വിമല എൽ പി എസ് ഭീമനടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ് സ്കൂൾ ഭീമനടി. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.

തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കാർഷിക കുടിയേറ്റത്തിന്റെ ഫലമായി വിവിധ കുടിയേറ്റ മേഖലകളിൽ സ്ഥാപിതമായ വിദ്യാലയങ്ങളോടൊപ്പമാണ് ഭീമനടി വിമല. എ. എൽ. പി. സ്കൂളും സ്ഥാപിതമായത്. ഭീമനടി പ്രദേശത്ത് നിലവിൽ വന്ന കുടിയേറ്റ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തി ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയം വരിച്ചത് 1982-ൽ ആണ്. അക്കാലത്തെ ഇടവകാ വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പിൽ, ഇടവകാ സമൂഹത്തിന്റെ നിർലോഭമായ സഹകരണത്തോടുകൂടി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യാലയം നിലവിൽ വന്നത്. 1996-ൽ റവ. ഫാ. ഫിലിപ്പ് ചേന്നാട്ടിന്റെ പരിശ്രമ ഫലമായി അഭ്യുദയകാംഷികളുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും സഹകരണത്തോടെ ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ചേർന്ന മനോഹരമായ ഒരു കോൺക്രീറ്റ് കെട്ടിടം സ്കൂളിനുവേണ്ടി പണിതുയർത്തി.