വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/മലകളും പുഴകളും

Schoolwiki സംരംഭത്തിൽ നിന്ന്
മലകളും പുഴകളും


മലകളും പുഴകളും കാടുകളും നെൽപ്പാടങ്ങളും കൊണ്ട് സമ്പന്നമായിരുന്ന നമ്മുടെ പ്രകൃതിയിൽ നിന്ന് ഇന്ന് ഇവയെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അത്യാർത്തിയും സ്വാർത്ഥതയുമാണ് ഇതിനെല്ലാം കാരണം. മലകൾ ഇടിച്ചും പുഴകൾ നികത്തിയും കാടുകൾ വെട്ടി നശിപ്പിച്ചും ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും പടുത്തുയർത്തി. പരിസ്ഥിതിക്ക് കോട്ടം വരുത്തിയതിന്റെ ഫലങ്ങൾ നാം കഴിഞ്ഞ കാലങ്ങളിൽ കണ്ടിരുന്നു. മഹാപ്രളയങ്ങൾ വരുമ്പോൾ അതിന്റെ കാരണങ്ങളും പ്രതിവിധി കളും ചർച്ച ചെയ്യുന്ന പൊതു സമൂഹം ദുരന്തത്തിൽ നിന്ന് കരകയറുമ്പോൾ കഴിഞ്ഞ തെല്ലാം മറക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാം പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ കാണിക്കുന്ന അലംഭാവം. രോഗ പ്രതിരോധത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പരിസര ശുചിത്വം. അതിന് നാം എത്ര പ്രാധാന്യം നൽകുന്നു എന്ന് നമ്മുടെ പരിസരം വീക്ഷിച്ചാൽ നമുക്ക് മനസിലാകും. ' എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം' എന്ന് ചങ്ങമ്പുഴ പാടിയ മലയാള നാട്ടിൽ ഇന്ന് എവിടെ തിരിഞ്ഞ് നോക്കിയാലും ' നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്, മാലിന്യങ്ങൾ വലിച്ചെറിയരുത് ' എന്ന മുന്നറിയിപ്പും അതിന്റെ ചുവട്ടിൽ തന്നെ മാലിന്യ കൂമ്പാരങ്ങളും കാണാം. ഇതിനെല്ലാം ആരാണ് ഉത്തരവാദികൾ? ചൈനയിലെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ഉടലെടുത്ത ഒരു ചെറു വയറസ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭീതി പരത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ നാം ഒറ്റക്കെട്ടായി നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് എല്ലായിടത്തും പ്രശംസിക്കപ്പെടുന്നു. അത്രമേൽ നല്ലൊരു ഭരണ സംവിധാനവും അത് അക്ഷരം പ്രതി അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സമൂഹവും ഉള്ളപ്പോൾ കവികൾ പാടുന്നതു പോലെ സമത്വ സുന്ദരമായ ഒരു കേരളം കെട്ടിപ്പടുക്കാൻ നമുക്കാവും എന്നതിന് സംശയമൊന്നുമില്ല. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് പല തരം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പലതും പഠിക്കുവാനുള്ള അവസരം കിട്ടി. നിയമ വ്യവസ്ഥകളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്നവർക്ക് നിയമപാലകർ നൽകിയ ബോധവൽക്കരണം ഏറെ പ്രശംസനീയമാണ്. സുശക്തമായ ഒരു ഭരണ സംവിധാനത്തിൻ കീഴിൽ സ്വജീവനും കുടുംബവും മറന്നുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടേയും സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടേയം എല്ലാം അവസരോചിതമായ പ്രവർത്തനങ്ങൾ കൊണ്ടാണ് നമുക്ക് ലോകത്തിനു മുന്നിൽ മാതൃകയാകാൻ സാധിച്ചത്. ഒത്തൊരുമയോടെയുള്ള പ്രവർത്തന ഫലമായി വളരെ താമസിയാതെ തന്നെ ഈ വിപത്തിനെ നാം അതി ജീവിക്കും. ' എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകില്ല ' എന്ന ഒരു കൂട്ടർ നമുക്കിടയിൽ എപ്പോഴും ഉണ്ടാകും. അക്കൂട്ടരെ നന്നാക്കാൻ നമ്മുടെ നിയമ പാലകരുടെ വിട്ടു വീഴ്ച ഇല്ലാത്ത പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകണം. എന്നാൽ മാത്രമേ പരിസര മലിനീകരണമെന്ന മഹാ വിപത്തിനെ നമുക്ക് നേരിടാനാകൂ. അതു പോലെ തന്നെ ഇന്ന് നമ്മുടെ നാട്ടിൽ നടപ്പിലാക്കിയിരിക്കുന്ന സമൂഹ അടുക്കള എന്ന പദ്ധതിയും എന്നെ ഏറെ ആകർഷിച്ചു. വിശന്നിരിക്കുന്നവർക്ക് അന്നം എത്തിക്കുന്ന ഈ പദ്ധതി തുടർന്നു കൊണ്ടുപോകുകയാണെങ്കിൽ അത് രോഗമുക്തിയ്ക്ക് ശേഷവും നീളുന്ന കരുതലിന്റെ, ഈ കാലയളവിൽ നമ്മൾ പഠിച്ച പാഠങ്ങളുടെ അടയാളപ്പെടുത്തൽ കൂടി ആയിരിക്കും. ഈ ലോക്ക് ഡൗൺ കാലാവധിക്കു ശേഷം ഓരോ വീട്ടിൽ നിന്നും ഓരോ ഭക്ഷണ ശാലകളിൽ നിന്നും നിശ്‌ചിത എണ്ണം ഭക്ഷണപ്പൊതികൾ സമാഹരിച്ച് വിശക്കുന്ന വർക്ക് എത്തിക്കുന്ന പദ്ധതി ആവിഷ്കരിക്കുന്നതും ഉചിതമായിരിക്കും. നമ്മുടെ സാമൂഹികജീവിതം പലയാവർത്തി പുതിയ ക്രമങ്ങളെ തേടികൊണ്ടേയിരിക്കുമ്പോൾ,അത്ഭുതകരമാംവണ്ണം എല്ലാ ചർച്ചകളും ഒരു രോഗത്തിൽ തന്നെ എത്തിനിൽക്കുമ്പോൾ, ആ രോഗം നമ്മൾ ശരിയെന്ന് കരുതിപോന്നിരുന്ന എല്ലാ ഘടനകളേയും കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുമ്പോൾ സുരക്ഷ സ്വയം കൈവരിക്കുക എന്നതും രോഗവ്യാപനത്തിനുള്ള പഴുതുകൾ ഇല്ലാതാക്കുക എന്നതും ചരിത്രപരമായ ഒരു ഉത്തരവാദിത്വമാണ്. അതിൽ നിന്ന് ഒളിച്ചോടാൻ പഴുതില്ല, കാരണം ആ ഒളിച്ചോട്ടം അതിജീവനത്തിൽ നിന്ന് തന്നെ ആയിരിക്കും.


ശ്രാവൺ.ജി.എസ്
8 D വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം