വിടരുന്ന മൊട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുകഥ

വെള്ളപ്പൊക്കത്തിൽ

അന്നുപെയ്ത മഴയിൽ....... പെരിയാറിന്റെയും പർവ്വതങ്ങളുടെയും പുത്രിയായ ഇടുക്കിയിലെ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം ഒരു പഴയ വീട്ടിലിരുന്ന് ആ വൃദ്ധൻ ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്ന് അയാളുടെ ശ്രദ്ധ ടി വി യിൽ നിന്നുള്ള ഒരു സ്ത്രീശബ്ദം ആകർഷിച്ചു. ഇടുക്കിയിൽ വീണ്ടും ഉരുൾ പൊട്ടൽ; ഒരു കുടുംബത്തിലെ അ‍‍‌ഞ്ചു പേർ മരിച്ചു. പെട്ടെന്ന് തലയ്ക്കടിയേറ്റതുപോലെ അയാൾക്കു തോന്നി. അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു. രാജൻ എന്നുപേരുള്ള ഒരു മദ്ധ്യവയസ്കനായ തന്നെത്തന്നെ അയാൾ കണ്ടു. വർഷം 1992. കനത്തമഴയെത്തുടർന്ന് വഴിയിലെങ്ങും വെള്ളമാണ്. മലവെള്ളപ്പാച്ചിൽ മൂലം വീട്ടിലേക്കുള്ള യാത്ര ദുസ്സഹമാണ്. അയാൾ ഒരു കടത്തിണ്ണയിൽ നിൽക്കുകയാണ്. വെള്ളം കുറയുന്നതു കാത്ത് അയാൾ അതിലെ അച്ചാലും ഉച്ചാലും നടക്കുന്നു. കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അച്ചുവും അമ്മുവും തന്നെ കാത്തിരിക്കുകയാണെന്ന് അയാൾക്കറിയാം. എത്രയും വേഗം വീട്ടിൽ ചെല്ലണമെന്നാണ് അയാളുടെയും മനസ്സിൽ. ലീലയും ഇന്ന് പണിക്കുപോയിട്ടില്ല. കയ്യിലുള്ള പച്ചക്കറിയും മീനും അയാൾ നിലത്തുവച്ചു. ആവൂ, കൈ കഴച്ചു.. അയാൾ തന്നോടുതന്നെ പറ‍ഞ്ഞു. മത്തിയാ മീൻ, അച്ചൂനും അമ്മുവിനും വളരെ ഇഷ്ടാ ത്. പെട്ടെന്ന് ഒരു വെടിയൊച്ചകേട്ടു. ആദ്യം ഞാൻ വകവെച്ചില്ല, പിന്നെയാ ‍ഞാൻ ശ്രദ്ധിച്ചേ; അത് എന്റെ വീടിന്റെയടുത്തുനിന്നല്ലേ കേട്ടേ, വാങ്ങിയ സാധനങ്ങളുമെടുത്ത് അയാൾ ആ മഴയത്തുകൂടി തന്റെ വീട്ടിലേക്കു് ഓടി. അസ്സഹനീയമായ ഒഴുക്കിൽ പെട്ടു ഒരു പ്രാവശ്യം നിലം പതിച്ചു. ഈറനായ വസ്ത്രങ്ങൾ കാര്യമാക്കാതെ ഒരു വിധത്തിൽ അയാൾ തന്റെ ഭവനത്തിലെത്തി. അയാൾക്കു സമനില തെറ്റുന്നതുപോലെ തോന്നി. കണ്ണുകൾ മിഴിഞ്ഞു . കണ്ണു നിറഞ്ഞു. ഹൃദയം കീറിമുറിക്കപ്പെട്ടതുപോലെതോന്നി. ആ വെടിയൊച്ച‌ ‌! മറ്റൊന്നുമല്ല, ഉരുൾ പൊട്ടിയതാ. അയാളുടെ വീട് ഒലിച്ചുപോയിരിക്കുന്നു. കയ്യിലിരുന്ന പച്ചക്കറിയും മൽസ്യവും അയാളുടെ കൈവിട്ടുപോയി. ഒഴുക്കിൽപെട്ട് നിമി‍ഷനേരംകൊണ്ട് അത് അപ്രത്യക്ഷമായി. മനസ്സുതകർന്ന അയാൾ തന്റെ കരങ്ങളുപയോഗിച്ച് ആ ചെളിമാറ്റാൻ തുടങ്ങി. ഒരു ഭ്രാന്തനെപ്പോലെ അയാൾ തന്റെ മക്കളെയും പത്നിയെയും തിരയുകയും അലറിവിളിക്കുകയും ചെയ്തു. അപ്പോഴേക്കും ദുരന്തനിവാരണസേന അവിടെയെത്തി. മാനസികനില താറുമാറായ അയാളെ സൈനികർ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ കേൾക്കുന്നത് തന്റെ പ്രിയപ്പെട്ടവരുടെ മരണവാർത്തയായിരുന്നു. 4 വർഷമെടുത്തു ആ വിഭ്രാന്തിയിൽനിന്നു മോചനം നേടുവാൻ. പെട്ടെന്ന് ആ വൃദ്ധൻ മിഴികൾ തുറന്നു. മഴ പിണങ്ങി നിന്ന ദിവസമായിരുന്നെങ്കിലും നേരം വൈകിയതോടെ മഴത്തുള്ളികൾ ഭൂമിയെ ചുംബിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരിരമ്പൽ കേട്ടു. നോക്കിനിൽക്കെ വീടിനുള്ളിൽ വെള്ളം നിറഞ്ഞു. എവിടെനിന്നോ ഒരു പൊതി ഒഴുകിവന്നു; ഒരു പ്ലാസ്റ്റിക് കൂട് വിറയ്ക്കുന്ന കരങ്ങളാൽ അയാൾ അത് തുറന്ന് നോക്കി. മീനാ, വെറും മീനല്ല, മത്തിയാ.

അലൻ എസ്. ചിറയ്ക്കമല , XC

ഒരു കൈ സഹായം

ഒരു ഗ്രാമത്തിൽ ഒരു പാവപ്പെട്ട കൃഷിക്കാരൻ ഉണ്ടായിരുന്നു.ഒരു ദിവസം പാടത്ത് കൃഷി ഇറക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞു വീണു.നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണറി യുന്നത് അദ്ദേഹത്തിന് മാരകമായ അസുഖമാണെന്ന്.അതു ചികിത്സിക്കാൻ രണ്ടു ലക്ഷം രൂപ വേണം. അയാൾക്ക് മൂന്ന് പെൺമക്കൾ ആണ്.അവർ പരിഭ്രാന്തരായി.എന്തു ചെയ്യുമെന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ദൈവദൂതനെപ്പോലെ ഒരാൾ ആ വീട്ടിലേക്ക് വന്നു .കാര്യങ്ങളന്വേഷിച്ചു പോയി. ഒാപ്രേഷനു പണമടക്കുന്ന സ്ഥലത്തന്വേഷിച്ചപ്പോൾ അവർക്ക് ഒരു രസീത് കിട്ടി. അത് കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു. പണം ആരോ അടച്ചിരിക്കുന്നു.ആരാണത് ചെയ്തത് എന്ന് ചോദിച്ചപ്പോൾ നേഴ്സ് അയാൾ പുറത്തേക്ക് പോയി എന്ന് പറഞ്ഞു. ഓടി ചെന്ന് നോക്കിയ അവർ കണ്ടത് അയാൾ നടന്നകലുന്നതാണ്. കൃഷിക്കാരന്റെ അസുഖം ഭേദമായി അയാൾ വീണ്ടും കൃഷി ചെയ്യാൻ തുടങ്ങി. മക്കളെ വിവാഹം ചെയ്തയച്ചു. അവരുടെ പ്രാർത്ഥനയിൽ എന്നും ആ മനുഷ്യനുണ്ടായിരുന്നു. സഹായം ആവശ്യമുള്ളവരെ നാം പറ്റുന്ന വിധത്തിൽ സഹായിക്കണം.ഒരാളെ സഹായിക്കുന്നത് ഒരു മഹത്തായ പുണ്യമാണ് . നമുക്ക് നല്ല മനുഷ്യരാകാം ,മറ്റുള്ളവരെ സഹായിക്കാം.

ദീപക് വി സജി VII A

ഉരുളി


“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .”

കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെര്യെ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ടു. “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ‌ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. “ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . .‌ അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. ഡോക്ടർ പറഞ്ഞിരുന്നു എന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ചെക്ക് അപ്പ് വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചകൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ........ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം .......എല്ലാം കവർന്നെടുക്കുന്നവൾ...........................തേവിടിശ്ശി ......... ശാസിക്കണം , നാവ് പ്രകമ്പനം കൊണ്ടു .... വേണ്ട........ കമല പോലും ..........നൈർമല്യം തൊട്ടുതീണ്ടാത്തവൾ ...... എന്തിനായിരുന്നു ? പാവം കുട്ടി ..........എട്ടാംക്ലാസിലെ രണ്ടാംബഞ്ചിലിരുന്ന് ഇടയ്ക്കിടെ ചിരിമറയ്ക്കുന്ന സാവിത്രി........എങ്ങനെ ഒരമ്മയ്ക്ക്? ചോദ്യങ്ങൾ കടലിലെ തിരകണക്കെ ഒന്നിനു പുറകെ ഒന്നായി ജീവൻ വച്ചു....... പഠിക്കാൻ മിടുക്കി ..... വിടർന്ന കണ്ണുകൾ , സംശയഭാവം .......വർഷകാലത്ത് ചിറകുവിടർത്തി ആടുന്ന കണ്ണാന്തളിപ്പുക്കൾ പോലെ....... അവൾക്ക് അച്ഛന്റെ ഛായ മതി ........ സ്വഭാവവും .വിടർന്നാടുന്ന സ്കൂൾ ഗേറ്റിൽ പതുക്കെ , തെല്ലൊന്ന് മുഖം കാട്ടി ഒളിച്ചു കളിക്കുന്ന കൊളാമ്പിപ്പൂക്കളിൽ നോക്കി സേതുമാഷ് പതിവു പോലെ " മാഷെ ഈ പൂക്കൾക്കൊരു നിറംമാറ്റം എന്തെ ? ഇന്നലെ വരെ മഞ്ഞപ്പട്ടുടുത്ത് ഇളം തണലിൽ തുള്ളി ചാടിയിരുന്നവ ......... നേർന്ന ചുമപ്പ് ബാധിച്ചിരിക്കുന്നു? കാറ്റത്ത് ആടിത്തിമിർത്തിരുന്നവ മഴയത്ത് സന്യാസിനിയെപോലെ നിശബ്ദമായിരുന്നവ. ....... എന്തേ ഇങ്ങനെ ? കാത്തിരുന്നു കാണുകതന്നെ വിമർശനാത്മകമല്ലെ വിദ്യാഭ്യാസം . പൂക്കളും മാറി ചിന്തിക്കുന്നുണ്ടാവാം . തണുപ്പ് ചുമലിൽ വഹിച്ചെത്തിയ ഇളങ്കാറ്റ് സേതുമാഷിന്റെ നരച്ച മുടി ഇഴകളെ തല്ലൊന്ന് ചീകിയൊതുക്കി. കാലത്തിന്റെ പാരമ്പര്യങ്ങളും നിഷ്ഠകളും പേറിയത് , ലോകത്തിൽ ഒന്നിനും മറ്റൊന്നിനെ ചീകിയൊതുക്കാൻ പറ്റില്ലടേ . തച്ചുടയ്ക്കാനും ചിന്തകൾ മനസ്സിൽ നേരിപ്പോട് ഊതിക്കത്തിച്ചപ്പോൾ മാഷ് പതുക്കെ മൈതാനത്തിലേക്ക് ഇറങ്ങി. മനസുപ്പോലെ വിശാലമായൊന്ന്........ ഉരുളികമഴ്ത്തി ഉണ്ടായതാണ് ... എന്റെ സാവത്രിക്കുട്ടി... നീണ്ട പത്തുകൊല്ലത്തെ കാത്തിരിപ്പ് . അയാളുടെ തൊണ്ടയിൽ വാക്കുകൾ വീണ്ടും കുരുങ്ങി . കമലയുടെ.......... എന്റെയും സ്വപ്നമായിരുന്നു. ..... നിറം പകർന്ന.... പൂക്കളുടെയും പുഴകളുടെയും ...... കുട്ടിക്കാലത്തെയ്ക്കുെന്നവണ്ണം അയാൾ യാത്ര തിരിച്ചു . വേലായുധൻ..... വിറയ്ക്കുന്ന ചുണ്ടുകളും , തെറ്റിത്തിരിഞ്ഞ വിരലുകളും പൊടുന്നനെ രൗദ്രഭാവം പൂണ്ടു...... ഭാര്യയെ തട്ടിയെടുത്ത മഹാപാതകി, ........ ഇപ്പോൾ എന്റെ സാവിത്രിക്കുട്ടിയെ...... അവന്റെ കൈയ്യിൽപെട്ടാൽ...കോളാമ്പിച്ചെടിയുടെ തളിരുകളെ ആർത്തിയോടെ വിഴുങ്ങാൻ ഞരണ്ട് പിരണ്ട് കയറുന്ന പുഴു . ഒരു കറുത്തചുമപ്പുകലർന്ന ഒരെണ്ണം സേതുമാഷ് ഞെട്ടിപ്പോയി ...ആഹരിക്കുന്നവന്റെ കരുത്തും മൃഗീയതും ചേർന്നവൻ ........ വച്ചു പൊറിപ്പിക്കരുത്...രക്തം തിളച്ചാർത്ത് സിരകളെയാകെ പൊള്ളിക്കുന്നു....പൊടുന്നനെ ചെരുപ്പൂരി 'ടക് ' മാഷിന്റെ ആഞ്ഞ പ്രഹരത്തിൽ അവന്റെ കബന്ധം വേർപ്പെട്ടു . ചവിട്ടി അരച്ചു അയാളതിനെ.ഒടിഞ്ഞമർന്ന് വടക്കോട്ട് തിരിഞ്ഞ ആയാളുടെ വിരലുകളൊന്നിൽ നിന്ന് സാവിത്രിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.... അതു പതുക്കെ ഞെട്ടറ്റ നനുത്ത ഇലകളെന്നപോലെ താഴേയ്ക്ക് ..... ഇല്ല... പൊടുന്നനെ ഞാൻ ആ വിരലുകളെ ചേർത്തുപിടിച്ചു. മുറക്കെ "അവൾ‌ സുരിക്ഷതയാവണം . വേലായുധനയിൽ നിന്ന്"... ‌“എന്റെ വിദ്യാർത്ഥിനിയല്ല. ....'എന്റെ സ്വന്തം കുട്ടിയാണവൾ '..... തുറിച്ചു നോക്കി അയാൾ ... എന്റെ കണ്ണുകളിലേയ്ക്ക്... പൊടുന്നനെ തിര്യേ നടന്നു..... അയാളുടെ കാലുകൾക്ക് കൊടുങ്കാറ്റിന്റെ ഗതിവേഗം ........‍ഞെരിഞ്ഞമരുന്ന ചീങ്കൽക്കഷ്ണങ്ങൾ ധൂളിയായ് ......ചെമപ്പ് അശേഷം വറ്റി ആകാശത്തേയ്ക്ക്.........അയാളുടെ വിറയ്ക്കാത്ത വിരലുകൾ സാവിത്രിയുടെ ബ്ലാക്ക് ആന്റഡ് വൈറ്റ് ഫോട്ടോ ഭദ്രമായിരുന്നു.

