റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു

ലണ്ടൻ നഗരത്തിലെ, ചാർട്ടർഹൗസ് സ്‍കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് കരസേനയിൽ ചേർന്ന ബി-പി 1876 മുതൽ 1910 വരെ ഇന്ത്യയിലും ആഫ്രിക്കയിലുമായി പലയിടങ്ങളിൽ സേവനമനുഷ്ടിച്ചു. 1899-ലെ രണ്ടാം ബൂവർ യുദ്ധത്തിലെ മെഫകിങ്ങ് ഉപരോധ സമയത്തെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവാക്കളുടെയും കുട്ടികളുടെയും പരിശീലത്തിനും വ്യക്തിത്വ വികസനത്തിനുമായി ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടൂ. 1907-ൽ ബ്രൗൺസീ ദ്വീപിൽ അദ്ദേഹം സംഘടിപ്പിച്ച ക്യാംപ്, ലോകത്തിലെ ആദ്യ സ്‍കൗട്ട് ക്യാംപ് ആയി കണക്കാക്കുന്നു. 1907-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച സ്‍കൗട്ടിംഗ് കുട്ടികൾക്ക് (Scouting for Boys) എന്ന പുസ്തകം സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ആധികാരിക ഗ്രന്ഥം ആണ്