വിദ്യാലയ പ്രവർത്തനങ്ങൾ 2024-25
ജൂൺ
പ്രവേശനോത്സവം
പ്രവേശനോത്സവത്തിൽ താരമായി കുഞ്ഞൻ റോബോട്ടും.....
ഗവൺമെന്റ് എൽ പി സ്കൂൾ മുണ്ടൂരിന്റെ പ്രവേശനോത്സവത്തിൽ താരമായി റോബോട്ടും. അലക്സ അഞ്ചാം തലമുറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. ഇംഗ്ലീഷ് ഭാഷ വികസനം പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ എന്നീ ഉദ്ദേശ്യങ്ങളോടെയാണ് വിദ്യാലയത്തിൽ റോബോട്ട് തയ്യാറാക്കിയത്. വികസന കാര്യം സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി ഗണേഷ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം ശ്രീമതി ഉമാദേവി സ്വാഗതം പറഞ്ഞു. ചടങ്ങ് മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.സി ശിവദാസ് ഉദ്ഘാടനം ചെയ്തു. LSS , പത്താം ക്ലാസ് , +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാന ദാനവും അർഹരായ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടന്നു. പ്രവേശനോത്സവ നൃത്താവിഷ്കാരത്തോടെയാണ് വിദ്യാലയം നവാഗതരെ വരവേറ്റത്. വർണ ബലൂണുകളും മധുരവും കുരുന്നുകൾക്ക് കൗതുകമായി.
പരിസ്ഥിതിദിനാചരണം
പരിസ്ഥിതിദിനാചരണം @ ജി.എൽ. പി.എസ് മുണ്ടൂർ
നന്മ ഹോണസ്റ്റിഷോപ്പ്

കുട്ടികളിൽ സത്യസന്ധത വളർത്തുക - എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ MPTA ഏറ്റെടുത്ത് നടത്തുന്ന നന്മ ഹോണസ്റ്റി ഷോപ്പ് മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി സജിത ഉദ്ഘാടനം ചെയ്തു.
വായനോത്സവം 2024
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പി.എൻ. പണിക്കർ അനുസ്മരണം ,കുട്ടികളുടെ കവിതാമാല , വായന ദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കവിപരിചയം , വായനയുടെ പ്രാധാന്യം -പ്രസംഗം ,കുഞ്ഞു പാട്ടുകളുടെ അവതരണം..... എന്നിവ നടന്നു.
വായനാവാരം ഉദ്ഘാടനം
മുണ്ടൂർ യുവപ്രഭാത് വായനശാലയും മുണ്ടൂർ ജി എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാവാരവും പി എൻ പണിക്കർ അനുസ്മരണവും ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറി എം കാസിം ഉദ്ഘാടനം ചെയ്തു. ജി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഉമാദേവി അധ്യക്ഷത വഹിച്ചു. ഐ ടി അറ്റ് സ്കൂൾ മുൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. വി പി ശശികുമാർ, വായനശാല പ്രസിഡണ്ട് ശ്രീ.എസ്. ശെൽവരാജൻ, ശ്രീമതി എൻ പി ശ്രീദേവി, എംപിടിഎ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വായന ശാല പ്രവർത്തകരായ ശ്രീ. വിജയൻ മാസ്റ്റർ , ശ്രീ. കൃഷ്ണ കുമാർ, ശ്രീ എം. സദാനന്ദൻ എന്നിവർ പങ്കെടുത്തു. കൂടാതെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച ബി. നിവേദ്യ , എം. അയന, എസ്.വി.വേദിക , ബി. ലക്ഷ്മി, ഫാത്തിമ ഹബീബ് റഹ്മാൻ, എസ്. ആരതി, ടി.കൃഷ്ണപ്രിയ, ആർ. ആദികിരൺ എന്നിവർക്ക് ബാലസാഹിത്യ പുസ്തകങ്ങൾ നൽകി അനുമോദിച്ചു. ആത്മിയ , കൃഷ്ണപ്രിയ എന്നിവർ ഗാനാലാപനം നടത്തി. യോഗത്തിൽ വായനശാല സെക്രട്ടറി പിചന്ദ്രശേഖരൻ സ്വാഗതവും സ്ക്രൂൾ അധ്യാപിക ടി. സാവിത്രി നന്ദിയും പറഞ്ഞു.