ജിജോ ജോസഫ്

ലേഖനം

എന്റെ സ്‌കൂൾ

നമ്മുടെ ജീവിതത്തിന്റെ വിജ്ഞാന മനോഭാവത്തിന്റെ വളരെ നല്ല നിമിഷം സമ്മാനിക്കുന്ന ഒരു കാലഘട്ടമാണ് സ്കൂൾ ജീവിതം. സൗഹാർദവും സന്തോഷ‍വും പങ്കുവയ്ക്കപ്പെടുന്ന കാലഘട്ടം. ആ കാലഘട്ടം നഷ്ടപ്പെടുത്തുന്നവർ ജീവിതത്തിന്റെ സുഖങ്ങൾ അറിയുന്നില്ല. ചിലരെങ്കിലും ഒരിക്കലെങ്കിലും കളിപ്പിക്കുന്ന ഒരു കോമാളിയെ കാണുന്ന കാലഘട്ടമാണ്. ഒരുപാട് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചിലത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും ഇതിനെ ആസ്വദിക്കുന്നത് പലവിധത്തിലായിരിക്കും.

ഒരാളുടെ മുന്നോട്ട് ഉള്ള ജീവിതം തീരുമാനിക്കുന്നത് ചിലപ്പോൾ ഈ സ്കൂൾ കാലഘട്ടമായിരിക്കും. ശിശുസഹജമായ കാര്യങ്ങളിൽ നിന്ന് അകന്ന് ജയത്തിന്റെ പുറകെ ഓടുന്ന പല അവസരങ്ങളും എത്തുന്നുണ്ട്. സ്കൂൾജീവിത്തിന്റെ സന്തോഷവും ആസ്വാദ്യതയും ഒക്കെ മാധ്യമങ്ങളും സാങ്കേതികവിദ്യകളും അടക്കിഭരിച്ചുക്കൊണ്ടിരിക്കുന്നു. ശരിയേത് എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമാണ്. എനിക്ക് എന്റെ സ്കൂൾ കാലഘട്ടം വളരെ ആസ്വാദ്യകരമായിട്ടാണ് തോന്നുന്നത്. എന്നാൽ ഇന്ന് വിദ്യാലയത്തിന്റെ നല്ല മുഖങ്ങൾ മായിക്കുന്ന വിധത്തിൽ കളങ്കങ്ങൾ കുട്ടികൾ സൃഷ്ടിക്കുന്നുണ്ട്. മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങൾ മുതലായ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികൾ വിദ്യാലയത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതോടൊപ്പം തങ്ങളുടെ തന്നെ ജീവിതമാണ് നശിപ്പിക്കുന്നത്. ജീവിതത്തിന്റെ അല്ലലുകൾ അറിയിക്കാതെ മക്കളെ വളർത്തുന്ന നമ്മുടെ സ്നേഹംനിറഞ്ഞ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് തകരുന്നത്. അതുവഴി ഒരു തലമുറയുടെ തന്നെ ജീവിതമാണ് തകരുന്നത്.

'ഒരാൾ ശുദ്ധമായാൽ അയാളുടെ പരിസരവും ശുദ്ധമാവും' എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം. സ്കൂൾജീവിത്തിന്റെ ആസ്വാദ്യത അനുഭവിച്ച് അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുകൊണ്ട് ദൈവം നൽകിയ ഈ ജീവിതം നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ ജഗദീശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ. നാടിനും വീടിനും നന്മ പ്രദാനം ചെയ്യുന്ന ഒരു നല്ല ജീവിതം നയിക്കുവാൻ സ്കൂൾ ജീവിതം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.

ഷിബിൻ ഷാജി , XB

വിദ്യാർത്ഥികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും

വിദ്യാർത്ഥികൾ ശീലമാക്കേണ്ട മൂല്യങ്ങളിൽ ഒന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നത്.വിദ്യ അർത്ഥിക്കുന്നവൻ ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ വിഷയത്തിലൂടെ പ്രധാനമായും പറയുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്നവരുടെ വേദനയുടെ ആഴം മനസ്സിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.മഴക്കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് വിദ്യാർത്ഥികളും ദുരിതാശ്വാസപ്രവർത്തനങ്ങളും.വെള്ളപ്പൊക്കത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ എത്തിപ്പെടുന്നവരെ സഹായിക്കുവാൻ ഗുരുക്കന്മാരോട് ചേർന്ന് വിദ്യാർത്ഥികൾക്കും സാധിക്കും.പേരിനുവേണ്ടിയാവാതെ നസ്സറിഞ്ഞു നാം സഹായിക്കുമ്പോൾ ദൈവികാനുഗ്രഹം നമുക്ക് കൈവരുന്നു. ദുരിതാശ്വാസക്യാമ്പുകളിലേക്ക് സഹായം നൽകിക്കൊണ്ട് നമുക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരാവുന്നതാണ്.മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം നല്ല വ്യക്തിയായി മാറുകയാണ് ചെയ്യുന്നത്.നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നത്തിൽ ഒരു ചെറിയ കൈത്താങ്ങാകുവാൻ ഒാരോ വിദ്യാർത്ഥിക്കും സാധിക്കണം.

