സംവാദം:ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം

ദേശവഴികളിലൂടെ....

           ഏതൊരു ദേശത്തിനുമെന്ന പോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം.ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നുവെന്നും  പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നും ഐതിഹ്യമുണ്ട്. തൊട്ടടുത്ത സ്ഥലനാമങ്ങൾ ഈ വസ്തുത ഉറപ്പിക്കുന്നതാണ്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ  മൊഴിമാറ്റമാണെന്നും,കുന്തിയൂർ കുറ്റൂരായതാണെന്നും പറയപ്പെടുന്നു.ഈപ്രദേശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മാതമംഗലത്തിന്റെപേരിലും മഹാഭാരത ബന്ധമുണ്ട്.പാണ്ഡവന്മാരുടെ പ്രിയതോഴനായ മാധവന്റെ സാന്നിധ്യം കൊണ്ട് മംഗളകരമായ സ്ഥലമാണത്രേ മാതമംഗലം.
          
         മാതമംഗലം എന്ന പേരിന്റെ മറ്റൊരു ഐതിഹ്യം ഇവിടുത്തെ ഒരു അമ്പലവുമായി ബന്ധപ്പെട്ടതാണ്.ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണുക്ഷേത്രത്തിലെ   ഭഗവാൻ മഹാവിഷ്ണു  മാത്തപ്പൻ എന്ന പേരിലാണറിയപ്പെട്ടിരുന്നതെന്നും ,മാത്തപ്പനാൽ മംഗളകരമായസ്ഥലം മാതമംഗലമായി എന്നും പറയപ്പെടുന്നു.മാതമംഗലത്തിനടുത്തുള്ള എരമം  ചരിത്രപരമായി പ്രാധാന്യമുള്ള ഇടമാണെന്ന് പറയപ്പെടുന്നു.ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന മൂഷികവംശസ്ഥാപകനായ ഇരാമകൂടമൂവർ  ഇരാമം എന്നപേരിൽ ഉപതലസ്ഥാനം സ്ഥാപിച്ചതായി  കരുതുന്നു.ഈ ഇരാമമാണ് പിന്നീട് എരമം എന്ന പേരിലറിയപ്പെടുന്നതത്രേ.എരമത്തിന്റെ കിഴക്ക് തെക്കായി പുഴയോട് ചേർന്നുനില്ക്കുന്ന മാവത്ത് വയൽ  എന്ന പ്രദേശമാണ് മാതമംഗലം..
       
        ജീവിതത്തിന്റെ ഓരോ ഇടപെടൽമേഖലയിലും  വ്യത്യസ്ഥ ജാതി മതസ്ഥർക്ക് ഒരുപോലെ ഇഴ ചേർന്നു പ്രവർത്തിക്കാൻ കഴി‍‍‍‍‍‍ഞ്ഞിരുന്നുവെന്നത്  ഈ നാടിന്റെ ഉദാത്തമായ മാനവിക മൂല്യത്തിന്റെ അടയാളങ്ങളാണ്.

വിശ്വാസങ്ങൾ ഹനിക്കാതെ പരസ്പര ബഹുമാനത്തോടെ,സഹകരണത്തോടെ പള്ളിയും അമ്പലവുമടങ്ങുന്ന ആരാധനാലയങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുന്നുവെന്നത് പൂർവികർ കൊളുത്തിയ വെളിച്ചം അണയാതെ സൂക്ഷിക്കുന്നത് കൊണ്ടുതന്നെയാണ്.നാടൻ കലകളും, നാട്ടുമൊഴികളും ,നാട്ടറിവുകളും നെഞ്ചേറ്റി ലാളിച്ച, ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരിടം. കാർഷിക പാരമ്പര്യത്തിന്റെ നന്മകൾ കാലത്തിന്റെ മഹാപ്രവാഹത്തിൽ ഒലിച്ചു പോകാതെ കാക്കുന്ന ഇടം കൂടിയാണിത്.ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കുള്ള പ്രയാണത്തിൽ സ്കുളുകളും,ധനകാര്യ സ്ഥാപനങ്ങളും,ആശുപത്രികളും,കച്ചവടസ്ഥാപനങ്ങളുമെല്ലാം ഇവിടെ തലയുയർത്തി നില്ക്കുന്നു.മലഞ്ചരക്കു വ്യാപാരത്തിനു പണ്ടേ പേരുകേട്ട മാതമംഗലത്തിന്റെ പ്രൗഢി ഇന്നും നിലനില്ക്കുന്നു.

"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" താളിലേക്ക് മടങ്ങുക.