വി എൽ പി എസ് /കുതിരപ്പാണ്ടി റോഡിനോട്

Schoolwiki സംരംഭത്തിൽ നിന്ന്

കുതിരപ്പാണ്ടി റോ‍ഡ്

18-ാം നൂറ്റാണ്ടിന്റെ ആന്ത്യഘട്ടത്തിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിലാണ് കുമ്പള വയൽ, പഴൂർ എന്നീ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. തെക്കെവയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി- തിരുവണ-മാനന്തവാടി റോഡ്, കോഴിക്കോട്-വൈത്തിരി വഴി മാന്തവാടിയിലേക്കും അതു വഴി മൈസുരിലേക്കും സൈന്യനീക്കത്തിനു വേണ്ടി ടിപ്പു നിർമ്മിച്ചതാണ്. കുതിരപ്പാണ്ടി റോഡ് എന്നാണ് അടുത്ത കാലം വരെ ഈ റോഡ് അറിയപ്പെട്ടുകൊണ്ടിരുന്നത്. സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടി വലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന് പേർ വന്നത്.ടിപ്പു സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന പഴൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ‘പടവെട്ടി’ എന്ന പേരിലറിയപ്പെടുന്ന ഒരു പ്രദേശമുണ്ട്. ഇതിനോടടുത്ത സ്ഥലങ്ങളിൽ തന്ന മടത്തുവയൽ, കുനിയിൻമേൻ എന്നീ പ്രസിദ്ധമായ 2 കുറിച്യ തറവാടുകൾ ഇപ്പോഴുണ്ട്. 10 -ാംമൈൽ പ്രദേശത്ത് ചെകുത്താൻ തോടിന്റെ പടിഞ്ഞാറു വശത്തുള്ള കുന്നിൽ വെട്ടുകല്ലിൽതീർത്ത വീടുകളുടെ തറകളും തൂർന്നുപോയ കുളങ്ങളും, സമീപകാലംവരെയുണ്ടായിരുന്നു. മലബാറിൽ ബ്രിട്ടിഷ് ആധിപത്യം (ഈസ്റ് ഇന്ത്യാക്കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഇൻകോർപ്പറേറ്റ് ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പിനി തരിയോട് വില്ലേജിലെ താണ്ടിയോട് പ്രദേശത്ത് സ്വർണഖനനം ആരംഭിച്ചത്. കമ്പിനിയുടെ ആവശ്യത്തിനായി പോലീസ് സ്റേഷൻ, സത്രം, പോസ്റാഫീസ്, കൃസ്ത്യൻപള്ളി മുതലായവ ആരംഭിക്കുകയും ചെയ്തു. കമ്പിനിയുടെ മാനേജിംഗ് ഡയറക്ടർ സ്മിത്ത് എന്നു ബ്രീട്ടീഷുകാരനായിരുന്നു. ഇംപീരിയിൽ ബാങ്കിന്റെ ഒരു ശാഖ തരിയോട് പ്രവർത്തിച്ചിരുന്നു.സ്മിത്തിന്റെ നേതൃത്വത്തിൽ നടന്ന ഖനനം വിജയകരമല്ലാതായിതീർന്നതോടെ നഷ്ടം മൂലം കമ്പനി പ്രവർത്തനം നിലയ്ക്കുമെന്നമട്ടായി. കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ട്ണർമാർക്ക് സംശയം ജനിച്ചതോടെ സ്മിത്ത്സായിപ്പിന് സ്വദേശത്തേക്ക് പോകാൻ കഴിയാതാകുകയും കമ്പനി പൊളിയുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി ഡൈനാമിറ്റ് വെച്ച് തകർത്തിതിനും ശേഷം അദ്ദേഹം അത്മഹത്യ ചെയ്തു. സ്മിത്ത് അക്കാലത്ത് പ്ളാന്റ് ചെയ്ത സ്മിത്ത് എസ്റേറ്റ് അനന്തരാവകാശിയായിരുന്ന ലേഡിസ്മിത്തിന് ലഭിച്ചെങ്കിലും നികുതി കുടിശ്ശികകൾ തീർക്കാൻ പോലും കഴിയാതെ അവർ സ്വദേശത്തേക്ക് മടങ്ങി. കുടിശ്ശികയുടെ പേരിൽ സർക്കാർ പ്രസ്തുത എസ്റേറ്റ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. അതാണ് ഇന്ന് ലേഡിസ് സ്മിത്ത് എന്നറിയപ്പെടുന്ന വനം. സ്വർണ്ണഖനനത്തിനായി തീർത്ത