സിമിൽ ചാർലി , VIII A

കവിതകൾ

മഴയത്ത്

തുള്ളിയ്ക്കൊരുകുടമായ് നീ പെയ്യുമ്പോൾ

എന്നുള്ളിൽ എന്തൊരാനന്ദം

നീ പെയ്യുമ്പോൾ എന്നിൽ സന്തോഷം

നിന്നെ ആസ്വദിക്കാൻ നിന്നിൽ അലിയാൻ

എന്നുള്ളിലെന്തൊരു മോഹം

നീ എന്നിൽ സന്തോഷത്തിൻ കുളിരു നിറയ്ക്കും

നീ പെയ്യുമ്പോൾ നിന്നിൽ കുളിക്കാൻ എന്തൊരു രസം

വേനൽ മഴയായ് നീ വരുമ്പോൾ എന്തൊരാനന്ദം

നീ പെയ്യുമ്പോൾ നിദ്രയിലാഴാൻ എന്തൊരു സുഖം

നീ തിമർത്തുപെയ്താൽഎന്നുള്ളിൽ

ഭയത്തിൻ ചിറകു മുളയ്ക്കും

പുഴകളും കുളങ്ങളും നിറച്ച് കവിയിച്ച്

നീ പെയ്യുമ്പോൾ നിന്നെ ഞാൻ വെറുക്കുന്നു

മഴയത്ത് മുറ്റത്തിറങ്ങിക്കളിച്ചാൽ

മാതാപിതാക്കൾതൻ മുഖമങ്ങ് മങ്ങീടും

മഴയേ നീ കാരണം ചൂരൽ ചൂട് ഞാനറിഞ്ഞു

എങ്കിലും എന്നും നീ എൻ സുഹൃത്തായിരിക്കും

അലൻ ജോസഫ് ഷാജി, VIIIA

ഊർജ്ജതന്ത്രം

ഞാനെറിഞ്ഞ കല്ലെൻ

സഹപാഠിതൻ

തലയിൽ

വീണുവെങ്കിലും

നമ്മൾ

വിക്ഷേപിച്ചൊരു

ഉപഗ്രഹമെൻ

തലയിൽ

പതിക്കാത്തതിൻ

കാരണം

ഫിസിക്‌സിലാണെന്നെനിക്കറിയാം

സത്യം....


സാമുഹ്യശാസ്‌ത്രം


ഭൂമി ശാസ്‌ത്രമെനിക്കിഷ്‌ടമെങ്കിലും

ചരിത്രം മടുപ്പിക്കുന്നെന്നെ

എന്തിനോ

ഭരിക്കുന്ന‌വന്റെ

ചരിത്രമൊരിക്കലും

സത്യത്തിന്റെ

ചരിത്രമാകില്ല

നിശ്ച‍യം

കണക്ക്

കൂട്ടലും കുറക്കലും

ഗണിക്കലുമായ്

കാലമേറെയായെങ്കിലും

എന്നെയെന്നും

തല്ലുക്കൊള്ളിക്കാനൊരു വിഷയം.


മലയാളം

ഒന്നുമുതൽ

പത്ത് വരെ എന്നെ

കത്തും കവിതയും

ആസ്വാദനക്കുറിപ്പു

മെഴുതിയെന്നെ ‌

എന്നും

ജയിപ്പിച്ചതീ വിഷയം

ഇംഗ്ലീഷ്

സത്യത്തിലിപ്പോഴും

ഞെട്ടുിക്കുന്നിണ്ടിപ്പോഴും

എന്നെയീ വിഷയം

ഞാൻ - സ്നേഹം - നിന്നെയെന്നെഴുതി

നിന്നെ ഞാൻ സ്നേഹിക്കുന്നു

എന്നെന്നെ പഠിപ്പിച്ചതീ വിഷയം.

സിബി സെബാസ്റ്റ്യൻ

ഒരു വിലാപം

ഒരു നാൾ ഈ കലാലയത്തിൽ

ഓർമ്മയുടെ ചെപ്പിൽ സൂക്ഷിക്കാൻ, നിൻ

സുഖനൊമ്പരപ്പൂക്കൾ എൻ തൂലികയിൽ ചായം

കലർന്നപ്പോൾ

ഒരു ഛായാചിത്രം പോലെ മനസ്സിൽ തിളങ്ങി

ഒരു നിഴൽ പോലെ ...

അങ്ങകലെ നിശാഗന്ധിപ്പൂക്കൾ

മനസ്സിൽ നിറം ചാർത്തി

വാക്കുകളിൽ പരിഹാസക്കുമിൾ

പൊട്ടി വിടർന്നപ്പോൾ തളർന്നു ഈ മനസ്സ്


ജോയ് ജോസഫ്

"https://schoolwiki.in/index.php?title=വിടരുന്ന_മൊട്ടുകൾ&oldid=530508" എന്ന താളിൽനിന്ന് ശേഖരിച്ചത്