വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/മലയാളത്തിളക്കം

മലയാളത്തിളക്കം

പ്രാഥമിക ക്ലാസുകളിലെ ഭാഷാപഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒരു സവിശേഷ പദ്ധതിയാണ് മലയാളതിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു. എല്ലാ കുട്ടികളെയും മലയാള തിളക്കത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കും എന്ന് ഈ പദ്ധതി ഉറപ്പു നൽകുന്നു. ഭാഷയിൽ ലയിച്ചും ആസ്വദിച്ചും ആത്മവിശ്വാസത്തോടെ മുന്നേറുന്ന കുട്ടികൾ, സർഗാത്മകതയും ഭാവനയും സമർപ്പിത ചിന്തയും അന്വേഷണാത്മകതയുമുളള അധ്യാപകർ, പ്രചോദനാത്മകവും പ്രോത്സാഹനജനകവുമായ അന്തരീക്ഷത്തിൽ പ്രസരിപ്പുള്ള ഭാഷാ ക്ലാസുകളെ സൃഷ്ടിക്കുക എന്നത് മലയാള തിളക്കത്തിന്റെ ലക്ഷ്യമാണ്. പഠനാനുഭവങ്ങളുടെ വൈവിധ്യവൽക്കരണം, ഐടി സാങ്കേതികവിദ്യ പ്രശ്‌നപരിഹാരത്തിന് ഉപയോഗിക്കാൻ, പഠനവേഗത പരിഗണിച്ച് പ്രവർത്തിക്കൽ, തത്സമയ പിന്തുണ തുടങ്ങിയ ഒട്ടേറെ സവിശേഷതകൾ ഉള്ളതാണ് പഠന രീതി. കുട്ടികൾക്ക് ലയിച്ചുചേരാൻ സഹായകമായ ഭാഷാനുഭവത്തിനാണ് ഇവിടെ പ്രാമുഖ്യം. കുട്ടിയുടെ ചിന്തയിൽ നിന്ന് പാഠങ്ങൾ രൂപപ്പെടുത്തൽ (പങ്കാളിത്ത പാഠരൂപീകരണം). കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടുത്തൽ, തിരുത്തെഴുത്ത്, സ്വന്തമായി കുട്ടി തിരുത്തുന്നു, ഉച്ചാരണ വ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്, കുട്ടികളിൽ നിന്നും തെളിവെടുക്കൽ, വടിവെഴുത്ത്, ലഘുവാക്യങ്ങളും വിപുലീകരണവും, ഭാഷാ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കൽ എന്നിങ്ങനെയുള്ള ഒട്ടനവധി സമീപനങ്ങൾ ഈ പദ്ധതിക്കുണ്ട്. ഒറ്റദിവസംകൊണ്ട് തന്നെ പ്രകടമായ മാറ്റം സാധ്യമാണ് (തുടർച്ചയായ മണിക്കൂറുകൾ) വീഡിയോ പ്രസന്റേഷന്റെ സഹായത്തോടെയുള്ള അവതരണം കുട്ടികളിൽ ഉത്സാഹവും താൽപര്യവും ജനിപ്പിക്കുന്നു. തത്സമയം തെറ്റുതിരുത്തലും മെച്ചപ്പെടലും എന്ന സമീപനം കുട്ടികളിൽ വിജയബോധവും ആത്മവിശ്വാസവും സൃഷ്ടിക്കും. കുട്ടികൾക്കായി നൽകുന്ന പാഠങ്ങളുടെ ഉള്ളിൽ പുനരനുഭവസാധ്യത സ്വാഭാവികമായി നിലനിൽക്കണം. ഭിന്നനിലവാര പരിഗണന, കുട്ടികളോടുള്ള സൗഹൃദ സമീപനം, പ്രതീക്ഷിത പ്രശ്‌നത്തിൽ ഊന്നിയുള്ള പഠനതന്ത്രങ്ങൾ എന്നിവ മാറ്റത്തിന് വഴിയൊരുക്കും. എല്ലാ കുട്ടികൾക്കും പഠിക്കാനും മുന്നേറാനും താൽപര്യമുണ്ട് എന്നതിനാൽ ആന്തരിക പ്രചോദനം ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകൾ ഗുണം ചെയ്യും. സ്വരചിഹ്നങ്ങൾ മാറിപ്പോകൽ, രൂപസാദൃശ്യമുള്ള അക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ (ഈ, ങ്ങ, ന ന്ന) ഉച്ചാരണ സാമ്യതയുള്ള അക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം (ശ/ഷ, ത/ധ, ദ/ഥ) എന്നിവ കുട്ടികളിൽ കാണപ്പെടുന്ന പ്രശ്‌നങ്ങളാണ്. തെറ്റായ ഉച്ചാരണസ്വാധീനത്തിൽ തെറ്റ് സംഭവിക്കുന്നു. ഇരട്ടിപ്പ് വേണ്ടിടത്ത് ഉപയോഗിക്കുന്നില്ല. കൂട്ടക്ഷരങ്ങളിലെ പ്രശ്‌നങ്ങൾ ഉച്ഛാരണവുമായി ബന്ധപ്പെട്ടത്, ചേർത്തെഴുത്ത് പ്രശ്‌നം, അക്ഷരങ്ങൾ വിട്ടുപോകുന്നു, സംഭാഷണ ഭാഷാസ്വാധീനം, ഉച്ചാരണ സാമ്യമുള്ളതും രൂപസാദൃശ്യമുളളതും ചിഹ്നങ്ങൾ വിട്ടുപോകുന്നു തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നുള്ളതും ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.