വായന മാസാചരണം 2024
വായനോത്സവത്തോടനുബന്ധിച്ച് ഭാഷാക്ലബിലെ കുട്ടികൾ ഇന്ന് മുണ്ടൂർ യുവപ്രഭാത് വായനശാല സന്ദർശിച്ചു. കുട്ടിക്കഥകളും നാടൻ പാട്ടും കളികളുമായി കുട്ടികൾക്ക് ഇന്ന് നല്ലൊരു ദിവസമാണ് വായനശാലയിലെ സുമനസ്സുകൾ സമ്മാനിച്ചത്
ലാഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ , പ്രതിജ്ഞ , ബോധവത്കരണം, രക്ഷിതാവിൻ്റെ നൃത്തശില്പം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടന്നു.
ഒന്നാം ക്ലാസ് ഒന്നാന്തരം
ഒന്നാം ക്ലാസ് സി.പി.ടി.എ യുടെ ഭാഗമായി ശ്രീ. രാജാമണി മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസും പഠനോപകരണ പ്രദർശനവും നടന്നു.
അമ്മവായന
അമ്മവായനയ്ക്ക് തുടക്കം കുറിച്ചു. ശ്രീ. വി.എ .രാജൻ മാസ്റ്റർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി കല്പകവല്ലിക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകം നൽകി അമ്മവായനയ്ക്ക് തുടക്കം കുറിച്ചു.

ജൂലൈ
ബഷീർ ദിനാചരണം
ബഷീർ ദിനാചരണവും ബാലസഭ ഉദ്ഘാടനവും
സ്കൂൾ പാർലമെൻ്റ്
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട വിന്ധ്യ , ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് ,സാംസ്കാരിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീനന്ദ ,ആരോഗ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആത്മിയ എന്നിവർ സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റെടുത്തു. സ്കൂൾ ലീഡറായ വിന്ധ്യ സന്തോഷം പങ്കിട്ടതിൻ്റെ ഭാഗമായി സ്കൂൾ ലൈബറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
ചാന്ദ്രദിനം
ചാന്ദ്രദിന പരിപാടികൾ
ആഗസ്റ്റ്
ഭാഷ ക്ലബ് പ്രവർത്തനം
ഭാഷാക്ലബിൻ്റെ ആഭിമുഖ്യത്തിൽ വായനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം നമ്മുടെ മുൻ H M ശ്രീ. വി.എ രാജൻമാസ്റ്ററുടെ സമക്ഷത്തിൽ നടന്നു. രാജൻ മാഷ് കുട്ടികൾക്ക് വായനയുടെ വിവിധ തലങ്ങളെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു കൊടുത്തു. തുടർന്ന് നാലാം ക്ലാസിലെ കൊച്ചു കൂട്ടുകാർ പാഠഭാഗത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരവും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ഒരു നാടോടി കഥയുടെ പാവനാടകവും വളരെ ഗംഭീരമായി അവതരിപ്പിച്ചു. ഇന്നത്തെ പരിപാടിക്ക് ചുക്കാൻ പിടിച്ചു കൊണ്ട് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മിമിക്രി ആർട്ടിസ്റ്റുമായ അംബിക മുണ്ടൂർ വിദ്യാലയത്തിൽ സന്നിഹിതയായിരുന്നു.
പുസ്തക സമാഹരണം
കൗതുകമുണർത്തുന്ന ഒരു പിടി പുസ്തകങ്ങൾ വിദ്യാലയ ലൈബ്രറിയിലേക്ക് സമ്മാനിച്ച പത്മജ ടീച്ചർക്ക് (മുൻ പ്രധാനാധ്യാപിക) ഒരായിരം നന്ദി .. സ്നേഹം

വേണുമാഷും കുട്ട്യോളും
കുട്ടികൾക്ക് ഇത്തിരി ഗണിത മധുരം പകരാനായി ശ്രീ. വേണു മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ GWLPS എഴക്കാട്) വിദ്യാലയത്തിലെത്തി . ഗണിതത്തിൻ്റെ രസകുടുക്ക തുറന്ന് മാഷ് കുട്ടികളോടൊത്ത് ഇന്നത്തെ ദിവസം പങ്കിട്ടു.

