യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ
കെട്ടിടം
കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്. എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .
വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്
സ്മാർട്ട് ക്ലാസ് റൂം
കുന്നുമ്മൽ സബ്ജില്ലയിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചത് നടുപ്പൊയിൽ യു പി സ്കൂളിലായിരുന്നു. കെ കെ ലതിക എം എൽ എ യുടെ സഹായത്തോടെ ആരംഭിച്ച സ്മാർട്ട് ക്ലാസ്റൂം വ്യവസായ വകുപ്പുമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. ഏറ്റവും ഫലപ്രദമായി സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഇതിൻ്റെ ഗുണം ലഭിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കെന്ന പോലെ വിദ്യാർഥികളിൽ സാമൂഹ്യബോധം വളർത്തുവാനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന നിരവധി പരിപാടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു.
കമ്പ്യൂട്ടർ ലാബ്
കുന്നുമ്മൽ സബ്ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും വിശാലമായ കമ്പ്യൂട്ടർ ലാബുകളിലൊന്ന് നടുപ്പൊയിൽ യു പി സ്കൂളിൻ്റെ കമ്പ്യൂട്ടർ ലാബാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ എം പി, പാറക്കൽ അബ്ദുല്ല എം എൽ എ എന്നിവർ അനുവദിച്ചതടക്കം ഇരുപത് കമ്പ്യൂട്ടറുകൾ നമ്മുടെ ലാബിലുണ്ട്. മികച്ച ഫാക്കൽറ്റികൾ ലാബിൽ സേവനമനുഷ്ടിക്കുന്നു.
സ്കൂൾ ലൈബ്രറി/ക്ലാസ്സ് ലൈബ്രറി
ആയിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയാണ് സ്കൂളിനുള്ളത്. കഥ, കവിത, നോവൽ, ശാസ്ത്ര പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിദ്യാർഥികൾക്ക് ഉപകാരപ്രദമായ പുസ്തകങ്ങളാണ് ലൈബ്രറിയിൽ സംവിധാനിച്ചിരിക്കുന്നത്. സ്കൂളിനൊരു ജന്മദിന സമ്മാനം പദ്ധതിയുടെ ഭാഗമായി നിരവധി വിദ്യാർഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി വരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ലാസ്സ് ലൈബ്രറി സംവിധാനം വിജയകരമായി നടന്നു വരുന്നു. ഓരോ ക്ലാസിലെയും പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ മാറ്റി നൽകുന്നതിലൂടെ എല്ലാവർക്കും എല്ലാ പുസ്തകങ്ങളും ലഭിക്കാനുള്ള അവസരം ഉണ്ടാകുന്നു. പുസ്തകങ്ങൾ സൂക്ഷിക്കാനായി എല്ലാ ക്ലാസുകളിലും മാനേജർ ബുക്ക് ഷെൽഫ് നൽകുകയുണ്ടായി
കളിസ്ഥലം
സ്കുളിന് മുൻവശമുള്ള കളിസ്ഥലമാണ് വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നത്. പരിമിതമായ സൌകര്യങ്ങളാണെങ്കിലും കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. സ്പോർട്സ് ഇനങ്ങൾക്കു പുറമെ വോളിബോൾ, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന ടീമുകൾ സ്കൂളിനുണ്ട്. നമ്മുടെ സ്കൂളിൽ പഠിച്ച വിദ്യാർഥികൾക്ക് സ്പോർട്സ് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
വാഹനം
സ്കൂളിലേക്ക് വിദ്യാർഥികളെ എത്തിക്കാനായി നിലവിൽ അഞ്ചു ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. മാനേജർ ശശി മഠപ്പറമ്പത്താണ് സ്കൂളിനായി ഈ ബസ്സുകൾ നൽകിയിട്ടുള്ളത്. പുറമേരി, കുന്നുമ്മൽ, വേളം, കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിൽ നിന്ന് കുട്ടികൾ സ്കൂൾ ബസ് ഉപയോഗപ്പെടുത്തി സ്കൂളിൽ എത്തിച്ചേരുന്നു. സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരാണ്. മിതമായ ചാർജ് കുട്ടികളിൽ നിന്ന് ഈടാക്കുന്നുണ്ട്.
ഭക്ഷണം
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകി വരുന്നു. സ്കൂൾ അദ്ധ്യാപകരുടെ വകയായിട്ടാണ് ഇൻ്റർവെൽ സമയത്ത് പ്രഭാതഭക്ഷണം നൽകുന്നത്. നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങുന്ന വിദ്യാർഥികൾക്കും പ്രീ പ്രൈമറി - എൽ പി ക്ലാസുകളിലെ വിദ്യാർഥികളും ഇത് ഏറെ ആശ്വാസം നൽകുന്നു. കുട്ടികളുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും മറ്റും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കാളികളാകാറുണ്ട്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഉച്ചഭക്ഷണ പരിപാടി കൃത്യമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകാൻ നാം ശ്രമിക്കാറുണ്ട്. ഇതിനായി രണ്ട് പാചകത്തൊഴിലാളികളാണ് നമുക്കുള്ളത്. ആരോഗ്യവകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിശോധനകൾ നടക്കാറുണ്ട്. പാചകം ചെയ്യുമ്പോഴും ഭക്ഷണം വിതരണം നടത്തുമ്പോഴും ശ്രദ്ധയും സൂക്ഷ്മതയും പാലിക്കാനും അത് വിലയിരുത്താനും അദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്.