കുഴികളും, ഗുഹകളും കമ്പനി വക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും തരിയോട് പ്രദേശത്ത് പലയിടത്തുമുണ്ട്. കെട്ടിടത്തിന്റെ പരിസരത്തുണ്ടായിരുന്നു ഫലവൃക്ഷങ്ങളും, പൂച്ചെടികളും ഇപ്പോഴും കാണാം. തുരങ്കിത്തിനുള്ളിൽ റയിലും ട്രോളികളുടെ അവശിഷ്ടങ്ങളുമുണ്ട്. സ്മിത്ത് കുടുംബത്തിന്റെ ബഗ്ളാവിന്റെ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങൾ ചെയ്ത്താൻ തോപാലത്തിന്റെ (മുസാവരി പാലം) മുകൾ ഭാഗത്തുള്ള കുന്നിലുണ്ട്. ബംഗ്ളാം കുന്ന് എന്നാണ് പ്രസ്തുത കുന്ന് ഇന്നും അറിയപ്പെടുന്നത്. ടിപ്പുവിന്റെ പടയെ ഭയന്നാടിയ സവർണ്ണ ഹിന്ദുക്കളിൽ കുറെ പേർക്ക് സ്മിത്ത് അഭയം നൽകുകയും അവരാണ് പിന്നീട് ഈ പ്രദേശത്ത് നിലനിന്നിരുന്നതെന്നും പറയപ്പെടുന്നു. ആദ്യകാലത്ത് ക്ഷേത്രത്തിനെ കേന്ദ്രമാക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ പടിഞ്ഞാറത്തറ, തെക്കുംതറ, കോട്ടത്തറ, എടത്തറ, എന്നിങ്ങനെ തറകളായി അറിയപ്പെട്ടിരുന്നു. ഇടയ്ക്കുള്ള എടത്തറ തരിയോട് വില്ലേജായും, മറ്റുള്ളവ അതേ പേരിലുള്ള വില്ലേജുകളായും മാറി. 1099-ലെ പ്രളയത്തിൽ കുതിരപ്പാണ്ടി റോഡും അതിലെ പാലങ്ങളും തകർന്നുപോയി. ഇവയുടെ അവശിഷ്ടങ്ങൾ (ഗർഡറുകളും മറ്റും) 1972 വരെ പുഴകളിലുണ്ടായിരുന്നു. ഈ പ്രളയത്തിൽ മഞ്ഞൂറയിലെ ചീങ്ങന്നൂർ കുന്നിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമാണ് ഈ പഞ്ചായത്തിലെ പ്രകൃതിദത്ത തടാകമായി ചിറ രൂപം കൊണ്ടത്.വയനാട്ടിലെ ആദിമനിവാസികളായ കാട്ടുനായ്ക്കർ ചരിത്രാതീകാലം മുതൽ ഇവിടെ വസിച്ചിരുന്നു. നിഗ്രിറ്റോ വംശത്തിൽപ്പെട്ട ഇവർ മരപ്പൊത്തുകളിലും, ഗുഹകളിലുമാണ് വസിച്ചിരുന്നത്. തെലുങ്ക് കലർന്ന ലിപിയില്ലാത്ത സംസാരഭാഷയാണിവരുടെത്. കാട്ടുകനികളും, തേനും, കിഴങ്ങുകളും, കെണിവെച്ച് പിടിച്ച പക്ഷിമൃഗാദികളുടെ മാംസവും ആയിരുന്നു ഭക്ഷണം. കൃഷി ഇവർക്ക് അന്യമായിരുന്നു. നായാട്ട് നടത്താനോ അതിനുള്ള ആയുധങ്ങൾ നിർമ്മിക്കാനോ അറിവില്ലായിരുന്നു.പ്രാചീനകാലം മുതൽ പണിയർ വയനാട്ടിലുണ്ടായിരുന്നങ്കിലും ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. ആദിദ്രാവിഡവംശത്തിൽപ്പെട്ട ജനവിഭാഗമാണിവർ, മലയാളം, കന്നട, തുളു, തമിഴ് ഭാഷകളുടെ സ്വാധീനമുള്ള സ്വന്തമായ ലിപി ഇല്ലാത്ത ഒരു ഭാഷ ഇവർക്കുണ്ട്. കോളനികളോട് ചേർന്ന് കാവുകളുണ്ടായിരുന്നു. വളരെ പൂരാതനക്കാലത്തുതന്ന ഇവിടെ അധിവസിച്ചിരുന്ന സമുദായക്കാരാണ് കാടർ. ചെല്ലാട്ട്, എടത്തറകുന്ന്, കൊടുഞ്ചാല എന്നീ പ്രദേശങ്ങളിലാണ് ഇവർ അധിവസിച്ചിരുന്നത്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിക്കാൻ തെക്കുംകൂർ രാജാവയച്ച വില്ലാളി വീരന്മാരായ പടയാളികളുടെ പിൻതലമുറക്കാരായാണ് കുറച്ച്യാർ അവകാശപ്പെടുന്നത്. ബ്രാഹ്മണർ ഒഴിച്ച് മറ്റെല്ലാ സമുദായക്കാരോടും തൊട്ടുകൂടായ്മ (അയിത്തം) നിലനിർത്തി വന്നിരുന്നു.

കുതിരപ്പാണ്ടി റോഡ്