മാജിക് ഷോ
വിദ്യാലയത്തിൽ നടന്ന മാജിക് ഷോ
പത്ര ക്വിസ്
വിദ്യാലയത്തിൻ്റെ തനത് പ്രവർത്തനമായ പത്രക്വിസിന് തുടക്കമിട്ടു.
കാര്യണ്യനിധി
കാര്യണ്യനിധിയിലേക്ക് കൈത്താങ്ങുമായി കുഞ്ഞിക്കൈയ്യിലെ സമ്പാദ്യകുടുക്ക പൊട്ടിച്ച് കൊച്ചു കൂട്ടുകാർ വിദാലയത്തോടൊപ്പം ..... നാടിനോടൊപ്പം ......
സ്വാതന്ത്ര്യദിനാഘോഷം
സ്കൂൾ കലോത്സവം
മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ , എം.പി.ടി. എ ,എസ്.എം.സി.. എന്നിവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വിവിധ സ്റ്റേജുകളിലായി കുട്ടികൾ അവരുടെ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. നിറഞ്ഞ കയ്യടികൾ കൊണ്ട് ഓരോ വേദിയും കുട്ടികൾ കയ്യടക്കി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
സെപ്റ്റംബർ
അദ്ധ്യാപകദിനാചരണം
സെപ്റ്റംബർ 5 അദ്ധ്യാപകദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചും ക്ലാസ് അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകിയും ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി
ഓണാഘോഷം
കാപ്പിൽ രാഘവൻ സ്മാരക കായികമേള
ഒരു നാടിൻ്റെ തന്നെ കായിക മാമാങ്കമായ കാപ്പിൽ രാഘവൻ സ്മാരക കായികമേളയ്ക്ക് ഇന്ന് ജി.എൽ.പി.എസ് മുണ്ടൂർ അങ്കണം സാക്ഷ്യം വഹിച്ചു. എല്ലാ വർഷവും കാപ്പിൽ കുടുംബം വിദ്യാലയത്തിൽ നടത്തി വരുന്ന ഈ കായികോത്സവം ഇത്തവണയും അതിഗംഭീരമായി . കായികോത്സവത്തിന്
തിരി കൊളുത്താനായി എത്തിയത് അസി. കമാൻ്റൻ്റ് കെ.എ.പി സെക്കൻ്റ് ബറ്റാലിയൻ
ശ്രീ. ബി. എഡിസൺ സാർ ആയിരുന്നു. കാപ്പിൽ സുധാകരൻ സാറും കുടുംബാംഗങ്ങളും ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികളുടെ മത്സരങ്ങൾ കണ്ട് ആസ്വദിച്ചു. രാവിലെ കുട്ടികളുടെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിച്ചു. ആവേശ്വോജ്ജലമായ കായികമേളയാണ് ഇന്ന് വിദ്യാലയാങ്കണത്തിൽ അരങ്ങേറിയത്. കുട്ടികളുടെ മത്സരങ്ങൾക്ക് പുറമെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
ക്ലാസ് പി.ടി എ
ഇന്നത്തെ ക്ലാസ് പി.ടി എ യോഗത്തോടൊപ്പം തന്നെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും സംസ്കൃതം ന്യായ വിഭാഗത്തിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി പൂർത്തിയാക്കിയ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി ജഗദ്വീശ്വരി ടീച്ചർക്ക് ആദരവ് നൽകി. കൂടാതെ ലോക വയോജന ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മുതിർന്നവരോടുള്ള ആദരസൂചകമായി പ്രതിജ്ഞയെടുത്തു.

