത്തിലുള്ള ഏഴ് പേരെ ചേർത്ത് ഒരു കമ്മിറ്റി രൂപീകരിക്കുകയും തലശ്ശേരി ഡിസ്ട്രിക്ട് റജിസ്ട്രാർ ഓഫീസിൽ വെച്ച് രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. എട്ടാമത്തെ കൊല്ലം ഇവിടെ നിന്ന് എൻട്രൻസ് പരീക്ഷയ്ക്ക് കുട്ടികളെ അയക്കുകയും പാസാവുകയും ചെയ്തിട്ടുണ്ട്. അന്ന് സ്കൂളിന്റെ പേര് വിദ്യാഭിവർദ്ധിനി അഡ്വാൻസ്ഡ് സംസ്കൃതം സ്കൂൾ എന്നായിരുന്നു. അതിന് ശേഷം പേര് ഓറിയന്റൽ സെക്കണ്ടറി സ്കൂൾ എന്നാവുകയും പരീക്ഷയുടെ പേര് ഒ.എസ്.എസ്.എൽ.സി എന്നാക്കി മാറ്റുകയും ചെയ്തു. 1956ൽ ആണ് ഇന്നത്തെ നിലയിൽ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. പ്രഥമ ഭാഷ സംസ്കൃതമായുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെ പേര്. കേരളാ ഗവൺമെന്റിന്റെ സ്ഥിരാംഗീകാരത്തിന് രണ്ടാമത് ഒരു കമ്മിറ്റി വേണമെന്ന് ആവശ്യപ്പെടുകയാൽ അതുപ്രകാരം ചാത്തുവൈദ്യർ പുതിയ അംഗങ്ങളെ ചേർത്ത് ഒരു കമ്മിറ്റി രൂപീകരിക്കുകയും കോഴിക്കോട് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 1992ൽ പ്രഥമഭാഷയായി അറബിക്കും തുടർന്ന് 1996ൽ മലയാളവും പഠിപ്പിക്കാനുള്ള അനുവാദം സർക്കാരിൽ നിന്ന് ലഭിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് ഈ വിദ്യാലയം നിലനിർത്താൻ വേണ്ടി ഒട്ടേറെ ബുദ്ധിമുട്ടുകളും കഷ്ട നഷ്ടങ്ങളും ചാത്തു വൈദ്യർ അനുഭവിച്ചിട്ടുണ്ട്. വിദ്യാഭിവർദ്ധിനി അഡ്വാൻസ് സംസ്കൃത സ്ക്കൂൾ, ഓറിയന്റൽ സംസ്കൃത സ്കൂൾ, സംസ്കൃത സെക്കണ്ടറി സ്കൂൾ, സംസ്കൃത ഹൈസ്കൂൾ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ പരിണാമം. എം.സി. ബാലൻ നമ്പ്യാർ, പി. ആർ. കുഞ്ഞിക്കേളു അടിയോടി, ധർമ്മദത്തൻ വൈദ്യർ, എടക്കാട്ട് ശങ്കരൻ വൈദ്യർ, നാരായണൻ വൈദ്യർ, അക്ബർ കക്കട്ടിൽ, കെ.കെ.ലതിക, ഡോ.ഒ.കെ. ശ്രീനിവാസൻ, ഡോ.സിദ്ദീഖ്, രാജഗോപാലൻ കാരപറ്റ, ചന്ദ്രശേഖരൻ (പ്രിൻസിപ്പൽ,ബാലുശ്ശേരി സംസ്കൃത വിദ്യാപീഠം) വി.കെ.ഗോപാലൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ആദ്യത്തെ പ്രധാനാധ്യാപകൻ കെ.ഗോവിന്ദൻ നമ്പ്യാർ ചേലക്കാടാണ്. ആദ്യത്തെ മാനേജർ കെ.വി.ചാത്തുവൈദ്യരും ഫസ്റ്റ് ഫോറം ആയാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. തുടക്കത്തിൽ വിദ്യാർത്ഥികൾ 50 പേരും അധ്യാപകർ ആറു പേരും ആയിരുന്നു.. ചാത്തു വൈദ്യരുടെ ഭാര്യയുടെ അച്ഛൻ (കണാരൻ വൈദ്യർ) കെട്ടിടവും കെട്ടിവെക്കേണ്ട പണത്തിന് പകരം സ്വത്തും കമ്മിറ്റിയുടെ പേരിൽ തീരു കൊടുത്തിരിക്കുന്നു. പരേതനായ എം.കെ.കൃഷ്ണയ്യർ 100രൂപ വിദ്യാലയത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഇദ്ദേഹം വയനാട്ടിൽ പ്ലാന്ററായിരുന്നു.

വിദ്യാലയം സ്ഥിതിചെയ്യുന്ന കുന്നുമ്മൽ ഉപജില്ലയിൽ കഴിഞ്ഞ 16 വർഷത്തിലേറെയായി സംസ്കൃതം ഹൈസ്കൂൾ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