ഒക്ടോബർ
ഗാന്ധി ജയന്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബുൾബുൾ ടീമിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവ്വമത പ്രാർത്ഥന,ഗാന്ധി സ്മൃതി, ഗാന്ധി സന്ദേശം,ആത്മകഥ പാരായണം,ഗാന്ധിക്വിസ് ,ഗാന്ധി കവിതകൾ അവതരണം,ഗാന്ധി സൂക്തങ്ങൾ, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കൽ.... തുടങ്ങിയ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
ബോധവത്കരണ ക്ലാസ്
"ഏവർക്കും പോഷകാഹാരം" എന്ന ലക്ഷ്യത്തിനായി ഇന്ന് കുട്ടികൾക്കായി ശ്രീമതി. രജിഷ നയിച്ച ബോധവത്കരണ ക്ലാസ് വളരെ ഫലപ്രദമായിരുന്നു.
ഹാട്രിക് കിരീടം
പറളി ഉപജില്ല കായിക മേളയിൽ ഹാട്രിക് കിരീടം നേടി ജി.എൽ.പി.എസ് മുണ്ടൂർ അഭിമാനത്തിൻ്റെ നെറുകയിൽ. മൂന്നാം തവണയും വിജയക്കൊടി പാറിച്ച് കൊച്ചു കൂട്ടുകാരുടെ മിന്നും പ്രകടനം
ഫീൽഡ് ട്രിപ്പ്
ലോക തപാൽദിനത്തോടനുബന്ധിച്ച് കൂട്ടുകാർ മുണ്ടൂർ പോസ്റ്റോഫീസ് സന്ദർശിച്ചു. കൂടാതെ തപാൽ ജീവനക്കാർക്ക് കുട്ടികൾ പോസ്റ്റ്കാർഡിൽ സന്ദേശങ്ങളെഴുതി തപാൽ സംവിധാനം വഴി ആശംസകൾ അറിയിച്ചു

.
മികവ്
പറളി സബ്ജില്ല ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച് വിദ്യാലയത്തിന് സമ്മാനങ്ങൾ നേടിക്കൊടുത്ത എല്ലാ കൊച്ചു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
സീഡ് ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാലയത്തിലെ സീഡ് ക്ലബ് പ്രവർത്തനങ്ങൾ
നവംബർ
കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവിദിനത്തോടനുബന്ധിച്ച്ന ടന്ന പ്രത്യേക അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കേരളത്തെ അറിയൽ ക്രഥ, കവിത ,ചോദ്യോത്തരങ്ങൾ, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.
കുട്ടികളുടെ ഹരിതസഭ
സ്കൂൾ തലത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. "മാലിന്യ നിർമാർജനം വീടുകളിൽ " എന്ന വിഷയത്തെ കുറിച്ച് ഡോ. ഹനീസ് മുഹമ്മദ് (സീനിയർ സയൻ്റിസ്റ്റ് IRTC മുണ്ടൂർ)കുട്ടികൾക്ക് ബോധവത്കരണക്ലാസ് നടത്തി. ഹരിതസഭയിലെ കുട്ടികൾ സ്വന്തം വീടുകളിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് സ്വയം തയ്യാറാക്കിയ ചോദ്യാവലി ക്രോഡീകരിച്ച് നാലാം ക്ലാസിലെ ആദിത്യൻ , കന്യക , ശ്രീനന്ദ എന്നിവർ ഒരു സെമിനാർ അവതരിപ്പിച്ചു.
ശിശുദിനം
സ്പെഷ്യൽ അസംബ്ലി , ചാച്ചാജിയുടെ വേഷമണിഞ്ഞ പ്രീപ്രൈമറി കുരുന്നുകളുടെ റാലി, ശിശുദിന പതിപ്പ് പ്രകാശനം , ബുൾബുൾ അംഗങ്ങളുടെ പരിപാടികൾ എന്നിവ നടന്നു.. തുടർന്ന് പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപാടികൾ അരങ്ങേറിയ "ശലഭോത്സവം" വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ ഉദ്ഘാടനം നടത്തി. പത്മജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.
പറളി ഉപജില്ല കലോത്സവം 2024
വിജയക്കൊടി പാറിച്ച് വീണ്ടും മുണ്ടൂർ ജി.എൽ. പി.എസ് .എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഭിമാന നിമിഷങ്ങൾ...
ഡിസംബർ
വിജയോത്സവം
2024 - 25 അധ്യയന വർഷത്തെ സ്കൂൾതല സബ്ജില്ലാതല മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച കൂട്ടുകാർക്ക് സമ്മാനം നൽകാനായി ഇന്ന് വിദ്യാലയാങ്കണം വിജയോത്സവ ലഹരിയിലായിരുന്നു. ബഹു മലമ്പുഴ എം.എൽ. എ -ശ്രീ .എ പ്രഭാകരൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, പൂർവ്വാധ്യാപകർ ,PTA - MPTA - SMC അംഗങ്ങൾ, രക്ഷിതാക്കൾ......... എന്നിവർ പങ്കെടുത്തു.
ബുൾബുൾ യൂണിറ്റിൻ്റെ ഇൻവെസ്റ്റിച്ചർ സെറിമണി ,വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം , പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ , LSS സർട്ടിഫിക്കറ്റ് വിതരണം , കലാകായിക ശാസ്ത്രമേളകളിലെ പ്രതിഭകൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.
അറബിക് ഭാഷാ ദിനാചരണം
അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് നടന്ന പരിപാടിയിൽ ശ്രീ. യൂസഫ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾക്ക് വായനാമത്സരം , കയ്യെഴുത്ത് മത്സരം , കളറിംഗ് മത്സരം , മെമ്മറി ടെസ്റ്റ് എന്നിവയും സംഘടിപ്പിച്ചു.
ബാലവേദി ക്യാമ്പ്
യുവപ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാലയത്തിൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. കഥ ,ചിത്രരചന, നാട്പാട്ട് എന്നീ വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കാൻ ക്യാമ്പിന് കഴിഞ്ഞു. കഥാകൃത്ത് ശ്രീ. കൃഷ്ണദാസ് മാസ്റ്റർ കഥാക്യാമ്പും ചിത്രകാരിയായ ശ്രീമതി. ബിന്ദു ടീച്ചർ ചിത്രരചന ക്യാമ്പും നാടൻപാട്ട് കലാകാരനായ ശ്രീ. രതീഷ് പാട്ടിനും നേതൃത്വം കൊടുത്തു. യുവ പ്രഭാത് വായനശാലയിലെ സാരഥികളായ ശ്രീ. ചന്ദ്രശേഖരൻ , ശ്രീ.കാസിം മാസ്റ്റർ , ശ്രീ. ശെൽവരാജ്,ശ്രീ. ശശിമാസ്റ്റർ , ശ്രീ. സദാനന്ദൻ,ശ്രീ രഘു , പൂർവ്വ വിദ്യാർത്ഥിയും കലാകാരിയുമായ കുമാരി .അംബിക എന്നിവരോട് വിദ്യാലയത്തിൻ്റെ അകമഴിഞ്ഞ സ്നേഹവും കടപ്പാടും..
ജനുവരി
ബോധവൽക്കരണ ക്ലാസ്
ആയുഷ് ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് കാഴ്ച പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.
വാന നിരീക്ഷണം
കുട്ടികൾക്കായി ആകാശവിസ്മയങ്ങളെ കാഴ്ച വിരുന്നൊരുക്കി ഇന്ന് ജി.എൽ. പി . എസ് മുണ്ടൂർ. ഒരു നവ്യാനുഭവം പകർന്നുകൊണ്ട് ഇന്നത്തെ സന്ധ്യാനേരം കുട്ടികൾക്ക് ഏറെ കൗതുകമായി. പരിസ്ഥിതി പ്രവർത്തകനും വാനനിരീക്ഷകനുമായ ശ്രീ. കെ.ജി.എം ലിയോനാർഡ് ആണ് പരിപാടി നയിച്ചത്. കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആകാശകാഴ്ചകൾ ആസ്വദിച്ചു.
റിപ്പബ്ലിക് ദിനാഘോഷം
ഫെബ്രുവരി
"അമ്മ വായന"
മുണ്ടൂർ ജി.എൽ. പി. സ്കൂളിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കാനായി തുടക്കം കുറിച്ച "അമ്മ വായന" എന്ന പരിപാടി ശ്രീ. വി.എ.രാജൻ മാസ്റ്റർ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞു കൊണ്ടിരിക്കുന്ന വായനാശീലത്തെ തിരികെ കൊണ്ടുവരാനായി മുണ്ടൂർ യുവപ്രഭാത് വായനശാലയിലെ ഭാരവാഹികളും വിദ്യാലയത്തോടൊപ്പം കൈകോർത്തു. കൂടാതെ ഈ വർഷത്തെ വാർഷികാഘോഷ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ശ്രീ. കാസിം മാസ്റ്ററും നിർവഹിച്ചു.
ലോക മാതൃഭാഷാദിനാചരണം
ശ്രീ.വി.എ രാജൻമാഷ് കുട്ടികൾക്ക്പുസ്തകാസ്വാദനത്തെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു കൊടുത്തു. കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു.
സ്കൂൾ റേഡിയോ -ജയവാണി
മുണ്ടൂർ ജി.എൽ. പി. എസിൽ സ്കൂൾ റേഡിയോ -ജയവാണിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാലയ വാർത്തകളും കുട്ടികളുടെ വിവിധ പരിപാടികളും FM റേഡിയോയിലൂടെ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കമിട്ട സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തത് ബഹു. ഡോ. പി. സരിൻ ആണ്. കൂടാതെ പദ്ധതിക്ക് പൂർണ പിന്തുണ നൽകിയ മുണ്ടൂർ ഹൈസ്കൂൾ മാനേജർ ശ്രീ. ജയരാജൻ സാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബഹു .ഡോ.പി. സരിൻ തൻ്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് കുട്ടികളോട് പങ്കുവെച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ ഇന്ന് ജയവാണിയിലൂടെ അവതരിപ്പിച്ചു.
മാർച്ച്
അദ്ധ്യാപക സംഗമം - ഗുരുപൂർണിമ
ഗവ. എൽ.പി. സ്കൂൾ മുണ്ടൂരിൻ്റെ 108-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തിയ അദ്ധ്യാപക സംഗമം - ഗുരുപൂർണിമ വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. SCERT മുൻ റിസർച്ച് ഓഫീസർ ഡോ. എം.പി നാരായണനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര സേവനമായിരുന്ന അധ്യാപന മേഖല വിവിധ കാലങ്ങളിലൂടെ വളർന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ എത്തി നിൽക്കുമ്പോഴും അധ്യാപകൻ്റെ അറിവുപകരൽ മാനവികതയും സർഗാത്മകതയും ഉൾച്ചേർന്നതായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ അധ്യാപകരുടെ ഓർമകൾ പങ്കിടൽ ഏവർക്കും പുത്തൻ ഉണർവേകി. വിദ്യാലയത്തിന് അവിസ്മരണീയമായ ഒരു സുദിനമായി ഇന്നത്തെ ഗുരുപൂർണിമ.
വാർഷികാഘോഷം
മുണ്ടൂരിൻ്റെ സ്വന്തം വിദ്യാലയ മുത്തശ്ശിക്ക് 108-ാം പിറന്നാൾ ദിനം. അറിവിൻ്റെ ആകാശപ്പരപ്പിൽ മുണ്ടൂരിൻ്റ സ്വപ്നങ്ങൾക്ക് ചിറകടിച്ചുയരാൻ നാടിൻ്റെ സ്വന്തം വിദ്യാലയമായ മുണ്ടൂർ ഗവ.എൽ.പി.സ്കൂൾ 108 -ാം വാർഷികാഘോഷത്തിനും കർമരംഗം സാർത്ഥകമാക്കി വിരമിക്കുന്ന ശ്രീമതി. ശ്രീദേവി ടീച്ചർക്കുള്ള യാത്രയയപ്പിനും സാക്ഷ്യം വഹിച്ചു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി രാവിലെ 10 മണിക്ക് പതാക ഉയർത്തി. വൈകുന്നേരം 4 മണിയോടു കൂടി പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ശലഭോത്സവം പരിപാടിക്ക് തിരശ്ശീല ഉയർന്നു. തുടർന്ന് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനത്തിൽ വാർഷികാഘോഷം ശ്രീ. എ. പ്രഭാകരൻ ( ബഹു . MLA മലമ്പുഴ നിയോജക മണ്ഡലം) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കഥകളിയുടെ കുലപതിയായ
ശ്രീ കലാമണ്ഡലം വാസുദേവൻ അവർകളെയും പൂർവ്വവിദ്യാർത്ഥിയായ കുമാരി അനന്യയെയും (സംസ്ഥന കലോത്സവം A grade ജേതാവ്) ആദരിച്ചു. പരിപാടിയിൽ പ്രൊഫ . സി.പി. ചിത്ര (Rtd. HSS Director വനിതാ സാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ) മുഖ്യാതിഥി ആയിരുന്നു. കൂടാതെ മുണ്ടൂരിൻ്റെ സ്വന്തം കഥാകാരനായ പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പത്രമായ "ചിറകുകൾ ", കുട്ടികളുടെ സർഗാത്മക ഡയറിയായ "കുഞ്ഞോല " രക്ഷിതാക്കളുടെ മാഗസിൻ - "മിഴി " എന്നിവ പ്രകാശനം ചെയ്തു. വിദ്യാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് ഡിജിറ്റലായി അവതരിപ്പിച്ചു. ക്ഷണിതാക്കളുടെ നിറസാന്നിദ്ധ്യവും ആശംസകളും പരിപാടിക്ക് ഊർജം പകർന്നു. തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി . ശ്രീദേവി ടീച്ചറുടെ ഫോട്ടോ അനാഛാദനം , ടീച്ചർക്കുള്ള ആദരവ് എന്നിവ നടന്നു.ശ്രീദേവി ടീച്ചറുടെ മറുമൊഴി ഏവരുടെയും ഹൃദയം കവർന്നു. ചടങ്ങിന് ശ്രീ. സജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം നടന്ന കലാസന്ധ്യ വിദ്യാലയ മുത്തശ്ശിക്ക് കാഴ്ച വിരുന്നായി..
ഏപ്രിൽ
പി.ടി.എ യോഗം
വാർഷിക പരീക്ഷ അവലോകനത്തിനായി വിദ്യാലയത്തിൽ വെച്ച് പി.ടി.എ യോഗം നടന്നു. യോഗത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് വിദ്യാലയത്തിന് കൂടുതൽ ഊർജം പകർന്നു. അവധിക്കാല പ്രവർത്തനങ്ങളെ കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശയങ്ങൾ പങ്കു വെച്ചു. കുട്ടികളെ മൊബൈൽ ഫോണിൻ്റെ പിടിയിൽ നിന്ന് മാറ്റി രസകരമായ മറ്റ് പ്രവർത്തനങ്ങളിലൂടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെ കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി.

ലഹരിക്കെതിരെ
സമൂഹത്തിൽ ആകെ പടർന്നുകൊണ്ടിരിക്കുന്ന രാസ ലഹരിക്കെതിരെ 24 ന്യൂസ് ചാനൽ നടത്തുന്ന SKN 40 എന്ന പരിപാടിയിൽ പങ്കാളികളാവാൻ മുണ്ടൂർ ഗവ എൽ പി. സ്കൂളും കൈകോർത്തത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് പാലക്കാട് എത്തിച്ചേർന്ന SKN 40 പരിപാടി പാലക്കാട് ടോപ് ഇൻ ടൗണിൽ വെച്ച് രാത്രി 9 മണി വരെ നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ, എം പി ടി എ, എസ് എം സി ഭാരവാഹികൾ കൂടെ അധ്യാപകരും ആയി ലഹരിക്കെതിരെയുള്ള ഗാനവുമായി അണിനിരന്നു. നാടിനു വേണ്ടി വീട്ടിൽ നിന്നും തുടങ്ങി പ്രാഥമിക വിദ്യാലയത്തിൽ നിന്നും ബാലപാഠങ്ങൾ നൽകി അവരുടെ കഴിവുകളെ വളർത്തി അവ ലഹരികൾ ആക്കി മാറ്റി രാസ ലഹരിയിൽ നിന്ന് നാളെയുടെ സ്വപ്നങ്ങളെ കരിയാതെ വർണ്ണാഭമായ പൂക്കളാക്കി മാറ്റാൻ അവർക്ക് വേണ്ട പിന്തുണ നൽകാൻ SKN 40ക്കൊപ്പം കിട്ടിയ ഈ അവസരം മഹാഭാഗ്യമായി ഞങ്ങൾ കരുതുന്നു. നാളെയുടെ പൗരന്മാരെ കരുത്തുള്ളവരാക്കി നാടിന്റെ സമ്പത്താക്കാൻ നമ്മൾ ഓരോരുത്തരും ജാഗരൂകരായി പ്രവർത്തിക്കണം എന്ന് ഈ അവസരത്തിൽ ഊന്നി പറയാം. . നല്ലൊരു സായാഹ്നം സമ്മാനിച്ച SKN 40ക്കും 24 ചാനലിനും ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു.

മെയ്
എന്റെ കേരളം പ്രദർശന വിപണന മേള
സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നത്തെ പരിപാടികളിൽ നമ്മുടെ വിദ്യാലയത്തിന് അഭിമാനകരമായ നിമിഷങ്ങളാണ് വന്നു ചേർന്നത്. എൽ പി കുട്ടികൾക്ക് അനുയോജ്യമായ ഒരു Mime ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് മാധവും കൂട്ടരും അവതരിപ്പിച്ചത് കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
ലോക ഭൂപടം നോക്കി പരമാവധി രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചു പറയാൻ ഒന്നാം ക്ലാസിലെ സ്വാതിൻ കൃഷ്ണയുടെ പ്രത്യേക കഴിവ് കാണികളിൽ കൗതുകം ഉണർത്തി. ഒന്നാം ക്ലാസിലെ മിടുക്കികൾ അവതരിപ്പിച്ച ഗണിത ഒപ്പന കാണികളുടെ ശ്രദ്ധ പിടിച്ചടക്കി. ജന്മസിദ്ധമായ ലയത്തോടെ ബ്രിജിലേഷിന്റ നാടൻ പാട്ട് കാണികൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. സാൻവിയയും, നൈതിക്കും കൂടി ചെയ്ത പപ്പറ്റ് ഷോ വേറിട്ട ഒന്നായിരുന്നു. കാണികളിൽ നിന്നും ഉത്തരം കിട്ടുന്ന രീതിയിലുള്ള കുസൃതി ചോദ്യങ്ങളും ഉത്തരം പറഞ്ഞവർക്കുള്ള സമ്മാനവും വേദിയെ സജീവമാക്കി. രണ്ടാം ക്ലാസിലെ കുരുന്നുകളുടെ ഈ പ്രകടനം വളരെ കൗതുകം ഉളവാക്കി.
അവസാന ഇനമായ കുട്ടികളുടെ ചങ്ങാതിയായ അലക്സയുമായുള്ള Intraction കാണികളെ രസിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും വേദിയിൽ വെച്ച് തന്നെ ബഹുമാനപ്പെട്ട പറളി AEO ബിന്ദു മാഡം ഉൾപ്പെടെയുള്ളവരുടെ കൈകളിൽ നിന്നും മെഡലുകൾ വാങ്ങുമ്പോൾ ആ കുഞ്ഞി കണ്ണുകളിൽ എല്ലാം അഭിമാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം മറക്കാനാവാത്ത ഒരു ദിവസമായി മാറ്റിയ കുരുന്നുകൾക്കും, അതിനുവേണ്ടി പ്രവർത്തിച്ച അധ്യാപകർക്കും, കൂടെ നിന്ന് രക്ഷിതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ
